Image

വെയിലേ നീ ഇല്ലാതെ ( കവിത : പി . സീമ )

Published on 12 February, 2024
വെയിലേ നീ ഇല്ലാതെ ( കവിത : പി . സീമ )

വെയിൽ
നിലവിളിക്കുന്നുണ്ട്
എവിടെ പോയി നീയെന്ന്
എന്റെ 
നെറുകയിലും
നെറ്റിയിലും മുകർന്നു
കഴുത്തിലൂടെ
ചാലിട്ടൊഴുകാതെ
വെയിലേ നീ
ചായില്ലെന്ന് എനിക്കറിയാം

എങ്കിലും നീയറിയാതെ
അഗ്നി പൂക്കുന്ന
കനൽവഴിയിൽ നിന്ന്
ഒരു തണൽ തീരത്തേക്ക് 
ഇത്തിരിനേരം
ഞാൻ ഒളിച്ചോടി 

നീയറിയാതെ
നീ കാണാതെ
എന്നെ ഉമ്മ വെച്ചുറക്കിയ 
കുളിരേതെന്നു
നിനക്കറിയുമോ?

സമാന്തരരേഖകൾക്കിടയിലെ
എണ്ണമറ്റ ചക്രങ്ങളുടെ
ചലനവേഗങ്ങൾക്കൊപ്പം വാങ്ങിയ 
ഇത്തിരി കുളിരിനോടൊത്ത് 
ഒരു ചതുരമുറിയിലേക്ക് 
ഒളിച്ചോടിയെങ്കിലും
നിന്റെ ചില്ലയിൽ 
വീണ്ടും 
കൂടു കൂട്ടാൻ ഞാൻ
ഒരിക്കൽ കൂടി
ചിറകു മുറിഞ്ഞ
പകൽപ്പക്ഷിയായി.

വെയിലേ നീ ഇല്ലെങ്കിൽ
ഞാനുണ്ടോ.?
എന്റെ വെന്തു പൊള്ളുന്ന
ജീവിതപ്പാതിയിലെ
നോവുന്ന 
പ്രണയത്തെ 
പാതിയിൽ ഏറെയും
നീയല്ലേ കുടിച്ചു വറ്റിക്കുന്നത്.?

നീ ഇല്ലെങ്കിൽ
ആ പ്രണയം
ഉന്മാദമായി 
തുളുമ്പിയൊഴുകി
ഞാനതിൽ എന്നേ 
മുങ്ങി മരിക്കുമായിരുന്നു.
എനിക്കതു
ലോകാവസാനം
തന്നെയാകുമായിരുന്നില്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക