Image

വേരിന്റെ ആഴമാണ്.. തണ്ടിന്റെ ഉയരം ( ചുവടുകൂടി കാണണം : ലാലു കോനാടിൽ )

Published on 25 February, 2024
വേരിന്റെ ആഴമാണ്.. തണ്ടിന്റെ ഉയരം ( ചുവടുകൂടി കാണണം :  ലാലു കോനാടിൽ )

കഠിനമായ വെയിലിൽ നടന്നു ക്ഷീണിച്ച യുവാക്കൾ മരത്തണലിൽ ഇരുന്നു...
സമീപത്തെങ്ങും മറ്റൊരു മരംപോലും ഉണ്ടായിരുന്നില്ല.. കുറെനേരം അവിടെയിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി.. ഉണർന്നപ്പോൾ അവരിലൊരാൾ ശിഖരങ്ങളിലേക്കു നോക്കിയിട്ടു പറഞ്ഞു : 

ഇത് എന്തൊരു ഉപയോഗശൂന്യമായ മരമാണ്.. കഴിക്കാൻ കൊള്ളാവുന്ന ഒരു പഴംപോലും ഇതിലില്ല.. മാത്രമല്ല, ഇതിന്റെ തടി തീ കത്തിക്കാൻപോലും കൊള്ളില്ല...

പഴികേട്ടു സഹികെട്ട മരം പറഞ്ഞു : എന്റെ തണലിൽനിന്നു മാറിയിരുന്നു സംസാരിക്കൂ..

തണലിൽ ഇരുന്നുകൊണ്ട് തണൽമരത്തിന്റെ തായ്‌വേര് അറുക്കരുത്... 

മറ്റെല്ലാം വരണ്ടുണങ്ങുമ്പോഴും, ഇല കൊഴിയാതെ പിടിച്ചു നിൽക്കുന്ന ചില മരങ്ങളുണ്ട്.. തണലിൽ ഇരിക്കുന്നവന്റെ ആശ്രയം, തണൽമരത്തിന്റെ സ്വയംപ്രതിരോധ ശേഷിയാണ്... 

അപരിചിതരുടെ ആക്രമണങ്ങളിൽപോലും പിടിച്ചുനിന്ന പല മരങ്ങളും കടപുഴകിയത് ആശ്രിതരുടെ ശാപവാക്കുകൾ കൊണ്ടാണ്.. ജീവനറ്റത് ഞരമ്പു മുറിഞ്ഞതു കൊണ്ടല്ല, മനസ്സു മുറിഞ്ഞതുകൊണ്ട്...

എല്ലാവരും ഒരേ നിയോഗത്തിനായുള്ളവരല്ല മരമായാലും മനുഷ്യനായാലും..
സ്വന്തം ദൗത്യം തിരിച്ചറിയുന്നവരാണ്
അവസാനംവരെ അസ്ഥിത്വവും തനിമയും നിലനിർത്തുന്നത്.. തണലാകുന്നവനും വിളവേകുന്നവനും തമ്മിലുള്ള താരതമ്യം അർഥശൂന്യവും പ്രയോജനരഹിതവുമാണ്... 

തൽസമയത്തെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നവരെ മാത്രം ഉപകാരികളുടെ പട്ടികയിൽപെടുത്തി, അവർക്കു മാത്രം ഉപകാരസ്‌മരണ പാടിയുള്ള ജീവിതം സ്ഥായിയായ ബന്ധം സമ്മാനിക്കില്ല... 

വാടിത്തളർന്നവനു തണലാണ് ആവശ്യം...

എല്ലാവർക്കും സ്വന്തം കർമമണ്ഡലങ്ങളും ദൗത്യങ്ങളുമുണ്ട്... അവിടെ മാത്രമാണ് അവർക്കു പ്രശോഭിക്കാനാവുക...

എന്തിനുവേണ്ടി നിയോഗിക്കപ്പെട്ടോ
അതിനുവേണ്ടി നിലകൊള്ളണം... അല്ലെങ്കിൽ, ആരുമല്ലാതാകും...
എന്തിന്റെയും ഉദ്ദേശ്യവും ഉപയോഗവും
അറിയണം.. ശിഖരം നോക്കി മാത്രം
വിധി പറയരുത്.. ചുവടുകൂടി കാണണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക