Image

സീനായ് മലയിലെ സുലൈമാൻ ( കഥ : എം.ഡി. കുതിരപ്പുറം )

Published on 08 February, 2024
സീനായ് മലയിലെ  സുലൈമാൻ ( കഥ : എം.ഡി. കുതിരപ്പുറം )

കളരിക്കലെ ജോസ് ചേട്ടനും ഭാര്യ അച്ചാമ്മയും കൂടി വിശുദ്ധനാട് കാണാൻ പോയതാണ് എല്ലാത്തിനും കാരണം.

ഈ അച്ചാമ്മയുടെ അമ്മയുടെ അനുജത്തിയുടെ മകൾ കുഞ്ഞമ്മ യാണ് എന്റെ ഭാര്യ.
അച്ചാമ്മയുടെ നിരന്തരമായ ഉപദേശമാണ് ഞാനും ഭാര്യ കുഞ്ഞമ്മയുംകൂടി വിശുദ്ധ നാട്ടിലേയ്ക്ക് ഇറങ്ങി പുറപ്പെടാൻ കാരണം.

പല വഴി നോക്കിയിട്ടും നടക്കാഞ്ഞ എന്റെ  കള്ളുകുടി നിർത്താൻ എന്നെയും കൊണ്ട് വിശുദ്ധ നാട്ടിൽ പോയി പ്രാർത്ഥിച്ചിട്ട് തിരികെ വരുന്ന വഴി ഈജിപ്ത് വഴി പോയി എന്നെ സീനായ് മല കയറ്റി പ്രാർഥിക്കുക. അതോടെ എന്റെ "കുടിയുടെ കുടുമ"
തെറിപ്പിക്കുക ഇതായിരുന്നു അവരുടെ പരിപാടി.
ഭാര്യമാര്
രണ്ടും കല്പിച്ച് ഇറങ്ങിയാൽ ഏതു കൊമ്പനെയും പൂട്ടാം എന്നാണ് അവരുടെ മനസ്സിലിരിപ്പ്.

ഇവരെക്കൊണ്ടൊന്നും എന്നെ പൂട്ടാൻ പറ്റില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും അവര് ഈ ഉദ്യമത്തിൽ തോറ്റു തൊപ്പിയിട്ടുകൊള്ളും എന്നും അങ്ങനെ അവർ വീണ്ടും നാണംകെട്ടുകൊള്ളും എന്നും എനിക്കറിയാമായിരുന്നതുകൊണ്ട് ഞാൻ അവരുടെ ഇംഗിതത്തിനു വഴങ്ങി.

നാട്ടിലുള്ള എല്ലാ ഷാപ്പുകളിലും  കേറിയിട്ടുണ്ടെങ്കിലും കുട്ടനാടുകാരനായ എനിക്ക് തോമ്മാസ്ലീഹയുടെ മലയാറ്റൂർ മലപോലെ ഒരു മലയും കയറിപരിചയമില്ല.
അതുകൊണ്ട് 
മോസ്സസ്നോട്‌ യഹോവ സംസാരിച്ച  സീനായ് മല
എളുപ്പം കയറാൻ പറ്റും എന്ന് എന്നെ പറഞ്ഞു പറ്റിക്കാൻ എന്റെ ഭാര്യയ്ക്കും അച്ചാമ്മയ്ക്കും ബുദ്ധിമുട്ടുണ്ടായില്ല.

അങ്ങനെ ഞങ്ങൾ പന്ത്രണ്ടു ദിവസത്തെ ടൂർ പ്രോഗ്രാം അനുസരിച്ച് ആദ്യ നാലു ദിവസം ഇസ്രായേലിൽ  ക്രിസ്തുദേവൻ ജനിച്ച ബെത്‌ലഹേം, വളർന്ന നസ്രെത്ത്, അദ്ദേഹം നടന്ന വഴികൾ അവിടുന്ന് പോയ  ജെറിക്കോ, കപർനാം,മലമേൽ പ്രസംഗം നടത്തിയ കുന്ന് തുടങ്ങിയവയെല്ലാം കണ്ടു.
വിശ്വാസമുള്ളവർ അവിടെയെല്ലാം വണങ്ങി പ്രാർത്ഥിച്ചു.
ഞാൻ വെറും കാഴ്ച്ചക്കാരനായി അവരുടെ കൂടെ നടന്നു.

ഞങ്ങൾ ഗലീലിയയിൽ എത്തിയപ്പോൾ ക്രിസ്തുവും ശിഷ്യന്മാരും വലവീശി മീൻ പിടിച്ചിരുന്ന ഗലീലിയക്കടലിൽക്കൂടി ബോട്ട് യാത്ര നടത്തി.

തടികൊണ്ട് നിർമ്മിച്ച ഒരു വമ്പൻ ബോട്ട്. വലിപ്പം കണ്ടിട്ട് ഒരു നൂറാൾക്ക് കയറാമെന്ന് തോന്നുന്നു.
ജെട്ടിയിൽ നിന്നും ഉത്സാഹത്തോടെ കടലിലേയ്ക്ക് കുതിക്കുമ്പോൾ പിടയ്ക്കുന്ന മീനുകൾ ഞങ്ങളുടെ ബോട്ടിനു അകമ്പടിയായി.

കുറെ മുൻപോട്ട് ഗമിക്കവേ 
ഗലീലിയയുടെ നീലിമയിൽ ചെങ്കതിര് വീശി നിന്ന സൂരൻ പെട്ടെന്ന് മറയുകയും എവിടെനിന്നോ ഓടിവന്ന ശക്തമായ കാറ്റ് ഞങ്ങളുടെ ബോട്ട് പിടിച്ച്  വല്ലാതെ കുലുക്കുകയും ചെയ്യാൻ തുടങ്ങി.

വാഷിങ് മെഷിനിൽ കിടന്ന് ഞെളിപിരി കൊള്ളുന്ന തുണിക്കെട്ട് പോലെ ഞങ്ങളുടെ ബോട്ടിനെ  ക്ഷോഭിച്ച കടൽ ഇട്ട് ഉലച്ചുകൊണ്ടിരുന്നു.

കടലിന് പെട്ടെന്ന്  ഉണ്ടായ മനംമാറ്റം കണ്ട് ബോട്ടിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി. നിമിഷങ്ങൾ കൊണ്ട് ഞങ്ങളുടെ സന്തോഷമെല്ലാം ബോട്ടിലേയ്ക്ക് ഇരച്ചു വീഴുന്ന തിരകളിൽ അലിഞ്ഞുപോയി.

കടലിന്റെ കലി കണ്ടപ്പോൾ എന്നെപ്പോലെ വേറെയും "എ ഗ്രേഡ് പാപികൾ" ആ ബോട്ടിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലായി.
കടലിന്റെ ഇളക്കം കണ്ട് പേടിച്ചു പോയ വിശ്വാസികൾ 
ക്രിസ്തുവിനെ ധ്യാനിച്ച്  ബോട്ടിൽ നിന്നും കുറെ നേരം കൊണ്ട് തിരികെ കരയ്ക്കണഞ്ഞു.
അല്ലെങ്കിൽ ഞങ്ങളുടെ തീർഥാടനം
ഗലീലിയ കടലിന്റെ അടിത്തട്ടിൽ അവസാനിച്ചേനെ.

എന്നും വൈകുന്നേരങ്ങളിൽ, താമസിച്ചിരുന്ന ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ ഞാൻ ഭാര്യ അറിയാതെ  ബാറിൽ ചെന്ന് ഒരേ "നിപ്പൻ "അടിച്ച്
എന്റെ പാപങ്ങളുടെ വലുപ്പം നാട്ടിലെ മുനിസിപ്പാലിറ്റികളുടെ ചവറുകൂനപോലെ വലുപ്പം കൂട്ടിക്കൊണ്ടിരുന്നു.

ഞങ്ങളുടെ തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസം ഇസ്രായേൽ നാട്ടിൽ യേശൂദേവൻ
കുരിശുമരണം വരിച്ച കാൽവരിക്കുന്നിന്റെ ഇടുങ്ങിയ വഴികളിലേയ്ക്കാണ് പോയത്.

എന്റെ ഭാര്യ സഹയാത്രികരുമൊത്തു  ദൈവ പുത്രന്റെ പീഡാനുഭവ രംഗങ്ങൾ ധ്യാനിച്ചു കൊണ്ട് കാൽവരി മുകളിലെ വിശുദ്ധ ദേവാലയത്തിൽ കയറുമ്പോഴും
"എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല " എന്ന മനോഭാവത്തിൽ ഞാൻ ഉറച്ചു  നിന്നു.

കാൽവരിയിലെ ഇടവഴികളിൽ ഇരുവശവും കണ്ട  അറബികളുടെ കടകളിലെ സുവനീറുകളിൽ ആയിരുന്നു എന്റെ കണ്ണുകൾ ഉടക്കി നിന്നത്.

ഇസ്രായേലിൽ നമ്മുടെ ആളുകളെ എവിടെ കണ്ടാലും "ഹലോ ഇന്ത്യ " എന്നാണ്
വഴിയോരക്കച്ചവടക്കാർ സ്വാഗതം ചെയ്തുകൊണ്ടിരുന്നത്.
അങ്ങനെ ഒരു ഡോളർ പോലും മുടക്കാതെ ഞങ്ങൾക്ക് ജെറുസലേമിൽ ഉള്ളവരെ ക്കൊണ്ട് "ഇന്ത്യ, ഇന്ത്യ "എന്ന് പറയിപ്പിക്കാൻ സാധിച്ചതും ഈ തീർത്ഥടനത്തിന്റെ  ഒരു നേട്ടമായി ഞാൻ കാണുന്നു.
അവരുടെ ഈ" ഇന്ത്യ " സംബോധനകളുടെ നേർത്ത അലയൊലികൾ ജറുസലേം നഗരത്തിന്റെ  വലിയ ചുറ്റുമതിലുകൾ വരെ എത്തിയിട്ടുണ്ടാകും.
അങ്ങനെ മേരാ ഭാരത് മഹാൻ എന്ന ആപ്തവാക്യവും അവിടെ അന്വർത്ഥമായി.

ഞങ്ങൾ ഇസ്രായേൽ തീർത്ഥാടനത്തിനു പോകുന്നു എന്ന് കേട്ടതു മുതൽ എന്റെയും ഭാര്യ യുടെയും ഫോണുകളിൽ തുടർച്ചയായി ഞങ്ങളുടെ ബന്ധുക്കളുടെ വിളികൾ വന്നുകൊണ്ടിരുന്നു.
ഞങ്ങൾ തിരിച്ചുവരുമ്പോൾ ഇസ്രായേലിൽ നിന്നും ഞങ്ങൾക്കും എന്തെങ്കിലും കൊണ്ടുവരണേ,
അതാണ് എല്ലാവരുടെയും നിവേദനം.

ജെറുസലേമിന് പോകുന്നതിന്റെ തലേ ദിവസം എന്റെ അളിയൻ കുരിയാക്കോസ്സിന്റെ ഫോൺ വന്നു.

"ജോസ് അളിയാ, നാളെയല്ലേ നിങ്ങൾ ഇസ്രയേലിനു പോകുന്നത്? എനിക്ക് അവിടുന്ന് ഒരു സാധനം കൊണ്ടുവരണം."

എന്ത് സാധനമാണളിയാ?
ഞാൻ ചോദിച്ചു.

"അതുവന്നിട്ട്, നമ്മുടെ കർത്താവ് ഒലിവ് മലയിൽ മുട്ടുകുത്തി രക്തം വിയർപ്പാക്കി പ്രാർത്ഥിച്ച പാറ ഇപ്പോഴും അവിടെ ഉണ്ട് എന്ന് കേട്ടു.
അതിന്റെ ഒരു കഷ്ണം അളിയൻ
അടർത്തി കൊണ്ടേ തരണം.
ഞാൻ അതിനു വേണ്ട ചിസിലും ചുറ്റികയും വൈകുന്നേരം കൊണ്ടേത്തരാം."

" വേണ്ട അളിയാ,ചുറ്റിക ഞാൻ എടുത്തോളാം " എന്ന് പറഞ്ഞാണ് ഞാൻ അളിയനെ അന്നേരം ഒഴിവാക്കിയത്.

വയസ്സ് എൺപത്തഞ്ചു കഴിഞ്ഞ വിശ്വാസിയായ വേറൊരു ചിറ്റപ്പന് വേണ്ടത് യേശു ക്രിസ്തു ഇട്ടിരുന്ന പഴയ ചെരുപ്പ് വല്ലതും കിട്ടുമെങ്കിൽ അതാണ്.

ഭാര്യയുടെ അമ്മായിക്ക് വേണ്ടത് മാതാവ് ഉപയോഗിച്ചിരുന്ന പഴയ കൊന്ത ഉണ്ടെങ്കിൽ ഒന്ന്.
അല്ലെങ്കിൽ ഉണ്ണിയേശുവിന്റെ പഴയ നിക്കറ് ആണേലും മതി.
ഭക്തി പൂർവം 
സൂക്ഷിച്ചു വയ്ക്കാനാണത്രെ.

ഇങ്ങനെ ഓരോ ഉടക്കൻ നിവേദനങ്ങളുമായിട്ട് ബന്ധുക്കൾ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

വേറെ ചിലർ പറഞ്ഞു ചേട്ടൻ പൊയ്ക്കോ. എന്തൊക്ക വേണമെന്ന് ഞങ്ങൾ പുറകെ വാട്സ്ആപ്പ് ചെയ്തേക്കാം എന്ന്.
കാൽവരി മലയിൽ വാട്സ്ആപ്പ് റേഞ്ച്  ഇല്ല എന്നു പറഞ്ഞു അവരെയും ഞാൻ ഒഴിവാക്കി.

ഞങ്ങൾ രണ്ടുപേർക്ക് തന്നെ ഈ പോക്കിന് നല്ല ചിലവുണ്ട്. പിന്നെ അവിടെ നിന്നും അടുത്ത ബന്ധുക്കൾ
ചിലർക്ക് വേണ്ടിഎങ്കിലും വാങ്ങേണ്ടി വരുന്ന സാധനങ്ങളുടെ ചിലവിനുള്ള ഡോളറുകൾ വേറെ.

എല്ലാം കർത്താവിനു അറിയാമല്ലോ.
ഇവിടെ ചിലവാക്കുന്ന പൈസ കർത്താവ് എതിലെ എങ്കിലും എനിക്ക് തിരിച്ചു തരും എന്ന് ഞാൻ സമാധാനിച്ചു. എനിക്ക് ഒരു സർക്കാർ ജോലിയും ശമ്പളവും പിന്നെ നാട്ടുകാരിൽ നിന്നും ഞാൻ മേടിച്ചെടുക്കേണ്ട കിമ്പളവും ഉണ്ടല്ലോ.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ്
മിശിഹാ തമ്പുരാൻ കഷ്ടപ്പെട്ട് നടന്നോ,കഴുതപ്പുറത്തോ സഞ്ചരിച്ചതോ ആയ സ്ഥലങ്ങൾ എല്ലാം ഞങ്ങൾ ദിവസങ്ങൾകൊണ്ട് സ്മാർട്ട്‌ ബസ്സിൽ കറങ്ങി നടന്ന് കണ്ടു.

ഇതിനിടയിൽ 50 ഡോളർ വിലയുള്ള സാധനം 70 ഡോളർ വിലയിട്ട് 10 ഡോളർ ഡിസ്‌കൗണ്ട് തരുന്ന പല "നല്ല കടക്കാരിൽ" നിന്നും ഞാനും ഭാര്യയും പലതും വാങ്ങിക്കൂട്ടി. അന്നേരം വാങ്ങുന്ന ഓരോ സാധനവും ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് സമയം കിട്ടിയില്ല. അതിൽ ബെത്‌ലഹേമിൽ നിന്നും വാങ്ങിയ തിരുക്കുടുംബത്തിന്റെ രൂപം 
മനോഹരമായിരുന്നു.
അത്  എന്റെ അനുജൻ ബിജുവിനു കൊടുക്കാൻ ഞാൻ മനസ്സിൽ തീരുമാനം എടുത്തു.

ആറാം ദിവസം ഞങ്ങൾ ടൂർ ബസ്സിൽ ചരിത്രത്തിന്റെ കലവറ യായ ഈജിപ്തിലേക്ക് തിരിച്ചു.
അടുത്തത്  അവിടെ യഹോവ മോസ്സസ് ന് പത്ത് കല്പനകൾ സമ്മാനിച്ച സീനായി മലമുകളിൽ കയറുന്ന യജ്ജമാണ്.

ഞങ്ങളെ അന്ന് ഉച്ചകഴിഞ്ഞ നേരം ടൂർ ബസ്സ് സീനായി മലയുടെ അടിവാരത്തിൽ കൊണ്ടുപോയി ഇറക്കി.നേരം വൈകുന്നേരം ആയിരുന്നു. 
അന്നേരം സൂര്യൻ പടിഞ്ഞാറേ ചക്രവാളം ചുവപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

ചാവ് കടലിനു അഭിമുഖമായി മൈലുകൾ നീണ്ടുകിടക്കുന്ന കൂറ്റൻ മലനിരകൾ.
അവയുടെ ഒരറ്റത്ത്,
പേരറിയാത്ത മറ്റൊരു മലയുടെയും ഇടയിൽ തല ഉയർത്തി നിൽക്കുന്ന സീനായ് മല.

സീനായിയുടെ നെറുകയിൽ നിൽക്കുന്ന പള്ളി ഒരു തീപ്പെട്ടി വലിപ്പത്തിൽ അങ്ങ് മൈലുകൾ ദൂരെ കാണാം.

മലയുടെ വലിപ്പവും പൊക്കവും കണ്ടപ്പോൾ എന്റെ ചങ്കിടിച്ചു. ദുർഘടമായ വഴികളിലൂടെ മല മുകളിൽ എത്താൻ ഏഴര കിലോമീറ്റർ നടക്കണമെന്ന് അപ്പോഴാണ് അറിയുന്നത്.
എന്റെ ഭാര്യയുടെ മുഖത്തെ
ആത്മവിശ്വാസം ചേമ്പിലയിൽ വീണ വെള്ളത്തുള്ളിപോലെ ഒലിച്ചു പോയി.

വന്നു പോയില്ലേ ഇനി അരക്കൈ നോക്കുക തന്നെ.ഞാനും ഭാര്യയും മൗനമായി മനസ്സിൽ പറഞ്ഞു.പറ്റിയില്ലെങ്കിൽ ഇടയ്ക്ക് വച്ചു നിർത്തുക.
അവിടെ അപ്പോഴാണ് മുഖ്യമന്ത്രി പണ്ട് പറഞ്ഞപോലെ ചില 
" നികൃഷ്ട" ( ആകൃതിയുള്ള) 
ജീവികളെ കണ്ടത്. 
കുറെ ഒട്ടകങ്ങളും അവയുടെ ഉടമസ്തരും.

സീനായി കയറാൻ ബുദ്ധിമുട്ടുള്ളവരെ ഡോളർ കൊടുത്താൽ സഹായിക്കാൻ തയാറാകുന്ന അഭിനവ
" ശിമയോൻമാർ "ആയിരുന്നവർ.

ഞാനും ഭാര്യ
കുഞ്ഞമ്മയും കൂടി മറ്റു ജനങ്ങൾക്കൊപ്പം മലമുകളിലേയ്ക്ക് പതുക്കെ നടന്ന് യാത്ര തുടങ്ങി.

ഒട്ടകവും ഉടമസ്ഥരും
" ഇന്ത്യ,40 ഡോളർ "
എന്നു പറഞ്ഞു കൊണ്ട് വഴിയിൽ എപ്പോഴെങ്കിലും ഞങ്ങളെ പിടിക്കാം എന്ന് കണക്ക് കൂട്ടിക്കൊണ്ട് കൂടെ നടന്നു.

ഒന്നു രണ്ട് കിലോമീറ്റർ മുന്നോട്ട് പോയപ്പോൾ  നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഭാര്യയുടെ മുഖം
ഒട്ടകത്തിന്റെ മുഖം പോലെയായി.
പരിസരം മറന്ന് അവൾ പറഞ്ഞു.
"ദേ, എനിക്കിനി പറ്റത്തില്ല, വല്ല ഓട്ടോയും വിളിക്ക്."

എനിക്ക് ചിരി വന്നു. നാട്ടിലെ ശീലം വച്ച് അവൾ പറഞ്ഞു പോയതാണ് "ഓട്ടോ "എന്ന്.
എന്റെ കാലുകൾക്കു ഇതുവരെ കുഴപ്പം ഇല്ല എന്ന് തോന്നി.
വേഗം നടക്കാവുന്നവർ എല്ലാം ഞങ്ങളെ ഒറ്റക്കാക്കി മുന്നോട്ട് പോയിക്കഴിഞ്ഞു.
അതുകൊണ്ട് ഞങ്ങളെ ലക്ഷ്യം വച്ച് കൂടെ കൂടിയിരുന്ന ഒരു ഒട്ടകക്കാരനോട് ഞാൻ പറഞ്ഞു.

"വൈഫ്‌ ഒട്ടകം,സോറി ക്യാമൽ ".
അവനു കാര്യം മനസ്സിലായി.

"30 ഡോളർ ".  എന്നു പറഞ്ഞു കൊണ്ട് അയാൾ ഒട്ടകത്തിന്റെ ചരട് വലിച്ചു.
അത്  മുന്നോട്ടും പിന്നോട്ടും ആടി മൂന്നായിട്ട് മടക്കുന്ന കൊട പോലെ ഒടിഞ്ഞു മടങ്ങി നിലത്ത് കിടന്നു.
ബാർഗയിൻ ചെയ്തിട്ട് കാര്യം ഇല്ലാത്തതുകൊണ്ട് ഞാൻ
30 ഡോളറിനു സമ്മതിച്ചു.

ഭാര്യ എങ്ങനെയോ ഒട്ടകപ്പുറത്തു വലിഞ്ഞു കേറി അള്ളിപ്പിടിച്ചിരുന്നു.

ഒട്ടകം എന്റെ ഭാര്യ കുഞ്ഞമ്മയെയും കൊണ്ട് മലകേറി തുടങ്ങി.
ഒട്ടകത്തിന്റെ ചലനത്തിനനുസരിച്ചു അവൾ ഒട്ടകപ്പുറത്തിരുന്ന് മുന്നോട്ടും പിന്നോട്ടും കുലുങ്ങിക്കൊണ്ടിരുന്നു.
കൂടെ ഞാനും ഒട്ടകക്കാരനും.
അപ്പോഴേക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു.
കല്ലുകളും പൂഴിയും നിറഞ്ഞ വഴി മേൽപ്പോട്ട്
 "സിഗ് സാഗ്"
രൂപത്തിൽ  നീണ്ടുകിടക്കുന്നു.
വഴി കാണാൻ ടോർച്ച് വെളിച്ചം അല്ലാതെ മറ്റൊന്നുമില്ല.
ഇടയ്ക്ക് വീശിയടിക്കുന്ന ശീതക്കാറ്റും മണൽ തരികളും കാതുകളിൽ ഇക്കിളിയിട്ട് കടന്ന് പൊയ്ക്കൊണ്ടിരുന്നു.

കഠിനമായ കയറ്റം. എന്റെ കാൽമുട്ടുകൾക്കും കനം വച്ചുതുടങ്ങി.
വീണ്ടും ഡോളർ കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ഞാനും മുന്നോട്ട്.
ആടി വലിഞ്ഞു 
നടക്കുന്നതിനിടയിൽ ഞാൻ ഒട്ടകക്കാരനോട് ചോദിച്ചു.
" യൂ നെയിം?"

" മീ, സുലൈമാൻ ". അയാൾ പറഞ്ഞു.
അയാൾക്ക് മുറി ഇംഗ്ലീഷ് അറിയാവുന്നത് ഉപകാരമായി.

ഒട്ടക യാത്ര ഹരം പിടിച്ചപ്പോൾ ഭാര്യയുടെ ചിന്ത ഞങ്ങൾ വാങ്ങിയ സാധനങ്ങൾ ആർക്കൊക്കെ കൊടുക്കണം എന്ന് തീരുമാനിക്കാൻ തുടങ്ങി.
ഒട്ടകപ്പുറത്തിരുന്നു  "മാളികപ്പുറത്തമ്മ"  ചമഞ്ഞ അവളുടെ
ആജ്ഞകൾ വന്നു.

"ദേ  നമ്മൾ മേടിച്ച തിരുക്കുടുംബം എന്റെ ആങ്ങള കുഞ്ഞേപ്പിന് കൊടുക്കണം."

അത് ഞാൻ എന്റെ "അനുജൻ ബിജുവിന് കൊടുക്കാനാ മേടിച്ചത്" എന്ന് ഞാൻ.

"അങ്ങനെ നിങ്ങൾ തന്നെ തീരുമാനിക്കേണ്ട "എന്ന് അവൾ..
തന്നെയുമല്ല ബാക്കിയുള്ള സാധനങ്ങൾ ആർക്കൊക്കെ കൊടുക്കണം എന്ന് അവൾ പറയും എന്ന് അവൾ.
അത് നടക്കില്ല എന്ന് ഞാൻ.
അങ്ങനെ,
ആടുന്ന ഒട്ടകപ്പുറത്തിരുന്നു അവളും, 
ഭർത്താവധികാരത്തിന്റെ കഴുതപ്പുത്തിരുന്ന് ഞാനും വാക്കുകൾ കൊണ്ട് യുദ്ധം നടത്തി കൊണ്ടിരുന്നു.
കൂടെ മലകയറ്റവും.

ഇപ്പോൾ ഞങ്ങളുടെ മനസ്സിൽ സീനായ് മലയും മോസസ്സും ഇല്ല.
യേശു ക്രിസ്തുവോ, ബെത്‌ലഹേമോ,കാൽവരിയോ കുരിശുമരണമോ ഇല്ല.
ഞങ്ങൾക്കിടയിലെ അശുഭ നിമിഷങ്ങളിൽപ്പെട്ട് ഒന്നും മനസ്സിലാകാതെ  സീനായ് യിലെ
സുലൈമാനും കനം വച്ച ഇരുട്ടും.

അങ്ങനെ എങ്ങനെയോ പകുതി വഴി ആകാറായപ്പോൾ ഒരു ഷോർട്ട് ബ്രേക് ഉണ്ട് എന്നറിഞ്ഞു.
അന്നേരമാണ് ഞങ്ങൾ വാങ്ങിയ "ജറുസലേം ബാഗ്" ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ ഞങ്ങളുടെ വാക്കേറ്റം തുടങ്ങിയത്.

യുദ്ധത്തിലും പ്രേമത്തിലും ഏതടവും പ്രയോഗിക്കാം എന്നാണല്ലോ. അതുകൊണ്ട് "ഭാര്യയെ ഒതുക്കാൻ " സുലൈമാൻ കാണാതെ  അവളുടെ ഒട്ടകത്തിന്റെ കാലിൽ വടികൊണ്ട് കുത്തിയാലോ എന്ന് ഞാൻ ആലോചിച്ചു.

അന്നേരം ഒട്ടകം എങ്ങാനും തൊഴിച്ചാൽ ഞാൻ ആയുഷ്ക്കാല വികലാംഗൻ ആയിപ്പോയാലോ എന്ന് ഭയന്ന് ആ പരിപാടി വേണ്ട എന്നുവെച്ചു.  
വാങ്ങിയ ഓരോ സാധനങ്ങളെ  ചൊല്ലി ഞങ്ങളുടെ വാക്പയറ്റ്  വീണ്ടും തുടർന്നു.

പെട്ടന്നാണത് സംഭവിച്ചത്.

"നിർത്തൂ "
അതാ, ഒരശ്ശരീരി പോലെ ആരുടെയോ
ആജ്ജ  !!

ഞങ്ങളുടെ വഴക്കു കേട്ട് സഹികെട്ടിട്ട് മോശ എങ്ങാനും ഗർജ്ജിച്ചതാണോ?

ഞാനും ഭാര്യയും സംശയിച്ചു ചുറ്റും നോക്കി.
ഇല്ല, മോശ്ശയെ കണ്ടില്ല. മോശയ്ക്ക് വേറെ എന്തെല്ലാം ജോലി കിടക്കുന്നു.

അപ്പോഴാണ് ഞങ്ങളുടെ രണ്ടുപേരുടെയും നേരെ തിരിച്ചു പിടിച്ചിരിക്കുന്ന
സീനായ് സുലൈമാന്റെ ദേഷ്യം പിടിച്ച മുഖം ടോർച്ചിന്റെ വെളിച്ചത്തിൽ 
ദൃഷ്ടിയിൽ പെട്ടത്.

അത്ഭുതം!
സുലൈമാൻ ആയിരുന്നത് !

സീനായ് സുലൈമാൻ.... മലയാളം?

എന്റെയും ഭാര്യയുടെയും അഭിമാനം നാണക്കേട്‌കൊണ്ട് ചവിട്ടു കൊണ്ട
അട്ട പോലെ ചുരുണ്ടു.

അന്നേരം സുലൈമാൻ പറയുകയാണ്. കുറെ നേരമായി അയാൾ  ഞങ്ങളുടെ ഈ വാക്പയറ്റ് കേട്ടു മടുത്തു.
അവസാനം മടുത്തിട്ടാണ്
നിർത്തൂ എന്നലറിയത് എന്ന്.

സുലൈമാൻ മലബാർ കൊണ്ടോട്ടി ക്കാരനാണെന്ന് .
പത്തുമുപ്പതു വർഷം മുൻപ് ഗൾഫിൽ നിന്നും ഈജിപ്തിലേക്ക് 
ഒളിച്ചു കടന്നതാണ്.
കുറേനാൾ തെണ്ടി നടന്നു. എന്തൊക്കെയോ ജോലികൾ  ചെയ്തു.
രണ്ടുമൂന്നു വർഷങ്ങൾ അങ്ങനെ കഴിഞ്ഞു. പിന്നെ ആരോ ഉപേക്ഷിച്ച ഒരു മുതുക്കൻ ഒട്ടകത്തെ കൂട്ടി സീനായ് മലയുടെ അടിവാരത്തിൽ എത്തി.
ഇപ്പോൾ ഈ ജോലി ചെയ്യുന്നു.
അയാൾ മലയാളി ആണെന്ന് ആരോടും വെളിപ്പെടുത്താറില്ല പോലും. ഇപ്പോൾ കണ്ടാൽ ആള് അസ്സൽ അറബി.

"എത്രയോ ഭക്ത ജനങ്ങൾ വന്നു കണ്ട് അനുഗ്രഹം പ്രാപിക്കുന്ന മലയാണ്, യഹോവ മോസസ്സിന്
പത്തു കല്പനകൾ കൊടുത്ത ഈ പാവന സ്ഥലം.
ഇവിടെ വന്ന് ചെറിയ കാര്യങ്ങൾക്ക് വഴക്കടിക്കാതെ നിങ്ങളുടെ മനസ്സിനെ ഏകാഗ്രമാക്കി നിങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്ക്. അനുഗ്രഹങ്ങൾ നേടി മടങ്ങ്. "
സുലൈമാന്റെ അന്നേരത്തെ ഈ ഉപദേശം ഞങ്ങൾക്ക് മാർപ്പാപ്പയുടെ കുർബാന കാണുന്നത്തിനേക്കാൾ  ഫലം ചെയ്തു.

വീണ്ടും മല കയറ്റം തുടർന്നു. അപ്പോൾ ശാന്തമായ ഞങ്ങളുടെ മനസുകളിൽ മോശയുടെ കാലവും കഷ്ടപ്പാടുകളും ഇസ്രായേൽ ജനത്തിന്റെ വാഗ്ദത്ത ഭൂമിയിലേക്കുള്ള  പ്രത്യാശ നിറഞ്ഞ യാത്രയും അവിടെ
യഹോവയുടെ സംരക്ഷണവും സ്മരണകളായി കടന്നുവന്നു.

അങ്ങനെ ഒടുവിൽ ഇതാ ഞങ്ങൾ  7500 അടി ഉയരത്തിലുള്ള സീനായ് മലയുടെ മുകളിൽ,  വലിയ പാറയിൽ  പണിത പള്ളിയുടെ അടുത്തെത്തി.

എങ്ങും കുറ്റാക്കുറ്റിരുട്ട്.
താഴേയ്ക്ക് നോക്കിയാൽ കാണുന്നത് നോക്കെത്താത്ത ദൂരത്തു മലയടിവാരത്തിലെ ബേസ് ക്യാമ്പിൽ നിന്നും തെളിയുന്ന നുറുങ്ങു വെട്ടം മാത്രം.
ചുറ്റും ചെറുതും വലുതുമായ മലകൾ മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്നു.
ഇരുണ്ട ആകാശം കൈ അകലെ എന്ന് തോന്നി. 
ആകെയുള്ള വെട്ടം ഞങ്ങളുടെ ടോർച്ചിൽ നിന്നും തെളിയുന്നതുമാത്രം.

ഇവിടെ നിന്നാണല്ലോ ബൈബിൾ പ്രകാരം നമുക്കുവേണ്ടി മോശ്ശ യഹോവ യിൽ നിന്നും പത്തു കല്പനകൾ കൈപ്പറ്റിയത്.

കൈകാലുകൾക്കും ശരീരത്തിനും ക്ഷീണമുണ്ട്. എങ്കിലും ലക്ഷ്യത്തിൽ
എത്തിയ സന്തോഷത്തിൽ ഞാനും എല്ലാം മറന്നു.
പ്രാർഥനയിൽ മുഴുകിയ ശേഷം ഭാര്യ കുഞ്ഞമ്മ  അവിടെ വെറുതെ നിന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ടു മുന്നോട്ട് ചെന്നു.

ഇവൾ എന്നെ നന്നാക്കാൻ നോക്കി മടുത്തിട്ട് ഈ മലയിൽ നിന്നും തള്ളി താഴെ ഇടാൻ കൊണ്ടുപോവുകയാണോ?
ഞാൻ പേടിച്ചു.

എന്നാൽ അവൾ എന്നെ പിടിച്ചോണ്ട് പോയി മോസ്സസ് നിന്ന സ്ഥലത്തെ പള്ളിയുടെ ഭിത്തിയിൽ
എന്റെ കൈപ്പത്തി ചേർത്ത്പിടിച്ച് പ്രാർഥനയോടെ പറഞ്ഞു,
 " ഇനി നിങ്ങൾ മദ്യപിക്കുക ഇല്ല., സത്യം."

കരിമ്പാറപോലെ ഉറപ്പുണ്ടായിരുന്ന എന്റെ മനസ്സ് ഞാൻ അറിയാതെ അലിഞ്ഞു .
ഇവൾക്ക് ഞാൻ മദ്യപാനം നിർത്തണം എന്നു ഇത്ര  തീവ്രമായ ആഗ്രഹം ഉള്ളതു കൊണ്ടല്ലേ ഈ ഏഴര കിലോമീറ്റർ കയറി എന്നെയും കൂട്ടി  മോശയുടെ പാവന പാദങ്ങൾ  പതിഞ്ഞ സീനായ് മല കയറാൻ വന്നത്?
അതങ്ങ് അനുസരിച്ചേക്കാം.
ഞാൻ തീരുമാനിച്ചു.
അനന്തരം എന്റെ നെഞ്ചിൽ നിന്നും എന്തോ ഒരു ഭാരം ഇറങ്ങിയപോലെ എനിക്ക് തോന്നി.

ഇപ്പോൾ എനിക്കൊരു സംശയം.

സീനായ് സുലൈമാൻ ശരിക്കും മലയാളി തന്നെയാണോ?
അതോ തക്കസമയത്ത് ഇടപെട്ട്  യെഹോവ അയാൾക്ക്  ഭാഷാവരം കൊടുത്തതാണോ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക