Image

അംബികയെ ഓർക്കുമ്പോൾ : പി.സീമ

Published on 27 February, 2024
അംബികയെ ഓർക്കുമ്പോൾ : പി.സീമ

തലയോലപ്പറമ്പ് ദേവസ്വം ബോർഡ്‌ കോളേജിൽ നിന്ന് സെക്കന്റ്‌ ഗ്രൂപ്പിൽ ഏറ്റവും ഉയർന്ന മാർക്കോടെ പാസ്സായപ്പോൾ ആണ് പലരുടെയും അഭിപ്രായം കേട്ട് Bsc അഗ്രിക്കൾച്ചറിന് ചേരാൻ  ഞാൻ അപേക്ഷ അയച്ചത്. അങ്ങനെ വീട്ടിൽ വെറുതെ ഇരുന്നു മുഷിയണ്ട എന്ന് കരുതി   ഒരു നേരം പോക്കിന്  Bsc Zoology ക്ക് ചേരാൻ   വേണ്ടി  ആണ്  കാർഡ് കിട്ടിയതനുസരിച്ചു മഹാരാജാസിലേക്ക് ഞാനും അച്ഛനും കൂടി പുറപ്പെട്ടത്..ഇന്റർവ്യുവിനു ചെന്നപ്പോൾ ധാരാളം കുട്ടികൾ വന്നിരുന്നു. ഏറെയും നഗരത്തിലെ പരിഷ്കാരികൾ..

അവരിൽ നിന്നെല്ലാം അകന്നു ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. മുട്ട് കഴിഞ്ഞു അല്പം കൂടി നീളമുള്ള പാവാടയും കോളർ ഉള്ള ബ്ലൗസുമായിരുന്നു വേഷം. നേർത്ത മുടി രണ്ടായി പകുത്ത് പിന്നി ഇട്ടിരുന്നു ഞാൻ അവളോട് ചേർന്നാണ് നിന്നത്. അവൾ എന്നോടൊന്നും സംസാരിച്ചില്ല എങ്കിലും എനിക്ക് അവളുടെ പേരറിയണം എന്ന് തോന്നി

"കുട്ടിയുടെ പേരെന്താ?"ഞാൻ തിരക്കി.
"അംബിക " ഉത്തരം പെട്ടെന്നായിരുന്നു. കനമേറിയ ഒരു പുരുഷശബ്ദം ആണ് അവളുടെ തൊണ്ടയിൽ നിന്നും പുറത്ത് വന്നത്. ഇത്രയും നേർത്ത ശരീരത്തിൽ നിന്നും ഇങ്ങനെ  ആഴമേറിയ ഒരു ശബ്ദമോ. അവൾക്കു എന്നെക്കാൾ പത്തു മാർക്കോളാം കൂടുതലും ഉണ്ടായിരുന്നു. (പ്രാക്ടിക്കൽ പരീക്ഷക്ക്‌ ലാബിൽ വെച്ചു ചത്ത തവളയുടെ ഹൃദയം ഞാൻ  ഒരു കാര്യവും ഇല്ലാതെ വെപ്രാളപ്പെട്ടു കുത്തി പൊട്ടിച്ചപ്പോൾ ആണ്  എന്റെ മാർക്ക് ആ വഴിയേ പോയത്.)

ഏതായാലും  അല്പം മാറി നിന്ന് ഞാൻ അവളെ ഒരു നോട്ടത്തിൽ സൂക്ഷ്മമായി ഉഴിഞ്ഞു. പതിനേഴു വയസ്സായ ഒരു പെൺകുട്ടിയിൽ കാണേണ്ട മേനിക്കൊഴുപ്പോ, പെണ്ണിന്റെ ബാഹ്യ ലക്ഷണങ്ങളോ ഒന്നും ഞാൻ അവളിൽ കണ്ടില്ല. നിറഞ്ഞ മാറിടങ്ങളോ, പിടയുന്ന കണ്ണുകളോ തുടുത്ത കവിളുകളോ ഒന്നും അവൾക്കില്ല..(മെഴുകുതിരി പോലിരുന്ന ഞാൻ പോലും  അദ്ദേഹത്തെ വെറുതെ മോഹിപ്പിക്കാൻ മധുരപ്പതിനേഴിൽ പൂത്തുലഞ്ഞു നിന്നിരുന്നു കുറെ നാൾ )  ഞാൻ ആകപ്പാടെ ചിന്താക്കുഴപ്പത്തിൽ ആയി. ഗൗരവം നടിച്ചു നിന്ന അവളോട് പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.

ഇന്റർവ്യൂ കഴിഞ്ഞു. ക്ലാസ്സുകൾ തുടങ്ങി. അംബിക ക്ലാസ്സിൽ വന്നിരുന്നു എങ്കിലും ആരോടും അധികം ഒന്നും സംസാരിക്കാതെ കൃത്യമായി ഒരു അകലം കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവൾ ക്ലാസ്സിൽ വരാതെയും ആയി. കാമുകന്റെ പ്രണയലേഖനം വരുന്നതും മറുപടി എഴുതുന്നതും ഒഴികെ മറ്റു യാതൊരു പ്രയോജനവും എനിക്ക് ആ  വർഷം ക്ലാസ്സിൽ നിന്ന് ഉണ്ടായില്ല.. ഞാൻ അഗ്രിക്കൾച്ചറിനു പോകുവല്ലേ  പിന്നെന്തിനു ഇതു പഠിക്കണം.. ഇതിനിടയിൽ ഞാൻ അംബികയെ മറന്നും തുടങ്ങി.

അങ്ങിനെ ഒരു ദിവസം മുടിയൊക്കെ പറ്റെ വെട്ടി ഷർട്ടും പാന്റ്സും ധരിച്ചു സുമുഖനായ ഒരു യുവാവ് ക്ലാസ്സിലേക്ക് കടന്നു വന്നു. അധികാരത്തോടെ അംബികയുടെ ഇരിപ്പിടത്തിൽ ഇരുന്നു. അപ്പോൾ ആണ് അടുത്തിരുന്ന കൂട്ടുകാരി പറഞ്ഞത്..

"അത് ആരാന്നു അറിയാമോ..? അംബികയാ.. സർജറി ഒക്കെ കഴിഞ്ഞു ആണായി. രാജേന്ദ്രൻ എന്നാണ് ഇപ്പോൾ  പേര്.ഇയാൾ ആദ്യം പോയി മിണ്ടിയ സുഹൃത്തല്ലേ ഒന്നു പോയി സംസാരിക്കു."ഞാൻ അത്ഭുതത്തോടെ അവളെ നോക്കി അല്ല.. അവനെ.

പൊടുന്നനെ അന്ന് ഞാൻ നിരീക്ഷിച്ചു കണ്ടു പിടിച്ചതെല്ലാം   അംബികയേക്കാൾ ഏറെ ഈ രാജേന്ദ്രന് യോജിക്കുന്നതായിരുന്നല്ലോ എന്ന സത്യവും മനസ്സിലാക്കി.

ഇപ്പോൾ രാജേന്ദ്രൻ പഠിച്ചു ഉയർന്ന നിലയിൽ എത്തി ഒരു ഡോക്ടർ ആയി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.. എന്നെ കുറിച്ച് ഏറെ പറയേണ്ട കാര്യം ഇല്ലല്ലോ..

അടുത്ത വർഷം അഗ്രിക്കൾച്ചറിനു കിട്ടാതെയും zoology പരീക്ഷ എഴുതാതെയും  അച്ഛനെ വട്ടം ചുറ്റിച്ച എന്നെ അച്ഛൻ തന്നെ പിന്നെയും മഹാരാജാസിൽ കൊണ്ടു പോയി എന്നെ വിശ്വസിച്ചു ബി. എ മലയാളത്തിനു ചേർത്തു... എങ്കിലും ആ വർഷങ്ങളിൽ ഒന്നും രാജേന്ദ്രൻ എന്ന അംബികയെ കോളേജിന്റെ ഇടനാഴിയിൽ എങ്ങും ഞാൻ കണ്ടിട്ടില്ല.

ഒരു സ്ത്രീയിൽ നിന്നും പുരുഷനിലേക്കുള്ള ദൂരം വിജയകരമായി പിന്നിട്ട അംബിക തീർച്ചയായും ജീവിതത്തിലും വിജയിച്ചിട്ടുണ്ടാകും എന്ന് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീയിൽ നിന്നും ഭാര്യയിലേക്കും അമ്മയിലേക്കും അമ്മുമ്മയിലേക്കും ഉള്ളത്ര ദൂരം പിന്നിട്ട ഞാൻ ഇപ്പോഴും ഒരു നാൽക്കവലയിൽ വഴിയറിയാതങ്ങനെ...ഏത് വഴി പോയാലും അഗാധ ഗർത്തങ്ങൾ മാത്രം മാടി വിളിക്കുന്ന മഹാഭാഗ്യവും.... എല്ലാം ..ജീവിതത്തിന്റെ ഓരോ വികൃതികൾ... സ്വയം കൃതാ നർത്ഥങ്ങൾക്ക്  കുറ്റം ദൈവത്തിന്റെ തലയിൽ വെച്ച് കെട്ടണ്ടല്ലോ .അത് അനുഭവിക്കുക... സ്വയം.പിന്നെ .ഇത്രയും നാൾ നടന്നത്ര ദൂരം ഇനി എന്തായാലും പിന്നിടേണ്ട എന്ന് ആശ്വാസവും

Join WhatsApp News
josecheripuram 2024-02-29 00:19:10
You are a brave person to have the guts to identify yourself, Have confidence. Often we ask why this happen to me? because we compare with others or copy to be like others. Life is an exam we copy from others not realizing that each one has a different question paper.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക