Image

ആത്മായനം (കവിത: സുഭദ്ര സതീശൻ)

Published on 31 January, 2024
ആത്മായനം (കവിത: സുഭദ്ര സതീശൻ)

അറിവിന്റെയമ്പിനാലെന്നിലെ-
ത്താടകാരൂപത്തെയില്ലാതെയാക്കൂ രാമാ
ഒടിയട്ടെ വീണ്ടു, മഹന്താത്രയംബകം
വന്നെന്നിലെ സീതയെ വേൾക്കൂ രാമാ
ഞാനാകും രാജ്യം ത്യജിക്കൂ രാമാ
എന്നിലെക്കാനനം പൂകു രാമാ
കൊതിയോടെ നിന്നെക്കൊതിച്ചവളാകുമീ
ശൂർപ്പണഖാമുഖം നോക്കു രാമാ
പ്രണയക്കുതിപ്പോടെയൊഴുകുന്ന ചോരയിൽ-
ക്കുതിരട്ടെ വീണ്ടുമെൻ മാറിണകൾ..
ഒരിടത്തിരിക്കാതെയെന്നിൽക്കുതറുമീ
മോഹമൃഗത്തെ വധിക്കു രാമാ..
കൂട്ടായെനിക്കു നീ, നിർത്തിയ
ലക്ഷ്മണവാക്കിനെ- ത്തട്ടിക്കളഞ്ഞവൾ ഞാൻ..
പത്തുതലയിൽപ്പുകയും പകയുമായ്
രാക്ഷസരാജാവായെത്തൂ രാമാ..
എന്നിലെ ലങ്കയിൽ,
ഞാനാം വനികയിൽ
ശിംശപച്ചോട്ടിലിരുത്തു, രാമാ
അത്രമേൽ, ക്കേണുവിളിക്കുകിൽ-
ക്കനിവോടെ,യെത്രയും വേഗമണയൂ രാമാ
എന്നിലെ രാക്ഷസവംശത്തെയൊക്കെയു-
മൊന്നൊഴിയാതെയൊടുക്കൂ രാമാ
കണ്ണീരുവീണുതെളിഞ്ഞുകത്തും തീ- യിലെന്റെ  സ്വപ്നങ്ങൾ വിതയ്ക്കു രാമാ
ഞാനാകും നാടിനെ നേടൂ രാമാ
ഒട്ടും മടിയാതെയെന്നിലെ സീതയെ
ഞാനാകും കാട്ടിൽ, ക്കളയൂ രാമാ
ഇനിയുമൊരു മൺകുഞ്ഞായിവിടെ-
പ്പിറക്കുവാൻ മോഹിക്കുമെന്നെ മറക്കൂ രാമാ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക