Image

പുനർജനി (കവിത: അശോക് കുമാർ. കെ)

Published on 07 February, 2024
പുനർജനി (കവിത: അശോക് കുമാർ. കെ)

"ഇനിയെത്ര നാൾ കൂടി
ആർദ്രസമീരൻ്റെ
സംഗീതപ്പൂക്കളിൽ
പ്രകാശ പ്രാലേയബിന്ദുവായി
മഞ്ജരീസ്മേരവിലാസയായി
ഈ മണ്ണിൻ്റെ
മധു ചുഴികളിൽ
അറിയാതെ മിഴി കൂമ്പി
മൊഴി മൊട്ടിവീഴുവാൻ
ഇനിയെത്ര നാൾ കൂടി ....."

അറം പറ്റുന്നതെഴുതാതെൻ്റെ
മനുഷ്യാ...
കവിയുടെ പത്നി തെല്ല്
 രോഷത്തോടെ പറഞ്ഞു.

ഉടൻ കവിയിങ്ങനെ
മാറ്റിയെഴുതി.

*മധുരക്കാറ്റ് വീശുന്നു ചുറ്റും.
നാട്ടു മാങ്ങകൾ
പഴുത്തടരുന്നു ചുറ്റും
ചിലച്ച് പല കിളികളൊരുമിച്ച്
പ്രണയോത്സവത്തിൻ്റെ
പ്രകമ്പനമൊരുക്കുന്നു ചുറ്റും."

എന്തൊരു സുഖം കേൾക്കാൻ
ബാക്കി കൂടെ എഴുതു....
കവിപത്നി പറഞ്ഞു.

" പുഴ നിറഞ്ഞ്
പൂക്കൾ വരുന്നു
പുഴയോരത്തൊരു
പുതുഗായകനിരിക്കുന്നു
പുല്ലാംകുഴൽ രാഗ മൊഴുക്കുന്നു.
പൂവ് വീണ്ടും ചെടിമരമാകും
മണക്കാറ്റ് പരിലസിച്ചിടും ചുറ്റും."

അതിൻ പൊരുൾ
പുഴയതേറ്റു പാടുന്നു..

പാകമായി
പഴുത്തു പൊഴിയുന്നൊരു
മാങ്ങ പോൽ
ഞാനും നിലം പതിക്കുമല്ലോ
പുഴുകീടങ്ങൾ
ഭക്ഷിച്ചതു വീണ്ടും
തൈമാവായി
കിളിർത്തു വലുതാവട്ടെ വീണ്ടും ...........

പിന്നെ
മിണ്ടൽ മറന്ന്
കവിയും പത്നിയും.....

 

Join WhatsApp News
ജോസ് റിച്ചാർഡ് 2024-02-10 09:13:29
എല്ലാ കവി പത്നിമാരും അങ്ങനെയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക