Image

മായാമാധവം ( കഥ : ഗോപൻ അമ്പാട്ട് )

Published on 03 February, 2024
 മായാമാധവം ( കഥ : ഗോപൻ അമ്പാട്ട് )

കോളേജിനു  മുന്നിലെ പഴയ കെട്ടിടത്തിനോട് ചേർന്നു  നിൽക്കുന്ന അരണ മരങ്ങൾ പടിഞ്ഞാറു നിന്നെത്തുന്ന കാറ്റിൽ
ഉലഞ്ഞുകൊണ്ടിരുന്നു. സുവർണ്ണ  ജൂബിലി ടവറിലെ വലിയ ഘടികാരം രണ്ടു മണിയടിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു കാണും. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ആളു കുറവാണ്‌. രാവിലെ  രണ്ടു മണിക്കൂർ ക്ലാസ്സെടുക്കേണ്ടി വന്നു. അവസാന ക്ലാസ്സ്‌ നീണ്ടു പോയി.

ഷേക്സ്പിയർ പഠിപ്പിക്കുമ്പോൾ എപ്പോളും ഇങ്ങനാണ്. ഒരു മണിക്കൂർ തികയില്ല. മെർച്ചന്റ് ഓഫ് വെനീസ് ഏറ്റവും പ്രിയപ്പെട്ട രചനയിലൊന്നാണ്. സമയം പോയതറിഞ്ഞില്ല. കുട്ടികൾ തടഞ്ഞുമില്ല. ഒന്നര കഴിഞ്ഞപ്പോളാണ് ആ അധ്യായം  തീർന്നത്.പിജി ക്ലാസല്ലെങ്കിൽ കുട്ടികൾ ഇത്ര ക്ഷമയോടെ ഇരിക്കില്ല. അവർ ഉച്ചഭക്ഷണം കഴിക്കാൻ വൈകി.  ഇനി മുതൽ  ശ്രദ്ധിക്കണം.

ഓമനയമ്മ തന്നു വിട്ട ടിഫിൻ ബോക്സ്‌  തുറന്നു. ഉള്ളിത്തീയലിന്റെ കൊതിപ്പിക്കുന്ന ഗന്ധം.  . . ബീറ്റ്റൂട്ട് തോരനും, വാഴയ്ക്ക ഉപ്പേരിയും, തേങ്ങ ചുട്ടരച്ച ചമ്മന്തിയും. ഒരു പാത്രത്തിൽ കട്ടിമോരും. അമ്മിണിയമ്മക്ക് പ്രായം അറുപത്തഞ്ച്  ആയെങ്കിലും നള പാകമാണ്. ആയമ്മയെ കിട്ടിയത് ഭാഗ്യം.  

വയസ്സുകാലത്ത്  ഒരു മോനെ  കിട്ടി എന്ന് അമ്മിണിയമ്മ പറയും. പാവം രണ്ടു പെൺകുട്ടികളായിരുന്നു. ഒരാൾ  അപകടത്തിൽ മരിച്ചു. രണ്ടാമത്തെ മോള് ഭർത്താവിനോപ്പം നാഗാലാ‌ൻഡിലാണ്. ഭർത്താവിന്റെ കുടുംബവും അവിടാണ്. അമ്മിണിയമ്മക്ക് നാട് വിട്ടു പോകാൻ ഇഷ്ടമല്ല. ദിവസവും കൃഷ്ണഭഗവാനെ തൊഴണമല്ലോ. കഴിഞ്ഞ വർഷം  രണ്ടാഴ്ച്ച  മോളുടെ അടുത്ത്  പോയിനിന്നു. നമുക്ക് നമ്മുടെ നാട്‌ മതിയേ എന്നു പറഞ്ഞു തിരികെ പോന്നു.  അവിടുള്ള അമ്പലങ്ങൾ മുറുക്കാൻ കട പോലെയാണ് എന്നാണ് പരാതി. പോരാത്തതിന് എലിയെ തിന്നുന്ന മനുഷ്യരും.  ഇനിയങ്ങോട്ടില്ല എന്ന മട്ടാണ്.

ഒരു വർഷത്തോളമായി കൂടെയുണ്ട്. സന്ധ്യാ സമയത്ത് പതിഞ്ഞ ശബ്ദത്തിൽ നാമം ചെല്ലുന്നതു കേൾക്കുമ്പോൾ അമ്മയുടെ ഓർമ്മ വരും. ആകെയുള്ളൊരു കുഴപ്പം  കല്യാണം കഴിക്കാൻ എന്നും നിർബന്ധിക്കും എന്നതു മാത്രമാണ്. മുപ്പത്തെട്ടു വയസ്സായ കോളേജ് വാദ്ധ്യാർ പെണ്ണു കെട്ടാത്തത് അവർക്കത്ഭുതമാണ്. ഈ സ്വത്തൊക്കെ അന്യാധീനപ്പെടുമല്ലോ എന്റെ കൃഷ്ണാ  എന്ന് ഇടയ്ക്കിടെ പറയും. നിർബന്ധം. കലശലായപ്പോൾ ഇന്നു രാവിലെ  മായയുടെ കാര്യം പറയേണ്ടി വന്നു.

ഇരുപതു വർഷം മുൻപാണ് മായയെ  ആദ്യം കാണുന്നത്.   ആദ്യവർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന്  ക്യാമ്പസ്സിലെ മരത്തണലിൽ കൂട്ടുകാരൊത്ത് സൊറ പറഞ്ഞിരിക്കുമ്പോൾ ഓഫീസിന്റെ നടയിറങ്ങി വന്ന പെണ്ണിന് എന്തോ പ്രത്യേകത ഉണ്ടല്ലോ എന്നു തോന്നി. വിടർന്ന കണ്ണുകൾ, അല്പം ചുരുണ്ട മുടി തോളിനു താഴെ വെട്ടിയിട്ടിരിക്കുന്നു. അത്ര മെല്ലിച്ചതല്ല എന്നാൽ തടിച്ചിട്ടുമില്ല. കടും പച്ച ചുരീദാർ അവൾക്കു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു . ഒന്നാം വർഷം ചേരാനെത്തിയതാണ്‌. കുറെക്കാലമായി പരിചയമുള്ള ഒരാൾ എന്നാണ്  തോന്നിയത്. കണ്ണിൽ നിന്നു മറയും വരെ നോക്കിയിരുന്നു.

രണ്ടു മാസത്തിനു ശേഷമാണ്‌ മായയുടെ  ക്ലാസ്സ്‌ തുടങ്ങിയത്. ലൈബ്രറിയിൽ വെച്ച് പലവട്ടം കണ്ടു. എനിക്ക് പ്രിയപ്പെട്ടതെന്തോ അവളിലുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പിന്റെ  കാലത്ത് വോട്ടു ചോദിച്ച്  കൂടുതൽ  അടുത്തു. മാഗസിൻ  എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട അന്ന്  അവളോടെന്റെ ഇഷ്ടമറിയിച്ചു. ഒരാഴ്ച കഴിഞ്ഞു മറുപടി കിട്ടാൻ.  ലോകം നിശ്ചലമായ ഏഴു ദിവസ്സം. ഒടുവിൽ വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒന്നും  ചെയ്യില്ല എന്ന ഉപാധിയിൽ അവളെന്റേതായി. അച്ഛന്റെയും അമ്മയുടെയും ഒറ്റ മോൾക്ക് അങ്ങനെയല്ലേ പറയാൻ കഴിയൂ. കലാലയ ജീവിതത്തിന്റെ എല്ലാ ചാരുതയോടും കൂടിയ  നാലു വർഷം.

പിജി  കഴിഞ്ഞിറങ്ങുമ്പോൾ അവൾക്ക്   എം എ രണ്ടാം വർഷം തുടങ്ങിയിട്ടേയുള്ളൂ. പി എച്ഛ് ഡി  ചെയ്യുന്ന കാലത്തും ഒരു വർഷം അവളെക്കാണാൻ കോളേജിൽ തന്നെയായിരുന്നു. ഒരിക്കൽ അവളോടൊപ്പം സിനിമ കാണാൻ പോയി. ഇരുട്ടിൽ അവളോട്‌ ചേർന്ന് കൈകൾ കോർത്തിരുന്നപ്പോൾ സ്വർഗം ഭൂമിയിലേക്കിറങ്ങി വന്നിരുന്നു. എല്ലാ  സന്തോഷവും അനുഭവിച്ച ദിവസങ്ങൾ.  

മായയുടെ  ക്രിസ്മസ് വെക്കേഷൻ കാലത്ത്  രണ്ടു ദിവസത്തെ ഉല്ലാസ യാത്രക്കായി കുടുംബത്തോടൊപ്പം ഊട്ടിയിൽ പോയ മായയും മാതാപിതാക്കളും തിരികെ വരുമ്പോൾ  കാറ് ഒരു ലോറിയുമായി കൂട്ടിയിടിച്ചു.  അമ്മ അവിടെ വെച്ചു തന്നെ മരിച്ചു. മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയിൽ വെച്ച് അച്ഛനും. മായയുടെ ജീവൻ രക്ഷിക്കാനായെങ്കിലും അവളുടെ ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. താനാരാണെന്നു പോലും അറിയാതുള്ള ജീവിതം.

ഇപ്പോൾ  മാമന്റെ കൂടെ ഒറ്റപ്പാലത്താണ്. എല്ലാ മാസവും പോയി കാണും. ചിലദിവസം ചിരിക്കും, മറ്റു ചിലദിവസം കണ്ണു തുറക്കുകേ ഇല്ല. എങ്കിലും  അവളുടെ ഒപ്പമിരിക്കുമ്പോൾ പണ്ടത്തെ നല്ല നിമിഷങ്ങൾ കൂടെ വരും. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പെണ്ണ്. മനസ്സിന്റെ ചുവരിൽ ഒരിക്കലും മായ്ച്ചെഴുതാനാവാത്ത മുഖമാണവളുടേത്. ഇനിയൊരു വിവാഹം എനിക്കില്ല. കഥ കേട്ട അമ്മിണിയമ്മ നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി മുകളിലേക്കു നോക്കിയിരുന്നു.

വൈകുന്നേരം  വീട്ടിൽ  ചെല്ലുമ്പോൾ അമ്മിണിയമ്മ നിലവിളക്കു മിനുക്കുകയാണ്. വീടാകെ  തുടച്ചു  വൃത്തിയാക്കിയിരിക്കുന്നു. ചിലദിവസം  ഇങ്ങനയാണ്. പ്രായമൊന്നും  നോക്കില്ല. ചായ നീട്ടുമ്പോൾ അമ്മിണിയമ്മക്ക് എന്തോ പറയാനുണ്ടെന്നു  തോന്നി. ചോദിച്ചപ്പോൾ മടിച്ചു മടിച്ചു പറഞ്ഞു.

പകലു മുഴുവൻ ഞാനാ കുഞ്ഞിന്റെ കാര്യമോർത്തു. ഒരു താലി കെട്ടി നമുക്കിങ്ങോട്ട് കൊണ്ടു വന്നാലോ.. മായമോളെ  ഞാൻ നോക്കിക്കോളാം പോന്നു പോലെ.
അമ്മിണിയമ്മയുടെ  കണ്ണിൽ  നനവുണ്ട്. ഈ സാധു സ്ത്രീ ആകാശത്തോളം വളരുന്നു. അറിയാതെ കൈകൾ കൂപ്പി. ഹൃദയം തരളിതമാവുന്നു. ശരിയല്ലേ  അമ്മിണിയമ്മ പറഞ്ഞത്. ഒരിക്കൽ ഇക്കാര്യം  മായയുടെ  മാമനോട് സൂചിപ്പിച്ചതുമാണ്. ഇവളുണ്ടെങ്കിൽ മധുസാറിന് ജോലിക്ക് പോകാനൊന്നും പറ്റില്ല എന്നു പറഞ്ഞു തടഞ്ഞു.

ഇവിടെ വീട് വയ്ക്കുന്നതിനു മുൻപാണത്. മാഷുമാരുടെ കൂടെ വാടകക്കായിരുന്നു താമസം   പക്ഷെ അതൊന്നും തടസ്സമായിരുന്നില്ല. എന്നേ അവളെ കൊണ്ടുവരാമായിരുന്നു.

പിറ്റേന്ന്  അമ്മിണിയമ്മക്കൊപ്പം ഒറ്റപ്പാലത്തിനു കാറോടിക്കുമ്പോൾ മാധവനുണ്ണിയുടെ  മനസ്സ്  ഇത്ര നാൾ  ലഭിക്കാതെ പോയ  സമാധാനം അറിയുന്നുണ്ടായിരുന്നു . ആകാശം ഏറെ നേരം  മൂടിയിരുന്ന   മേഘപാളികൾക്കിടയിൽ നിന്നും സൂര്യൻ പുറത്തേക്കു വന്നു. പ്രകാശത്താൽ ഭൂമി വെട്ടിതിളങ്ങി. ലോകം ആനന്ദത്താൽ നൃത്തം വെക്കുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക