Image

പെട്ടെന്നങ്ങു മരിച്ചവൾ ( കവിത : ജിസ ജോസ് )

Published on 18 March, 2024
പെട്ടെന്നങ്ങു മരിച്ചവൾ ( കവിത : ജിസ ജോസ് )

റേഷൻ കടയിലേക്കോ
പഞ്ചായത്താപ്പീസിലേക്കോ
ദാ ഇപ്പമിങ്ങു
തിരിച്ചുവരാമെന്ന
ഭാവത്തിൽ ഇറങ്ങിപ്പോയി
വഴിയിലെവിടെയോ
വണ്ടി തട്ടിയോ 
കുഴഞ്ഞു വീണോ  
മരിച്ചവളുടെ
വീട്ടിലേക്കു കയറിച്ചെല്ലണം.
അന്നേരം 
അവൾ എത്തിയിട്ടുണ്ടാവില്ല ,
അയൽക്കാരറിഞ്ഞെത്താൻ 
നേരമായിട്ടുമില്ല. 
തിരക്കിട്ടു വാതിൽ പൂട്ടി
അവളിറങ്ങിയപ്പോഴത്തെ
പോലെ  ആ വീടപ്പോഴും
തനിച്ചു നിൽക്കുന്നു.

താക്കോലവളെവിടെയാണു
വെയ്ക്കുന്നതെന്നറിയില്ല.
കാന്താരിച്ചെടികളും
പേരറിയാ പൂച്ചെടികളും 
അതിരിട്ട മുറ്റം ചുറ്റി 
പിൻവശത്തു ചെന്നാൽ
വാഴച്ചോട്ടിൽ കൂട്ടിയിട്ട 
ചാരത്തിൽ  കിടക്കുന്ന
നായയൊന്നു തല പൊക്കി
നോക്കിയേക്കും.
അവളല്ലെന്നു കണ്ട്
പിന്നെയുമതുടലിലേക്കു
തല താഴ്ത്തും.

പാത്രങ്ങൾ കഴുകി കമിഴ്ത്തിയ
പിൻ വരാന്തയിൽ കേറി
അടുക്കള വാതിലിലുന്തിയാൽ
അതങ്ങു തുറന്നു വരും.
അവളുടെ അശ്രദ്ധയെന്നു
കുറ്റപ്പെടുത്തരുത്.
കൊളുത്തിനുറപ്പില്ലാത്തതാണ്.
അടുക്കളയ്ക്കകം
പുകയും കരിയും
ചില്ലോട്ടിലൂടരിച്ചെത്തുന്ന
വെളിച്ചവുമെല്ലാം
ഇടകലർന്ന്
കറുപ്പും വെളുപ്പും 
ഫോട്ടോയെന്നൊരു മാത്ര
തോന്നിപ്പിച്ചേക്കും.
അരികുകളിൽ
മഞ്ഞ പുരണ്ട ,കൂറ നക്കിയ
പഴയൊരു ആൽബച്ചിത്രം.

അതിനകത്തെല്ലാം 
ഉടനെ വരേണ്ട 
ആരെയോ കാത്തു 
ത്രസിക്കുന്നതു പോലെ തോന്നാം.
അവളുടെ ചൂടണഞ്ഞെങ്കിലും
അവൾ
ഊതിയൂതിക്കത്തിച്ച
അടുപ്പിലിപ്പോഴും ചൂടുണ്ട്.
കത്താത്ത വിറകിനെക്കുറിച്ചവൾ
പറഞ്ഞ ഏതോ ശാപവാക്ക് 
ഇപ്പോഴുമവിടെ 
കെട്ടു ചീഞ്ഞു കിടക്കുന്നുണ്ട്.
വാർത്തു വെച്ച ചോറ്റുകലം 
മൺപാത്രത്തിൽ 
കോരി നിറച്ച വെള്ളം 
മീഞ്ചട്ടി ,കൽച്ചട്ടി
സ്റ്റീൽ പാത്രങ്ങൾ.
അവളുടെ രാജ്യത്തിൽ
എല്ലാം അഴകായും ചിട്ടയായും
ഇരിക്കുന്നു.

ഊണിനു മുന്നേ
തിരിച്ചു വന്ന്
ഒരു മുട്ട പൊരിക്കാമെന്നു
വിചാരിച്ചായിരിക്കും
മേശപ്പുറത്തെ മുറത്തിൽ
ഉള്ളിയും പച്ചമുളകും.
അരമുറി നാളികേരവും.
എടുത്തു വെച്ചിരിക്കുന്നത്.
അന്നേരം തന്നെ
അവളുടെ കോഴി 
മുട്ടയിട്ടതിന്റെ കൊക്കിക്കരച്ചിലും
പുറത്തു നിന്നു കേൾക്കാം. 

പിന്നെയും സൂക്ഷിച്ചു നോക്കിയാൽ 
അരയ്ക്കാൻ കുതിർത്ത അരി,
കാച്ചിയ പാല് 
വാടിത്തുടങ്ങിയ
പച്ചക്കറികളുടെ തട്ട്
ഉറിയിലാടുന്ന ഉണക്കമീൻസഞ്ചി
മണലിലിട്ടു വെച്ച
ചക്കക്കുരു വെണ്മ
പാതി മുറിച്ചു പഴുക്കാൻ 
കമിഴ്ത്തിയ തേൻവരിക്ക
കുരു കളഞ്ഞ് 
ഉരുട്ടിയെടുക്കാനുള്ള 
വാളമ്പുളി,
പൊടിപ്പിക്കാൻ
കഴുകിയുണക്കി കെട്ടിവെച്ച
വറ്റൽമുളകും മല്ലിയും
( ഉച്ചയ്ക്കുശേഷം
അതുമെടുത്ത്
മില്ലിലേക്കു പോകാൻ
അവൾ വിചാരിച്ചിരുന്നു.)

മൂലയ്ക്കിരിക്കുന്ന 
അരിപ്പാട്ടയിലവൾ പൂഴ്ത്തിയ
കുഞ്ഞുകുഞ്ഞു നോട്ടുകൾ
ഇനിയാരും കാണാതെ പോകും.
അതിനെ ചുറ്റിപ്പറ്റി അവൾ
മെനഞ്ഞ സ്വപ്നങ്ങളും.
തുരുമ്പിച്ച പഴയൊരു
സെറിലാക് ടിന്നിൽ
അവളിട്ടു വെച്ച
ശങ്കീരി പോയ കമ്മലും
ചളുങ്ങിയൊടിഞ്ഞ
സ്വർണവളത്തുണ്ടും
ആരെങ്കിലുമിനി
കണ്ടെടുക്കുമോ?
അതുരുക്കി 
മറ്റെന്തെങ്കിലുമാക്കണമെന്ന്
അവളെത്ര മോഹിച്ചിരുന്നു. 

അവളുടെ രാജ്യത്തിൽ
എല്ലാവരും
കരയ്ക്കിട്ട 
മീൻപിടച്ചിലോടെ 
അവളെ കാത്തിരിക്കുകയാണ്. 
വൈകിപ്പോയെന്ന
വെപ്രാളത്തിൽ 
ഉച്ചവെയിലത്ത് 
വാടിയും കരിഞ്ഞുമെത്തി 
കൈപ്പിടിയിലൊതുക്കിയ
വിയർപ്പിൽ കുളിച്ച
കുഞ്ഞിപ്പേഴ്സിൽ നിന്നു
താക്കോലെടുത്തു തുറന്ന്
നെടുവീർപ്പോടെ
അകത്തേക്കു കയറുന്ന
അവളെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക