Image

ചിരിയിൽ മുങ്ങിയ ഷഡ്ജം (പി. സീമ)

Published on 01 March, 2024
ചിരിയിൽ മുങ്ങിയ ഷഡ്ജം (പി. സീമ)

ഓരോ   ഉല്ലാസയാത്രയും ഓരോ അനുഭവം ആണ്. എന്നും ഓർത്തിരിക്കാൻ അവ രസകരമായ ഓർമ്മകൾ സമ്മാനിക്കുന്നു.  ചിലത് ഓർമ്മിക്കും തോറും കൂടുതൽ രസകരമാകുന്നു.


ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഇടുക്കി യാത്ര. പതിവ് പോലെ പ്രിയപ്പെട്ട കൂട്ടുകാരികൾക്കൊപ്പമാണ് പോയത്.  അങ്ങോട്ടുള്ള സജീവമായ യാത്ര പോലല്ല ഒരിക്കലും മടക്കയാത്രകൾ എന്ന് നമുക്ക് പറയാതെ തന്നെ അറിയാം. അങ്ങോട്ടുള്ള യാത്ര ഉത്സാഹഭരിതവും പ്രതീക്ഷാ നിർഭരവും ആണെങ്കിൽ ഇങ്ങോട്ടുള്ളത് എങ്ങനെ എങ്കിലും ഒന്ന് വീട്ടിൽ എത്തി തല ചായ്ച്ചാൽ മതി എന്ന തോന്നലും ആലസ്യവുമായിട്ടാകും. എന്നാൽ ഇവിടെ സംഭവിച്ചത് വളരെ വ്യത്യസ്തം...


മടങ്ങും വഴി പതിവ് പോലെ പലർക്കും മൂത്രശങ്ക അനുഭവപ്പെട്ടു. കൊള്ളാവുന്ന ഹോട്ടലിൽ ടോയ്ലറ്റ് സൗകര്യം കിട്ടും. പെണ്ണുങ്ങളുടെ യാത്രാ സമയം ഏറെയും അപഹരിക്കുന്നത് ഇതിനുള്ള കാത്തു നിൽപ്പാണല്ലോ.അങ്ങനെ കയറിയതിനു ശേഷം തിരക്ക് പിടിച്ചാണ് ഒടുവിൽ വന്ന രണ്ട് പേർ ബസിലേക്ക് തിരികെ കയറിയത്. അവർ ഞാൻ ഇരുന്നതിന് മുന്നിൽ  യഥാസ്ഥാനത്തിരുന്നു. അല്പം കഴിഞ്ഞാണ് അവിടെ നിന്ന് അടക്കിപ്പിടിച്ച   ഒരു ചിരി കേട്ടത്. കാര്യം തിരക്കിയപ്പോൾ ഒരു ചേച്ചിയുടെ ചുരിദാർ പാന്റിന്റെ വള്ളി ഒരു വശത്തേത് അകത്തു പോയി. ഇനി അതിനെ പുറത്ത്  കൊണ്ടു വന്നെങ്കിലെ  കെട്ടാൻ പറ്റു .


"താഴെ പോകാണ്ട്   ഒരു വിധം കൂട്ടിപ്പിടിച്ചു വണ്ടിയിൽ കയറി. ഒരു പിന്ന് ഇങ്ങെടുത്തേ ഞാൻ വള്ളി ഒന്ന് പുറത്തെടുക്കട്ടേ.."ചേച്ചി പറഞ്ഞു. അങ്ങനെ ഇരുന്നു കൊണ്ടു തന്നെ അതി വിദഗ്ധമായി പിന്ന് ചരടിൽ കോർത്ത്‌ ചേച്ചി വള്ളി പുറത്ത് വരുത്തി  ഭദ്രമായി കെട്ടി വെച്ചു.


വണ്ടി പിന്നെയും ഇതൊന്നുമറിയാതെ മുന്നോട്ട് നീങ്ങി. ചുറ്റിനും ഇരുട്ടും ഇടയ്ക്കിടെ മിന്നി മായുന്ന വെളിച്ചവും നോക്കിയിരുന്നു ഒന്ന് മയങ്ങിയ നേരത്താണ് മുൻസീറ്റിൽ നിന്ന് പിന്നെയും അതി ശക്തമായ ഒരു ചിരി കേട്ടത്. കാരണം തിരക്കി. വള്ളി പിന്നെയും  പുള്ളി തെറ്റിച്ചോ?


"ഇവളുടെ വള്ളി അല്ലേ പോയുള്ളു.. എന്റെ പാന്റ് തന്നെ കാണാനില്ല" അടുത്തിരുന്ന ചേച്ചി ഉച്ചത്തിൽ ചിരിച്ചു 


"അത്   ഇവൾ വിളിച്ചപ്പോൾ ധൃതി പിടിച്ചു ഓടി ഇറങ്ങിയ   ഞാൻ ഊരിയിട്ടത് എടുക്കാൻ മറന്നു. എനിയ്ക്ക് രണ്ടിന് പോണേൽ രണ്ടും ഊരണം "


വിഷുവിനു മാലപ്പടക്കം പൊട്ടും പോലെ  ഉള്ള ചിരിയാൽ  വണ്ടി കൂടി കുലുങ്ങിയോ എന്ന് സംശയിച്ചു പോയ നേരത്ത് ആരോ ചോദിച്ചു..


"എന്നാലും ന്റെ പെമ്പിറന്നോരെ അതെന്തു പണി ആയിപ്പോയി.. ഷഡ്ജം ഉണ്ടോ.."?


"അതുണ്ട്.. അതിപ്പോ അടീൽ ഒണ്ടോ ഇല്ലയോ ന്നൊക്കെ ആര് അറിയാനാ...പുറത്തുള്ളതല്ലേ പോയത്...സാരല്യ.. വണ്ടീന്ന് ഇറങ്ങുമ്പോ ഇരുട്ടത്ത് ആര് എന്നാ കാണാനാ.. ഇത്രേം പ്രായം ആയില്ലേ ഇനീപ്പോ ന്താ.  അല്ലേലും മുകളിൽ ഇട്ടേക്കുന്നതിനു നല്ല ഇറക്കമാ ജീവിതത്തിൽ ആദ്യായിട്ടാ ഈ സാതനം ഇടുന്നെ   മോളുടേതാ...അതാ കൊഴപ്പം ആയതു ."


"അതൊക്കെ കൊള്ളാം.. ചേച്ചി ഒന്ന് എണീറ്റു നിന്ന് നോക്കിക്കേ ആ ചുരീദാ റിന്റെ സ്ലിറ്റു എവിടുന്നാ തുടങ്ങിയേക്കുന്നെ എന്ന്.."ആരോ പറഞ്ഞു.


"എണീറ്റു നോക്കുന്നതെന്തിനാ ഞാൻ തപ്പി നോക്കി.. ദേ ഈ ഷഡ്ജത്തിന്റെ ഭാഗത്തുന്ന് തുടങ്ങി..കീറൽ.. എന്തെല്ലാം ഫാഷൻ ആണോ ന്തോ.. ഇനീപ്പോ എന്താ ചെയ്ക..?കീറി കീറി മുകളിലേക്കു കേറി കക്ഷം മുതൽ താഴോട്ടു ആകുവോ എന്തോ "


"ആന്റപ്പൻ ചേട്ടൻ വീട്ടിൽ ഉണ്ടേൽ വണ്ടി വരുമ്പോ ഒരു കൈലി മുണ്ടുമായി കാത്തു നിൽക്കാൻ പറഞ്ഞാലോ '"


" പുള്ളി അടിച്ചു ഫിറ്റ്‌ ആയി ഉറങ്ങുവാരിക്കും. വെളിവ് ഉണ്ടാവൂല്ല എണീറ്റു വരുമ്പോ മുണ്ടും തുണീം ഒന്നും കാണാറില്ല.എന്നാലും പറഞ്ഞേക്കാം .."..അങ്ങനെ കാര്യത്തിന് ഒരു തീരുമാനം ആയി.


വണ്ടി അതിന്റെ പ്രയാണം തുടർന്നു. പിന്നെ ആന്റപ്പൻ ചേട്ടൻ ചേച്ചിയെ കാത്തു വഴിയിൽ നിൽക്കുമോ എന്നതായിരുന്നു ഏവരും കാത്തിരുന്നത്. "യാത്ര" സിനിമയിൽ അവസാനം  മമ്മൂട്ടിയ്ക്കായി ശോഭന വിളക്ക് കൊളുത്തീട്ടുണ്ടോ എന്ന് കാണാൻ വെള്ളിത്തിരയിലേക്ക് പ്രേക്ഷകർ നോക്കിയത് പോലെ  ആകാംക്ഷാ ഭരിതരായി ഞങ്ങളും കാത്തിരുന്നു..കൃത്യമായി വണ്ടി എത്തി. ആന്റപ്പൻ ചേട്ടൻ കാത്തു നിൽപ്പുണ്ടായിരുന്നു... പക്ഷെ അദ്ദേഹം കൈലി മുണ്ട് അഴിച്ചു തലയിൽ കെട്ടി മെല്ലെ ഒന്ന് ആടിയൂലഞ്ഞു വണ്ടിയിലേക്ക് നോക്കി..


"ടൂറിനു പോയപ്പോ തുണി മറന്നു പോയ തെന്താടീ..പെമ്പിറന്നോരെ...സൊപ്നം കാണുവാരുന്നോ.."ചേട്ടന്റെ നാവ് ഒന്ന് കുഴഞ്ഞു 


"ഓ പറഞ്ഞോണം തന്നെ ജഗ പൊക 
 ഇനി തലയിൽ നിന്ന് കൈലി അഴിച്ചടുക്കുന്ന പണിയെ  ഉള്ളു. ഭാഗ്യ ത്തിനു   പുള്ളീടെ ഷഡ്ജം അവിടെ തന്നെ ഒണ്ടേ. അല്ലേൽ സംഗതി പോയേനെ .."


ഷാൾ  ചുരിദാറിന് മീതെ വട്ടത്തിൽ ചുറ്റി ചേച്ചി വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ഇതെല്ലാമറിഞ്ഞിട്ടോ എന്തോ  അപ്പോൾ വണ്ടിയിൽ നിന്ന്  ഉയർന്നു കേട്ട "ദേവസഭാതലം"  എന്ന അതി മനോഹരമായ പാട്ടിലെ ...ഷഡ്ജം... ഞങ്ങളുടെ ചിരിയുടെ "മയൂര നാദ" ത്തിൽ ഒന്നും കൂടി മുങ്ങി അലിഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക