Image

മാനുവല്‍ തോമസിനു കണ്ണീര്‍ പ്രണാമവുമായി വന്‍ജനാവലി

Published on 24 February, 2024
മാനുവല്‍ തോമസിനു കണ്ണീര്‍ പ്രണാമവുമായി വന്‍ജനാവലി

ന്യു യോര്‍ക്ക്: അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞു പോയ കല്ലറ  വിരുത്തികുളങ്ങര കുടുംബാംഗം  മാനുവല്‍ തോമസിന്റെ, 61,  പൊതുദര്‍ശനം റോക്ക് ലാന്‍ഡിലെ ക്‌നാനായ സെന്ററില്‍ കണ്ണീരില്‍ മുങ്ങി. വിതുമ്പുന്ന ഹൃദയങ്ങളോടെ ഇടതടവില്ലാതെ എത്തിയ വന്‍ജനാവലി പുഞ്ചിരിക്കുന്ന മാനുവലിന്റെ ചിത്രങ്ങള്‍ നോക്കി നെടുവീര്‍പ്പിട്ടു. വാക്കുകള്‍ക്ക് പ്രസക്തി  നഷ്ടപ്പെട്ട ശോകമൂകമായ അന്തരീക്ഷത്തില്‍  പ്രിയപ്പെട്ട മാനുവലിനു അവര്‍ യാത്രാമൊഴികള്‍ നേര്‍ന്നു. ജാതിമത ഭേദമില്ലാതെ മാനുവലിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.

ഉദാരവാനും മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും തല്പരനും മനുഷ്യസ്‌നേഹിയുമായ   ഒരു ഉത്തമവ്യക്തിത്വത്തെയാണ് സംസാരിച്ചവര്‍ എടുത്തുകാട്ടിയത്.  ആരോടെങ്കിലും പിണങ്ങുകയോ കയര്‍ത്തു സംസാരിക്കുകയോ പോലും ചെയ്യാത്ത മാനുവല്‍ ചെല്ലുന്നയിടങ്ങളിളെല്ലാം  പ്രകാശം വിതറുന്ന വ്യക്തിത്വമായി മാറിയെന്ന്  പലരും ഓര്‍മ്മിച്ചു.

പൊതുദര്‍ശനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവ് തന്നെ എത്തിയത് മാനുവലുമായുള്ള വ്യക്തിബന്ധത്തിന്റെയും ഈ വേര്‍പാട് സമൂഹത്തിലുണ്ടാക്കിയ ആഴമായ മുറിവിലുള്ള വേദനയുടെയും പ്രതിഫലനമായിരുന്നു.

എല്ലാവരാലും സ്‌നേഹിക്കപ്പെട്ട വ്യക്തി ആയിരുന്ന മാനുവല്‍ എന്ന ഐ.കെ.സിസി പ്രസിഡന്റ് എബ്രഹാം പെരുമാനിശേരില്‍ അനുസ്മരിച്ചു. അപൂര്‍വ്വ വ്യക്തിത്വമായിരുന്നു മാനുവല്‍. ഒരുപാട് പേര്‍ക്ക് സഹായമെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 30,000 വരുന്ന ക്‌നാനായ സമുദായത്തിനും വലിയ തുണയായി. ഈ സെന്റര്‍ അദ്ദേഹത്തിന്റെ രണ്ടാം ഭവനം ആയിരുന്നു. പുതിയ കുടിയേറ്റക്കാരെ  സഹായിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ അറിയാത്തവര്‍ മലയാളി സമൂഹത്തില്‍ തന്നെ ആരുമുണ്ടായിരുന്നില്ല.

മാനുവലിന്റെ ഫസ്റ് കസിന്‍  തമ്പി വിരുതിക്കുളങ്ങര ആയിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.  

കെ.സിസി.എന്‍. എ മുന്‍ പ്രസിഡന്റ്‌റും മാനുവലിന്റെ അടുത്ത സുഹൃത്തുമായ ബേബി ഊരാളില്‍ താനുമായുള്ള ആഴമായ ബന്ധം അനുസ്മരിച്ചു. സുനില്‍ ട്രൈസ്റ്റാര്‍ ഈ വിവരം വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് മാനുവലിന്റെ നമ്പറിലായിരുന്നു. അത് പക്ഷെ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ന്യു ജേഴ്സിയില്‍ ലാബ് തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി. ആ വേര്‍പാട് വ്യക്തിപരമായി തനിക്ക്  വലിയ നഷ്ടമായി.

മാനുവല്‍ അംഗമായിരുന്ന ന്യു ജേഴ്സിയിലെ   ക്രിസ്തുരാജ്  ദേവാലയത്തിനു തുടക്കം മുതല്‍ നല്‍കി വന്ന പിന്തുണ വാക്കുകള്‍ക്ക്  അതീതമായിരുന്നുവെന്ന് ട്രസ്റ്റി    ടോം കടിയംപള്ളില്‍  അനുസ്മരിച്ചു.

വലിയ ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഇത്തരമൊരു അവസരത്തില്‍ ഇന്ന് നാം ഇവിടെ കൂടുമെന്ന് ആരും  പ്രതീക്ഷിച്ചതല്ല എന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. അപ്രതീക്ഷിതമായതാണ് സംഭവിച്ചത്.  എല്ലാവരുമായും   സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന മാനുവല്‍ ഇന്നില്ല. അതറിഞ്ഞപ്പോള്‍  വലിയ ഷോക്കായിരുന്നു തനിക്ക്. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോഴാണ് അതില്‍ നേരിയൊരു അയവു വന്നത്. ഇത്തരം അവസരങ്ങളില്‍ ഒരുപിടി വാക്കുകള്‍ പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല . വിങ്ങിപ്പൊട്ടുന്ന ഹൃദയം ചേര്‍ത്തുവച്ച് കൊണ്ട് നമുക്ക് കൃപയും കരുണയും യാചിക്കാന്‍ മാത്രമേ കഴിയു.

ന്യായങ്ങളോ വിധി തീര്‍പ്പുകളോ പറയുന്നത് ഈ സാഹചര്യത്തിന് നിരക്കുന്നതല്ല. മാനുവല്‍ നമുക്ക് ഒരു മാതൃകയാണ്. ഞാന്‍ അമേരിക്കയില്‍ വന്നകാലത്തു  പരിചയപ്പെട്ട  നല്ല മനുഷ്യനാണ് മാനുവല്‍.  ന്യു മില്‍ഫോര്‍ഡില്‍ അസോസിയറ്റ്  വികാരി ആയിരുന്നപ്പോള്‍ മുതല്‍ ആ ബന്ധം  തുടര്‍ന്നു. ഇടക്ക്  അവരുടെ വീട്ടില്‍ ചെല്ലുകയും സൗഹൃദം പങ്കിടുകയും ഭക്ഷണം  കഴിക്കുകയും ചെയ്തിരുന്നു. വീട്ടിലെ  പ്രധാന ചടങ്ങുകള്‍ക്ക് എന്നെ  ക്ഷണിക്കും.

ലിസി എല്ലാ ദിവസവും കുര്‍ബാനക്ക് വരുമായിരുന്നു. മാതൃകാപരവും  പ്രാര്‍ത്ഥനാനിര്ഭരവുമായ ജീവിതമാണ് മാനുവലും ലിസിയും പിന്തുടര്‍ന്നിരുന്നത്. മക്കളെയും ആ രീതിയിലാണ് വളര്‍ത്തിയത്.
തന്നോട് ഒരു സഹോദരനെപ്പോലെയാണ് പെരുമാറിയത്. ചിലപ്പോഴൊക്കെ  ഉപദേശങ്ങള്‍ തരും. ആളൊരു ഫിലോസഫറായിരുന്നു. നാം എന്നുവേണമെങ്കിലും ജീവിതത്തില്‍ നിന്ന്  കടന്നു പോകാമെന്നും എന്തൊക്കെ സമ്പാദിച്ചാലും  അവ എപ്പോള്‍ വേണമെങ്കിലും നഷ്ടമാകാമെന്നും മാനുവല്‍ പറയുമായിരുന്നു.

അമേരിക്കയില്‍ കുടുംബജീവിതത്തിലെ താളപ്പിഴകളെപ്പറ്റിയും യുവജനതയുടെ പ്രശ്‌നങ്ങളെപ്പറ്റിയും  സംസാരിക്കും.  അതുപോലെ ആരോഗ്യം പോലെ  വ്യക്തിപരമായ കാര്യങ്ങളില്‍  ഉപദേശം നല്‍കാനും  മാനുവല്‍ മടിച്ചില്ല. അങ്ങനെയൊരാളുടെ വേര്‍പാട് വലിയ ദുഖമായി.

നാം എല്ലാവരും എന്നായാലും മരിക്കും. അത് എപ്പോഴെന്നു അറിയില്ലെന്നു മാത്രം. അതിനാല്‍ കര്‍ത്താവിന്റെ വാക്കുകളില്‍ ആശ്രയിക്കുകയാണ് കരണീയമായിട്ടുള്ളത്.  മരിച്ചവരെക്കുറിച്ച ആകുലപ്പെടരുതെന്നാണ് കര്‍ത്താവ് പറഞ്ഞത്. കര്‍ത്താവിന്റെ വചനം ശ്രവിച്ച് അതനുസരിച്ചു ജീവിച്ചവര്‍ക്ക് ഒന്നും പേടിക്കാനില്ലെന്നാണ് കര്‍ത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വലിയ സ്വപ്നങ്ങല്‍ കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്നു മാനുവല്‍. അത് പൂണ്ണമാക്കാന്‍  അദ്ദേഹത്തിനു കഴിഞ്ഞില്ല. കര്‍ത്താവിന്റെ കരുണയില്‍ ആശ്രയിച്ചു  മാനുവലിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.  മാനുവല്‍ വഴി വളരെ നന്മകള്‍  ലഭിക്കട്ടെ. അഥവാ മാനുഷികമായ പോരായ്മകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ നമ്മുടെ പ്രാര്ഥനകളിലൂടെ കര്‍ത്താവിന്റെ ഭവനത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയട്ടെ. തന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലമുണ്ടെന്നും അതോര്ക്കുവാന്‍  താന്‍ പോകുന്നുവെന്നുമുള്ള  കര്‍ത്താവിന്റെ വാഗ്ദാനം നമ്മെ പ്രത്യാശാനിര്ഭരരാക്കട്ടെയെന്നും മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.

സംസ്‌കാര ശുശ്രുഷ  ഇന്ന് (ശനി) രാവിലെ 9 :30 നു   ന്യു ജേഴ്സിയില്‍ ന്യു മില്‍ഫോര്‍ഡിലുള്ള അസന്‍ഷന്‍ റോമന്‍ കാത്തലിക്ക് ചര്‍ച്ചില്‍. (Ascension Roman Catholic Church (256 Azalea Drive, New Milford, New Jersey, 07646).

Join WhatsApp News
Ex-Kna 2024-02-26 11:46:05
സ്വവർഗ വിവാഹ കടുംപിടുത്തം നല്ലതാണോ എന്ന ഒന്ന് കൂടി ചിന്തിക്കണം. ഹിന്ദുക്കൾ മുറപ്പെണ്ണ് സമ്പ്രദായം ഏറെക്കുറെ നിർത്തി. അത് പോലെ ന്യു യോർക്കിലെ ക്നാനായക്കാർ കത്തോലിക്കാ സഭയുമായി പോരടിക്കുന്നത് ശരിയോ? ചിക്കാഗോയിൽ ആ പ്രശനം ഇല്ലല്ലോ. ക്നാനായക്കാരെക്കുറിച്ച കൂടുതൽ ചർച്ചകൾ വരണം. ഒളിച്ചുകളി നന്നല്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക