Image

പാരിസിൽ നീരജ് ചോപ്രയ്ക്ക് വെല്ലുവിളി കൂടുന്നു (സനിൽ പി. തോമസ്)

Published on 29 February, 2024
പാരിസിൽ നീരജ് ചോപ്രയ്ക്ക് വെല്ലുവിളി കൂടുന്നു (സനിൽ പി. തോമസ്)

സ്റ്റോക്ക്ഹോമിൽ 2022 ജൂൺ 30 ന് നടന്ന ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര 89.94 മീറ്റർ താണ്ടി സ്വന്തം ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തി.അതിനു കുറച്ചുനാൾ മുമ്പ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നീരജിനായി ഒരു ഓൺലൈൻ പ്രസ്സ് മീറ്റ് നടത്തി.അന്നു ഞാൻ നീരജിനോട് ചോദിച്ചു.90 മീറ്റർ എന്നത്തേക്കാണ് ലക്ഷ്യമിടുന്നത്. 

"ഈ വർഷം, അല്ലെങ്കിൽ അടുത്ത വർഷം " .നീരജ് മറുപടി പറഞ്ഞു.നീരജ് ചോപ്ര 2021ൽ ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയപ്പോൾ എ.എഫ്.ഐ. നടത്തിയ സൂം മീറ്റിങ്ങിൽ പങ്കെടുത്ത രണ്ടു മലയാളി സ്പോർട്സ് ലേഖകരിൽ ഒരാളാകാൻ ഭാഗ്യമുണ്ടായി. അന്നു ചോദിക്കാൻ അവസരം കിട്ടാതെപോയ ചോദ്യമായിരുന്നത്.ഏറ്റവും ഒടുവിൽ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ നേരിട്ടു കണ്ടപ്പോഴും ഇതേ ചോദ്യം ചോദിച്ചു.

ജക്കാർത്തയിൽ നേടിയ സ്വർണം ഹാങ് ചോയിൽ നിലനിർത്തിയപ്പോഴും അതിനു മുമ്പ് ബുഡാപെസ്റ്റിൽ ലോക ചാംപ്യൻ ആയപ്പോഴും നീരജ് ചോപ്രയ്ക്ക് 90 മീറ്റർ ജാവലിൻ പായിക്കാൻ കഴിഞ്ഞില്ല. ഇന്നും മികച്ച ദൂരം 89.94 മീറ്റർ തന്നെ.

ഇപ്പോൾ ജർമനിയുടെ പത്തൊൻപതുകാരൻ മാക്സ് ഡെനിങ് 90.20 മീറ്റർ ജാവലിൻ പായിച്ചിരിക്കുന്നു. ജർമനിയിൽ നടന്ന വിൻ്റർ ത്രോയിങ് ചാംപ്യൻഷിപ്പിലാണ് ഈ പ്രകടനം. ഇതു വഴി മാക്സ് പാരിസ് ഒളിംപിക്സ് യോഗ്യതയും നേടി. 2024ൽ ജാവലിനിൽ 90 മീറ്റർ കടന്ന ആദ്യ താരമാണ് മാക്സ് ഡെനിങ്. ഈ നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ താരവും.ഇതോടെ പാരിസിൽ സ്വർണം നിലനിർത്താനുള്ള നീരജിൻ്റ ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയരുമെന്ന് കണക്കുകൂട്ടലുകൾ തുടങ്ങി.

ആദ്യ ത്രോയിൽ 90 മീറ്റർ കടന്ന മാക്സി ന് രണ്ടാം ഊഴത്തിൽ 85.45 മീറ്റർ ആണ് സാധ്യമായത്. അത് സ്വാഭാവികം. പക്ഷേ, ഇതിനു മുമ്പുള്ള മാക്സിൻ്റെ മികച്ച ദൂരം 2022ൽ താണ്ടിയ 79.13 മീറ്റർ മാത്രമാണ്. രണ്ടു വർഷം കൊണ്ട് 11 മീറ്റർ മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കാം. പക്ഷേ, ഒറ്റയടിക്ക് ഇത് സാധ്യമായത് അവിശ്വസനീയമായി തോന്നുന്നു. ഇനിയുള്ള അഞ്ചു മാസത്തിൽ മാക്സ് ഡെനിങ് എങ്ങനെ പുരോഗമിക്കുന്നുവെന്നു നോക്കാം.

Sanil with Neeraj Chopra

പക്ഷേ, നീരജിൻ്റെ സ്വഭാവം വച്ചു നോക്കുമ്പോൾ ഇതൊന്നു അദ്ദേഹത്തെ ബാധിക്കാറില്ല.എന്നും തന്നെക്കാൾ മുന്നിലുള്ള താരങ്ങളെയാണ് നീരജ് പിൻതള്ളിയിട്ടുള്ളത്. അതു കൊണ്ടു തന്നെ സ്വന്തം ഫോമും കായികക്ഷമതയും ആയിരിക്കും പാരിസിൽ നീരജിനു പ്രധാന വെല്ലുവിളി.

ഏഷ്യൻ ഗെയിംസിൽ തുടരെ രണ്ടു സ്വർണം നേടിയ നീരജ് ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും സ്വർണവും തുടരെ കരസ്ഥമാക്കി. പക്ഷേ, ഒളിംപിക്സിൽ മത്സരം കടുക്കും.

ടോക്കിയോ ഒളിംപിക്സിൽ 96.29 മീറ്റർ എറിഞ്ഞിട്ടുള്ള ജൊഹാനസ് വെറ്ററും 93.07 മീറ്റർ താണ്ടിയിരുന്ന ആൻഡേഴ്സൻ പീറ്റേഴ്സും പിന്നെ ജൂലിയൻ വെബറും ഉണ്ടായിരുന്നു. അന്ന് ഇവർക്കു പിന്നിൽ നാലാം റാങ്കുകാരനായിരുന്ന നീരജ് ഏവരെയും അദ്ഭുതപ്പെടുത്തി സ്വർണം നേടി.ബുഡാപെസ്റ്റിൽ നീരജിനു പിന്നിൽ വെള്ളി നേടിയ പാക്കിസ്ഥാൻ താരം അർഷദ് നദീം 90.18 മീറ്റർ എറിഞ്ഞിട്ടുണ്ട്. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ നദീം പരുക്ക് മൂലം പിൻ വാങ്ങിയെങ്കിലും ഏഷ്യൻ റെക്കോർഡ് ഉടമ ചാവോ സുൻ ചെങ് (91.36 മീറ്റർ) ഉണ്ടായിരുന്നു. പക്ഷേ, നീരജ് സ്വർണം നിലനിർത്തി. പാരിസിൽ നദീം മടങ്ങിയെത്തും.മുഹമ്മദ് യാസിർ സുൽത്താനാണ് വളർന്നു വരുന്ന മറ്റൊരു പാക്ക് തരം.

കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ നീരജിനൊപ്പം ഫൈനലിൽ കടന്ന രണ്ട് ഇന്ത്യൻ താരങ്ങൾ കൂടിയുണ്ട്. അഞ്ചാമതെത്തിയ കിഷോർ ജെനയും ആറാമതു വന്ന ഡി.പി. മനുവും. ഇതിൽ ജന, ഹാങ്ചോയിൽ വെള്ളി നേടിയെന്നു മാത്രമല്ല, മൂന്നു റൗണ്ട് കഴിഞ്ഞപ്പോൾ നീരജിനെക്കാൾ മുന്നിലുമായിരുന്നു. നീരജിനൊപ്പം കിഷോർ ജെന പാരിസ് ഒളിംപിക്സിൽ മത്സരിക്കാൻ സാധ്യതയേറെയാണ്. ഒരു പക്ഷേ, നീരജ് ഫോമിലെത്തിയില്ലെങ്കിൽ ഇന്ത്യക്ക് മെഡൽ നേടിത്തരാൻ കെല്പുള്ള താരമാണ് ജെന. വിദേശത്തെ പരിശീലനം ജെനയ്ക്ക് ഗുണം ചെയ്യും. നമുക്ക് കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക