Image

ഏകാംഗ നാടകം ( കവിത : തങ്കച്ചൻ പതിയാമൂല )

Published on 18 March, 2024
ഏകാംഗ നാടകം ( കവിത : തങ്കച്ചൻ പതിയാമൂല )

പള്ളിക്കൂടത്തിൽ പഠിക്കുമ്പോഴാണ്
ആദ്യമായ് ഏകാംഗനാടകം കണ്ടത്.
അന്നത് പൊട്ടിച്ചിരിപ്പിക്കുന്ന
വലിയൊരു തമാശയായിരുന്നു.

ഏതാനും വ്യാഴവട്ടം കഴിഞ്ഞപ്പോൾ 
ഇതാ ഞാനുമിന്നൊരു
ഏകാംഗ നാടകം കളിക്കുന്നു.
കാണികൾ കണ്ണടക്കുന്നു.

"പോത്തുപോലെ കിടന്നുറങ്ങാതെ
എഴുന്നേറ്റ് പോകൂ."
"ഒരഞ്ചു മിനിറ്റു കൂടി."
ഞാൻ ഉണർന്നെഴുന്നേൽക്കുന്നു.

"ഇന്നും ബ്രെഡും ജാമുമാണോ."
"കൂടെ പാൽച്ചായ വേണ്ട,
കട്ടൻ കാപ്പി മതി."
ഞാൻ കാപ്പി തയ്യാറാക്കുന്നു.

"കുളിച്ചിട്ട് കഴിച്ചാൽ പോരെ."
"വേണ്ട കഴിച്ചിട്ട് കുളിക്കാം."
വളരെ വേഗത്തിൽ
ഞാൻ കുളി കഴിഞ്ഞെത്തുന്നു.

"ഇന്ന് ഏതുടുപ്പാണ് ഇടേണ്ടത്."
"നീല നിറത്തിലുള്ളതായാലോ."
"വേണ്ട, നീല വേണ്ട."
ഞാൻ കറുപ്പ് ഉടുപ്പണിയുന്നു.

"വാതിൽ അടച്ചേക്കു."
"താക്കോൽ എവിടെ."
വലിയ ശബ്ദത്തിൽ
ഞാൻ വാതിൽ വലിച്ചടയ്ക്കുന്നു.

പിൻവിളി വിളിക്കാതെ
പിൻവിളി കേൾക്കാതെ
ഞാൻ യാത്രയാകുന്നു
ഏകാംഗ നാടകം തുടരുന്നു…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക