Image

അപൂർവ്വം ചിലർ (നാട്ടിൻപുറത്തെ നന്മ : പി .സീമ )

Published on 23 February, 2024
അപൂർവ്വം ചിലർ (നാട്ടിൻപുറത്തെ നന്മ : പി .സീമ )

അപ്രതീക്ഷിതമായിട്ടാണ് കോളിംഗ് ബെൽ മുഴങ്ങിയത്..സാധാരണ ഒരു പക്ഷി പോലും പറന്നു വരാത്ത ഇവിടേക്ക് ആരാണാവോ എന്നോർത്തു വാതിൽ തുറന്നപ്പോൾ മുന്നിൽ തങ്ക ചേച്ചി.. കണ്ടിട്ട് കാലം ഏറെ ആയിരുന്നു.

"എടിയെ നീ കണ്ട മൂന്നാറിലെ  വരയൻ ആടിനു ഊശാന്താടി ഉണ്ടാരുന്നോ? അവിടെ വരയനാട്  പെറ്റ കുഞ്ഞാന്നും പറഞ്ഞു ഒരു സായിപ്പ് അരണയുടെ  പോട്ടം പിടിച്ചെന്നു   കേട്ടല്ലോ. പൊട്ടൻസായിപ്പ്... ഒരു ബുദ്ദി ഇല്ല...ആട് അരണയെ പെറുമോടീ....ഇന്നാള്   ചിന്നമ്മയുടെ  ആട് മേശപ്പുറത്തു കേറി ഗ്ലാസ്സീന്നു ചായ കുടിച്ചാരുന്നു.'

"ചായ കുടിക്കുന്ന ആടോ ?"

"അതുങ്ങള് പാല് തരുമ്പോ നമ്മള്   വല്ലപ്പഴും ഒരു ചായ കൊടുക്കണ്ടേ..അതല്ലേ മര്യാദ അല്ലേൽ ആട് ചെലപ്പോ മേശപ്പുറത്തുന്നു ചായ കുടിക്കും .. പലാരോം തിന്നും..അതിനു കൊതി കാണൂല്ലേ ?എടിയെ..നിങ്ങൾ പോയത് ഞാൻ അറിഞ്ഞില്ലാരുന്നു അല്ലേൽ പാട്ടും പാടി  ഡാൻസും കളിച്ചു ഞാനും കേറി പോന്നേനെ.നീ പോയതിന്റെ   ഏതാണ്ട് കഥ എഴുതിയ പുസ്തകം ഉണ്ടെന്നു പറഞ്ഞല്ലോ ഇങ്ങെടുത്തേ ഞാൻ ഒന്ന് നോക്കട്ടെ "

"അയ്യോ അത് പുസ്തകം അല്ല ചേച്ചി ഫോണിൽ മുഖപുസ്തകം ഉണ്ട് ആ പേജിൽ എഴുതീതാ."

"ഓ ഫോണിന്റെ  മൊകത്ത് പുസ്തകം ഒണ്ടോ..കർത്താവേ....ന്റെ ഫോണിൽ ആ കുന്തറാണ്ടം ഒന്നും ല്ല്യ ട്ടൊ. ല്ലേൽ ആ പുസ്തകോം കൂടി ചുമന്നോണ്ട് നടക്കേണ്ടി വരുമായിരുന്നു...സാധാരണ പുസ്തകം ആണേൽ തപ്പി പിടിച്ചു വായിക്കാമാരുന്നു കണ്ണ് ഓപ്പറേഷൻ ചെയ്തു..ഗുണമില്ല  എന്നിട്ടും  ആകെ   ഒരു പൊക  പോലെയാ. നീ ഏതാണ്ട് പരിവർത്തനം ജോലി അല്ലേ... ചെയ്തോ വായിച്ചു കേൾപ്പിക്കാൻ നേരം കളയണ്ട.. ഞാൻ അടുത്ത വീട്ടിലെ പെണ്ണിന്റെ ഫോണിലെ പുസ്തകത്തിൽ നിന്ന്  ഉണ്ടേൽ കേട്ടോളാം"

"പരിവർത്തനം അല്ല ചേച്ചീ വിവർത്തനം..."ഞാൻ തിരുത്തി 

"എന്നാപ്പിന്നെ അങ്ങനെ...ഞാൻ ഈ മൂന്നാറും മഞ്ഞും ഒന്നും കണ്ടിട്ടില്ല മാനെ... പണ്ട് നമ്മള് കടല് കണ്ടോണം ആണോ മൂന്നാറിൽ.  അവിടെം   കടൽ ഉണ്ടോ.. അവിടെ മുഴുവൻ മഞ്ഞല്ലേ...ഈ മഞ്ഞിൽ നിങ്ങക്ക് വല്ലതും കാണാൻ പറ്റിയോ പോയിട്ട് "

"അവിടെ കടൽ ഇല്ല..മലയും മഞ്ഞും തേയില തോട്ടവും ഒക്കെ അല്ലേ..മഞ്ഞൊക്കെ വെയിൽ വന്നപ്പോ മാഞ്ഞില്ലേ വെയിൽ ഉരുക്കാത്ത മഞ്ഞുണ്ടോ  ചേച്ചീ..?"

"അത് ശരിയാ....എന്നാലും അന്ന് ആലപ്പുഴ പോയി കടല് കണ്ടത് ഒരിക്കലും മറക്കൂല്ല ട്ടോടീ.. എന്നാ  വലിയ കടലാരുന്നു.. മാനം പോലെ അന്തവും ഇല്ല ആദിയും ഇല്ല..അറ്റവും ഇല്ല..തിരമാല ഒരു ഒന്നൊന്നര വരവല്ലേ വന്നത്.. എല്ലാരേം വന്നു വിഴുങ്ങും എന്നാ ഓർത്തെ.. ആന്റപ്പൻ ചേട്ടൻ ഒരു വക കാണിക്കാൻ കൊണ്ടു പോയിട്ടില്ലടീ എന്നെ.."തങ്ക ചേച്ചി ഒരു നെടുവീർപ്പിട്ടു. ജീവിതത്തിന്റെ സമസ്ത നൈരാശ്യവും അതിൽ ഉണ്ടായിരുന്നുവൊ? എങ്കിലും ആ മുഖത്തിന്‌ വശത്തു നിന്നുള്ള കാഴ്ചയിൽ കന്യാമറിയത്തിന്റെ വിദൂര ഛായ ഉണ്ടെന്നു തോന്നി.

"നീ മൂന്നാറിൽ നിന്ന് എന്താ മേടിച്ചേ?"

"ഏറെ ഒന്നും വാങ്ങീല്ല ചേച്ചി.. കുട്ട്യോൾക്ക് തൊപ്പി, മാല പിന്നെ ഇത്തിരി ഇഞ്ചി തേയില "

"എന്നാപ്പിന്നെ ഇച്ചിരി ഇങ്ങ് തന്നേടീ ഇഞ്ചി ചായ കുടിച്ചു നോക്കിയാലോ "

ഞാൻ ഒരു കടലാസ്സിൽ തേയില കുടഞ്ഞിട്ടു. അപ്പോൾ ആണ് സ്റ്റോർ മുറിയിലെ ചിരട്ടകൾ"ഞങ്ങളെ കൂടി കൊണ്ടു പോ "എന്ന് തങ്ക ചേച്ചിയെ ചിരിച്ചു ക്ഷണിച്ചത്.

"ഒരു ചാക്ക് ഇങ്ങ് എടുത്തേ ഞാൻ ഈ ചിരട്ട കൊണ്ടോവാം.."തങ്കച്ചേച്ചിയുടെ മുഖം തിളങ്ങി...

"എന്നാപ്പിന്നെ ഞാൻ ഈ തീപ്പെട്ടി കൂടെ എടുത്തോട്ടെ?"

ചിരട്ട ചാക്കിൽ കയറ്റും മുൻപ് തങ്ക ചേച്ചി തീയൂരക്കുന്നുന്നുവോ..

"അതേടീ ചിലപ്പോ എനിക്ക് എന്തെങ്കിലും കണ്ടാൽ ഒന്ന് എടുക്കാൻ തോന്നും.. അതാ ട്ടൊ ചോദിച്ചേ.. ചോദിച്ചിട്ട് എടുത്താ ഒരു കുഴപ്പോം ഇല്ല. അങ്ങനെയാ  വേണ്ടത് ."

"അതിനെന്താ എടുത്തോളൂ."തങ്കച്ചേച്ചി  തീപ്പെട്ടി എടുത്തു വെച്ചു.തിടുക്കത്തിൽ അടുത്ത വീട്ടിൽ നിന്ന് ചാക്കുമായി വന്നു. ചിരട്ടകൾ പെറുക്കി ഇട്ടു.. ഇറങ്ങും മുൻപ് വീടാകെ കണ്ണുകളാൽ ഒന്ന് ഉഴിഞ്ഞു

"ന്നാലും ന്റെ മാനേ.. ഇത്രേം വല്യ വീടും ഉണ്ടാക്കി വെച്ചിട്ട് സാറ് എന്നാ പോക്കാ ആ പോയത്.. ഇപ്പൊ നീ തനിയെ ആയില്ലേ.. മിക്ക സ്ഥലത്തും ഇങ്ങനെയാ ആണുങ്ങളു നേരത്തെ പോയിട്ട് പെണ്ണുങ്ങള് ഈ ഇരിപ്പല്ലേ.."

"സാരല്യ ചേച്ചീ ഒരാൾ എന്തായാലും ഒറ്റ ആകും.. ആദ്യം പോണവർക്ക് ആ ഒറ്റപ്പെടൽ അറിയണ്ട അവർ ഭാഗ്യം ഉള്ളവർ എന്ന് സമാധാനിക്കാം.. പിന്നെ ആണുങ്ങൾ ഒറ്റപ്പെടുന്നത് കഷ്ടമല്ലേ അവര് നമ്മളെ പോലെ അടുക്കളയിൽ പണി നോക്കിയും കുട്ട്യോളെ നോക്കീം  മക്കൾക്കൊപ്പം നിൽക്കാൻ ഒക്കെ മടിക്കും പെണ്ണുങ്ങൾ ആയാൽ അഡ്ജസ്റ്റ് ചെയ്തു നിന്നോളും.."

"അതും ശരിയാടീ.. സങ്കടപ്പെടണ്ടാ   സർ ഒരു ഉപകാരി അല്ലാരുന്നോ ഇരിക്കുന്നിടം കുഴിച്ചു പരോപകാരം ചെയ്യാണ്ട് ഇരുന്നാ മതിയാരുന്നു.അതാ കുഴപ്പം ആയതു...ആർക്കു എന്നാ ഉപകാരം ചെയ്താലും ഒരു ഫലോം ഇല്ലെടി.. ഒരു വായു ഗുളിക മേടിച്ചു തരാൻ പോലും ആള് ഉണ്ടാവില്ല അതാ കാലം"

"വായു ഗുളിക മേടിക്കാറാവുമ്പോ പിള്ളേരുടെ അടുത്തോട്ടു പോകാം.. ഇപ്പോഴേ പോയി കിടക്കണ്ടല്ലോ.. വായു വലിക്കാറാവുമ്പോ നമുക്ക് മനസ്സിലാവും അപ്പൊ പോകാം അത് വരെ വണ്ടി ഇങ്ങനെ ഓടട്ടെ....പോകുന്നത്ര പോട്ടെ.."

"അതും ശരിയാടീ. നീ പറഞ്ഞത് ഒക്കെ നേരാ... മ്മടെ ഒക്കെ വണ്ടി ഇനി എത്ര ദൂരം ഓടുമെന്ന് ആര് കണ്ടു..വഴീൽ കിടന്നു പോകാതെ ഓടിയാൽ  നമ്മടെ ഫാക്യം "

തങ്ക ചേച്ചി പൊള്ളുന്ന വെയിലിലേക്ക് ഇറങ്ങി നടന്നു പോയി..ഊശാന്താടി ഉള്ള ആടിനെ തേടി വന്ന ആൾ എത്ര പെട്ടെന്നാണ് ജീവിത സത്യങ്ങളുടെ നിറപ്പകർച്ചയിൽ സ്വയം അറിയാതെ നീറിയത്.

വെയിലിനെ പേടിച്ചു വീണ്ടും ഞാൻ വാതിൽ അടച്ചു. നാലുമണിയിലേക്ക് ഉള്ള ദൂരം വിവർത്തനത്തിലൂടെ നീന്തി. നാലുമണി ചായയ്ക്ക് അടുക്കളയിലേക്കു നടക്കുമ്പോൾ ഞാൻ കണ്ടു ഫ്രിഡ്ജിനു മുകളിൽ തേയിലയൂടെ കുഞ്ഞ് പൊതിയും, തീപ്പെട്ടിയും ഇരിക്കുന്നു. ഞാൻ  തെല്ലു സങ്കടത്തോടെ  തങ്ക ചേച്ചിയെ ഓർത്തു ചായ കുടിച്ച നേരത്ത് വീണ്ടും കോളിംഗ് ബെൽ ശബ്ദിച്ചു..അതിശയം അത് തങ്ക ചേച്ചി ആയിരുന്നു..ഓർത്തപ്പോഴേ ഒരാൾ മുന്നിൽ വരുന്ന വിസ്മയം..

"ശ്ശോ ഇഞ്ചി തേയില മറന്നത് എടുക്കാൻ വന്നതാ ട്ടൊ.. ഇപ്പോഴാ ഓർത്തെ."മനസമാധാനത്തോടെ  തേയില എടുത്തു മരങ്ങളുടെ മറയും പറ്റി നടന്നു പോകുമ്പോൾ തങ്ക ചേച്ചി പിന്നെയും പറഞ്ഞു

"ചെന്നിട്ടു വേണം നീ പുസ്തകത്തിൽ എഴുതിയ ആടിന്റെ കഥ കേൾക്കാൻ  പിന്നെ   ഒരു കണക്കിന് ഞാൻ പോരാഞ്ഞതും നന്നായി.. ഛർദിച്ചൊരുടെ  കൂടെ വാള് വെക്കും ഞാനും...പിന്നെ എന്നാ കാണാനാ.. കണ്ടതൊക്കെ മതി മാനേ..ജീവിതം കണ്ടു കണ്ടു കണ്ണിനു മടുത്തു കാണും...കാതിനു മടുത്താൽ പിന്നെ ഒച്ചയും കേൾക്കില്ല... ചത്ത പോലെ ആകും... ഇപ്പൊ തന്നെ എന്തെല്ലാം കണ്ടു  കേട്ടു....ധാരാളം ആയില്ലേ.."

അതേ ഇങ്ങനെ ആണ് ചിലർ.. മെല്ലെ വന്ന് ഹൃദയത്തിൽ   ഒന്ന് തൊട്ടു   പോകുന്നവർ.. ഏത് നോവിലും കഥയും കളികളും കാഴ്ചകളും മോഹിക്കുന്നവർ..ഉള്ളിൽ കരഞ്ഞും പുറമെ ചിരിക്കുന്നവർ...ഇതൊക്കെ അല്ലാതെ മറ്റെന്താണ് പരസ്പരം ഒന്ന് കാണാൻ പോലും നേരമില്ലാത്ത ഈ പുതു കാലം നമുക്ക് നൽകുന്നത്... അപൂർവ്വം ചിലരേ ഇങ്ങനെ ഉണ്ടാകു... മുഖം മുഷിയാതെ അവരെ ചേർത്തു പിടിക്കുക...സ്വയം ആനന്ദിക്കുക അവരെയും സന്തോഷിപ്പിക്കുക.. നമ്മൾ കാരണം ഒരാൾ സന്തോഷിക്കുമെങ്കിൽ അത് ഏറ്റവും വലിയ പുണ്യം അല്ലേ?  അങ്ങേയറ്റം നിഷ്കളങ്കമായ മനസ്സിൽ നിന്നല്ലേ വായിക്കാനുള്ള ആ ദാഹം ചുരന്നൊഴുകി എന്നെ തേടി വന്നത്...വായന മരിക്കുന്നു എന്ന് വ്യഥ കൊള്ളുന്ന ഇക്കാലത്തു ഈ ചെറിയ നാട്ടിൻ പുറത്തും അങ്ങനെ ചിലർ ഉണ്ടെന്ന അറിവ് നമുക്കും ഒരു ആശ്വാസം അല്ലേ..?

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക