Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-5: സാംസി കൊടുമണ്‍)

Published on 06 February, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-5: സാംസി കൊടുമണ്‍)

ഒളിച്ചോട്ടക്കാര്‍ പിടിക്കപ്പെടുന്നു.

ഈ കഥകളൊക്കെ കേട്ടുകൊണ്ട് റീനയുടെ അടുത്തിരുന്ന സാമിനെയും ആന്‍ഡ്രുവിനേയും നോക്കി അങ്കിള്‍ ടോം ചോദിച്ചു ഇവര്‍ ആരാണ്. നമുക്ക് വിശ്വസിക്കാമോ...? എവിടെയും ഒറ്റിക്കൊടുപ്പുകാരുടേയും ചാരന്മാരുടേയും കാലമാണ്.റീന നീ സൂക്ഷിക്കണം.

റീന സാമിനെ നോക്കി ഒന്നു ചിരിച്ചിട്ടു പറഞ്ഞു. ഇവരെ എനിക്കു വിശ്വാസമാണ്. ഇവര്‍ ഒറ്റിക്കൊടുപ്പുകാരല്ല പകരം അവര്‍ എന്നും നമുക്കൊപ്പമാണ്.

നിങ്ങള്‍ ഇന്ത്യന്‍ വംശജരാണെന്നു ഞാന്‍ കരുതുന്നതില്‍ തെറ്റില്ലല്ലോ...? നിങ്ങളുടെ നാട്ടില്‍ അടിമകള്‍ ഉണ്ടോ.?

അങ്കിള്‍ ടോം... താങ്കളുടെ നിഗമനം ശരിയാണ്. എന്റെ പൂര്‍വ്വികരെ അടിമകളായിത്തന്നെയാണ് ബ്രിട്ടിഷ്‌കാര്‍ ഗയാനയിലെ കരിമ്പിന്‍ തോട്ടത്തിലേക്കു കൊണ്ടുവന്നത്. പക്ഷേ കുറച്ചു വ്യത്യാസമുണ്ടായിരുന്നു. കാലില്‍ ചങ്ങലയുണ്ടായിരുന്നുവോ…? . തോട്ടം തൊഴിലാളികള്‍ എന്ന പേരില്‍ കുടുംബത്തെ ഒന്നായി കൊണ്ടുവന്നു. അതുകൊണ്ട് നിങ്ങള്‍ അനുഭവിച്ച അത്രയും ഭീകരത ഞങ്ങളുടെ പൂര്‍വ്വികര്‍ അനുഭവിച്ചിട്ടുണ്ടാകില്ല. പിന്നെ ചാട്ടാവാര്‍! അതെല്ലായിടത്തും അധികാരത്തിന്റെ അടയാളം ആണെല്ലോ. എന്റെ മുത്തച്ഛന്‍ പറഞ്ഞ കഥകളിലൊക്കെഇന്ത്യയില്‍ നിലനിന്നിരുന്ന തൊട്ടു കൂടാഴ്മയുടെ, തീണ്ടിക്കൂടാഴ്മയുടെ കഥകള്‍ ഉണ്ട്. മുത്തച്ഛന്റെ അച്ഛന്‍ ബ്രിട്ടിഷ്‌കാരൊടൊപ്പം പോരാനുള്ള ഒരു കാരണം അതായിരുന്നത്രേ... ജിംക്രോ എന്നു നിങ്ങള്‍ വിളിക്കുന്ന അതെ തൊട്ടുകൂടാത്തവരോടുള്ള വിവേചനം. അതു നിറത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ജാതിയുടെയും, തൊഴിലിന്റേയും പേരിലായിരുന്നു. വര്‍ഗ്ഗീയത തൊഴില്‍പരമായിരുന്നു. ചണ്ഡാള്‍ തൊട്ടുകൂടാത്തവനും, തീണ്ടിക്കുടാത്തവനും ആയിരുന്നു. ഇതൊക്കെ എന്നും എല്ലായിടത്തും ഉണ്ട്. പക്ഷേ അമേരിക്കയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടും ശുഭകരമല്ല എന്നറിയുമ്പോള്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. സാം ഒറ്റവീര്‍പ്പില്‍ അത്രയും പറഞ്ഞ് താന്‍ പറഞ്ഞതു ശരിയോ എന്ന മട്ടില്‍ ആന്‍ഡ്രുവിനെ നോക്കി.

ആന്‍ഡ്രുവിന്റെ ഉള്ളില്‍ തികട്ടി വന്നതിനെ മൊത്തമായി പുറത്തുവിടാതയാള്‍ പറഞ്ഞു;ഇവിടെ നിറത്തിന്റെ പേരിലെ വിഭാഗിയത, ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ആയി എന്നു മാത്രം, പക്ഷേ നിരാശയുണ്ട്.... അമേരിയ്ക്കയില്‍ ഇപ്പോഴും വംശിയതയുടെ വിത്തുകള്‍ വളരുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍.ഞാന്‍ അങ്കിള്‍ ടോമിന്റെ കാലത്തെക്കുറിച്ചോര്‍ത്തല്ല, ഇന്ന്... ഇപ്പോഴത്തെ അമേരിയ്ക്കയുടെ രാഷ്ട്രിയ കാലാവസ്ഥയെക്കുറിച്ചോര്‍ത്താണു ദുഃഖിക്കുന്നത്. ജനാതിപത്യത്തില്‍ ഈ വര്‍ണ്ണവെറിക്ക് വളമിട്ടതാരാണ്. മുസ്ലിംവിരോധം വിളിച്ചു പറഞ്ഞ, സദാചാരബോധം ഒട്ടും ഇല്ലാത്ത കള്ളത്തരങ്ങളുടെ രാജാവായ ഒരുവന്‍ പറഞ്ഞു എന്നതിലല്ല. അതിനെ ഏറ്റെടുക്കാന്‍ അടിത്തട്ടില്‍ ഗൂഡാലോചനകള്‍ നടത്തിയവര്‍ ആ മുദ്ര്യാവാക്യത്തിനു പിന്നാലെ പോയി എന്നതാണു സത്യം. ഇതിന്റെ പിന്നില്‍ വംശാധിപത്യത്തിന്റെ വക്താക്കളുടെ കറുത്ത കൈകള്‍ ഉണ്ട്. ഹിറ്റലറുടെ വംശീയതയിലൂന്നിയ വെറുപ്പിന്റെ വര്‍ഗ്ഗിയത ലോകമെല്ലാം വളരുന്നു. നമുക്കൊളിക്കാന്‍ ഇടമില്ലാതായിരിക്കുന്നു. പക്ഷേ സ്‌നേഹത്തിന്റെ പ്രവാചകരായ ക്രിസ്ത്യന്‍സ്എങ്ങനെ അതിനെ ഏറ്റെടുത്തു.ചിലപ്പോള്‍ ഈ കാലത്തിന്റെ പ്രതിസന്ധിയായിരിക്കാം.കാലത്തിന്റെ നിയോഗം,... അവള്‍ ഇത്തരം പ്രതിസന്ധികള്‍ ഇതിനു മുമ്പും തരണം ചെയ്തിട്ടുള്ളവളാണ്... അതിജീവിക്കതന്നെ ചെയ്യും..... ആന്‍ഡ്രു വിദൂരതയില്‍ എവിടെയോ നോക്കി നെടുവിര്‍പ്പിട്ടു. റീന സാമിനെ വെറുതെനോക്കി നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു മനസിലായില്ല എന്ന മട്ടില്‍.

ആന്‍ഡ്രു നിങ്ങള്‍ പറഞ്ഞതത്രയും ശരിയാണ്. ഞങ്ങളുടെ കാലത്ത് എല്ലാവരും ചിന്തിച്ചത്ഇനി മറ്റൊരു ജീവിതം ഇല്ലെന്നാണ്.പക്ഷേ കാലം നിങ്ങള്‍ക്ക് മറ്റൊരു ജീവിതം തന്നില്ലെ.അതിനു ഞങ്ങള്‍ നല്ല വിലകൊടുക്കേണ്ടി വന്നു. കാലം ഒന്നും വെറുതെ തരില്ല. നിരന്തം പോരാടിക്കൊണ്ടിരിക്കണം. ഒടുവില്‍ കാലം തോറ്റോടും.അടിമകള്‍ സ്വാതന്ത്ര്യത്തിനായി പോരാടി...പലര്‍ക്കും ജീവന്‍ കൊടുക്കേണ്ടി വന്നു. എന്നാലും ... ഇന്ന് അവരെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ....?ആരെങ്കിലും തുടങ്ങണ്ടെ...

സ്ലേവ് ക്യാബിനുകളിലായിരുന്നതിനു തുടക്കം എന്നു ഞാന്‍പറയും. പക്ഷേ ശരിക്കും അങ്ങനെ ആയിരിക്കില്ല. കുതിരാലയങ്ങളില്‍ എത്തുന്നതിനുമുമ്പേ അവരുടെ ഉള്ളില്‍ തീ പടരാന്‍ തുടങ്ങിയിട്ടുണ്ടാകും. എന്തിനേറെ അംഗോള എന്ന പ്രദേശത്തെ വനാന്തരങ്ങളില്‍നായാടിയും, അല്പാല്പം നട്ടും നനച്ചും ഗോത്രങ്ങളായി ജീവിതം നയിച്ചിരുന്നവരെ വലയിലാക്കിയവര്‍ ഇരയുടെ മനോവ്യാപാരത്തെക്കുറിച്ചറിഞ്ഞിരുന്നുവോ.....? തങ്ങളുടെ ഇണയേയും, കുട്ടികളെയും ഓര്‍ത്തവര്‍ നിലവിളിച്ചപ്പോള്‍, ആ നിലവിളിയെ ആഹ്ലാദത്തിന്റെ വായ്ത്താരയായിട്ടായിരിക്കും അവര്‍ കണ്ടത്. കാരണം അവരുടെ മനസിന്റെ ഭാഷ അറിയാനുള്ള അറിവ് വേട്ടക്കാരായ ബാര്‍ബേറിയന്‍സിനില്ലായിരുന്നുവല്ലോ... അന്നേ ഇരകളുടെ ഉള്ളില്‍ പകയുടെ അഗ്നി പുകയാന്‍ തുടങ്ങിയിരുന്നു. കുതിരാലയങ്ങളില്‍ അവര്‍ മെരുങ്ങി എന്നു കരുതിയിട്ടുണ്ടാകും. അവര്‍ക്കു തെറ്റി... പകയുടെ ജ്യാല തലമുറകളിലേക്കു വളര്‍ന്നതെയുള്ളു. കാരണം അവരുടെ നഷ്ടം അത്ര വലുതായിരുന്നു. അവരുടെ ജീവിതവും മാര്‍ഗ്ഗവും വഴിതിരിച്ചുവിട്ടവരോട് അവര്‍ക്കു പകയല്ലാതെ മറ്റെന്താണുണ്ടാകുക.

സ്ലേവ് ക്യാബിനിലേക്കു മാറ്റപ്പെട്ടവര്‍ മെരിങ്ങിയവരാണെന്നും, യജമാനന്റെ ശബ്ദങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ് അനുസരണയുള്ളവരായെന്നും അവര്‍ കരുതി. കുറെയൊക്കെ ശരിയായിരുന്നു. എന്നാല്‍ ഒന്നിനും കീഴടങ്ങാത്ത ചിലരൊക്കെ ഉണ്ടായിരുന്നു. ദിവസവും ഇരുളാകുമ്പോള്‍ കിട്ടിന്ന ഒരു നാഴി കോണും, ആഴ്ചയില്‍ ഒരിക്കല്‍ കിട്ടുന്ന ഒരു കഷണം ഇറച്ചിയുമായിരുന്നില്ല അവരുടെ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നത്. അവരുടെ ജീതം എന്തേ ഇങ്ങനെ എന്നായിരുന്നവരുടെ ചോദ്യം.ചോദ്യം ആരും കേട്ടില്ല. ആരും ഉത്തരം പറയും എന്നവര്‍ കരുതിയതും ഇല്ല. പൊരുതണം..! അവര്‍ തനിയെ പറയും. മറ്റാരോടും തങ്ങളുടെ ചിന്തകളെ പെങ്കുവെയ്ക്കാന്‍ അവര്‍ക്കു ഭയമായിരുന്നു. ഒറ്റുകാര്‍ ആരൊക്കെയെന്നവര്‍ക്കറിയില്ലായിരുന്നു.

ഗ്രെഗറി കാഴ്ചയില്‍ ഒരു സാധാരണ അടിമ.ആറടി പൊക്കത്തില്‍, കായബലമുള്ളവനു നല്ല വിലകിട്ടും എന്ന് യജമാനനറിയാമായിരുന്നു.അവന്റെ അംഗോളയിലെ പേരവന്‍ മറന്നില്ലെങ്കിലും, യജമാനന്‍ കൊടുത്ത ഗ്രെഗറി എന്ന നാമം അവനിഷ്ടപ്പെട്ടിരുന്നുവോ എന്തോ. എന്തായാലും ആ വിളി കേള്‍ക്കുമ്പോള്‍ ആരോ തന്നെ വിളിയ്ക്കുന്നു എന്നവന്‍ മനസ്സിലാക്കി. യജമാനന്‍ അവന്റെ ക്യാബിനില്‍ അവനു സ്വന്തമായി ഒരു പെണ്ണിനെ കൊടുത്തു. മറ്റുള്ളവര്‍ ഇണയെ പങ്കുവെയ്ക്കേണ്ടിയിരുന്നു. സ്ത്രീകള്‍ കുറവായിരുന്നിടത്ത് അവനു മാത്രമായി പെണ്ണ്!.. എങ്ങനെയും ഗ്രെഗറിയെ മെരിക്കിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം! ഒപ്പം ആരോഗ്യമുള്ള പുത്തന്‍ തലമുറ….! അവനെ േബാധപൂര്‍വ്വം മറ്റുപണിക്കാരില്‍ നിന്നും അകറ്റി ഒറ്റപ്പെട്ട പണികള്‍ക്ക് ചുമതലപ്പെടുത്തി. മരം മുറിക്കുന്നതവന് ഏറെ ഇഷ്ടമായിരുന്നു. ഒരോ മഴുപ്പാടിലും അവന്‍ ആര്‍ത്തിയോടു നോക്കും എന്നിട്ടു പകയോടു ചിരിക്കും. അവന്റെ ഉള്ളില്‍ വളരുന്നതെന്തെന്നാരും അറിഞ്ഞില്ല.

ചിറകറ്റു വീഴുന്ന ഒരോ മരത്തേയും നോക്കി അവന്‍ ചിരിക്കും. അപ്പോള്‍ മാത്രമേ അവന്‍ ചിരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുള്ളു. മരങ്ങള്‍ മുറിഞ്ഞു വീഴുമ്പോഴുള്ള കിരുകിര ശബ്ദം യജമാനന്റെ കഴുത്തു ഞെരിയുന്ന ശബ്ദമാണന്നവന്‍ ഒരിക്കല്‍ റോസിയോടു പറഞ്ഞു. മുറിഞ്ഞു വീണ മരത്തിന്റെ ഇലയും കമ്പും വെട്ടിമാറ്റുന്ന റോസിയെ അവന്‍ മുമ്പു കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നു. ഇത് ക്യാബിനില്‍ അവരൊന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതിന്റെ ഏഴാം ദിവസമായിരുന്നു. റോസിയുടെ ജീവിത പരിചയത്തില്‍ ഒന്നിച്ചു താമസിക്കുന്ന പുരുഷ്യന്‍ സ്വന്തമാണ്. അവള്‍ അയാളുടെ അടുത്തേക്കു ചേര്‍ന്നു. അപ്പൊഴൊക്കെ ഗ്രെഗറി തറയില്‍ വിരിച്ച കച്ചിവാരിപ്പുതച്ചുറങ്ങി. ഇതെന്തു മനുഷ്യന്‍ എന്നു നിരാശപ്പെട്ടു റോസി തന്റെ കോപത്തെ അടക്കി. ഇപ്പോള്‍ ഗ്രെഗറിയിലെ പുരുഷന്‍ ഉണരുന്നതു റോസി കണ്ടു. അവള്‍ ചിരിച്ചു. മുറിച്ചിട്ട മരത്തിന്റെ ഇലകള്‍ക്കിടയിലേക്ക് അയാള്‍ അവളെ കൂട്ടി. തുറന്ന പ്രകൃതിയില്‍ അവന്‍ ഉണര്‍ന്നു.

ചാട്ടവാറിന്റെ മൂര്‍ച്ചയില്‍ മുറിഞ്ഞ് കരിഞ്ഞ അയാളുടെ പുറത്തെ പാടുകളില്‍ അവള്‍ തലോടി. റോസി അവനേറ്റ വേദനയോര്‍ത്തു വിതുമ്പി. അവന്‍ പറഞ്ഞു ഈ ജന്മത്തില്‍ ഞാനിതിനു പകരം ചോദിക്കും. അപ്പോള്‍ അവന്‍ ഒരടിമയല്ലായിരുന്നു. അവനിലെ ഞാന്‍ഭാവം കണ്ണുകളില്‍ നിറഞ്ഞു. അവന്‍ നീഗ്രോ ആയി. ഒരടിമയെക്കാള്‍ ഉയരങ്ങളില്‍ നില്‍ക്കുന്ന നീഗ്രോ... അവന്റെ ഭാഷ അന്നവള്‍ക്ക് മനസിലായി. അവള്‍ പറഞ്ഞത് അവനും.പ്രതികാരം എന്ന വാക്കവന്‍ ഒരു മന്ത്രം പോലെ ഉച്ചരിച്ചു. അപ്പോള്‍ അവള്‍ക്കു തോന്നി അവളുടെ ഗ്രാമത്തിലെ ഗോത്രത്തറയില്‍, തീയ്ക്കു ചുറ്റും അവര്‍ പൂര്‍വ്വികരെ പ്രസാദിപ്പിക്കാനുള്ള പൂജാകര്‍മ്മങ്ങളില്‍ മുഴുകിയവരാണെന്ന്.

ഗ്രെഗറി നിറഞ്ഞ വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചടുക്കി യജമാനന്റെ കൃഷിയിടത്തിന്റെ വലുപ്പം കൂട്ടിക്കൊണ്ടിരുന്നു. കൂട്ടു ജോലിക്കാരോട് അവന്‍ അധികം വര്‍ത്തമാനമൊന്നും ഇല്ല. മരം മുറിക്കാന്‍ അവര്‍ പത്തുപേരുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ കൃഷി നിലങ്ങള്‍ ഒരുക്കിയും, കോണ്‍ നട്ടും, വരാന്‍ പോകുന്ന പുകയില കൃഷിക്കും, കരിമ്പിന്‍ തോട്ടങ്ങള്‍ക്കുുമുള്ള തറകോരിയും, ചതുപ്പുകളിലും, വെള്ളച്ഛാട്ടങ്ങളിലും, തടയണ പണിതും എണ്ണായിരം ഏക്കറിലെ കൃഷിയിടം വളര്‍ത്തിക്കൊണ്ടിരുന്നു. തടി മുറിക്കുന്നവരുടെ ഇടയില്‍ റോസി മാത്രമേ പെണ്ണായിട്ടുള്ളായിരുന്നു. സ്ലേവ് ക്യാബിനുകള്‍ തോട്ടത്തിന്റെ പലകോണുകളിലായതിനാല്‍ മാത്രമല്ല, ചോളകൃഷിക്കാര്‍, പുകയിലകൃഷിക്കാരെയോ, പുകയിലക്കാര്‍ കരുമ്പു തോട്ടക്കാരെയോ പരസ്പരം അറിയില്ലായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതിനുപരി, അടിമകള്‍ ഒരിക്കലും ഒന്നിച്ചു കൂടെരുതെന്നും, കൂടിയാല്‍ ദുര്‍ബലരായ യജമാനന്മാരുടെ സാമ്രാജ്യങ്ങള്‍ നിലം തരിശാകുമെന്നും അവര്‍ ഭയപ്പെട്ടിരുന്നു.

റീനാ...ഒരടിമയുടെ ജോലി സമയം ഇന്നത്തെപ്പോലെ എട്ടു മണിക്കൂര്‍ എന്നു വിചാരിക്കരുത്. അവന്റെദിവസം തുടങ്ങുന്നത് സൂര്യോദയത്തിനു ഒരു മണിക്കൂര്‍ മുമ്പും, സൂര്യാസ്തമനത്തിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞുമാണ്. വേനല്‍ കാലത്തെ പകലിന്റെ നീളമത്രയും അവന്റെ വേലസമയമായിരുന്നു. അങ്ങനെ ഒരു വേനല്‍ക്കാലമായപ്പോഴേക്കും മരം മുറിയ്ക്കല്‍ അരുവിയുടെ തീരങ്ങളോളം എത്തിയിരുന്നു. ഗ്രെഗറിയും, റോസിയും മുറിച്ചിട്ട മരച്ചില്ലകള്‍ക്കിടയില്‍ തണല്‍ തേടി ഒളിക്കുന്നതിനിടയിലാണ് യജമാനന്റെ മൂന്നാമത്തെ മകന്‍ അവരെ പിടികൂടുന്നത്. ഒരടിമയ്ക്ക് ജോലിക്കിടയില്‍, വിശ്രമിക്കാനോ , വിനോദിക്കാനോ അവകാശമില്ലായിരുന്നു. അവന്‍ മനുഷ്യരല്ലായിരുന്നു. പിടിക്കപ്പെട്ടവര്‍ കയറിനാല്‍ ബന്ധിതരായി. അവര്‍ക്കിടയില്‍ ഒറ്റുകാര്‍ ഉണ്ടായിരുന്നു.

റോസിയുടെ കൈയ്യും കാലും അടുത്തടുത്തുള്ള രണ്ടു മരങ്ങളിലായി ഉണങ്ങാനിട്ട കാട്ടുപോത്തിന്‍ തോലുപോലെ വിടര്‍ത്തിക്കെട്ടി. അടിയില്‍ തീ കൊളുത്തി. കാട്ടുപുല്ലിനൊപ്പം പടര്‍ന്നു കയറിയ തീ അവളുടെ ഗൂഹ്യഭാഹഗത്തെ ആദ്യം പൊള്ളിച്ചു. പിന്നെ അവളുടെ മുലകളെ കരിച്ചു. അവള്‍ നിലവിളിച്ചു. ഗ്രെഗറിയുടെ ഉള്ളു നീറി അവന്റെ ഉള്ളിലെ തീ കനലായി. കൈകള്‍ ബന്ധിച്ച് മറ്റൊരു ശിക്ഷക്കായി മാറ്റിനിര്‍ത്തിയവന്‍, റോസിയുടെ നിലവിളിയില്‍ ആര്‍ത്തു സ്‌ന്തോഷിക്കുന്നവരുടെ കണ്ണുവെട്ടിച്ച് അരുവിയുടെ തീരത്തെക്ക് ചുവടുകള്‍ വെച്ചു പൊത്തക്കാട്ടില്‍ ഒളിച്ചു. റോസിയുടെ നിലവിളിയുടെ രസം ഒട്ടടങ്ങിയപ്പോള്‍ അവര്‍ അവനെ തിരഞ്ഞു. നല്ല ഒരു വേട്ടക്കാരനായിരുന്ന ഗ്രെഗറിക്ക് വേട്ടയുടെ നിയമങ്ങള്‍ അറിയാമായിരുന്നു. ഇരയെ വേട്ടക്കാരന്റെ വലമുഖത്ത് എത്തിച്ചാല്‍ പിന്നെ കാര്യം എളുപ്പമായി. കുതിരപ്പുറത്ത് കൊച്ചെജമാനന്‍, ‘ആ നിഗ്രോ അത്രയ്ക്കായോഇന്നവന്റെ കഥ കഴിഞ്ഞതു തന്നെ . എല്ലാവര്‍ക്കും ഒരു പാഠമായി അവനെ ഇന്നു ഞാന്‍ തൂക്കി കൊല്ലും’ എന്നട്ടഹസിച്ച്, അവനെ പിടിക്കാന്‍ കൂടെയുള്ള കിങ്കരന്മാരോടാജ്ഞാപിച്ച്, ഹാലിളകി കുതിരയെ തൊഴിക്കുകയും, പ്രഹരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

പാവം കുതിര മുന്‍കാലില്‍ പൊങ്ങി അതിന്റെ പ്രതിക്ഷേധം അറിച്ച്, ഞാനും ഇരയൊക്കൊപ്പം എന്നു പറയുന്നപോലെ വട്ടത്തില്‍ കറങ്ങി. തന്നെ തിരയുന്ന യജമാനന്റെ കാവല്‍ക്കാരെ ഒരോരുത്തെരെയായി ഗ്രെഗറി താന്‍ ഒളിച്ചിരിക്കുന്ന കുറ്റിക്കാട്ടിലേക്ക് ചെറുശബ്ദത്താല്‍ ആകര്‍ഷിച്ചു. ആദ്യം വന്നവന്‍ യജമാനന്‍ കൊടുക്കാന്‍ സാദ്ധ്യതയുള്ള സമ്മാനത്തില്‍ മനസുറപ്പിച്ച്, കുതിരപ്പുറത്തുനിന്നും ഇറങ്ങി. ഗ്രെഗറി കൂട്ടികെട്ടയ തന്റെ കൈകള്‍ കൊണ്ട് അവന്റെ തിരുനെറ്റിയില്‍ ഇടിച്ചു. ഒരു കൂടം കൊണ്ടിടികിട്ടിയവനെപ്പോലെ അവന്‍ അനക്കമില്ലാത്തവനായെങ്കിലും, കാടനങ്ങുന്ന ശബ്ദം കേട്ട് അങ്ങോട്ടുവന്ന മറ്റു രണ്ടുപേരേയും, കരുത്തനായ ആ നീഗ്രോ അടിച്ചു താഴെയിട്ട്, വേട്ടക്കാര്‍ കുതിരപ്പുറത്തെപ്പൊഴും, കരുതാറുള്ള നീണ്ട കയര്‍ കരസ്തമാക്കുന്നതിനൊപ്പം, കത്തികൊണ്ട് കൈകളുടെ ബന്ധനവും അറുത്തു. ഗ്രെഗറി കയ്യില്‍ വന്ന കയറിലെ കുരുക്കു ഭാഗം ഇരയുടെ കഴുത്തില്‍ കുരുക്കാന്‍ ഭാഗത്തിനു നീട്ടി അന്തരീക്ഷത്തില്‍ ഒന്നു ചുഴറ്റി ഒരു വേട്ടക്കാരന്റെ ഭാവത്തെ ഉള്‍ക്കൊണ്ട് യജമാനന്റെ കുതിരയെ ലക്ഷ്യമാക്കി പതുങ്ങി നടന്നു. അപ്പോഴും യജമാനന്‍ കണ്ണില്‍ നിന്നും നഷ്ടമായ അടിമയ്ക്കുവേണ്ടി കുലവിളി മുഴക്കി കുതിരപ്പുറത്ത് ഇടം വലം നോക്കാതെ തീയ്യുടെ ചൂടില്‍ നിലവിളിക്കുന്ന റോസിയെ നോക്കി ആക്രോശിക്കുന്നു.

ഗ്രെഗറി ഒരു പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ പിറകിലൂടെ നടന്നു ചെന്ന്, കയ്യിലെ കയറിന്റെ കുരുക്ക് യജമാനന്റെ കഴുത്തില്‍ എറിഞ്ഞു പിടിപ്പിച്ച്ഒന്നു ചിരിച്ച്, മറുതല അടുത്തുള്ള മരക്കൊമ്പിലേക്കെറിഞ്ഞ് കുരുക്കില്‍ പെട്ടവനെ മരക്കൊമ്പില്‍ തൂക്കി. പുറത്തു നീന്നും ഭാരമൊഴിഞ്ഞ കുതിര, മരക്കൊമ്പില്‍ പിടയുന്ന യജമാനനെ നോക്കി ചിരിക്കുന്നപോലെ പല്ലുകള്‍ കാട്ടി എന്തൊക്കയൊ ശബ്ദം ഉണ്ടാക്കി അവിടെ നിന്നും ഓടി. ഗ്രെഗറി ശരിരമത്രയും വെന്തു പൊള്ളിയ റോസിയെ കെട്ടില്‍ നിന്നും അറുത്ത് അരുവിയുടെ തീരത്തേക്കെടുത്തു. ചിലപച്ചിലകള്‍ കൈകൊണ്ടു ഞെരുടി അവളുടെ പൊള്ളലുകളില്‍ ഇറ്റിച്ച് അതുകൊണ്ടു പൊതിഞ്ഞു. അവള്‍ മയക്കത്തില്‍ മൂളുകയും ഞരങ്ങുകയും ചെയ്തു. അവളെ അരുവിയുടെ തണുപ്പിലേക്ക് ചേര്‍ത്തുകിടത്തി, ആവളെ ആദ്യം കാണുന്നപോലെ അവന്‍ നോക്കി. അവളുടെ ഇടത്തെ മുലയുടെ അടിയില്‍ മാംസം കരിഞ്ഞുട്ടുണ്ട്. ഗൂഹ്യ ഭാഗത്തിന്റേയും, തുടകളുടെയും കരിഞ്ഞ മണം അവനെ കരയിപ്പിച്ചു. ഇതിനു മുമ്പവന്‍ കരഞ്ഞിട്ടില്ല. അവനില്‍ കോപത്തിന്റെ അണപൊട്ടി. ഇനിയും ആരെയൊക്കയൊ കൊല്ലണമെന്നവനു തോന്നി.

ആളില്ലാതെ തിരിച്ചെത്തിയ കുതിരയെ കണ്ട് അപകടം മണത്ത ക്യുന്‍സിയും, രണ്ടുമക്കളും, ഏകദേശം പത്തോളംവരുന്ന ആശ്രിതരും തോക്കും, വടിയും, കുന്തങ്ങളുമായി ക്യുന്‍സി മൂന്നമനെ തിരഞ്ഞു. മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന മകനെ അവരൊട്ടും പ്രതീക്ഷിച്ചില്ല. ഇതാരു ചെയ്തു. ഒരടിമക്കിതു ചെയ്യാന്‍ ധൈര്യമുണ്ടാകുമോ.... അവര്‍ സന്ദേഹിച്ചു. മരം മുറിക്കാനുണ്ടായിരുന്നവരില്‍ നിന്നും, തല്ലിയും ഭയപ്പെടുത്തിയും വിവരമറിഞ്ഞ അവര്‍ ആകെ പരിഭ്രാന്തരായി. ഒരടിമ യജമാനനെതിരെ കൈപൊക്കിയിരിക്കുന്നു. ഇതിവിടെ അവസാനിക്കണം. അവര്‍ ഗ്രെഗറിയെ തിരഞ്ഞു. അവന്‍ ഒരു ഭീരുവിനെപ്പോലെ ഒളിച്ചില്ല. റോസിയുടെ അരികെ ഇരുന്നു. വന്നവര്‍ റോസിയെ മറന്നു. അവനെ കയറുകൊണ്ടു വരിഞ്ഞു. നീണ്ട കയറിന്റെ അറ്റം കുതിരപ്പുറത്തുള്ളവന്‍ പിടിച്ചു. ഗ്രെഗറി നിലത്തു വലിഞ്ഞു. അവന്റെ ദേഹമാകെ കീറി. അവന്‍ കരഞ്ഞില്ല. അവനു വേദനിച്ചുമില്ല. ഒരു രാത്രിയും പകലും അവനെ ഒരോരുത്തരായി മാറി മാറി പ്രഹരിക്കയും, കൂര്‍ത്ത കമ്പികൊണ്ട് ദേഹം വരഞ്ഞ് അതില്‍ നീറ്റുമരുന്നു പുരട്ടി വിനോദിച്ചു. അവന്‍ മയക്കത്തിലേക്ക് ആകുമ്പോള്‍ തണുത്ത വെള്ളം മുഖത്തൊഴിച്ചവനെ ഉണര്‍ത്തി. അവനെ മയങ്ങാനും, മരിക്കാനും അനുവദിച്ചില്ല.

പകലവസാനിക്കാറായപ്പോള്‍ അവനുള്ള കഴുകു മരം ഉയര്‍ന്നുസ്ലേവു ക്യാബിനു നടുവില്‍ യജമാനന്റെ കുതിരാലയത്തിനു മുന്നിലായിരുന്നത്. തോട്ടത്തിലെ മുഴുവന്‍ അടിമകളേയും അവിടെ കൂട്ടി. ഒപ്പം അടുത്തുള്ള പ്ലാന്റേഷനുകളിലെ മുതലാളിമാരും വന്നു. അവിടെ ഒരുത്സവത്തിന്റെ പ്രതികം ആയിരുന്നു. ഒരടിമയെ തൂക്കിലേറ്റുന്നതിന്റെ ഉത്സവം എന്നതിലുപരി, ഒരു മുതലാളിയെ കൊന്നവന്റെ വരിയുടച്ച്, മുഴുവന്‍ അടിമകള്‍ക്കും ഒരു സന്ദേശം കൊടുക്കുക എന്നുള്ളതായിരുന്നു പ്രധാനം. കഴുകിലേറ്റേണ്ടവനെ ആഘോഷമായി, യജമാനന്റെ കൂലിത്തല്ലുകാരുടെ ആര്‍പ്പുവിളിയോടെ നടത്തി. ഒരോ ചുവടു വെയ്ക്കുമ്പോഴും അവര്‍ അവനെ തല്ലാന്‍ മറന്നിരുന്നില്ല. ഒടുവില്‍ അവര്‍ അവനെ തൂക്കിലേറ്റി. ചുറ്റുമുള്ള അടിമകളായ നീഗ്രോകളെ അവന്‍ ഒന്നു നോക്കുക മാത്രം ചെയ്തു. ഗ്രെഗറിയുടെ ശിക്ഷാവിധി അടിമകള്‍ക്കിടയില്‍ ഭയത്തിന്റെ ഞെരിഞ്ഞില്‍ മുള്ളുകള്‍ പാകി. ഓരോ അടിമയും യജമാനന്റെ മകന്റെ മരണത്തിന്റെ വില നല്‍കേണ്ടി വന്നു. അവരുടെ ജോലിഭാരം കൂടി ചാട്ടാവാറിന്റെ അടി ഏറി, ഭക്ഷണത്തിന്റെ അളവു കുറഞ്ഞു. പലരും ഗ്രെഗറിയെ മനസുകൊണ്ടു ശപിച്ചു. എന്നാല്‍ റോസി അവനെ ആരാധിച്ചു. ആ അരുവിയുടെ തീരത്ത് കാവല്‍ക്കാരുടെ നടുവില്‍ രണ്ടുദിവസം അവള്‍ കിടന്നു. മൂന്നാം ദിവസം അവളെ കരിമ്പിന്‍ തോട്ടത്തില്‍ ആക്കി. സ്വന്തമായി ക്യാബിന്‍ കൊടുത്തില്ല. മെരുക്കപ്പെടേണ്ടവരുടെ കൂടാരത്തില്‍ ആക്കി. അങ്കിള്‍ ടോമില്‍നിന്നും ഒരു നിശ്വാസം ഉയര്‍ന്നു.

ക്യുന്‍സി മൂന്നാമന്റെ കൊലപാതകം മൊത്തത്തില്‍ ഒരു സംസാരവിഷയമായി.ഉടമകളുടെ അഹങ്കാരത്തിനേറ്റ ഒരു തിരിച്ചടി എന്നോണം അവര്‍ തങ്ങളുടെ അടിമകളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ കാര്യവിചാരകരെ ചുമതലയാക്കി. എല്ലാം സഹിച്ചും, ഉള്ളിലൊതിക്കിയും അടിമകള്‍ തങ്ങളുടെ ജിവിതം ഒരു വലിയ വിലാപകാവ്യം എഴുതിച്ചേര്‍ക്കാനായി പാടത്തുവിരിച്ച് അതില്‍ വരികള്‍ എഴുതിച്ചേര്‍ത്തു. കാലം അതില്‍ സന്ധി സമാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു മഹാകാവ്യമാക്കി ആകാശങ്ങള്‍ക്ക് കൊടുത്തു. ആകാശം അത് തലമുറകള്‍ക്ക് കൈമാറി. മഹാമാരികളില്‍ എവിടെയോ കഥകളൊക്കെ നമുക്ക് നഷ്ടമായി. ഇന്നു നമ്മള്‍ വായിക്കുന്ന കഥകളിലധികവും ഉടമകള്‍പാടിപ്പറഞ്ഞ കഥകളാണ്. അതല്ലാതെത്തെങ്കിലും പാണന്‍ പറഞ്ഞ പഴം കഥകള്‍ ഉണ്ടെങ്കില്‍ അവര്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കും ചെയ്യും. ഇന്നും അധികാരം അവരുടെ കയ്യിലാണ്.

റോസിന്റെ കഥ പിന്നെന്തായി എന്നു ചോദിച്ചാല്‍ വുക്തമായ ഒരുത്തരം ഇല്ല, അവരുടെ ജീവിതം ദുരിതമായിരുന്നു. ഒരടിമയുടെ ദുരിതം എന്നതിലുപരി ഏറ്റപൊള്ളലുകള്‍ കരിയുന്നതുവരെ അവളെ ആരും ശുശ്രൂഷിച്ചില്ല. ഒരടിമക്ക് വേദന എന്നൊന്നില്ല. അവര്‍ക്ക് അസുഖങ്ങളൊ മരുന്നോ ഇല്ലായിരുന്നു. എന്തു തന്നെ ആയാലും അവര്‍ പാടത്തുണ്ടായിരിക്കണം. പണിയെടുക്കണം. കൂലിയില്ലാത്ത പണി. ഏതൊരടിമയുടെയും വിധി. ഒരടിമ മനുഷ്യനല്ലായിരുന്നു. രണ്ടുകാലില്‍ നടക്കുന്ന ഒരു നാല്‍ക്കാലി. കഴുത്തില്‍ നുകം വെച്ചു കെട്ടി പാടം ഒരുക്കുന്ന ഇരുകാലി. റോസി ഉള്ളില്‍ കരഞ്ഞു. അവളെ കേള്‍ക്കാന്‍ ആരും ഇല്ലായിരുന്നു. അവളുടെ ഉണങ്ങാത്ത മുറിവുകളുമായി, ആരോടും ഉരിയാടാതെ അവള്‍ പാടത്തു പണിയുമ്പോഴും അവളില്‍ ഗ്രെഗറിയുടെ ആത്മാവ് സദാസംവദിച്ചു. ആത്മാവിന്റെ ദൂദുകിട്ടുന്നവരായിരുന്നു ഗോത്രമന്ത്രവാദികള്‍. അവര്‍ക്ക് കുലത്തില്‍ മഹനീയ സ്ഥാനങ്ങളും, പ്രത്യേക പദവികളും ഉണ്ടായിരുന്നു. ഇതൊന്നും ഇല്ലാതെ റോസി ഗ്രെഗറിയുടെ ആത്മാവിന്റെ നോവുമായി പ്ലാന്റേഷനിലെ ഒറ്റമുലച്ചിയായി, എല്ലാവരുടെയും പേടിയായി.

കാര്യവിചാരകര്‍ക്ക് അവളുടെ നോട്ടത്തെ ഭയമായിരുന്നു. ആരും അവളൊടൊന്നും പറയില്ല. ഇടയ്ക്കിടക്ക് പുറത്തുവീഴുന്ന ചാട്ട അവളെ നോവിക്കുന്നതായി അവര്‍ക്കു തോന്നിയില്ല. ക്യുന്‍സി പ്ലാന്റേഷന്‍ എല്ലാവിധ പീഡനങ്ങളുടേയും ഉറവിടമായിരുന്നു. പ്രത്യേകിച്ചും മൂന്നാമത്തെ മകന്‍ കൊല്ലപ്പെട്ടതിനു ശേഷം. റോസിയെ പീഡിപ്പിക്കാന്‍ ഏറ്റവും കരുത്തന്മാരായ രണ്ടുപേര്‍ നിയോഗിക്കപ്പെട്ടതു മറ്റുള്ളവരെ മെരുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം എന്നോണം ആയിരുന്നെങ്കിലും, അടിമകള്‍ക്കിടയില്‍ റോസിയുടെ നിശബ്ദകരച്ചില്‍ പുകഞ്ഞുകൊണ്ടിരുന്നു. ഒരോ ഗോത്ര വര്‍ഗ്ഗക്കാരനും തന്റെ ഗോത്ര വര്‍ഗ്ഗ വീര്യത്തില്‍ എന്നും അഭിമാനമുള്ളവനാണ്. അതുകൊണ്ടുതന്നെ ഗ്രെഗറിയും, റോസിയും അവര്‍ക്ക് വീരനായകരായിരുന്നു. പോരാട്ടങ്ങളുടെ തുടക്കം ചിലരുടെ മനസ്സില്‍ ഉറവകുത്താന്‍ തുടങ്ങി.

ഡേവിഡ്, റോച്ച്, മാര്‍ട്ടിന്‍ എന്നിവര്‍, അവരുടെ പേരുകള്‍ അങ്ങനെ തന്നെ ആയിരുന്നോ എന്നു ചോദിച്ചാല്‍ എനിക്ക അറിയില്ല. അങ്ങനെ ആകാനാണു സാദ്ധ്യത എന്നു മാത്രം. കാരണം അടിമകള്‍ സ്വന്തം പേരു മറന്നവരല്ലായിരുവോ...? അങ്കിള്‍ ടോം കഥ ഒന്നു നിര്‍ത്തി റീനയേയും, സാമിനേയും ആന്‍ഡ്രുവിനേയും മാറിമാറി നോക്കി, താന്‍ പറയുന്ന കഥയില്‍ പിഴവുകള്‍ ഉണ്ടോ എന്നറിയാനായി കാത്തു. അവര്‍ കഥയിലെ യുക്തിഭംഗത്തെക്കുറിച്ച് വിചിന്തനം നടത്തുന്നതിനേക്കാള്‍ ഗ്രെഗറിയിലും, റോസിയിലും മനസ്സുറച്ചവരായി, അവരുടെ പിന്നാലെ അവരുടെ തേങ്ങലുകളില്‍ മനം നൊന്തവരായി പരസ്പരം നോക്കിയതെയുള്ളു റോസിയുടെ ജീവിതം എന്തായി എന്നറിയാനും, പാരമ്പര്യ മരത്തിന്റെ വേരുകള്‍ റോസില്‍നിന്നാണോ എന്നറിയാനും റീന ആകാംഷ പൂണ്ടു. ഇപ്പോള്‍ കഥയില്‍ മൂന്നു കഥാപാത്രങ്ങള്‍ കൂടി വന്നപ്പോള്‍ ഇനി എന്തേ എന്ന് അവര്‍ അങ്കിള്‍ ടോമിനെ തുറിച്ചു നോക്കി.

കാലത്തിന്റെ വിറയലും ക്ഷീണവുമായി അങ്കിള്‍ ടോം കഥ തുടര്‍ന്നു.ഡേവിഡും, റോച്ചും, മാര്‍ട്ടിനും അന്ന് മരം മുറിക്കാന്‍ ഗ്രെഗറിക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ക്ക്് സംഭവിച്ചതൊക്കെ അവര്‍ മറവില്‍ കണ്ടവരായിരുന്നു. അതുകോണ്ടു തന്നെ റോസിയോടവര്‍ക്ക് അനുകമ്പയുണ്ടായിരുന്നു. ഒളിച്ചോടാനുള്ള വഴികളെക്കുറിച്ചവര്‍ ആലോചിച്ചു. അപ്പോഴേക്കും റോസി ഗര്‍ഭിണി ആണെന്നവര്‍ തിരിച്ചറിഞ്ഞു. റോസിയെ കൂടാതെ പോകാനായി പിന്നത്തെ അവരുടെ ആലോചന. നിലാവില്ലാത്ത ഒരു രാത്രിയില്‍, റോസി മൂന്നു ദിവസമായി കഴിക്കാനുള്ള ചോളമണികള്‍ കരുതിവെച്ച പൊതിയും കൊടുത്ത് അവരെ യാത്രയാക്കി. റോസി അന്നാണ് ആദ്യമായി ചിരിച്ചത്. അത് വിമോചനത്തിനുവേണ്ടിയുള്ള ചിരിയായിരുന്നു. എങ്ങോട്ടു പോകണം എന്നവര്‍ക്കറിയില്ലായിരുന്നു,. ആദ്യം ഈ തോട്ടത്തിന്റെ അതിരുകള്‍ കടക്കുക. പിന്നെ തങ്ങളെ ഇവിടെത്തിച്ച കടല്‍ തേടുക എന്നതായിരുന്നു ലക്ഷ്യം.അവര്‍ വടക്കോട്ടുള്ള നക്ഷത്രങ്ങളെ നോക്കി നടന്നു. കാട്ടിലെ നടപ്പാതകളില്‍ അപകടം പതിയിരുപ്പുണ്ടാകും എന്നു റോസി പറഞ്ഞിരുന്നതവര്‍ ഓര്‍ത്തു. അരുവിക്കും നടപ്പാതയ്ക്കും നടുവിലൂടെ ഒളിഞ്ഞും പാത്തും നിരങ്ങിയും അവര്‍ യാത്ര തുടങ്ങി.

രണ്ടു രാവും രണ്ടു പകലും അവര്‍ നടന്നു. അവര്‍ എവിടെ എത്തി എന്നവര്‍ക്കറിയില്ലായിരുന്നെങ്കിലും, യജമാനന്റെ കാവല്‍ക്കാരില്‍ നിന്നും വളരെ അകലെന്നവര്‍ നിരൂപിച്ചു. രാത്രിയിലായിരുന്നു നടപ്പേറയും. പകല്‍ പൊന്തക്കാടുകളില്‍ ഒളിച്ചു. ഒളിച്ചു പോയവരെക്കുറിച്ചുള്ള വിവരം പെട്ടന്നു തന്നെ എല്ലാവരും അറിഞ്ഞു. അടുത്തുള്ള തോട്ടങ്ങളിലും, നടപ്പാതകളിലും നിരീക്ഷകരെ ഏര്‍പ്പാടാക്കി. തോട്ടത്തിലെ ഒരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. റോസിയുമായുള്ള അവരുടെ അടുപ്പം അറിയാവുന്നവര്‍ റോസിയെ ഒറ്റി. അവള്‍ മുക്കാലിയില്‍ കിടന്ന് ഏറ്റ അടികളൊന്നും അവളെ വേദനിപ്പിച്ചില്ല. അവള്‍ അവരെ ഒറ്റിക്കൊടുത്തില്ല. എന്നാലും മൂന്നാം ദിവസം യജമാനന്റെ കാവല്‍ക്കാര്‍ അവരെ അരുവിയുടെ തീരത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി .വേട്ടപ്പട്ടികള്‍ക്കിട്ടുകൊടുത്തു. പട്ടികള്‍ അവരുടെ കാലുകളിലെ മാംസമത്രയും കടിച്ചു കീറി. കുതിരപ്പുറത്തെ വേട്ടാക്കാരുടെ ചാട്ട അവരുടെ പുറം പൊളിച്ചെങ്കിലും അവര്‍ കരഞ്ഞില്ല. കൈകള്‍ കെട്ടി അവരെ പൊതു ശിക്ഷാ സ്ഥലത്തു നിര്‍ത്തി മറ്റടിമകളെ കാഴ്ചക്കാരായി കൂട്ടി. വിചാരണയും, വിധിയും യജമാനന്റെ അധികാരമായിരുന്നു. മൂന്നുപേരുടെയും വലതുകാല്‍ മുട്ടിനു താഴെ മുറിയ്ക്കാന്‍ വിധിയായി. അവര്‍ പരസ്പരം നോക്കി പിന്നെ റോസിയുടെകണ്ണുകളെ തേടി. റോസി അവരെ നോക്കാന്‍ ശക്തിയില്ലാത്തവളായി കണ്ണുകളെ അടച്ച്, ഗ്രെഗറിയുടെ ആത്മാവിന്റെ നിലവിളിയെ കേട്ടു.

കാലുമുറിച്ചവരെ ചോരയുണങ്ങിയപ്പോള്‍ തന്നെ പാടത്തിറക്കി. അടിമ എന്നും അടിമയായി ജീവിക്കണമെന്ന സന്ദേശം എല്ലാവരിലും എത്തി. കുറെക്കാലം എല്ലാവരും അവരവരുടെ ജോലികളില്‍ മുഴുകി. റോസി യജമാനന്റെ കണ്ണിലെ കരടും ദുസ്വപ്നവും ആയി. അവളെ വില്‍ക്കാന്‍ തീരുമാനിച്ചു. വിലപേശിയില്ല കിട്ടിയ വിലയ്ക്ക് ഇടനിലക്കാരന്‍ കച്ചോടം ഉറപ്പിച്ചു. അമ്മയും കുഞ്ഞും അല്ല അങ്ങനെ അവര്‍ പറയില്ല... അടിമയും കിടാവും എന്നു തന്നെ പറയണം - ഒറ്റക്കച്ചോടത്തിലെ ലാഭം ഇടനിലക്കാരന്റെ ചിരിയായെങ്കില്‍, ഒരശ്രികരം കൈയ്യില്‍ നിന്നും ഒഴിഞ്ഞല്ലോ എന്നാതായിരുന്നു യജമാനന്റെ ചിരി. അവര്‍ ജോര്‍ജ്ജയിലേക്കു നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക