Image

സുന്ദരി പൂവ് (കഥ: ഗംഗാദേവി)

Published on 01 February, 2024
സുന്ദരി പൂവ് (കഥ: ഗംഗാദേവി)

ഇന്നെൻ്റെ വനികയിൽ വിരിഞ്ഞ പൂക്കൾ ; പടർന്നു പന്തലിച്ചു വള്ളിപ്പടർപ്പുകൾക്കിടയിലെ പച്ചിലകൾക്കിടയിലൂടെ ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു; പനിനീർപ്പൂവിൻ്റെ നിറമെങ്കിലും രാജകുമാരിയല്ല. മറ്റുള്ളവരെ വശീകരിക്കുന്ന സുഗന്ധമോ തലയെടുപ്പോയില്ല. ആരും ശ്രദ്ധിക്കാതെ പൊന്തക്കാടുകളിൽ ആർത്തുല്ലസ്സിച്ചു നിൽക്കുന്ന വള്ളിപടർപ്പിൽ വിരിയുന്നു.ഈ പൂവ് എല്ലാവരും കണ്ടിട്ടുണ്ട് പക്ഷേ പല നാട്ടിലും പല പേരുകൾ ''പേരിലും അവഗണന പൂജയ്ക്കെടുക്കാത്ത പൂക്കളിൽ പെട്ടത്. പരിഭവമില്ലാതെ പരാതിയില്ലാതെ ഭൂവിനെ നോക്കി പുഞ്ചിരിതൂകുന്നു. 'ഇവ കുല കുലയായി വിരിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല രസ മാണ്. ആദ്യം വെള്ളയായി പിന്നെ കുറച്ചുകൂടെ വലിയ ഇദളുകൾ പിങ്ക് നിറത്തിൽ വിരിയുന്നു. ഒരാഴ്ച്ച പൂത്തു നിൽക്കും. കാട്ടുപൂവെങ്കിലും ഭൂമിയെ നോക്കി ചിരി തൂകുന്ന പൂവ് ഇതു മാത്രമാണെന്നുതോന്നാറുണ്ട്.

            ഞങ്ങളുടെ മന്നാടിക്കാവിലെ മരങ്ങളെ പൊതിഞ്ഞ് ഇവനിൽ ക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മയാണ് 'ഒരിക്കൽ കാവ് വൃത്തിയാക്കുന്നവർ ഇതിൻ്റെ തൈ പറിച്ചു കളഞ്ഞിരിക്കുന്നത് കണ്ട് അതിൽ നിന്ന് ഒരെണ്ണം എടുത്തു. ഞാൻ അത് എടുക്കുന്നതു കണ്ട് ഒരാൾ പറഞ്ഞു കാടുപോലെ വളരും ഞാൻ തലയാട്ടി കൊണ്ട് അതും എടുത്തു നടന്നു. '' ഒരു വർഷമായി അത് നട്ടിട്ട്. പൂവിട്ടോ എന്നു നോക്കി വിഷമിച്ചിരിക്കുകയായിരുന്നു. ഇന്നലെ തൂത്തുവാരുമ്പോൾ ഒരു പൂനിലത്തു കിടക്കുന്നു. വേഗം തലപ്പൊക്കി നോക്കിയപ്പോൾ ഞാൻ വിരിഞ്ഞേ എന്ന് പറഞ്ഞ് കള്ളച്ചിരിയും പാസാക്കി നിൽക്കുന്നു. ഒരാളേതാഴെ വീണു ള്ളൂ ബാക്കി ഞങ്ങൾ ഇവിടുണ്ട് എന്ന് പറഞ്ഞ് അവ തലയാട്ടി. പനിനീർ പൂവിരിഞ്ഞ സന്തോഷം തോന്നി എനിക്ക് 'വേഗം ഫോൺ എടുത്ത് ഒരു പടം എടുത്തു.. പിന്നെ മനസ്സ് ഈ പൂവും ബാല്യകാലവും ഇതിൻ്റെ പേരും '
             ഞങ്ങളുടെ നാട്ടിൽ ഇതിനെ ശവ ന്നാറി എന്നാണ് പറയാറ്..പക്ഷേ ആ പേര് അല്ല എന്ന് അറിയാം.. പിന്നെ വൃക്ഷവൈദ്യൻ ബിനുമാഷിന് ചിത്രം കൊടുത്ത് ചോദിച്ചു അദ്ദേഹം ഒരു പേരു പറഞ്ഞു ആ പേരിനോട് എനിക്ക് യോജിക്കാൻ വളരെ പ്രയാസമായിരുന്നു എങ്കിലും നമ്മുടെ ഗൂഗുൾ ആൻ്റി തറപ്പിച്ചു പറഞ്ഞു മാഷ് പറഞ്ഞത് വളരെ ശരിയാണെന്ന് .ശവന്നാറി എന്നതിൽ നിന്ന് കുലമറിഞ്ഞിയിലേയ്ക്ക് അങ്ങ് മറിഞ്ഞു.

             എന്തായാലും ഈ പൂവ് ഞങ്ങളുടെ ബാല്യകാല ജീവിതത്തിലെ ഒരു കഥാപാത്രമാണ്. അതിനാലാണ് ഈ ചെടി കൊണ്ട് നട്ടത്. കുട്ടിക്കാലത്ത് ഓണം ക്രിസ്തുമസ്സ് വലിയ അവധികൾ വരുമ്പോൾ ഞങ്ങൾ കുട്ടികൾ തറവാട്ടിൽ ഒത്തുകൂടും. പമ്പാ നദിയുടെ തലോടലേറ്റ് ശർക്കരെശി മാവിൻ്റെ കാറ്റെറ്റു നിൽക്കുന്ന ഞങ്ങളുടെ തറവാട്. പിള്ളാർ സംഘത്തെ സന്തോഷത്തോടെ സ്വീകരിക്കുന്ന വലിയ കൊച്ചാട്ടനും സുരേച്ചിയും (സുഭദ്ര ചേച്ചി) ഓ.... എത്ര സുന്ദരമായിരുന്നു ആ കാലം. കരയിലും വെള്ളത്തിലുമായി കളിച്ചു തിമർത്തനിമിഷങ്ങൾ..... അക്കരെ ഈ പൂക്കൾ കുലകുലയായി വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല രസമായിരുന്നു. ഇടയ്ക്ക് പൂക്കൾ കൊഴിഞ്ഞ് വെള്ളത്തിലേയ്ക്ക് വീഴുമ്പോൾ അവയെ സ്വീകരിച്ച് പുഴ ചിരിച്ചു കൊണ്ട് ഒഴുകുന്നു. അകലെ നിന്ന് അതിൻ്റെ സൗന്ദര്യം ആസ്വദിക്കും. ഒരിക്കൽ കുളികളികഴിഞ്ഞ് ഞങ്ങൾ കടവിൽ നിന്ന് കേറി . പെട്ടെന്ന് ജോച്ചി (ജോതി ചേച്ചി) പുഴയിലേയ്ക്ക് ചാടി അക്കരയ്ക്ക് നീന്തി. ഇന്നായിരുന്നു ഇങ്ങനെ ചാടിയാൽ എല്ലാവരും ഭയപ്പെടും. അന്ന് വെള്ളത്തിൽ ചാടി മറിയുമ്പോൾ അപകടഭയം ആർക്കും ഇല്ലായിരുന്നു. ജോച്ചിആവേശത്തോടെ നീന്തുന്നതു നോക്കി ഞങ്ങൾനിന്നു. ഞങ്ങൾ പത്തു പേരുണ്ട്. ജോച്ചി അക്ക രെ പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കൾ പറിച്ച് തിരിച്ച് നീന്തി തുടങ്ങി.... പൂക്കൾ തലയ്ക്ക് മുകളിൽ പിടിച്ചാണ് നീന്തുന്നത് . അതു കണ്ടാൽ ഒളിബിക്സ് ദീപശിഖ പിടിച്ച് വരുകയാണെന്ന് തോന്നും. ഞങ്ങൾ എല്ലാവരും ചിന്താകുലരായി. പൂജയ്ക്കെടുക്കാത്ത പൂക്കൾ പറിച്ച തെന്തിനാണ്. തേവാരത്തിൻ്റെ മുമ്പിൽ വെറുതെ പോലും വയ്ക്കാൻ പറ്റില്ല. ജോച്ചിയ്ക്ക് വട്ടയി എന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു. കരയ്ക്ക് വന്ന് കൽപടിയിൽ ഇരുന്നു. പൂക്കളുടെ നിളമുള്ള തണ്ടു കൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പിണച്ച് മാലയാക്കി.  ജോച്ചിയ്ക്ക് ഉച്ചക്കിറുക്കാണെന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു. ഈ മാല ആരുടെ കഴുത്തിലിടാനാണ് എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അങ്ങോട്ടേയ്ക്ക് കല്ലൂര് മഠത്തിലെ ദീപ ചേച്ചിയുടെ വരവ് .ഉടനെ ജോച്ചി വെള്ളത്തിൽ നിന്ന് കരെറി ആ മാല ദീപ ചേച്ചിയുടെ കഴുത്തിലിട്ടു കൊടുത്തു. ഞങ്ങൾ കൈ അടിച്ചു. കഥ അറിയാതെ ദീപ ചേച്ചി ആ മാലയുമായി നിന്നു. അങ്ങനെ ആ പൂക്കൾ ഞങ്ങളുടെ കളിക്കൂട്ടുകാരായി ............. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക