Image

പറിച്ചുനടൽ ( കവിത : കിനാവ് )

Published on 06 February, 2024
പറിച്ചുനടൽ ( കവിത :  കിനാവ് )

സന്ധ്യായാമങ്ങളിൽ,
രാവിന്റെ പുലർച്ചകളിൽ,
ചിലപ്പോൾ
നിലാവു മുറ്റത്തു
നിഴലുകളായി
ചിരിക്കുമ്പോൾ,
മറന്നിട്ടുപോയ
നിന്റെയോർമ്മകളിൽ
ചെമ്പരുത്തികൾ
തളിർക്കുമ്പോൾ,
ചിലനട്ടുച്ചകളിൽ
വിശപ്പെത്തിനോക്കുമ്പോഴും,
എന്നെത്തേടിയക്ഷരങ്ങൾ
ഈ അകത്തളത്തിലെത്താറുണ്ട്,
ഉറക്കത്തിലും
അവരെന്നെ വിളിച്ചുണർത്താറുണ്ട്.

ഞാൻ
ദൂരെ ദിക്കിലേക്കു
പോകുകയാണ്.
തിരികെയെത്താൻ വൈകും
എന്റെ മുറ്റത്തെ
ലക്ഷ്മിത്തരു,
നാളത്തെ കാറ്റിനായി
ഞാൻ നട്ട ചന്ദനത്തൈകൾ,
ചെത്തിയും പിച്ചകവും,
ദൈവങ്ങൾ തിന്നുപോകാതിരിക്കാൻ
കമ്പിവേലിക്കകത്തു നട്ട
ശംഖുപുഷ്പം,
പിന്നാമ്പുറത്തേ
പനിനീർച്ചെടികൾ,
അടുക്കളവാതിലിനു
തൊട്ടുള്ള
പാഷൻ ഫ്രൂട്ട് വള്ളി,
എല്ലാമിനിയാരു നോക്കും.

ഏകാന്തതയിൽ
പുസ്തകങ്ങളിൽനിന്നിറങ്ങിവന്നു
എന്നെ ചുംബിക്കുകയും
ഉന്മത്തനാക്കുകയും
കരയിക്കുകയും
കവിയാക്കുകയും
ചെയ്യുന്ന
എന്റെ അക്ഷരങ്ങൾ
അവരെയോർക്കുമ്പോൾ
എനിക്കിവിടം
വിട്ടുപോകാനുള്ള
കരുത്തു ചോരുന്നുണ്ട്.

ഇഷ്ടപെട്ടുപോയ
ഈയിടം വിട്ടെന്റെ കൂടെപ്പോരാൻ
ഹൃദയം കലഹത്തിലായിരുന്നു.
ഒടുവിൽ
ഒത്തുതീർപ്പിലെത്തി
പാതിയിവിടേയും
പാതിയെന്നോടൊപ്പവും
എന്നവർ രണ്ടായി
സ്വയം പകുത്തു.

നിന്നെക്കുറിച്ചാണെന്റെ
ആവലാതി
നീയെന്റെ കൂടെയുള്ള
പാതിയിലെ
കൂടുവിട്ടു പോകരുതേ.

വെനീസിൽ
നിറയെ ചെറുതോണികളും
കുഞ്ഞോളങ്ങളുമുണ്ട്
പാതിവഴിയിലുപേക്ഷിച്ച
നീ ഓർമ്മക്കൂടുകളിലെങ്കിലും
കൂടെയില്ലാഞ്ഞാൽ
ഞാൻ തികച്ചും
തനിച്ചായിപ്പോകും

പൂവരശ്
തലപൊക്കിയിട്ടുണ്ട്,
വെള്ളമൊഴിക്കണം
ആദ്യമൊട്ടുവിരിയുംമുമ്പേ
ഞാനെത്താം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക