Image

സാറാക്കുട്ടിയുടെ അതിജീവനം ( നോവലൈറ്റ് 2 - സൂസൻ പാലാത്ര )

Published on 18 March, 2024
സാറാക്കുട്ടിയുടെ അതിജീവനം ( നോവലൈറ്റ് 2 - സൂസൻ പാലാത്ര )

നല്ല, നട്ടുച്ചസമയം. സൂര്യൻ തലയ്ക്കുമുകളിൽ നിന്നുകത്തുകയാണ്. എന്തൊരുചൂട്. അപ്പൻ,  മക്കൾക്കെല്ലാം  പനയോല കൊണ്ടും പാളകൊണ്ടും വിശറികൾ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അപ്പൻ ഉപയോഗിക്കുന്ന വിശറി പാമ്പാടിപ്പെരുന്നാളിനു വാങ്ങിച്ച ചുറ്റുവട്ടത്തിൽ ചെമന്നകോട്ടൺ തുണികൊണ്ട് മോടിപിടിപ്പിച്ച വിശറിയാണ്. അപ്പൻ കിടക്കുന്ന മെത്തപ്പായകളുടെ അരികുകളും ചെമന്നപട്ടുനൂലുകൾകൊണ്ട് അലങ്കാരക്കെട്ടുള്ളതാണ്. 

കൃത്യം 12.30 നാണ് എന്നും ഉച്ചയൂണ്. ഊണുകഴിഞ്ഞാൽ അമ്മ പതിവായി അല്പസമയംഉറങ്ങും. സ്കൂളിൽ പോകണ്ടാത്ത ദിവസങ്ങളിൽ പിള്ളേരും ഉറങ്ങും. സഹോദരങ്ങളിൽ ജോയി കിടക്കുന്നത് ചാക്കുകട്ടിലിലാണ്.  സാറാക്കുട്ടിയും അവളുടെ പലകക്കട്ടിലിൽ പായവിരിച്ചിട്ട് കിടന്നു. എത്ര അമർത്തി കണ്ണടച്ചിട്ടും  അവൾക്കുറക്കം വന്നില്ല. വീടിന്റെ പ്രധാനവാതിൽ എപ്പോഴും തുറന്നാണ്കിടക്കുക. അടുക്കളവാതിലും എല്ലാവരും വീട്ടിലുള്ളപ്പോൾ ചാരിയിടത്തേയുള്ളൂ. സാക്ഷയിടാറില്ല. അങ്ങനെ വീടുകിടന്നാലും അച്ഛനുമമ്മയും സഹോദരങ്ങളുമൊക്കെ
പകല്കാലങ്ങളിൽപോലും  കൂർക്കം വലിച്ചുറങ്ങും. 

സാറാക്കുട്ടി ചുവരിന്റെനേരെ മുഖംതിരിച്ചുകിടന്നു. ജനലിലൂടെ എത്തുന്നവെളിച്ചം.  തിണ്ണയിലും കിണറ്റിൻ പാതകത്തിലും വലിയ ചെമ്പുകലങ്ങളിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളം. അതിന്റെ നിഴലുകൾ. വെള്ളവും വെളിച്ചവും കൂടിക്കലരുന്ന ചേലുള്ള, ഇളകിയാടുന്ന നിഴലുകൾ, ഭിത്തിയിൽ പലവിധചിത്രങ്ങൾ വരയ്ക്കുന്നു.  അതുനോക്കി വെറുതെകിടന്നു. മയക്കം വരുന്നില്ല. അവൾ മനസ്സിലോർത്തു: 
താനാണ് ഈ വീട്ടിലെ ആരോഗ്യ മന്ത്രി, ഇവർക്കൊക്കെ എന്തൊരു ക്ഷീണമാണ്. തന്റെ സഹോദരിമാരായ  മറിയക്കുട്ടിച്ചേച്ചിയും ലിസമ്മയും ദാ കെട്ടിപ്പിടിച്ചുറങ്ങുന്നു. അവരൊന്നിച്ചാണ് ആ പൊക്കംകുറഞ്ഞ കൊച്ചു കയറുകട്ടിലിൽ കിടക്കുന്നത്. അമ്മ അടുപ്പിച്ചടുപ്പിച്ചവർഷങ്ങളിൽ ഏഴു മക്കളെ, പ്രസവിച്ചു. അതിൽ മൂന്നു പ്രസവം അമ്മയുടെ വീട്ടിൽ, അമ്മ വീട്ടുകാർ എടുത്തു. തന്നെ പ്രസവിച്ചത് തറവാട്ടു വീട്ടിലെ ഇടക്കെട്ടിലാണ്.  ബാക്കിയുള്ളവരിൽ ഒള്ളേലും ഇളയ മൂന്നെണ്ണത്തിനെ ഈ കൊച്ചു കട്ടിലിലാണ്, ഈ വീട്ടിലാണ്  പ്രസവിച്ചത്. നിലത്തുനിന്ന് അല്പമാത്രം ഉയരമുള്ളതിനാൽ കട്ടിലിൽനിന്ന് താഴെവീണാലും സാരമായ, ഒരുകേടും ഉണ്ടാവില്ല. 

അവൾ എണീറ്റുചെന്ന് തടികൊണ്ടുള്ള ജനൽപാളികൾ മെല്ലെത്തുറന്നിട്ടു. ഇത്രനേരവും കണ്ടനിഴലുകൾ ചിത്രങ്ങൾക്ക് വഴിമാറി.  ഭിത്തിയിൽ പൂശിയിരിക്കുന്ന കുമ്മായം അടർന്ന് ആഫ്രിക്കയുടെയും സിലോണിന്റെയും മറ്റും  ഭൂപടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അവൾ ഒരു പെൻസിലുംകടലാസ്സും എടുത്ത് ഭിത്തിയിലെ കുമ്മായ അടരുകൾ നോക്കിചിത്രംവരയ്ക്കാൻ തുടങ്ങി. അവൾക്കുചിരിവന്നു. ഒന്നാന്തരംചിത്രങ്ങൾ. അമ്മയുംകുഞ്ഞും, ആട്ടിൻകുട്ടി തുടങ്ങിയവ പോലുള്ളത്.

കടലാസ്സും പെൻസിലും ഷെൽഫിൽ കൊണ്ടുവച്ചു.  അവൾ ഒച്ചയുണ്ടാക്കാതെ എണീറ്റു. 
കരോട്ടേയ്ക്ക്, അതായത് തറവാട്ടിലേയ്ക്ക് പോകാമെന്നുവച്ചാൽ വല്യമ്മച്ചിവിളിച്ച് വീട്ടുജോലികളൊക്കെ ചെയ്യിക്കും.  അവളുടെഅമ്മ മക്കൾക്ക് വഹിക്കാവുന്ന കുഞ്ഞുജോലികളേ മക്കളെക്കൊണ്ട് ചെയ്യിക്കൂ. എന്നാലും അവളും മറിയക്കുട്ടീ മൊക്കെ പറയും: "അമ്മയ്ക്ക് ഞങ്ങളോടെ ഒള്ളല്ലോ കൊഴപ്പം, അവമ്മാരൊക്കെ ചുമ്മാതിരുന്നു തിന്നല്ലേ, എന്നാലും ഒരു വേഷമോമില്ല തന്തോഴം മാത്രം. അപ്പനും ചേർന്നു പറയും; അയ്യോ എന്തൊരു തന്തോഴാ, തന്തോഴം തന്തോഴം മാത്രം" സാറക്കുട്ടിയ്ക്കറിയാം അക്ഷരത്തെറ്റിന് അപ്പൻ കളിയാക്കുന്നതാണെന്ന്.
അമ്മ മുഖത്തുവരുന്ന  ദേഷ്യമടക്കിക്കൊണ്ടു പറയും: "അതുങ്ങളു പാവങ്ങൾ കിടന്നുറങ്ങട്ടെ, അവര് പഠിച്ചുമിടുക്കരായി പുറത്തുപോയി നാലുകാശൊണ്ടാക്കിയാലേ  നിങ്ങളുമൂന്നെണ്ണത്തിന്റേം കഴുത്തേൽ മിന്നു വീഴത്തൊള്ളൂ"
അമ്മയെ ദേഷ്യം പിടിപ്പിയ്ക്കാതിരിക്കാൻ പെണ്മക്കൾ ശ്രദ്ധിയ്ക്കും; ദേഷ്യംകേറിയാൽ  അമ്മ ചെലപ്പം വല്ലോമൊക്കെ വിളിച്ചു പറേം, നാണക്കേടാകും.  അതേതായാലും വേണ്ട. 

അമ്മകാണാതെ അവൾ ഒതുക്കത്തിൽ മുറ്റത്തേയ്ക്കിറങ്ങി. കരോട്ട് തറവാട്ടിൽ പത്രമാസികകൾ ധാരാളം ഉണ്ട്. അതെടുത്ത് ഇഷ്ടമുള്ളിടത്ത് കൊണ്ടുവന്നിരുന്നു വായിക്കാൻ സ്വാതന്ത്ര്യമില്ല. വല്യമ്മച്ചിയും കൊച്ചമ്മയും ഇപ്പോൾ ഉറക്കമായിരിക്കും. എടുത്ത് താഴെ വിരിച്ചുവാർത്തിട്ടിരിക്കുന്ന വിശാലമായ നടക്കെട്ടിലിരുന്ന് വായിച്ച് ഒച്ചവയ്ക്കാതെ തിരിച്ചു വച്ചിട്ടുപോരാം. 
        
"സാറാമോളെ" 
അയ്യോ അമ്മ മയക്കമുണർന്നു. അവൾ കേൾക്കാത്തഭാവത്തിൽ കരോട്ടേയ്ക്കോടി. ഭാഗ്യം സീസർ മാത്രമുറങ്ങാതെ മുറ്റത്തുവിലസുന്നു. സാറാക്കുട്ടിയെകണ്ടതും അവനോടിഅടുത്തുവന്ന് അവളുടെദേഹത്തുരുമ്മി വാലാട്ടിനിന്നു. 

സത്യത്തിൽ സീസറിനോട് സാറാക്കുട്ടിയ്ക്ക് അസൂയയാണ്. അവന് ഭക്ഷണംകൊടുക്കുന്നപാത്രത്തിൽ ഇറച്ചിയും ചവ്വും മീനും ചോറുമൊക്കെ ബാക്കി കിടക്കുന്നതു കാണാം. അവനെ ഒത്തിരി പരിപാലിച്ചാണ് തറവാട്ടുകാർ വളർത്തുന്നത്. പുറത്തുനിന്നാരേയും അവനാ വീട്ടുവളപ്പിൽ കയറ്റത്തില്ല. പറമ്പതിരിലെല്ലാം അവൻ ഓടിനടന്ന് തന്നെ വളർത്തുന്നവരുടെ വസ്തുവകകൾ കാക്കും. 

പക്ഷേ,  സുഖസമൃദ്ധമായ അവിടത്തെ ഭക്ഷണത്തെക്കാൾ അവനിഷ്ടം തന്റെഅപ്പന്റെ കയ്യിൽനിന്ന് എന്നും രാത്രികിട്ടുന്ന പതിവുരുളകൾ ആണെന്ന് സാറാക്കുട്ടിക്കു തോന്നാറുണ്ട്. അവളുടെവീട്ടിൽ ഭക്ഷണത്തിന് നന്നേപ്രയാസമാണ്. എന്നാലും അപ്പന് അമ്മകൊടുക്കുന്ന അത്താഴത്തിൽനിന്ന് സാറാക്കുട്ടിക്ക് താഴെയുള്ള സഹോദരങ്ങളൊക്കെ ഉരുള വാങ്ങിക്കഴിക്കും. ജോയി രണ്ടു പ്രാവശ്യം വായുംപൊളിച്ചുകൊണ്ടു ചെല്ലും. സാറക്കുട്ടിയെ ഉരുളതരാൻ അപ്പൻ എത്രവിളിച്ചാലും പോകത്തില്ല. കാരണം, അമ്മപറഞ്ഞിട്ടുണ്ട് :
"ഞാനുംനിങ്ങടപ്പനുമൊക്കെ
വല്യകുടുംബക്കാരാന്നു പറഞ്ഞിട്ടെന്നാകാര്യം? പാവം ആ മനുഷ്യനും വെഷമിക്ക്വല്ലേ?   ഇങ്ങനെ കെടന്നു ദാരിദ്ര്യപ്പെടുന്നതറിയാൻ നമ്മളല്ലാതെ ആരുമില്ല, അപ്പൻ ഉരുളതരാൻ വിളിക്കുമ്പം മക്കളുപറയണം വേണ്ടെന്ന്. സമ്മതിച്ചില്ലേൽ പറയണം എനിക്കറപ്പാ വേണ്ടെന്ന്  മറ്റേപ്പിള്ളേരോടും പറയണം കേട്ടോ"  സാറമോളും മൂത്തതുങ്ങളും പിന്നൊരിക്കലും അപ്പനോട്, ഉരുളവാങ്ങിയില്ല. എന്നാലും അപ്പൻ പകുതി പ്ലേറ്റിൽ വളരെ വൃത്തിയായി അളന്നരിഞ്ഞ് മിച്ചംവയ്ക്കും. എന്നിട്ട്, അമ്മയോടുപറയും എനിക്കു തീരെവിശപ്പില്ലെടീ നീയുണ്ടോളൂ"
അമ്മ വഴക്കുപറയും: മക്കൾക്കുരുള, സീസറിനുരുള, പകുതി പെമ്പറന്നോത്തിയ്ക്കും- എന്നാ, പട്ടിണികെടന്ന് ചാകാനാണോപ്ലാൻ. 
അമ്മ അതുംഉരുളകളാക്കി കൊണ്ടുനടന്ന് മക്കളെ വീണ്ടും ഊട്ടും. ഇരുട്ടിയും വെളുപ്പിച്ചും മക്കളെ പഠിപ്പിയ്ക്കാൻ അപ്പനുമമ്മയും വല്ലാതെ കഷ്ടപ്പെടുന്നു.

ചിരട്ടപ്പാലിന്റെകച്ചവടം, അല്ലെങ്കിൽ കുരുമുളകുകച്ചവടം ഇങ്ങനെ, വല്ല തോട്ടവും പാട്ടത്തിനുപിടിച്ച് വളരെചെറിയതോതിൽ ചെയ്യുന്നതാണ് അപ്പന്റെ ഇപ്പോഴത്തെ തൊഴിൽ. അതുകൊണ്ട് എങ്ങുമെത്തില്ല. നേരത്തെ വൻതോതിലുള്ള പലചരക്കുകച്ചവടമായിരുന്നു. അമ്മയുടെ സ്ത്രീധനംകൊണ്ട് വല്യപ്പച്ചൻ തുടങ്ങിക്കൊടുത്തതാണ്.  അന്ന്, അപ്പന് ഒത്തിരി കൂട്ടുകാരുണ്ടായിരുന്നത്രേ. കൂട്ടത്തിൽ കുടികൂട്ടുകാരും. ഇപ്പോൾ, അവരിലൊരുത്തൻ പോലും തിരിഞ്ഞുനോക്കുന്നില്ല. അവളുടെ ജനനം അപ്പൻ വല്ലാണ്ടങ്ങ് ആഘോഷിച്ചുവെന്ന്. സാറക്കുട്ടി അമ്മയുടെ വയറ്റിൽ ഉണ്ടായതു മുതലാണ് അപ്പന് ഒരു സ്വാതന്ത്ര്യവുംധനോമൊക്കെ വന്നുചേർന്നതെന്ന്. 

വല്യപ്പച്ചൻ പ്രത്യേകം പറഞ്ഞതാണത്രേ, ആർക്കും പണം കടംകൊടുക്കരുത്. പറ്റുകളും കടവും ആർക്കും കൊടുക്കരുതെന്ന്. അപ്പന് എല്ലാരേം വിശ്വാസമായിരുന്നു. കടവുംകൊടുത്തു. മാസശമ്പളമോ തിരിച്ചുവീട്ടാൻ ഒരുഗതിയുംപരഗതിയുമില്ലാത്തവർക്കെല്ലാം പറ്റുകളും കടവും കൊടുത്തു. എല്ലാരും കൂടെ അപ്പനെ കുളിപ്പിച്ചങ്ങു പാളേൽ കിടത്തി
        
"ങാ, നീ വന്നോ, അമ്മ നിന്നെ തെരക്കുന്നകേട്ടാരുന്നു, പത്രം കൊണ്ടെ കെടന്നിടത്തു വച്ചിട്ട് കേറിവാ പണി വരുന്നൊണ്ട്"  കൊച്ചമ്മ മുന്നിൽ!

കൊച്ചമ്മയുടെ തന്ത്രം!  ഇവർക്ക് സ്വത്തൊണ്ടാക്കാൻ തന്നേംസഹോദരങ്ങളേം കൊണ്ട്പണീക്കുന്നു. സാറാക്കുട്ടി, കൊച്ചമ്മ കാണാതെ  പല്ലുകൾകൂട്ടിഞെരിച്ചു.
എന്നിട്ട് ഉച്ചത്തിൽ; 
"എന്തോ, വെറുതെ വിളിച്ചു കൂവാതെ ഞാമ്പരുവാണേ"ന്ന് വിളിച്ചു പറഞ്ഞിട്ട് അവളുടെ അമ്മയുടെ സന്നിധിയിലേക്ക് ഒരൊറ്റയോട്ടം വച്ചുകൊടുത്തു. എന്നിട്ട് അവൾ മെല്ലെപ്പറഞ്ഞു; "ഹല്ല പിന്നെ, നിങ്ങളുപോയി വേറെ പണിനോക്കുപെണ്ണുമ്പിള്ളേ.
           
              .........
                  (തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക