Image

ഹൃദയത്തുടിപ്പുകൾ ( കേൾക്കുന്നവർക്ക് : ലാലു കോനാടിൽ )

Published on 28 February, 2024
ഹൃദയത്തുടിപ്പുകൾ ( കേൾക്കുന്നവർക്ക് : ലാലു കോനാടിൽ )

കേൾക്കുന്നവർക്ക് 
എന്തു മനസ്സിലായി
എന്നതാണ് പറയുന്നവർ 
എന്തു പ്രസ്താവിച്ചു
എന്നതിൻ്റെ യഥാർത്ഥ 
അർത്ഥം... 

പറയുന്ന കാര്യത്തെക്കുറിച്ച്
വ്യക്തമായ അറിവും ബോധവും
ഇല്ലാത്തവരുടെ വാക്കുകളാണ്
എപ്പോഴും  തെറ്റിദ്ധരിക്കപ്പെടുന്നതും
ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതും...

വേണ്ടതെല്ലാം പറഞ്ഞു 
എന്ന അവകാശവാദം
ഉന്നയിക്കുന്നവർ 
പറഞ്ഞതെല്ലാം 
കേട്ടവർക്കും 
മനസ്സിലായോ എന്ന 
തെളിവെടുപ്പ് കൂടി
നടത്തണം... 

പറയുന്നതൊന്നും 
മനസ്സിലാക്കുന്നത് 
മറ്റൊന്നും ആകുമ്പോഴാണ് ആശയവിനിമയത്തിലും
ബന്ധത്തിലും
വിടവുകൾ രൂപപ്പെടുന്നത്...

തനിക്ക് അറിയാവുന്ന 
ഭാഷയിൽ സംസാരിക്കുന്നത്
പാണ്ഡിത്യം...
അപരന് മനസ്സിലാകുന്ന ഭാഷയിൽ
സംസാരിക്കുന്നത് വിവേകം...

തലച്ചോറു കൊണ്ടും 
ഹൃദയം കൊണ്ടും
സംസാരിക്കുന്നവരുമുണ്ട്... 

വിവര വിതരണം മാത്രമാണ്
ഉദ്ദേശ്യമെങ്കിൽ തലച്ചോറ് കൊണ്ട്
സംവദിച്ചാൽ മതി.. പക്ഷേ അവിടെയും വ്യത്യസ്ത ബൗദ്ധിക-
നിലവാരത്തിലുള്ളവരെ
പരിഗണിക്കണം... 

പ്രചോദന ഉണ്ടാകണമെങ്കിൽ
ഹൃദയപൂർവ്വം ഇടപെടണം... 

വ്യവസ്ഥാപിത ചട്ടക്കൂടുകളിലൂടെ
കൈമാറ്റം ചെയ്യപ്പെടുന്ന
അറിവുകളെക്കാൾ വ്യക്തിപരമായ
ഇടപെടലുകളിലൂടെ കൈമാറുന്ന
ജ്ഞാനത്തിന് സ്ഥിരതയും
ദീർഘായുസ്സും ഉണ്ടാകും...

ഒരു വർഷം മുഴുവൻ ക്ലാസിലിരുന്ന്
പഠിച്ചിട്ടും ഒന്നും മനസ്സിലാകാത്ത കുട്ടികളും
ഒരായുസ്സ് മുഴുവൻ സഹവസിച്ചിട്ടും
പരസ്പരം കണ്ടെത്താനാകാത്ത
പങ്കാളികളും ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്...? 

നാവു പറയുന്നതെല്ലാം
കാതിന് മനസ്സിലാകണമെങ്കിൽ
ഉച്ചാരണം വ്യക്തമായാൽ മാത്രം പോരാ ഹൃദയത്തുടിപ്പുകൾ ഇണങ്ങിച്ചേരണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക