Image

ആദ്ധ്യാത്മികത

Published on 28 August, 2012
ആദ്ധ്യാത്മികത

ബാഹ്യവും ആഭ്യന്തരവുമായ ഭൗതികവസ്തുക്കളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയങ്ങളാണ്‌. എന്നാല്‍ എല്ലാം ഒരാള്‍ക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ കൂടുതല്‍ വിഷയങ്ങളും ചിലര്‍ക്ക്‌ കുറഞ്ഞ വിഷയങ്ങളും ഗ്രഹിക്കാനാകും. ഗ്രഹിക്കാന്‍ കഴിയാത്തവ അദൃശ്യങ്ങളാകണമെന്നില്ല. ദൃശ്യങ്ങളായ വസ്തുക്കള്‍ ചെറുതായാലും വലുതായാലും സൂക്ഷ്മങ്ങളായാലും സ്ഥൂലങ്ങളായാലും അവയെല്ലാം ദ്രഷ്ടാവായ തന്നില്‍ നിന്ന്‌ അന്യമാണ്‌. തന്നില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളെ മറയ്ക്കുന്നത്‌ കാലദേശങ്ങളാണ്‌. എന്നാല്‍ അവയല്ലാതെയും അദൃശ്യമായി വരും. അതാണ്‌ വിദ്യാഭ്യാസം കൊണ്ടും വിശേഷപഠനം കൊണ്ടും സാധിക്കുന്നത്‌. ഇങ്ങനെ സാക്ഷാത്കാരമുണ്ടായാലും അത്‌ തന്നില്‍ നിന്നും വേറിട്ടാണ്‌ നില്‍ക്കുന്നത്‌. തന്നില്‍നിന്നും ഒരിക്കലും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളാലുള്ള സുഖദുഃഖാദികള്‍ കേവലം സാങ്കല്‍പികങ്ങളല്ലാതെ പരമാര്‍ത്ഥമാകുകയില്ല. ഭൗതിക വസ്തുക്കളുടെ അറിവാണ്‌, അനുഭവമല്ല ഉണ്ടാകുന്നത്‌. ആ അറിവാണ്‌ അനുഭവം. അതിനാല്‍ അവയെ സംബന്ധിച്ച സുഖദുഃങ്ങളും പരമാര്‍ത്ഥമായ അനുഭവമില്ലാതെ സാങ്കല്‍പികമായ അറിവുമാത്രമായി നില്‍ക്കുന്നു.

ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ അനുഭവസമ്പ്രദായം ഇങ്ങനെയല്ല. ഇന്ദ്രിയമനസ്സുകളും കാലദേശങ്ങളുമില്ലാതെ ഭൗതികജ്ഞാനവും അവയോടു കൂടിച്ചേര്‍ന്ന ആദ്ധ്യാത്മിക ജ്ഞാനവുമില്ല. ഇന്ദ്രിയങ്ങള്‍ക്കും അന്തഃകരണത്തിനും കാലദേശങ്ങള്‍ക്ക്‌ വ്യാപ്തിയുള്ളേടത്ത്‌ അദ്ധ്യാത്മജ്ഞാനത്തിന്റെ വ്യപ്തിയുണ്ടാകുകയില്ല.
എന്തെന്നാല്‍ ആദ്ധ്യാത്മവസ്തു ഇന്ദ്രിയ മനസ്സുകള്‍ക്ക്‌ വിഷയമോ കാലദേശങ്ങള്‍ക്കതീതമോ തന്നില്‍നിന്നന്യമോ അല്ല. തന്നില്‍ നിന്നന്യമായ എല്ലാറ്റിനെയും അറിയുന്ന ജ്ഞാതാവാകുന്ന തന്നെ അറിയാന്‍ താനല്ലാതെ വേറെയുപകരണവുമില്ല. അതില്‍ ഇന്ദ്രിയമനോബുദ്ധികളും കാലദേശങ്ങളും അടങ്ങുകയോ വിസ്മരിക്കപ്പെടുകയോ ആണ്‌ തന്നെയറിയാന്‍ ആവശ്യമായിരിക്കുന്നത്‌. താനായിരിക്കുന്ന വസ്തുവാണ്‌ ആത്മാവെന്നതിനാല്‍ ആത്മാനുഭൂതി സാങ്കല്‍പികമല്ല, സത്യം തന്നെയാണ്‌. ഈ കാരണത്താല്‍ ഭൗതികവും ആദ്ധ്യാത്മികവുമായ അറിവും അനുഭവവും അന്യോന്യ വിരുദ്ധങ്ങളാണെന്ന്‌ പറയാം.

ആത്മാവ്‌ സത്യമാണ്‌, ഈ കാണുന്ന ജഗത്‌ സത്യമല്ല. താനായിട്ടിരിക്കുന്ന വസ്തുവാണ്‌ ആത്മാവ്‌. അത്‌ അസത്യമാകില്ല. അങ്ങനെയായാല്‍ മറ്റുള്ളതിനെ അറിയാനോ വിവേചിക്കാനോ ആളില്ലാതാവും. അതിനാല്‍ ആത്മാവ്‌ സത്യം തന്നെയാണ്‌. അപ്പോള്‍ താനല്ലാത്ത വസ്തു അസത്യമാണെന്നുവരും. സത്യമായ ആത്മവസ്തുവെ അറിയുമ്പോഴാണല്ലോ ജഗത്തിന്റെ പ്രതീതിയില്ലാതാവുന്നത്‌. അതിനാല്‍ ജഗത്‌ സത്യമല്ലെന്നുവരുന്നു. അതുപോലെ ജഗത്തിന്റെ അറിവും അനുഭവവുമുള്ളപ്പോള്‍ ആത്മാവിന്റെ ശരിയായ അനുഭവമില്ലെന്നുള്ളതും ജഗത്തിനെ അറിയുന്ന ചൈതന്യം ആത്മാവാണെന്നുള്ളതും ജഗത്തിന്റെ അസത്യത്തെ വെളിവാക്കുന്നു. ഇങ്ങനെ സൂക്ഷ്മമായ ചിന്തയിലൂടെ ജഗത്തിനെയും ആത്മാവിനെയും അറിയാന്‍ കഴിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക