Image

സമയമില്ലത്രെ! (കവിത: വേണു നമ്പ്യാർ)

Published on 22 February, 2024
സമയമില്ലത്രെ! (കവിത: വേണു നമ്പ്യാർ)

ഇല്ലപോലുമാർക്കു,മുലകിൽ
സമയമില്ലപോലുമാർക്കു,മുലകിൽ
സമയത്തെ ഹനിക്കുവാനേറെ-
യിന്നു നേരമുണ്ടേവർക്കുമെന്നാൽ!

അന്ത്യരഥത്തിന്റെയുരുളൊച്ചകൾ
ദിക്ക് നാലിലും മുഴങ്ങിക്കേൾക്കുമ്പോഴും  
ധ്യാനിച്ചു കാലഭൈരവനെ സ്മരിക്കാൻ
നേരമില്ലത്രെ നര,നരക്ഷണം!

ചൂഷണത്തിനും പരദൂഷണത്തിനും
നേരമുണ്ടേറെയെന്നിരിക്കിലും
ഉപേക്ഷിതന്റെ തോളിൽ തലോടി, 
കൂടെ രണ്ടു ചാൽ നടക്കുവാൻ സമയമില്ലത്രെ!

അന്ത്യകാലമടുത്തൊരച്ഛനെ,
 വൃദ്ധസദനത്തിൽ ചെന്നു കാണ്മാൻ
പൊഴുതില്ലയോമനപ്പുത്രനും; 
നോക്കണ,മയാൾക്കുപോൽ 
വീട്ടിലെ വളർത്തു പാണ്ടനെ യഥാവിധി!

നേരംകെട്ട നേരത്തും വൃഥാ
നേരമ്പോക്കിനിറങ്ങിയാൽ
തെളിഞ്ഞു കാണില്ലൊരിക്കലും
നേരിന്റെ നേർമാർഗ്ഗം;
കാലവ്യഭിചാരത്തിലാസക്തി
പൂണ്ടവർ ശരിയല്ല 
തങ്ങളുടെ സമയമെന്നറിയു-
മൊരു കാലം വരും 
സുബോധത്തിൽ നിശ്ചയം.


കൽപ്പിക്കും ആപ്പീസിൽ
മേലാളർ ഡെഡ് ലൈൻ!
ഓൺലൈനിൽ കിട്ടാത്ത  
കാഞ്ചീപുരം ഡിസൈനർ 
സിൽക്കു ചേലയ്ക്കായി പിരി മുറുക്കത്തിൽ
 വെപ്രാളം പൂണ്ട് പെരുപ്പിക്കും കീഴാളർ ബീപ്പി!
ബോസിന്റെയച്ചിക്ക് നീരസമെങ്കിലൊ
തല കുത്തിനിന്നാലും, യഥാകാലം
കിട്ടില്ല കട്ടായ, മുദ്യോഗക്കയറ്റം!

നേരം വൈകിയെത്തുന്ന കീഴാളർ
ഹർജിയില്ലാതെ മുങ്ങുന്ന മേലാളർ
നികുതിതീനികളിവർ നോക്കുകൂലികൾ
 കേവലം ക്ലോക്കുനോക്കികൾ!

ചുവരിലെ ക്ലോക്കിലെ സൂചി മൂന്നും
നിശ്ചലമെങ്കിലുമെന്റെ നെഞ്ചിൻ
മിടിപ്പിലൂടെ പതുക്കെ ചരിക്കട്ടെ കാലം 
മൃതിരേഖ തെല്ലും പരിഗണിക്കാതെ!

സമയാതീതത്തിൻ നിസ്സീമമാം 
അത്യുന്നതങ്ങളിലേക്കുയരുവാൻ 
പറത്തണം സമയമാം
കൊച്ചുപട്ടങ്ങൾ ഋതത്തിൻ 
പൊട്ടാച്ചരടിൽ കെട്ടി നാം!

Join WhatsApp News
Sudhir Panikkaveetil 2024-02-24 03:11:51
ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ശ്രീ വേണു നമ്പ്യാർ ഈ കവിതയിലൂടെ പറയുന്നത്. സമയമില്ലാത്തത് ഒരു പക്ഷെ പലരും സമയമായില്ലെന്ന സാവകാശം എടുക്കുന്നത് കൊണ്ടാക്കാം. അതുകൊണ്ട് ചിലരുടെയൊക്കെ ഹൃദയത്തിൽ ക്ഷമ ഒഴിയുന്നു ഉണ്ടാകാം. ഹിന്ദുസിദ്ധാന്തങ്ങളിൽ കാലം (സമയം) എന്ന് പറയുന്നത് മായയാണ്. ആത്മീയലോകത്തിൽ ദിനരാത്രങ്ങൾ ഉണ്ടെങ്കിലും അവിടെ പ്രാ യം ഉണ്ടാകുന്നില്ലത്രേ. ഭൗതികലോകത്താണ് സമയമാറ്റം ഉണ്ടാകുമ്പോൾ മാറ്റങ്ങളും നഷ്ടങ്ങളും ഉണ്ടാകുന്നത്. സമയം കാത്തുനിൽ ക്കില്ല . അതുകൊണ്ട് കർമ്മ നിർവ്വഹണത്തിൽ ജാഗരൂഗരായിരിക്കണം. കവിതയിലെ അവസാന വരികൾ ഒരു ഉപദേശമാണ്. സമയമാകുന്ന കൊച്ചുപട്ടങ്ങൾ മോക്ഷത്തിന്റെ, സത്യത്തിന്റെ പൊട്ടാച്ചരടിൽ കെട്ടി നമ്മൾ പറത്തണം. വാസ്തവത്തിൽ എല്ലാവര്ക്കും സമയമുണ്ട്. പക്ഷെ ഓരോരുത്തരും അവരവരുടെ അഭിരുചിയും മുൻഗണനയും അനുസരിച്ച് ജീവിക്കുമ്പോൾ ചിലതിനൊന്നും സമയമുണ്ടാകില്ല. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾ വായിക്കുന്നതിനേക്കാൾ നാട്ടിലെ കലാകാരന്മാരുടെ മിമിക്രി കാണുന്നത് ഇഷ്ടം എന്ന് അമേരിക്കൻ മലയാളി പറയുമ്പോൾ അവർക്ക് എഴുത്തുകാരെ ഇടിച്ച് താഴ്ത്തണമെന്നില്ല അവരുടെ സമയം വായിക്കാൻ ഉപയോഗിക്കാൻ താല്പര്യമില്ലെന്നാണ്. അവരുടെ അഭിരുചി ദൃശ്യമാധ്യമങ്ങളാണ് ഈ കവിതയിലൂടെ സമയമില്ലെന്ന് പറയുന്നവരുടെ ശ്രദ്ധ ക്ഷണിക്കുന്നു കവി. അഭിനന്ദനം ശ്രീ വേണു ജി.
വേണുനമ്പ്യാർ 2024-02-25 03:21:57
കവിത എഴുതിയ ആൾ ഉദ്ദേശിച്ചതൊക്കെ വള്ളി പുള്ളി തെറ്റാതെ വേറൊരാൾ കണ്ടെത്തിയല്ലോയെന്ന് അറിയുമ്പോൾ അനല്പമായ ആഹ്ലാദം തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക