Image

സ്ത്രനിയേരി ( ഇറ്റലിയിൽ -13 : മിനി ആന്റണി )

Published on 24 February, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ -13 : മിനി ആന്റണി )

എനിക്കൊരാളെ പ്രണയിക്കാനാവുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. പ്രേമം എന്ന വാക്കിനോടേ എനിക്കലർജിയായിരുന്നു. പ്രേമിക്കുന്നത് വളരെ മോശപ്പെട്ട കാര്യമാണ് എന്നാണല്ലോ അമ്മ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. ചീത്തപ്പേര് കേൾപ്പിച്ചാൽ ആത്മഹത്യ ചെയ്തുകളയുമെന്ന ഭീഷണിയുമുണ്ടായിരുന്നല്ലോ. 

ക്ലാസിലെ മുതിർന്ന കുട്ടികൾ മുതിർന്നവരെന്ന് പറഞ്ഞാൽ അത്യാവശ്യം പെൺശാരീരിക വളർച്ചയുള്ളവർ. കുളിച്ചുകുറിതൊട്ട് അണിഞ്ഞൊരുങ്ങി വന്ന് പിൻബഞ്ചിലിരുന്ന് കുശുകുശുക്കുന്നവർ. സ്വന്തം പ്രേമത്തെ പറ്റിയോ മറ്റുള്ളവരുടെ പ്രേമത്തെ പറ്റിയോ ചർച്ചചെയ്യുന്നവർ. അതുമല്ലെങ്കിൽ ആഴ്ച്ചപ്പതിപ്പിലെ നീണ്ടകഥകൾ പറഞ്ഞ് രസിക്കുന്നവർ. മുൻബഞ്ചുകാരിയും ക്ലാസിലെ തീരെചെറിയ കുട്ടികളിൽ ഒരാളുമായ എനിക്ക് അവരോടെല്ലാം പുഛമായിരുന്നു. അവരെല്ലാം കൊള്ളരുതാത്തവരാണെന്ന് കരുതി അവരിൽ നിന്ന് അകന്നു നിൽക്കുമായിരുന്നു. അങ്ങനെയുള്ള ഞാൻ ഒരു പ്രണയത്തിൽ കുടുങ്ങുമെന്ന് എൻ്റെ വീട്ടുകാരോ നാട്ടുകാരോ ഞാൻ തന്നെയോ പ്രതീക്ഷിച്ചിരുന്നില്ല. 

പ്രണയത്തിൻ്റെ മാസ്മരികതയെ പറ്റി ഞാൻ മനസിലാക്കിയത് വർഷങ്ങളായി പ്രണയിച്ചു കൊണ്ടേയിരിക്കുന്ന രണ്ടു പേരുടെ ജീവിതത്തിലൂടെ കടന്നു പോകേണ്ടി വന്നപ്പോഴായിരുന്നു. ലളിതേച്ചിയുടെയും വാസുവേട്ടൻ്റെയും ജിവിതത്തിലൂടെ. ജീവിതത്തിലൊരിക്കലെങ്കിലും ഒന്നു പ്രണയിക്കണം എന്നാഗ്രഹിച്ചതും അങ്ങനെയായിരുന്നു. 

ഒരിക്കൽ തറയെന്ന് പേരുള്ള  നാട്ടിലേക്ക് ഞാനൊരു വധുവായെത്തും. നിർബന്ധങ്ങളും നിബന്ധനകളും കൊണ്ടുണ്ടാക്കിയ ഒരു കോട്ടക്കകത്തകപ്പെടും. പുറത്തുകടക്കാനൊരു വഴി തേടും. വഴി ചൂണ്ടിക്കാണിക്കാനൊരാളു വേണം. അതിനായിരിക്കും
ലളിതേച്ചിയെ കാലം അവിടെയെത്തിച്ചത്. ഞാനുമായി കൂട്ടിമുട്ടിച്ചത്. പ്രപഞ്ച വിസ്മയങ്ങൾക്കതിരില്ലല്ലോ.

പണ്ട് വേദപാഠക്ലാസിലെ പാഠപുസ്തകത്തിൻ പഠിക്കാനുണ്ടായിരുന്ന ഒരു കാര്യം ഓർമ്മ വരുന്നു. വാചകങ്ങൾ കൃത്യമായി ഓർമ്മയില്ലെങ്കിലും അതേകദേശം ഇങ്ങനെയായിരുന്നു.

പൂ വിടരുന്നു. സുഗന്ധം പടർത്തുന്നു.

പശുക്കുട്ടി പിറക്കുന്നു.
പാൽക്കുടിക്കുന്നു.തുള്ളിച്ചാടുന്നു. 

ശിശു ജനിക്കുന്നു. കരയുന്നു. ചിരിക്കുന്നു. പിച്ചവയ്ക്കുന്നു. ഇതെല്ലാം പിതാവായ ദൈവത്തിൻ്റെ ഇഷ്ടപ്രകാരമാണ് നടക്കുന്നതെന്നാണ് പഠിക്കുന്നത്. ദൈവത്തിൻ്റെ സാന്നിദ്ധ്യമവിടെയെല്ലാമുണ്ട് എന്നാണ് പഠിപ്പിക്കുന്നത്.

അക്കാലത്ത് വെളുക്കുന്നതുമുതൽ ഉറങ്ങുന്നതുവരെയുള്ള സമയത്ത് മുറ്റത്തെ റോസയിലെ മൊട്ട് വളരുന്നതും വിടരുന്നതും നോക്കിയിരുന്നിട്ടുണ്ട്. ദൈവം ആ സമയത്ത് അവിടെ വരുമല്ലോ. ആ സാന്നിധ്യമറിയാമല്ലോ. എന്നൊക്കെയാണ് ധാരണ. ഉറക്കമൊഴിച്ചു നോക്കിയിരുന്നതിന് വഴക്ക് കേട്ടതല്ലാതെ ഒരിക്കലും ഞാൻ നോക്കിയിരിക്കെ ആ പൂമൊട്ട് ചലിച്ചില്ല. നോട്ടം തെറ്റുന്ന സമയത്തെപ്പോഴോ അത് വളർന്നു. വിടർന്നു. സുഗന്ധം പരത്തി. ഈ പ്രായത്തിലും അത്തരം വിസ്മയങ്ങളെ അൽഭുതത്തോടെയാണ് ഞാൻ നോക്കാറുള്ളത്.

ഒരില അടർന്ന് വീഴുന്നതിൽ പോലും പ്രപഞ്ചശക്തിയുടെ സൂക്ഷ്മതയുണ്ട്. ഒരോ കണ്ടുമുട്ടലിലും അതേ സൂക്ഷ്മതയാണുള്ളതെന്ന് കരുതാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ അങ്ങനെയാണെൻ്റെ അനുഭവം.

ലളിതേച്ചിയും ഞാനും ആ പാടവരമ്പത്തുവച്ച് എന്നും ഒരു പാടുനേരം സംസാരിക്കും. എൻ്റെ അമ്മയുടെ പ്രായമുണ്ടെങ്കിലും അമ്മയേക്കാൾ വ്യത്യസ്തയായിരുന്നു ലളിതേച്ചി. പ്രായത്തിൻ്റെ ദൂരം ഞങ്ങൾക്കിടയിലില്ലാത്ത പോലെ. ഒരുപക്ഷേ  ഹൃദയംതുറന്ന് സംസാരിക്കാൻ ലളിതേച്ചി തയ്യാറായതു കൊണ്ടാവാം. ഇൻ്റു പറയുന്ന പുതു വേറൊരാളാണ്. നാട്ടുകാർ കളിയാക്കുന്ന ലളിതേച്ചിയെ ഞാനവിടെ കണ്ടതേയില്ല. ആ നാട്ടിൽ ഞാൻ കണ്ടവരിൽ നിന്നെല്ലാം വ്യത്യസ്തരായിരുന്നു അവർ. 

ലളിതേച്ചി പഴയതൊക്കെ ഓർത്തെടുത്ത് പറയുകയാണ്. എന്നോടായിട്ടല്ല 
തന്നോടുതന്നെ പറയുന്നതുപോലെ
ശബ്ദം താഴ്ത്തി പിറുപിറുക്കുകയാണ്.

"എന്ക്കതൊരു ജയ്ലാരുന്നു. രണ്ട് കുട്ട്യോള്ണ്ടായി. ഒരാണും ഒരു പെണ്ണും. മൊല കൊട്ക്കാനല്ലാണ്ട് കുഞ്ഞ്ങ്ങളെ എനിക്ക് കിട്ടാർല്ല്യ. സ്വന്തം മക്കളെ കൊഞ്ചിച്ചും ഓമനിച്ചും സന്തോഷിക്കാനും പറ്റിട്ടില്ലെനിക്ക്. ഒള്ള സമയ്ത്തൊക്കെ അയാൾടെ 
അമ്മെടട്ത്താവര്. അമ്മ വര്ച്ച വരേടെ അപ്പറം പോവില്ലയാള് .അമ്മ പറഞ്ഞാലെ അയാൾടെ അണ്ടി വരെ പൊങ്ങ്ള്ളൊ . അതങ്ങനൊരു മന്ഷൻ . മ്മ്ളാരാ? കുട്ട്യോളെ പെറാനും അടുക്കളപണ്യോള്ട്ക്കാനൊംള്ളരു പണിക്കാര്ത്തി. "

ലളിതേച്ചിയുടെ ആത്മഗതം തുടരുകയാണ്. ഏതൊ നാട്ടിലെ വലിയൊരു തറവാട്ടിലെ മരുമകളായിരുന്നു ലളിതേച്ചി എന്നെനിക്ക് മനസ്സിലായി.

" അന്നൊക്കെ ഒരൊളിച്ചോട്ടംന്ന് പറഞ്ഞാല് വല്ല്യ സംഭവാ. ഇപ്പഴ്ത്തെപ്പോലെല്ലല്ലോ. 
വല്ലപ്പഴുംണ്ടാവണ സംഗത്യല്ലേ. എങ്ങ്നാ
ധൈര്യം കിട്ട്യേന്ന് ചോയ്ച്ചാല്. 
മട്ത്ത്ട്ടാ. വെറുപ്പടിച്ച്ട്ടാ.  രണ്ട് കുട്ട്യോളെ പെറ്റപ്പോ ൻ്റെ തൊള വല്തായ്ന്ന്. അയാളേതോ പെണ്ണിൻ്റെട്ത്ത് ചിറ്റം കൂട്യന് കാരണതാന്ന്. അയാൾടമ്മ പറേണതാ."

"മൂക്ക് മുട്ടെ തിന്ന്ട്ടാ രണ്ട് മക്കളുംങ്ങനെ തൂക്കം കൂട്യേത്രെ. വെള്ളം കുടിച്ച്ട്ടാ  ഞാൻ വെശപ്പടക്കാറ്. ന്നാലും വയ്റ്റ്ലില്ലേന്ന് കര്തി കഞ്ഞെള്ളത്തിൻ്റെ ഊറല് അമ്മ കാണണ്ടെ കുടിക്കും ഞാൻ. വെള്ളത്തി കെട്ന്ന് വല്തായതാ ൻ്റെ മക്കള്. ൻ്റെ മക്കളുണ്ടാവൂലോ എന്ക്കെന്ന് കര്തി. ന്ന്ട്ടോ. വേദന തിന്ന് പെറ്റ മക്കക്ക് പോലും അമ്മേനെ വേണ്ട. അവർക്കഛമ്മ മതി.  പിന്നെന്തിനാവ്ടെ ഞാൻ. വെള്ളം തോരാത്തെ പ്പിള്ളേരെ ഇട്ടട്ട് സുഖം തേടി പോയ തള്ളാന്നൊക്കെ എല്ലാരും പഴി പറഞ്ഞ്ട്ട്ണ്ടാവും. അനുഭവിച്ചോനല്ലേ എല്ലാം അറ്യാൻ പറ്റൂ. പറയണോർക്ക് പറഞ്ഞാ മതിലോ".

ഭർത്താവിൻ്റെ വീട്ടിലെ പറമ്പുപണിക്കാരനായ വാസുവിൻ്റ കൂടെ ഒളിച്ചോടിപ്പോന്ന ലളിതേച്ചി. ഒരാണും ഒരു പെണ്ണും ഒന്നിച്ചു 
കഴിയാനാഗ്രഹിച്ച് നാടുവിട്ടാൽ അതിനെ ഈയടുത്തകാലം വരെ ഒളിച്ചോട്ടം എന്ന് തന്നെയാണല്ലോ പറയാറ്. എന്നാൽ ഈ ഒളിച്ചോട്ടക്കഥ വാർത്തായില്ലെന്ന് വേണം കരുതാൻ. അല്ലെങ്കിൽ അവരോടൊപ്പം ഇത്രദൂരം ആ വാർത്ത
സഞ്ചരിച്ചുകാണില്ല. എന്തായാലും തറയിലെ ആർക്കും ഇക്കഥയറിയില്ലെന്ന് തോന്നുന്നു. ലളിതേച്ചി പറയും വരെ ഇക്കാര്യം മറ്റാരും പറഞ്ഞ് കേട്ടിട്ടേയില്ല. ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞതുകൊണ്ട്  എല്ലാവരും മറന്നതാകാനും മതി.

"വാസ്വേട്ടനോട് ഞാനാ ചോച്ചെ. എന്നൊന്ന്വ്ട്ന്ന് കൊണ്ടോവോന്ന്. എന്താലോയ്ച്ചാ അത് ചോച്ചേന്നൊന്നും എനിക്കറിയില്ല. രണ്ട്നേരം പറമ്പില് ചായ കൊണ്ട് കൊട്ക്കണ ബന്ധേ ഞങ്ങ്ള് തമ്മ്ല്ണ്ടായ്ർന്ന്ള്ളേ !  ആ വീട്ടില് കേറ്യേ പിന്നെ ത്തിരി സ്നേഹത്തോടെന്നെ നോക്കണതാള് മാത്രാരുന്നു. ചെല്പ്പ അതോണ്ടിരിക്കും.
എന്ക്കങ്ങനെ തോന്ന്യേ . "

"ചത്താ മത്യാര്ന്ന്ല്യേന്ന്,അതിതിലും ഭേദാര്ന്നൂന്ന് എൻ്റെ വീട്ടുകാര് പറഞ്ഞു.
ചെലപ്പോ ചത്തേനെ. ചാവാന്ന് ആലോയ്ച്ചതാ. ചാവ നിഷ്ടണ്ടായ്ട്ടല്ല. നിവൃത്തില്ല്യാണ്ട്. പിന്നാ വിചാര്ച്ചേ. ജീവിക്കാൻ ഒരു വഴി കിട്ട്യാ ജീവിക്കാലോന്ന്. ജീവിക്കാൻ ഒരു കാരണണ്ടായാ മരിക്കാണ്ടിരിക്ക്യാലോന്ന്. "

ലളിതേച്ചി ഇപ്പോൾ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണെന്നാണ് ലളിതേച്ചിയുടെ അഭിപ്രായം. അതെനിക്കും തോന്നാറുണ്ട്. അവരുടെ വീട് ഒരു കൊച്ചു സ്വർഗമാണെന്ന്. വഴക്കും ബഹളോം ഇല്ലാത്ത വീടില്ല. വഴക്കിനു ശേഷം ഇരട്ടിക്കുന്ന സ്നേഹം പ്രണയിക്കുന്നവർക്കിടയിലാണല്ലോ ഉണ്ടാകാറുള്ളത്.

" ആ നരകക്കുഴീന്ന്  ഒറ്റ ചാട്ടത്ത്നാ ഞാൻ സൊർഗ്ഗത്തിലെത്തീത്. സത്യാ. ൻ്റെ അഛനും അമ്മേം എന്നത്ര സ്നേഹിച്ച്ട്ട്ല്ല്യ. അങ്ങനാ ന്നെ വാസ്വേട്ടൻ നോക്കണെ "

ഏത് സ്വർഗ്ഗത്തിലായാലും ഒരമ്മക്കൊരിക്കലും സ്വന്തം മക്കളെ മറക്കാൻ പറ്റില്ല. ലളിതേച്ചിക്കും അതിന് പറ്റിയിരുന്നില്ല. ആ മനസിലെ മക്കളെയോർത്തുള്ള നീറ്റൽ ചില പറച്ചിലുകൾക്കിടയിൽ നിന്ന് വേർത്തിരിച്ചെടുക്കാൻ എനിക്ക് പറ്റുമായിരുന്നു.

"മൂത്തത് മോനാ. ഇപ്പവന് മുപ്പത് വയസായ്ണ്ടാവും. രണ്ടാളും കല്യാണൊക്കെ കഴിച്ച് സുഖായി ജീവിക്ക്ണ്ടാവും. ഇങ്ങ്നൊരമ്മണ്ട്ന്ന് അവരോർക്ക്ണ്ടാവോലേ ?. വെറ്പ്പാവും അവർക്ക്. ആദ്യക്കൊ വാസ്വേട്ടൻ
ചോയ്ക്കാറ്ണ്ട്. മക്കളെ കാണണോന്ന്. സ്കൂളിൻ്റെ പടിക്കെ പോയി 
കാണാലോന്ന് പറയും.  ഞാൻ വേണ്ടെന്ന്  പറയും. അവരെ 
കാണണ്താ എനിക്ക് വേദ്ന. കണ്ടിലെങ്കി കണ്ടില്ലാന്നല്ലേള്ളോ."

ലളിതേച്ചി പറഞ്ഞ  അനുഭവങ്ങളിൽ ചിലത് എനിക്കുമുണ്ടായതാണ്. ആദ്യമൊക്കെ എൻ്റെ ശാരീരിക പോരായ്മകളായിരുന്നു വിഷയമെങ്കിൽ പിന്നീട് ഞാനൊരു പെണ്ണേയല്ലെന്ന് പറഞ്ഞുകളഞ്ഞു ഇൻ്റു. പെണ്ണിൻ്റേതായ ഒരു വികാരങ്ങളും എനിക്കില്ലെന്നയാൾ പറഞ്ഞുനടന്നു. പെണ്ണിൻ്റെ ശരീരവും ആണിൻ്റെ മനസുമുള്ള എനിക്ക് ഒരാണിൻ്റെ കീഴിൽ ഒരു ഭാര്യയായി ഒരിക്കലും ജീവിക്കാനാവില്ലെന്ന് അയാളെൻ്റെ മുഖത്തുനോക്കി  പരിഹസിച്ചു.

 എന്നാൽ അത്തരം അനുഭവങ്ങളിലേക്ക്
എത്തുന്നതിനുമുൻപേ എന്നിലെ സ്ത്രീ കരുത്താർജ്ജിച്ചിരുന്നു.
വേണമെങ്കിൽ  ഒറ്റയ്ക്ക് ജീവിക്കാൻ എനിക്കാവുമായിരുന്നു. ഒരു ഡിവോഴ്സിനെ പറ്റി ചിന്തിക്കാൻ ചിലരെന്നെ ഉപദേശിക്കുകയും ചെയ്തു.
എന്നാൽ ഒന്നിൽ നിന്നുമൊളിച്ചോടാൻ ഞാനാഗ്രഹിച്ചില്ല.പൊരുതിനേടാനുള്ള ആർജ്ജവത്തോടൊപ്പം എന്നിലെ സ്ത്രീയെ അപമാനിച്ചതിന് പകരം വീട്ടണമെന്നുള്ള ത്വരയും എന്നിലുണ്ടായി.

      
സ്വന്തം കഴിവുകേടിന് ഭാര്യയെ പഴിചാരുന്ന ആദ്യത്തെ ഭർത്താവൊന്നുമല്ല ഇൻ്റു.  ഞാൻ ഇതെല്ലാം അനുഭവിക്കുന്ന ആദ്യത്തെ ഭാര്യയുമല്ല. എന്നാൽ ഇതിനോട് പ്രതികരിക്കുന്ന പത്തുപേരിൽ ഒരാളായിരിക്കും ഞാനെന്ന് എനിക്കുറപ്പുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ നായനാർ സർക്കാരിൻ്റെ കാലത്താണ് കേരളത്തിൽ കുടുംബശ്രീ വരുന്നത്. സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിർമ്മാർജനവും ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതി. 

ഗ്രാമങ്ങളിൽ  അടുക്കളയിൽ നിന്ന് പുറത്തുകടക്കാനാവാതെ പെട്ടുപോയ ചില സ്ത്രീകൾക്കെങ്കിലും കുടുംബശ്രീ വലിയൊരാശ്വാസമായി.  പുറത്തുപോകാനൊരു കാരണമായി അവർ ആ അവസരമുപയോഗിച്ചു. സമ്പാദിക്കാനാഗ്രഹിച്ചു. അതിനുള്ള വഴികൾ അവർക്കു മുന്നിൽ തെളിഞ്ഞു.
പഞ്ചായത്തും ഗ്രാമസഭയും എന്തെന്നറിഞ്ഞു. ചൂണ്ടുവിരലിലെ നീലമഷിക്കുത്തല്ല വോട്ടുചെയ്യലെന്നും നാടിനുപകാരപ്പെടുന്നവരെ തിരഞ്ഞെടുക്കാനുള്ള തങ്ങളുടെ അവകാശമാണതെന്നും പലരും മനസിലാക്കി. രാഷ്ട്രീയ നേതാക്കൾ ജനസേവകർ മാത്രമാണെന്ന് മനസിലാക്കി അവകാശങ്ങൾ ചോദിച്ചു വാങ്ങാനാഗ്രഹിച്ചു.കുടുംബശ്രീ വലിയ മാറ്റമാണ്  നാട്ടിൻപുറത്തെ സാധാരണ സ്ത്രീകൾക്കിടയിൽ കൊണ്ടുവന്നത്. 

തറയിലും കുടുംബശ്രീയെത്തി. അന്ന് ആ ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകളും ജോലിക്കൊന്നും പോകാത്തവരാണ്.  തൈക്കാട്ടുമൂസിൻ്റെ ഔഷധശാലയിൽ പച്ചമരുന്നിടിക്കാൻ പോകുന്ന ചിലരൊഴിച്ചാൽ. ഇൻറുവിൻ്റെ വീട്ടുകാർ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരായതിനാൽ അവർക്ക് കുടുംബശ്രീയെന്ന സംഭവത്തോട് പുഛമായിരുന്നു.

"പെണ്ണ്ങ്ങക്ക് കൊതീം നൊണേം പറഞ്ഞിരിക്കാൻ. അല്ലാണ്ടെന്തൂട്ട് സ്ത്രീശക്തി.  ഇനിപ്പവർക്ക് ഇതിൻ്റൊരു പോരായേള്ളോ. ഇവ്ടൊന്നാരും ആ വഴിക്ക് പോവാന്ന് കര്തണ്ട. "

ഈ തീരുമാനത്തെയും ഞാൻ ധിക്കരിച്ചു. അല്ലെങ്കിലും ഞാനപ്പോഴേക്കും ഒരു ധിക്കാരിയായി  അറിയപ്പെടാൻ തുടങ്ങിയിരുന്നല്ലോ. ആ സമയത്ത് ഞാൻ രണ്ടു 
പെൺകുഞ്ഞുങ്ങളുടെ അമ്മയായി കഴിഞ്ഞിരുന്നു. രണ്ടാമതും പെൺകുഞ്ഞായത് ഇൻ്റുവിന് വലിയ മനപ്രയാസമുണ്ടാക്കി. പോരാത്തതിന് കുഞ്ഞ് കറുത്തതുമായിരുന്നു.  അയാൾ കുഞ്ഞിനെയൊന്ന് കാണാൻ പോലും കൂട്ടാക്കിയില്ല.

"കാക്കക്കാട്ടത്തിൻ്റെ നെറാ ക്ടാവിന്. ആര്ടാന്നാർക്കാറിയ. അവൾടപ്പനോട് കാശ്ണ്ടാക്കിക്കോളാൻ പറ. കെട്ടിക്കണ്ടെ. ആര് കെട്ട്യോണ്ടോവാനാതിനെ."

ഞാനെന്തും സഹിക്കാൻ തയ്യാറായിരുന്നു. എന്നാലെൻ്റെ കുഞ്ഞുങ്ങളെ തൊട്ടാൽ അതെനിക്ക് പൊറുക്കാനാവുമായിരുന്നില്ല. ഇൻറുവിനെ എതിർക്കാൻ എനിക്കാദ്യം സ്വന്തം കാലിൽ നിൽക്കണമായിരുന്നു. അതിനൊരു വഴിയായി ഞാൻ കുടുംബശ്രീയെ കണ്ടു. ആ വഴിയിലൂടെ നടന്ന് ഞാൻ നാടിനെയും നാട്ടുകാരെയും കണ്ടു. ജീവിതങ്ങൾ കണ്ടു. എൻ്റെതൊരു ജീവിതമേയല്ല എന്ന് തിരിച്ചറിഞ്ഞു.

 കുഞ്ഞിന് ഒന്നരവയസ്സുളളപ്പോൾ വാങ്ങിയ ആ ഒരാടാണ്  എൻ്റെ ആദ്യ സംരംഭത്തിൻ്റെ തറക്കല്ല്. അന്നത് ചെയ്യുമ്പോൾ വരാനിരിക്കുന്ന കാലത്ത് അതെൻ്റെ ഉപജീവനമാർഗ്ഗമാവും എന്ന് ഞാനൊരിക്കലും കരുതിയതേയില്ല. നല്ല ക്ഷീരകർഷകക്കുള്ള അവാർഡ് വാങ്ങുന്നതിലേക്കെന്നെ വളർത്തിയത് എൻ്റെ അനുഭവങ്ങൾ തന്നെയാണ്. ഇരുപതോളം പശുക്കളും മുപ്പതോളം ആടുകളുമുള്ള ഒരു ഫാമിൻ്റെ ഉടമയാകാൻ എനിക്ക് ഏറെ വർഷങ്ങളൊന്നും വേണ്ടി വന്നില്ല.
   

എൻ്റെ ജീവിതം എൻ്റെത് മാത്രമാണ്. അതാരുടേയും താൽപര്യപ്രകാരം ജീവിച്ചു തീർക്കേണ്ടതല്ല എന്ന് ഞാൻ തീരുമാനിച്ച നിമിഷം മുതലാണ് എൻ്റെ വളർച്ചയാരംഭിച്ചത്. അവിടെ അപ്പനോ അമ്മയോ ഭർത്താവോ ഇല്ല. ഞാൻ. ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്.

ആരെയും ആശ്രയിക്കാതിരിക്കുക. ആശ്രയം കൊടുക്കുന്നവളാകുക. അതിനായുള്ള പരിശ്രത്തിൽ തളർച്ചയില്ലാതായി. സ്വതവേ മടിച്ചിയായിരുന്ന എൻ്റെ മടി എവിടെപ്പോയെന്ന് അപ്പനും അമ്മയുമടക്കമുള്ള എൻ്റെ ബന്ധുകൾ
അൽഭുതപ്പെട്ടു. സത്യം പറഞ്ഞാൽ
പൊരുതിപ്പൊരുതിയാണ് ഞാൻ നേടിയത്. അതിൽ പൊരുതി ജയിക്കാൻ ഞാനേറ്റവും കഷ്ടപ്പെട്ടത് ഇൻ്റുവിൻ്റെ പരിഹാസത്തെയും ഇകഴ്ത്തലുകളെയുമായിരുന്നു.  പലപ്പോഴും അയാളുടെ തല തല്ലിപ്പൊളിക്കുന്നതും രക്തം ചീറ്റിത്തെറിക്കുന്നതുമെല്ലാമാലോചിച്ച് ഞാൻ തല പെരുപ്പിച്ചു. അയാൾ മുറ്റത്തുലാത്തുന്ന  സമയത്ത് മുകളിലെ ടെറസിൽ വലിയ സിമൻറുകട്ടയും പിടിച്ച്
ഞാൻ തക്കംപാർത്തിരുന്നിട്ടുണ്ട്. അയാളുടെ മിനുസമേറിയ മൊട്ടത്തലയിലേക്ക് കൃത്യമായി ആ കല്ല് വീഴ്ത്തണമെന്നാഗ്രഹിച്ചു തന്നെയാണ് ആ സമയത്ത് ഞാനാ ഇരിപ്പിരിക്കാറ്. 

ഒരു പക്ഷേ സാഹചര്യമൊത്തു വന്നിരുന്നെങ്കിൽ ഞാനത് ചെയ്യുമായിരുന്നു.  നിസ്സാരമായ സമയ വ്യത്യാസത്തിൽ കണക്കുകൂട്ടലുകൾ തെറ്റി. അല്ലെങ്കിൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ട്  ശ്രദ്ധ വ്യതിചലിച്ചു. എനിക്കത്തരം സന്ദർഭങ്ങളൊക്കെ അങ്ങനെയാണ് നഷ്ടമായത്. ഒരു പക്ഷേ ഇൻ്റുവിൻ്റെ  ഭാഗ്യമായിരിക്കാം. അല്ലെങ്കിൽ എൻ്റെ മക്കളുടെ ഭാഗ്യമായിരിക്കാം. 

ഇൻ്റുവിനോട് അത്രയേറെ  പകയായിരുന്നു എനിക്ക് ചിലപ്പോഴൊക്കെ. എന്നാൽ ചിലപ്പോൾ തോന്നും  എൻ്റെ ഭാഗത്തും കുഴപ്പമില്ലേയെന്ന്. ഒരു പക്ഷേ സാമർത്ഥ്യക്കാരിയല്ലാത്ത, ആഗ്രഹങ്ങളേയില്ലാത്ത, ഒരു വിധത്തിലും അയാളെയെതിർക്കാത്ത ഒരു പെണ്ണായിരുന്നു അയാളുടെ ജീവിതത്തിലേക്ക് വന്നിരുന്നതെങ്കിൽ. എങ്കിൽ അയാളുടെ അവസ്ഥ മറ്റൊന്നാവുമായിരുന്നില്ലേയെന്ന് ഞാനാലോചിക്കാതിരുന്നില്ല.

കാരണം എന്നെ ദ്രോഹിച്ചതിന് പകരമായി ഞാനയാൾക്ക് കൊടുത്തത് ഒരാണിനും താങ്ങാൻ കഴിയാത്തത്ര മാനസിക സമ്മർദ്ദമായിരുന്നു. അപമാനഭാരമായിരുന്നു.

                                              ( സ്ത്രനിയേരി - വിദേശി -  തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക