Image

ജീവനുള്ള കളിപ്പാവ (കവിത: ഇയാസ് ചൂരൽമല)

Published on 02 February, 2024
ജീവനുള്ള കളിപ്പാവ (കവിത: ഇയാസ് ചൂരൽമല)

നിറവയറു തടവി
ഏങ്ങിക്കരയുന്ന നേരം
ആ മാതാവ് പറഞ്ഞു
ഈ കുഞ്ഞ് പകരം ചോദിക്കും
അറ്റുപോയ എന്റെ
സ്വപ്നങ്ങൾക്കും
തൂക്കിലേറ്റപ്പെട്ട എന്റെ 
നല്ല നാളുകൾക്കും.

അപ്പോഴും സാക്ഷിയായ്
അറ്റു വീണ പാതിയുടെ
ചലനമറ്റ ശരീരം മുന്നിൽ
വെള്ള പുതച്ചു, പൊടിപിടിച്ചു
കിടപ്പുണ്ടായിരുന്നു.

ഗർഭപാത്രത്തിലിരുന്ന് 
ആ കാതിൽ പതിഞ്ഞത്
സ്ഫോടനശബ്ദങ്ങൾക്കിടയിലെ
ഉച്ചത്തിലുള്ള നിലവിളികളും.

പിറന്നു പിച്ചവെച്ചതും
ബാല്യം തളിർത്തതും
എവിടെയെന്നു പോലുമറിയാത്ത
സുസ്ഥിരമല്ലാത്ത
അഭയാർത്ഥിയിടങ്ങളിൽ.

കൂടെക്കളിക്കും കൂട്ടുകാരിയുടെ
ഇടനെഞ്ചിൽ വന്നു പതിച്ച
ബോംബിൻ ചീളുകളും,
എവിടേക്കെന്നറിയാതെ
ഓടിയൊളിക്കും, ആർത്തുകരയും
അരികിലെ ചിത്രങ്ങളുമായിരുന്നു
ആ ഹൃത്തിൽ കല്ലു കയറ്റി വെച്ചത്.

കളിക്കോപ്പുകൾ
പിടിക്കേണ്ട കൈകൾ
തോക്കുകൾക്ക് നേരെ
ഇടർച്ചയില്ലാതെ ആദ്യമൊന്ന്
കല്ലെടുത്തുപിടിച്ചപ്പോൾ
ആരും തിരുത്തിയില്ല
കഴിഞ്ഞു പോയ ദുരന്തങ്ങളുടെ
പ്രതികാരമോർത്തു 
ആ മാതാവോ ചിരിച്ചു തുള്ളി.

എന്തിനെന്നറിയാതെ
എന്തുകൊണ്ടെന്നറിയാതെ
ആ ചിത്രം ലോകമാകെയും
തിരുത്തപ്പെടാതെ
അലഞ്ഞു നടന്നു.

അതെ; അവിടെയാണ്
പുതിയൊരു ക്രൂരത
മുളച്ചു തുടങ്ങിയത്.
കാരണം പോലുമറിയാതെ
കൊലചെയ്യാനും, ചെയ്യപ്പെടാനും
പാകത്തിലായ്
ആ ഞരമ്പുകൾ
ബലം വെച്ചു തുടങ്ങിയത്.

അതാ അവിടെയൊരു മാതാവ്
ഉച്ചത്തിൽ വിളിച്ചു പറയുന്നു
ഞാനും ബീജം ചുമക്കും,
ഒരു കുഞ്ഞിനു ജീവൻ നൽകും
ഹിസ്‌ബുല്ലാക്ക് ധാനം നൽകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക