Image

പുതിയ പാട്ടുകൾ ( കഥ : രമണി അമ്മാൾ )

Published on 11 February, 2024
പുതിയ പാട്ടുകൾ ( കഥ : രമണി അമ്മാൾ )

ഒരു കൊച്ചുകുഞ്ഞിനെപ്പോലെ  തന്നോടു പറ്റിച്ചേർന്നു കിടക്കുകയാണു സജീവൻ.. എല്ലാംമറന്ന് ഇങ്ങനെ കിടന്നുറങ്ങാൻ കഴിയുന്നത്  ഭാഗ്യംതന്നെ.. തനിക്കാണെങ്കിൽ ഓർമ്മകളുടെ ഭണ്ഡാരംതുറന്നുവരാറുളളത് ഉറങ്ങേണ്ട സമയത്തും..

സജീവിനെ പയ്യെ അടർത്തിമാറ്റി 
മാനസ കിടക്കവിട്ടെഴുന്നേറ്റു. വെളിച്ചം കടന്നുവരാനുളള പഴുതുകളടച്ച ജാലകവിരികൾ വകഞ്ഞുമാറ്റി. ഗ്ളാസിന്റെ ജനൽപ്പാളികളിലൊന്ന് ശബ്ദമുണ്ടാക്കാതെ തുറന്നു.   തിക്കിത്തിരക്കി
വരുന്ന കടൽക്കാറ്റിന്റെ തലോടൽ..

അങ്ങ് ദൂരെ  ശാന്തമായ കറുത്ത കടൽ....ഒന്നും വ്യക്തമല്ല..
മത്സ്യബന്ധനത്തിലേർപ്പിട്ടിരിക്കുന്ന വള്ളങ്ങളിൽ
മാർഗ്ഗദർശിയെന്നോണം  മുനിഞ്ഞുകത്തുന്ന പെട്രോമാസ്കുകൾ..
കുറ്റാക്കുറ്റിരുട്ടിലെ മിന്നാമിന്നിവെട്ടം..
നിലാവിൽ കുളിച്ചുനിൽക്കുന്ന കൽമണ്ഡപം... കടലിനെ നോക്കി കണ്ണുചിമ്മുന്ന നക്ഷത്രങ്ങളും..

തനിക്കു ചെയ്തു തീർക്കാൻ  ഇനിയെന്തെങ്കിലും ബാക്കിവച്ചിട്ടുണ്ടോ..
മാനസ ഓർത്തു നോക്കി..
മകളുടെ കല്യാണം അവളാഗ്രഹിച്ചതുപോലെ നടന്നു..  മകന്റെ പഠിപ്പു കഴിഞ്ഞു ജോലിയുമായി..

കലഹങ്ങൾ ഇടിവെട്ടിപ്പെയ്യാറുളള  രാപ്പലുകൾ മാത്രം സമ്മാനിച്ച കുടുംബജീവിതം പൊരുത്തക്കേടുകളുടെ കൂമ്പാരമായിരു
ന്നു..  ഇടയിലെപ്പൊഴോ  തന്നിലേക്ക്, ഉരുകിയൊലിച്ചിറങ്ങി
ജന്മംകൊണ്ട രണ്ടുമക്കൾ.. അവരുടെ അച്ഛൻ ആഗ്രഹിച്ചിട്ടില്ലാത്ത ജന്മങ്ങൾ..!

തിരിച്ചറിവു വരാൻ തുടങ്ങിയപ്പോൾ മകൾ ചോദിക്കാൻ തുടങ്ങിയിരുന്നു..
" എന്തിനാണീ കുരിശിങ്ങനെ ചുമക്കുന്നത്..കളഞ്ഞിട്ടു പൊക്കൂടേ അമ്മയ്ക്ക്...."

എങ്ങോട്ടു പോകും..?
വീട്ടുകാരെ ധിക്കരിച്ച് ജാതിയും മതവും നോക്കാതെ എടുത്തുചാടി പുറപ്പെട്ടതല്ലേ...

ആവേശം കെട്ടടങ്ങിയപ്പോൾ, അകലെനിന്നു കണ്ട ആളിനെ അടുത്തറിയാൻ തുടങ്ങിയപ്പോൾ..
ഒന്നിനുമാവാത്ത മരവിപ്പായിരുന്നു.. കേട്ടറിഞ്ഞ, ഒടുവിൽ കണ്ടറിഞ്ഞ പരസ്ത്രീബന്ധങ്ങൾ..

സഹിക്കാവുന്നതിന്റെ പരമാവധി....ക്ഷമയുടെ പരമകാഷ്ഠ കടന്നപ്പോൾ കുഞ്ഞുങ്ങളുമായി ഇറങ്ങി... കുട്ടികൾക്ക് അമ്മ മതിയായിരുന്നു.

വർഷങ്ങൾക്ക് എന്തുവേഗമാണ്. കാറ്റിലുലഞ്ഞു മണ്ണിൽ തൊടുന്ന മരച്ചില്ലകൾ പോലെ ഇടക്കൊക്കെ തളർന്നെങ്കിലും പിന്നെയും പുതുനാമ്പുകളുമായി ആകാശത്തേക്ക് തലയുയർത്തിനിന്നുവളർന്നു...

"ഒരു ദിവസമെങ്കിലും സ്വന്തമായി, അവനവനുവേണ്ടി ഇനിയെങ്കിലും ഒന്നു ജീവിക്കമ്മേ.. എനിക്കു ജോലിയായി. ചേച്ചീടെ കല്യാണം കഴിഞ്ഞു..
അമ്മയ്ക്ക്  പെൻഷനുമുണ്ട്....
എവിടെങ്കിലുമൊക്കെ യാത്രയൊക്കെപ്പോയി അടിച്ചുപൊളിച്ചു ജീവിക്ക്.."  മകൻ..

അവരുടെ കയ്യുംപിടിച്ച് വെറുംകയ്യോടെ  സഹപ്രവർത്തകയുടെ ക്വാർട്ടേഴ്സിൽ അഭയംതേടി കരുപ്പിടിപ്പിച്ച ജീവിതം...
 

"അമ്മയിനി വേറെ കല്യാണം കഴിക്കുമോ.?.മകനു സംശയം..അവന്റെ കൂട്ടുകാരന്റെ അമ്മ അങ്ങനെ ചെയ്തുപോലും.. "വേണ്ടാട്ടോ...
ഞങ്ങൾക്ക് ആരുമില്ലാണ്ടാവും.".

നെഞ്ചിലെരിഞ്ഞുകൊണ്ടിരുന്ന നോവുകളുടെ നെരിപ്പോടുകൾ..
ചവിട്ടിയരയ്ക്കപ്പെട്ട ഓരോ രാത്രിയുടേയും കടം വീട്ടലുകൾ, പകരംവീട്ടാനായി ഒരു രാത്രിയെങ്കിലും...

ആരും അന്വേഷിച്ചുവന്നില്ല, 
വാക്കുകൊണ്ടോ, നോക്കുകൊണ്ടോ,
താല്പര്യം പ്രകടിപ്പിച്ചില്ല..
.
"നീ ഇനിയും ഉറങ്ങിയില്ലേ 
വന്നു കിടക്ക്...
രാവിലെ പോകേണ്ടതല്ലേ.."
സജീവിന്റെ
ഉറക്കച്ചടവുള്ള ശബ്ദം.. 
മാനസയെ
ചിന്തകളിൽ നിന്നുമുണർത്തി..

ജനൽപ്പാളി ചേർത്തടച്ച്,കർട്ടനും പിടിച്ചിട്ടുവന്ന് അവൾ സജീവനോടു ചേർന്നു കിടന്നു.

സജീവൻ വീണ്ടും ഉറക്കത്തിലേക്കായി..

പാവം... തന്നെപ്പോലെതന്നെ ജീവിതത്തിൽ കുറേദൂരം ഓടിത്തളർന്ന മനുഷ്യനാണ്... ഇന്ന്, അങ്ങോട്ടുമിങ്ങോട്ടും തണൽമരമാവുന്നു..  

സ്വന്തമാക്കാൻ കഴിയാത്ത സ്വന്തക്കാരൻ..  "ബഹളങ്ങളിൽ നിന്നകന്ന്, കെട്ടുപാടുകളെല്ലാം അഴിച്ചുവച്ച്, ഒരുരാത്രി നമുക്ക് എവിടെയെങ്കിലും പോയി രാപ്പാർത്താലോ.." ഒട്ടും സങ്കോചമില്ലാതെ മാനസ ആവശ്യപ്പെടുകയായിരുന്നു..

സജീവിന്റെ ഉണ്ടക്കണ്ണുകളിലെ  തിളക്കം..എന്നേ കേൾക്കാനാഗ്രഹിച്ചതു കേട്ടപോലെ..
 "പോകാം.."

ഒരു രാത്രിക്കപ്പുറം സജീവന് തിരികെ എത്തേണ്ടതുണ്ട്.
പ്രായമായ മാതാപിതാക്കൾ, കാൻസർ രോഗിയായ ഭാര്യ,  സ്കൂൾതലം കഴിയാത്ത രണ്ടു പെൺകുട്ടികൾ. അയാളുടേതായ തിരക്കുകൾ.. ചുമതലകൾ.. 

തന്നോടൊപ്പം ചിലവിട്ട നിമിഷങ്ങൾ ആസ്വദിച്ചിട്ടുണ്ടാവുമോ എന്തോ..
"നമുക്ക് പോകണ്ടേ.. വേഗം റഡിയാവ്...ഒരു ദിവസത്തെ കോൺഫറൻസിനെന്നു പറഞ്ഞാ പോന്നത്...വിളിതുടങ്ങും..."

" ഇനിയും 
ഇതുപോലെ നമ്മൾ കൂടുമോ.."

"പിന്നേ...എന്താ സംശയം..." 

ജീവിതത്തിലെ ലാഭങ്ങളുടെ കണക്കിലേക്ക് ചേർത്തുവക്കാൻ പാകത്തിന് ഒരു ദിവസം സമ്മാനിച്ച സജീവൻ..    

റൂം പൂട്ടി ഇറങ്ങുംമുൻപ്  നെഞ്ചിൽ ചേർത്തണച്ച് നെറ്റിയിൽ നൽകിയ ചുംബനം..  

മുന്നോട്ടു നടക്കാനുളള ഇന്ധനം നിറച്ചു കഴിഞ്ഞു..

ഉറക്കംവരാത്ത  രാത്രികളിൽ ഉറക്കച്ചടവില്ലാതെ ഓർമ്മിച്ചെടുക്കാൻ ഈ നിമിഷങ്ങൾ..

മാനസ, കാർ റയിൽവേ സ്റ്റേഷനടുത്തുളള പേ ആന്റ് പാർക്കിൽ ഇട്ടിട്ടായിരുന്നു സജീവിന്റെ കാറിൽ കയറിയത്.

ജയസുധയുടെ മകളുടെ  കല്യാണം
ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു..കല്യാണത്തിനു പോകുന്നുവെന്നാണ് മകനോടും മകളോടും പറഞ്ഞത്...

പതിവിലും സന്തോഷത്തിലാണ് അവൾ കാറോടിച്ചത്.
പതിവു പോലെ നിരത്തിൽ ഒരുപാട് വണ്ടികൾ...
അങ്ങോട്ടുമിങ്ങോട്ടും പായുന്നു.

അവൾക്ക് ഒരു പാട്ടു പാടാൻ തോന്നി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക