Image

ചട്ടി ( കഥ : കുമാരി എൻ. കൊട്ടാരം )

Published on 05 February, 2024
ചട്ടി ( കഥ : കുമാരി എൻ. കൊട്ടാരം )

വീടിനു മുന്നിൽ അയാളെ കണ്ടിട്ടാണെന്ന് തോന്നുന്നു ചട്ടി വിൽപനക്കാരൻ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി വന്നു.
അയാളെണീറ്റ് ചട്ടിക്കൊട്ട പിടിച്ചിറക്കി താഴെ വച്ചു. വില്പനക്കാരൻ ചട്ടികൾ ഒന്നൊന്നായി പുറത്തെടുത്ത് മുറ്റത്ത് നിരത്തി.ചെറുതും വലുതും പരന്നതും കുഴിഞ്ഞതുമൊക്കെയായി 10 ചട്ടികൾ.
ഒരു ചട്ടിയ്ക്ക് നൂറു രൂപ.

ഗ്യാസിൽ വയ്ക്കുന്നത് കൊണ്ടാവാം ചട്ടികളൊക്കെ വിണ്ടു പൊട്ടുന്നു. മീൻ കറിയുടെ ചാറിലെ വെള്ളം മാത്രം പൊട്ടലിലൂടെ അരിച്ചിറങ്ങുന്നു.ചട്ടി മേടിക്കണം. ഭാര്യ ഇന്നലെ പറഞ്ഞിരുന്നു.
പെരുന്നാളിന് വാങ്ങിക്കാം. എന്നയാൾ പറയുകയും ചെയ്തു.
അല്ലെങ്കിൽ വേണ്ട. വീട്ടിൽ പോകുമ്പോൾ അവിടുന്നെടുക്കാം. അമ്മയുടെ മരണശേഷം എത്രയോ നാളായി ഉപയോഗിക്കപ്പെടാത്ത ചട്ടികൾ അവയ്ക്കുള്ളിൽ തിളച്ചുമറിയുന്ന കറികളെ സ്വപ്നം കണ്ടു കഴിയുന്നു.അവൾ പറഞ്ഞു.

പല തരത്തിലുള്ള പുതുപുത്തൻ ചട്ടി കാണുമ്പോൾ അവൾക്ക് സന്തോഷമാകും വിലപേശി നോക്കാം. വില കുറച്ച് വാങ്ങിച്ചതാണെന്നറിയുമ്പോൾ അവൾക്ക് കൂടുതൽ സന്തോഷമാകും.

പത്ത് ചട്ടിയ്ക്കും കൂടി എത്ര രൂപയാകും അയാൾ ചോദിച്ചു .
"അമ്പത് കുറച്ച് 950-ന് തരാം.''
"വേണ്ട."
"100 കുറച്ച് 900-ന് "
" വേണ്ട. ചട്ടി ആവശ്യമുണ്ടായിട്ടല്ല നിങ്ങൾ വന്നതുകൊണ്ട് നോക്കിയെന്നേയുള്ളൂ.500 - നാണെങ്കിൽ മുഴുവനുമെടുക്കാം."
"ഇല്ല.പത്ത് രൂപ പോലും ലാഭം കിട്ടില്ല."
പിന്നെ അയാൾ ചട്ടി നിർമ്മാണത്തേക്കുറിച്ചും അതിൻ്റെ കയറ്റിറക്ക് കൂലിയേക്കുറിച്ചും മുതലാളിയെ ഏൽപിക്കേണ്ട തുകയേകുറിച്ചുമൊക്കെ തമിഴ് മലയാളത്തിൽ വിശദീകരിച്ചു.
" 600 രൂപ അതിൽ കൂടുതൽ പറ്റില്ല. അത് തന്നെ ഉണ്ടോന്നറിയില്ല. നോക്കട്ടെ എന്ന് പറഞ്ഞ് അകത്തേക്ക് കയറിയ അയാൾ ഫോണെടുത്ത് ചട്ടിക്കാരൻ പോകുന്ന വഴിക്കിരുവശവുമുള്ളവരെ വിളിച്ചു.
600 ന് മുതലാകില്ല എന്ന് പറഞ്ഞ് ചട്ടിക്കാരൻ ചട്ടികൾ തിരികെ കുട്ടയിൽ വച്ചു. അയാൾ തലയിലേറ്റിക്കൊടുത്തു
.
ഗേറ്റ് കടന്നിട്ട് ചട്ടിക്കാരൻ പറഞ്ഞു.:
"850-ന് തരാം"
"വേണ്ട"
കുറച്ചു ദൂരം പോയിട്ട് തിരിയെ വന്നു പറഞ്ഞു: 200 രൂപ കുറച്ചു തരാം."
:" വേണ്ട.600നാണെങ്കിൽ മതി"
ചട്ടിക്കാരൻ വിഷമത്തോടെ തിരിഞ്ഞു നടന്നു.
പിന്നീട് ചട്ടിക്കാരൻ കയറിയ വീട്ടുകാരെല്ലാം ഒരു ചട്ടിക്ക് 50 രൂപയിൽ കൂടുതൽ പറഞ്ഞില്ല.

അയാൾ ഒന്നും സംഭവിക്കാത്ത പോലെ
കവലയിലേക്കെന്ന പോലെ നടന്നു.
വിഷണ്ണഭാവത്തിൽ നില്ക്കുന്ന ചട്ടിക്കാരനെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നടന്ന അയാളെ ചട്ടിക്കാരൻ കൈകൊട്ടി വിളിച്ചു.
"600 എങ്കിൽ 600 എടുക്കണം സർ.വീടുകൾ കയറിയിറങ്ങി മടുത്തു."
"ഏയ് എനിക്ക് വേണ്ട,600 അപ്പോൾ പറഞ്ഞതല്ലേ.
"500 ആണെങ്കിൽ പത്തും എടുക്കാം."
"5 50 എങ്കിലും "
"ശരി 550. എനിക്കിത്രയും ചട്ടി വേണ്ടിയിട്ടല്ല . നിങ്ങൾക്കൊരുപകാരമാകട്ടെ എന്ന് കരുതി "
"ചട്ടിക്കാരൻ അയാളോടൊപ്പം തിരിയെ വന്നു.ചട്ടികളെല്ലാം മുറ്റത്ത് നിരത്തി."
"എന്തിനാ ഇത്രയും ചട്ടി.?"
അയാൾ പോയ സമയം ഭാര്യ വീട്ടിലെത്തിയിരുന്നു.
"10 എണ്ണം 550 രൂപയ്ക്ക് കിട്ടി."
"ഓഹോ "
അവൾ 5ചട്ടിയെടുത്ത് കുട്ടയിൽ തിരിയെ വച്ചു.
എന്നിട്ട് പറഞ്ഞു:
"ചട്ടിയാണെങ്കിലും അതിന് അതിൻ്റേതായ വിലയുണ്ട്. ഭാര്യയെ കാണുന്ന കണ്ണു കൊണ്ട് അതിനെ കാണരുത് "

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക