Image

കാട്ടാളന്റെ കയ്യിലെ കുന്തം (രാജു തോമസ്)

Published on 05 February, 2024
കാട്ടാളന്റെ കയ്യിലെ കുന്തം (രാജു തോമസ്)

കരിഞ്ഞുകൂർത്തൊരു കമ്പായ് ഞാനൊരു
വേടൻകയ്യിലിരിപ്പാണ്.*
അതുമുയർത്തി കാടുനീളെ
ഓടുകയാണു നിഷാദൻ.

ഒരു നല്ലമരത്തിൻ താണ കൊമ്പായ് * ലസിച്ചൊരെന്നെയടർത്തിയെടുത്ത്
ചെത്തിക്കൂർപ്പിച്ചഗ്നിതൊടീച്ച്
ശൂലമാക്കി കാട്ടാളൻ.

അവന്റെയുന്നം സ്വർണ്ണക്കലമാൻ-
അതിന്റെ കൊമ്പിനു കിട്ടും
ബില്ല്യൺ ഡോളറിലേറെ,
ചില വിശേഷ മരത്തടിപോലെ.

അവൻ കരിച്ചുകൂർപ്പിച്ചിട്ടൊരു
കുന്തമാക്കി വളവില്ലാത്തി വടിയെ.
ഒരൊറ്റ നിമിഷം, ഒരൊറ്റയേറ്;
കനകക്കലമാൻ വീണീടും.

അവനെയയച്ചതു കാട്ടുമൂപ്പൻ
അല്ലാതാരാവും? അതിന്റെകൂടവ-
നിടയ്ക്കിടയ്ക്ക് കമ്പിൻമൂടി-
ട്ടിടിച്ചുനോക്കുവതെന്തിന്നായ്

രാജമാണിക്യം! സ്വർണ്ണക്കലമാൻ!
അതൊന്നുമില്ലിക്കാട്ടിലെന്ന്
അറിയും കമ്പിനെ വിട്ടേക്കൂ--
അതൊടിഞ്ഞോ പൊടിഞ്ഞോ പൊക്കോട്ടെ.

* ഈ സത്യാനന്തരകാലത്ത് ഇത്തരം ബിംബങ്ങളൊന്നും
പാടില്ല. ക്ഷമിക്കൂ, ഞാനൊരു ശുദ്ധകവിയല്ലേ.

* 'നന്മമരമെ'ന്നു വേണ്ടെന്നു കരുതി
1

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക