Image

ഞാനൊക്കെ ഇത്ര പൈങ്കിളിയായിരുന്നുവോ ഭഗവാനെ ? : ഇന്ദു മേനോൻ

Published on 25 February, 2024
ഞാനൊക്കെ ഇത്ര പൈങ്കിളിയായിരുന്നുവോ ഭഗവാനെ ? : ഇന്ദു മേനോൻ

എൻ്റെ കുട്ടിക്കാലത്തു നാട്ടിലെ പെണ്ണുങ്ങൾ വീട്ടിൽ ആണുങ്ങളോട് അടി വാങ്ങുന്നതും വലിയ വായിൽ നിലവിളിക്കുന്നതും ക്ഷുഭിതരായ ആണുങ്ങൾ അവരെ കാര്യം തീർത്ത് സ്വന്തം വീട്ടിൽ കൊണ്ട് ആക്കുന്നതും വലിയ ഒരു ദുരന്തമായും സംഭവമായും ഞാൻ വിശ്വസിച്ചു. നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും ഒക്കെ കഥാ മത്സരങ്ങൾക്ക് എന്ത് വിഷയം തന്നാലും ഈ വിഷയത്തിൽ കഥ എഴുതുക എന്നത് എൻറെ ഹോബിയായി മാറി.

ഞാൻ എഴുതിയ കഥ വായിച്ച് മത്സരത്തിന് ആനന്ദഭരിതർ ആയത് വിനോദ് മാഷും ചന്ദ്രൻ മാഷും സുധീർ മാഷും ആണ് എന്നാണ് വിചാരിക്കുന്നത്.മത്സരത്തിൽ എഴുതിയ കഥയുടെ കോപ്പി കൊണ്ടുവന്ന എൻറെ കയ്യിൽ തന്നത് ഏതു മാഷാണ് എന്ന് ഓർമ്മയില്ല. 1987-88ലെ മുതലാണ്. വീട് മാറണം എന്ന് കരുതി ഇപ്പോൾ  വൃത്തിയാക്കിയപ്പോൾ കിട്ടിയത്.

അന്നത്തെ ഒരു നില വെച്ച് ഒരു ടീ പത്മനാഭൻ ആകേണ്ടത് ആയിരുന്നു.
വയസ്സറേലും ഏകാന്തതയും പൂച്ചയും. ഒന്നും തിരിയാതെ ആരുടെയൊക്കെയോ നോവൽ ലൈബ്രറിയിൽ നിന്നെടുത്ത് വായിച്ചിട്ടുണ്ട്. തെളിവ് മകൻ്റെ പേര് രവി. അതിന്റെ മറ്റ് തെളിവുകളും കഥയിലൂടനീളമുണ്ട്. കോവിലൻ്റ ഏതൊ ഒരു ബുക്കും വായിച്ചിട്ടുണ്ട്. തിരിഞ്ഞിട്ടില്ല ഒന്നും.

നഴ്സറി ക്ലാസ്സ് മുതൽ മലയാള മനോരമ മംഗളം മനോരാജ്യം എന്നീ പൈങ്കിളിയിലെ കഥകൾ വായിച്ചു കേൾക്കുകയും വായിക്കുകയും ചെയ്ത ഈ  എന്നോടാണോ ബാലകളി? 

കഥയുടെ പേരും ടി പത്മനാഭനെ ഓർമിപ്പിക്കുന്നു. എൻറെ ഗുരുജിമാര് സത്യത്തിൽ കോട്ടയം പുഷ്പനാഥും ജോയ്സിയും ഒക്കെ ആയിരുന്നു.എന്നിട്ട് അഞ്ച് സുന്ദരികൾ എന്നൊന്നും കഥയ്ക്ക് പേരിടാൻ തോന്നിയില്ല.

കറുത്ത ചിറകുള്ള ഒരു ഈച്ച 
◾◾◾◾◾◾◾◾◾◾◾

കൺപുരികങ്ങൾക്ക് താഴെ ഞാനെന്ന രൂപത്തിന്റെ അവശേഷിപ്പായി നഷ്ടപ്പെടാത്ത രണ്ട് കണ്ണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മുണ്ടനം ചെയ്ത എൻറെ ശിരസ്സിനു മുകളിൽ ഒരു ഈച്ച വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. അതിൻറെ ചിറകുകൾ അമർത്തി അടിക്കുമ്പോൾ ഉണ്ടായ ശബ്ദം എന്നിൽ അസ്വസ്ഥതയുളവാക്കി. കണ്ണുകൾ എത്ര അടച്ചു പിടിച്ചിട്ടും എൻറെ മനസ്സിൻറെ താളവുമായി ശ്രുതി ചേരുവാൻ ഈ ശബ്ദത്തിന് കഴിയുന്നില്ല. ഞാൻ വീണ്ടും പരാജിതനാകുകയാണ് വേണ്ട മരണത്തിന്റെ തണുപ്പ് അനുഭവപ്പെടുന്ന ഈ നിലത്ത് പറ്റിച്ചേർന്നു കിടക്കേണ്ട ‘ ഇവിടെ എൻറെ അസ്ഥിക്ക് അകത്തേക്ക് കുത്തിയിറങ്ങുന്ന തണുപ്പുണ്ട്. എന്നിട്ടും ഈ തണുപ്പിന് എന്തേ എനിക്ക് വെറുക്കാൻ കഴിയാത്തത്? ഞാൻ പതിയെ എഴുന്നേറ്റു. ദേഹം നഷ്ടപ്പെട്ട് അലയുന്ന ആത്മാവിനെ പോലെ എൻറെ ചുറ്റി ചുളിഞ്ഞ വികൃതമായ കൈവിരലുകൾ കണ്ണടക്കൂട് എടുക്കുവാൻ നിലത്തിഴഞ്ഞു. പടം പൊഴിച്ച ഒരു പാമ്പ് അവിടെ ഇഴയുന്ന അനുഭവത്തിൽ ഉപരിയായി എൻറെ തലക്കകത്തേക്ക് കുത്തി ഇറങ്ങിയ ഒരു മുള്ളാണിയുടെയോ അല്ലെങ്കിൽ തുരുമ്പിച്ച ഒരു മുട്ടുസൂചിയുടെയോ തരിപ്പായാണ് അവിടെ എൻറെ ഉള്ളിൽ തോന്നിയത്. ശരിക്കും എനിക്കറയ്ക്കുന്നുണ്ടായിരുന്നു. ഇത് എൻറെ കൈ തന്നെയാണോ ? അതേ ഇത് എന്റേത് തന്നെ  വർഷങ്ങൾക്കു മുമ്പ് എനിക്കും ഉണ്ടായിരുന്നുവല്ലോ വെളുത്ത ബലിഷ്ഠമായ കയ്യ്. ആ കയ്യിന് സംഭവിച്ച രൂപ പരിണാമത്തെക്കുറിച്ച് ഏറെയൊന്നും ചിന്തിക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം എൻറെ നഷ്ട കണക്കുകൾ എപ്പോഴും എന്നെ വേദനിപ്പിച്ചിരുന്നു. വളരെ നേരം അടച്ചുപിടിച്ചത് കൊണ്ടാവാം കണ്ണിൽ പീള കെട്ടിയിരുന്നു.എൻറെ മുണ്ടിന്റെ കോന്തല  കൊണ്ട് ഞാൻ അത് പതിയെ നീക്കം ചെയ്തു. കണ്ണട എടുത്തു വയ്ക്കുമ്പോഴും ഒരിക്കൽ കൂടി ആ ഈച്ച എൻറെ മുന്നിൽ തെളിഞ്ഞു വാതിൽ പടികടന്ന് ആ മുറിയിൽ നിന്നും അതും അവസാനം ഇറങ്ങിപ്പോയി. എന്തേ എന്നെ വേണ്ടേ? മരണത്തിനുപോലും എന്നെ വേണ്ട എന്ന് എനിക്ക് തോന്നി. കുറച്ചു ദിവസങ്ങൾ ആയല്ലോ എൻറെ കണ്ണിൽ മരണം ഒരു ഈച്ചയായി വന്നിട്ട് ‘ അവസാനം അതും പോയി ചുമരിൽ അമർത്തിപ്പിടിച്ച് അടുക്കളയിലേക്ക് ഞാൻ പതിയെ ഇറങ്ങി. എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു അടുക്കള വാതിൽ തുറന്നു മുറ്റത്തിറങ്ങി അതിലിന്റെ ഊരത്ത് ഞാൻ മൂത്രമൊഴിച്ചു അവിടെ ആകെ എന്തോ ചീഞ്ഞുനാറുന്നുണ്ടായിരുന്നു അതെ ഇത് എൻറെ മനസ്സിൻറെ തന്നെ മാറ്റമാണ് അത് വർഷങ്ങൾക്ക് മുമ്പ് തന്നെ ചീഞ്ഞു പോയിരുന്നല്ലോ

ഏട്ടാ ഞാൻ ചെയ്യാത്തതെറ്റിനെന്നെ ശിക്ഷിക്കല്ലേ

അവൾ കരയുന്നതുപോലെ

"അയ്യോ വേണ്ട എനിക്ക് ഒന്നും അറിയില്ല നോക്കൂ നമ്മുടെ കുട്ടിയെ ഓർത്തെങ്കിലും വേണ്ട എന്നെ വീട്ടിൽ കൊണ്ടാക്കല്ലേ "

◾◾◾◾◾◾◾

ഞാനൊക്കെ ഈ പ്രൈമറി ക്ലാസിലൊക്കെ ഇത്ര പൈങ്കിളിയായിരുന്നുവോ ഭഗവാനെ ?

ഞാനൊക്കെ ഇത്ര പൈങ്കിളിയായിരുന്നുവോ ഭഗവാനെ ? : ഇന്ദു മേനോൻ
ഞാനൊക്കെ ഇത്ര പൈങ്കിളിയായിരുന്നുവോ ഭഗവാനെ ? : ഇന്ദു മേനോൻ
Join WhatsApp News
Radha Menon 2024-02-25 08:48:02
ഇന്ദു മേനോൻ ഒറിജിനലായി സ്വന്തം കൈപ്പടയിൽ എഴുതിയ കഥ പ്രൂഫ് സഹിതം ഇവിടെ ഫോട്ടോയെടുത്ത് ചേർത്തതിൽ വളരെ സന്തോഷം. കാരണമെന്തെന്നല്ലേ പറയാം. ഇവിടെ പ്രത്യേകിച്ച് അമേരിക്കയിൽ ഒറിജിനൽ കഥയും അതിന്റെ ഫ്ലോട്ടും മുഴുവനായി തന്നെ വലിയ സാഹിത്യകാരന്മാർ എന്നും പറഞ്ഞ് പൊങ്ങി നടന്നു പൊന്നാടയും ഫലകങ്ങളും മേടിക്കുന്നവർ അധികപക്ഷവും നാട്ടിൽ നിന്ന് എഴുതിവരുത്തിക്കുന്നവരാണ്. എല്ലാവരും അത്തരക്കാരാണെന്ന് ഇതിനർത്ഥമില്ല കേട്ടോ. നാട്ടിൽ നിന്ന് വല്ലതും എഴുതിത്തരാം എന്നുള്ള ഓഫർ എനിക്കും കിട്ടിയിട്ടുണ്ട്. അവരും പാവങ്ങളല്ലേ ജീവിച്ചു പോട്ടെ എന്ന് കരുതി ഞാൻ കുറച്ച് രൂപ അങ്ങോട്ട് അയച്ചുകൊടുത്തു. . എന്നാൽ എനിക്ക് ആയിട്ട് ഒന്നും എഴുതി തരേണ്ടതില്ല എന്ന് ഞാൻ പറഞ്ഞു. സ്വന്തം പല്ലുകൊണ്ട് ആഹാരം ചവച്ചിറക്കി തിന്നുന്നത് അല്ലേ അതിൻറെ ഒരു സുഖം. . അല്ലാതെ വല്ലവനും ചവച്ച് തരുന്നത് ഭക്ഷിച്ചു കൊണ്ട് വീരവാദം അടിക്കുന്നത് അത്ര ആശാസ്യം അല്ലല്ലോ. ഇന്ദു മേനോന് അഭിനന്ദനങ്ങൾ.
Geetha 2024-02-25 13:25:49
വളരെ നന്നായി എഴുതിയിട്ടുണ്ട് , അതും പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ !
രേഷ്മ ലെച്ചൂസ് 2024-02-26 04:11:23
ഇന്ദു ചേച്ചി കഥയുടെ prof അടക്കം ഉണ്ടല്ലോ. നല്ല കൈയക്ഷരം 😍😍. ഓരോന്ന് ഇങ്ങോട്ട് പോന്നോട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക