Image

എല്ലാറ്റിനും ഒരു സമയമുണ്ട് ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 08 February, 2024
എല്ലാറ്റിനും ഒരു സമയമുണ്ട് ( റൂബിയുടെ ലോകം :  റൂബി എലിസ )

വളരെ പഴയ ഒരു കഥയാണ്. എങ്കിലും ജീവിതത്തിൽ എന്നും പ്രസക്തം.

പണ്ട് പണ്ട് ഒരാൾക്ക്‌ കുടുംബസമേതം ഒരു കപ്പൽ യാത്ര നടത്തുവാൻ ആഗ്രഹമുണ്ടായി. അതിനായി അയാൾ ഓരോ ചില്ലിക്കാശും സ്വരുക്കൂട്ടി വെക്കാൻ തുടങ്ങി. കുടുംബസമേതമുള്ള കപ്പൽ യാത്ര അയാൾ സ്വപ്നം കണ്ടുതുടങ്ങി.

അങ്ങനെയിരിക്കെ ഒരു യാത്രാക്കപ്പൽ അയാളുടെ പ്രദേശത്തിനടുത്തുള്ള തുറമുഖത്തുനിന്നും പുറപ്പെടാനിടയുണ്ട് എന്ന ഒരു വാർത്ത അയാൾ കേൾക്കാനിടയായി. അയാൾ കുടുംബസമേതം ആ കപ്പലിൽ യാത്ര ചെയ്യാൻ പേര് കൊടുത്തു. യാത്രയെപ്പറ്റി അയാളും ഭാര്യയും മക്കളുമൊക്കെ സ്വപ്‌നങ്ങൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.

യാത്ര ചെയ്യാനുദ്ദേശിച്ച ദിവസത്തിന് കുറച്ചു ദിവസങ്ങൾക്കു മുന്നേ അയാളുടെ ഇളയ കുട്ടിയെ ഒരു പട്ടി കടിച്ചു. അയാൾ കുട്ടിയെ ഡോക്ടറെ കാണിച്ചു. ഡോക്ടർ കുറച്ചു ദിവസത്തേക്ക് തുടർച്ചയായി injection എടുക്കണമെന്നും ദൂരയാത്ര ഒഴിവാക്കണമെന്നും ഉപദേശിച്ചു. അപ്പോഴാണ് അയാൾ കപ്പൽ യാത്രയുടെ കാര്യം ഡോക്ടറോട് പറയുന്നത്. വെള്ളത്തിൽക്കൂടിയുള്ള യാത്ര യാതൊരു കാരണവശാലും പാടില്ല എന്ന് ഡോക്ടർ പറഞ്ഞു.

അയാൾക്ക് വല്ലാത്ത നിരാശയും സങ്കടവും തോന്നി. അയാളുടെ സങ്കടം കണ്ട് ഭാര്യ പറഞ്ഞു

"നിങ്ങളും മൂത്ത മകനും കൂടി പോയിവരിക. ഇളയ മകനും ഞാനും ഇവിടെ  കഴിഞ്ഞുകൊള്ളാം."

എന്നാൽ അയാൾ അതിനോട് യോജിച്ചില്ല. അയാളുടെ ഒരുപാട് നാളത്തെ പ്രതീക്ഷയായിരുന്നു കുടുംബ സമേതമുള്ള ആ കപ്പൽ യാത്ര. അതിനാൽ യാത്ര ചെയ്യുന്നെങ്കിൽ നാല് പേരും ഒരുമിച്ച് എന്ന തീരുമാനത്തിൽ അയാൾ ഉറച്ചുനിന്നു.
"സാരമില്ല.... എല്ലാറ്റിനും ഒരു സമയമുണ്ട്" എന്ന് അയാൾ ആശ്വാസം കണ്ടെത്തുകയും ചെയ്തു.
കപ്പൽ തുറമുഖത്തുനിന്ന് പുറപ്പെടുന്ന ദിവസം അയാൾ അവിടെ പോയി കപ്പൽ യാത്രയാവുന്നതും നോക്കി നിന്നു. അയാൾക്ക് വല്ലാത്ത വിഷമം തോന്നി. തന്റെ ഏറെ നാളത്തെ സ്വപ്നം പൊലിഞ്ഞുപോയല്ലോ എന്ന സങ്കടത്തോടുകൂടി അയാൾ വീട്ടിലേക്ക് തിരിച്ചുവന്നു.

എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം പത്രവാർത്തയിലൂടെ അയാൾ അറിയുന്നു,  താൻ കുടുംബസമേതം യാത്രചെയ്യാനുദ്ദേശിച്ചിരുന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മഞ്ഞു മലയിൽ തട്ടി തകർന്നുപോയതും അതിലെ യാത്രക്കാർ എല്ലാവരും കടലിൽ മുങ്ങി മരിച്ചു പോയതും.  യാത്ര ചെയ്യാനായില്ലല്ലോ എന്ന ദുഃഖം പൊടുന്നനെ ഒരു നടുക്കത്തിലേക്ക് വഴിമാറി. അത് പിന്നെ "എല്ലാറ്റിനും ഒരു സമയമുണ്ട്" എന്ന വിശ്വാസത്തിലേക്കും. ഇതുപോലെ നമ്മുടെയൊക്കെ ജീവിതത്തിൽ അപകടങ്ങൾ വഴിമാറിപ്പോയ എത്രയോ കാര്യങ്ങൾ... നമ്മൾ ചെയ്ത നന്മയുടെ ഫലം ഇങ്ങനെയൊക്കെ ഏതെങ്കിലും സമയങ്ങളിൽ നമുക്ക് തിരിച്ചു കിട്ടും.. പഴമക്കാർ പറയും ഏഴ് തലമുറ വരെ.. നന്മകൾ ചെയ്താൽ നന്മകൾ കൊയ്യും. വാളെടുക്കുന്നവൻ വാളാൽ എന്നൊരു പഴമൊഴി...

നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ പലപ്പോഴും  നടന്നു എന്ന് വരില്ല. എല്ലാറ്റിനും ഒരു സമയമുണ്ട് അല്ലെങ്കിൽ എല്ലാം അതാതിന്റെ സമയത്തു മാത്രമേ നടക്കുകയുള്ളൂ എന്ന്  അപ്പോഴൊക്കെ ആലോചിക്കുക. എല്ലാവർക്കും എല്ലാറ്റിനും ഒരു time zone ഉണ്ട്.   നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കേണ്ടത് പോലെ നടക്കും എന്ന് ഉറച്ചു വിശ്വസിക്കുക. 
അത് പിന്നീട് ഒരു അനുഗ്രഹമായി മാറിയേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക