Image

ജര്‍മ്മനിയില്‍ നിന്നും ഒരുപിടി മണ്ണ് (കഥ: മുക്കാടന്‍)

Published on 30 January, 2024
ജര്‍മ്മനിയില്‍ നിന്നും ഒരുപിടി മണ്ണ് (കഥ: മുക്കാടന്‍)

പതിവുപോലെ പ്രഭാത സവാരിക്ക് പോകുന്നതിന് മുമ്പ് അവളുടെ വിശാലമായ നെറ്റിത്തടത്തില്‍ ഒരുമ്മ കൊടുക്കാന്‍ തുടങ്ങിയതാണ്. പെട്ടെന്ന് തലേന്ന് രാത്രിയില്‍ വായിച്ച പുസ്തകത്തില്‍ വിശ്വവിഖ്യാത കവിയായ റോബര്‍ട്ട് ബ്രൗണിംഗിന്റെ ഭാര്യ എലിസബത്ത് ബ്രൗണിംഗ് തന്റെ പ്രിയ ഭര്‍ത്താവിനെക്കുറിച്ച് എഴുതിയത് ഓര്‍മ്മ വന്നു: 'ബ്രൗണിംഗ് എന്റെ വിരലുകളിലാണ് ആദ്യം ചുംബനം കൊത്തിവെച്ചത്.
പൊടുന്നനെ അത് വെണ്മ നിറഞ്ഞതും അതിവിശുദ്ധവുമായി'

കവിതപോലെ ഭാര്യയെ സ്‌നേഹിച്ചിരുന്ന ബ്രൗണിംഗ് മനസ്സു തൊട്ട് ഭാര്യയുടെ കൈവിരലുകള്‍ ചുംബിച്ചു. പ്രായം തൊക്കില്‍ തൊങ്ങല്‍ ചാര്‍ത്തിയിട്ടും മൃദുലമായ മോതിര വിരലിലെ വിവാഹമോതിരം എന്റെ കണ്ണില്‍പ്പെട്ടു. മോതിരത്തില്‍ പതുക്കെ ഒന്നു തലോടി. പെട്ടെന്ന് ഉറക്കച്ചടവുണ്ടായിരുന്നിട്ടും അവളുടെ കണ്ണുകള്‍ വികസിച്ചു. നെറുകയില്‍ ഒരു ചുംബനം കൂടി നല്‍കി.

'ഒന്നു നടന്നിട്ടു വരാം....'
അവള്‍ തല ചലിപ്പിച്ച് സമ്മതിച്ചു.

ദിവസവുമുള്ള പ്രഭാത സവാരിക്ക് അഞ്ചരമണിയോടെ ഞാന്‍ പുറപ്പെട്ടു.
നടത്തം കഴിഞ്ഞ് ആറരയോടെ തിരികെ വന്ന് അവളെ ഉണര്‍ത്താതെ നേരെ അടുക്കളയില്‍ കയറി രണ്ടുപേര്‍ക്കുള്ള കോഫി തയ്യാറാക്കി ചെറിയ ഫ്‌ളാസ്‌കില്‍ ഒഴിച്ചു തീന്‍മേശയുടെ പുറത്തുവെച്ചു. നേരേ കിടപ്പുമുറിയിലെത്തി പതിവുപോലെ അവളെ അവള്‍ക്കിഷ്ടമുള്ള ജര്‍മ്മന്‍ ഭാഷയില്‍ വിളിച്ചു.

'റോസി മൈന്‍ ഷേറ്റ്‌സിയന്‍, കോം സ്റ്റേ ഔഫ്, കഫേ ഈസ്റ്റ് ഷോണ്‍ ഫെര്‍ട്ടിഗ്' (റോസി, എന്റെ പൊന്നെ, എഴുന്നേറ്റേ കോഫി ഇട്ടുകഴിഞ്ഞു.)

സാധാരണ ഒന്നു മൂളിയിട്ട് അഞ്ചു മിനിറ്റ് കൂടി കിടന്നിട്ടെ അവള്‍ എണീക്കാറുള്ളൂ. പക്ഷേ അന്നേരം അവളില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാന്‍ കിടപ്പുമുറിയുടെ ജനലിന്റെ കര്‍ട്ടന്‍ പകുതി മാറ്റി രണ്ടു വശത്തേക്കും വച്ചുകഴിഞ്ഞപ്പോള്‍ പ്രഭാത സുര്യന്റെ വെളിച്ചം മുറിയിലേക്ക് ചാറി വീണു. ഞാന്‍ വീണ്ടും അവളെ വിളിച്ചു:

'റോസി എഴുന്നേല്‍ക്കൂ കാപ്പി കുടിക്കാം പത്രം വായിക്കാം, ഇന്ന് നല്ലൊരു ദിവസമാണെന്ന് തോന്നുന്നു. വെയില്‍ കനത്തു തുടങ്ങിയിരിക്കുന്നു.'

കഴിഞ്ഞ കുറേ ദിവസങ്ങളിലെ തോരാത്ത മഴയ്ക്ക് ശേഷം അസുലഭമായി കിട്ടിയ സൂര്യപ്രകാശം ആസ്വദിക്കാം എന്നു വിചാരിച്ചിട്ടാണ് ഞാനവളെ വീണ്ടും വണ്ടും വിളിച്ചത്. എന്റെ വിളികള്‍ക്കൊന്നും പ്രതികരിക്കാതെ അവള്‍ ഉറങ്ങുകയായിരുന്നു. എനിക്കു തെല്ല് നീരസം തോന്നി. ഞാനവളോട് അല്പം കയര്‍ത്തു സംസാരിച്ചു.
''എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ കിടക്കുന്നത്. ഞാനെത്ര തവണ നിന്നെ വിളിച്ചു, ഒന്നെണ്ണീറ്റെ'

വിശാലമായ ഒരു കട്ടിലായിരുന്നു ഞങ്ങളുടേത്, അവള്‍ ഇടതു വശത്തും ഞാന്‍ വലതു വശത്തുമാണു കിടക്കുന്നത്. ഞാനവള്‍ കിടക്കുന്ന വശത്തേക്ക് ചെന്നിട്ട് അവളെ ചെറുതായി ഒന്നനക്കി കൊണ്ട് വീണ്ടും വിളിച്ചു. ഞാന്‍ ചെറുതായി അനക്കി വിളിച്ചിട്ടും പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാനവളെ നന്നായി ഒന്നു കുലുക്കി വിളിച്ചു:
'റോസി ഇതെന്തുറക്കമാണ്, ഒന്നെഴുന്നേറ്റെ''

വീണ്ടും പ്രതികരിക്കാതിരുന്നപ്പോഴാണ് ഞാനവളുടെ മുഖത്തേക്കു ശ്രദ്ധിച്ചുനോക്കിയത്. ഒരു അസ്വഭാവിക ശാന്തത അവളുടെ മുഖത്ത് തളംകെട്ടി നില്‍ക്കുന്നതുപോലെ എനിക്ക് തോന്നി. ഒരു ചെറിയ പുഞ്ചിരി ചു ണ്ടിന്റെ ഇടതുകോണില്‍ കരുതിക്കൂട്ടി ബാക്കിവച്ചിരിക്കുന്നതു പോലെ. ഞാന്‍ എന്റെ വിരലുകള്‍ അവളുടെ മൂക്കിനടുത്തേക്കു വച്ചു.... ഒരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി; അവള്‍ ശ്വസിക്കുന്നില്ല.
ഞാനവളുടെ ചേതനയറ്റ ശരീരത്തിനരികില്‍ സ്തബ്ധനായി എത്രനേരം ഇരുന്നു എന്നെനിക്കറിയില്ല. ഒറ്റയ്ക്കാവുക എന്നതിന്റെ അര്‍ത്ഥം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയ ആദ്യ നിമിഷം തുറന്നിരുന്ന കണ്ണുകളില്‍ ഇരുട്ടുകയറി. വല്ലാത്ത ശൂന്യത. ഞാന്‍ കൂടി ആ നിമിഷത്തില്‍ ഇല്ലാതായിരുന്നെങ്കില്‍!
മൊബൈലിന്റെ ശബ്ദം കേട്ട് ഞാന്‍ പതുക്കെ പതുക്കെ സ്ഥലകാല ബോധത്തിലേക്ക് തിരിച്ച് നടന്നു. എന്റെ പ്രിയമുള്ളവള്‍ എന്നെ വിട്ടുപിരിഞ്ഞു എന്ന സത്യാവസ്ഥ ഞാന്‍ പതുക്കെ തിരിച്ചറിയുകയായിരുന്നു.
ഞാന്‍ സാവകാശം എഴുന്നേറ്റ് ഭാരമേറിയ കാലുകള്‍ വലിച്ചു വച്ച് നടന്ന് മൊബൈല്‍ എടുത്തു. എന്നും രാവിലെ ഈ സമയത്ത് അയല്‍പക്കത്തു താമസിക്കുന്ന അനുജന്‍ എന്നെ വിളിക്കാറുണ്ടായിരുന്നു.
എന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു.
''എന്താ ചേട്ടാ ഫോണെടുക്കുവാന്‍ താമസിച്ചത്?'
'നീ പെട്ടെന്ന് ഇങ്ങോട്ടൊന്നു വാ'
എന്നും പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്തോ പന്തികേടു തോന്നിയ അവന്‍ പെട്ടെന്ന് തന്നെ എന്റെ വീട്ടിലേക്കു വന്നു. ഞാന്‍ വീട്ടിന്റെ മുമ്പിലുള്ള വരാന്തയില്‍ കസേരയില്‍ തലയ്ക്ക് കൈയും കൊടുത്തു ഇരിക്കുകയായിരുന്നു.

''എന്താ ചേട്ടാ, എന്താ ഇങ്ങനെ ഇരിക്കുന്നെ? ചേട്ടത്തിയെന്തിയെ? സാധാരണ ഈ നേരത്ത് രണ്ടുപേരും കുടി കാപ്പിയും കുടിച്ചു പ്രതവും വായിച്ചു കൊണ്ടിരിക്കുന്നതാണല്ലോ? എന്നിട്ടു ചേച്ചി എന്തിയേ?'
അവന്‍ അങ്ങനെ സ്വന്തം ശൈലിയില്‍ ഒന്നിന് പിറകേ ഒന്നൊന്നായി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേ  യിരുന്നു. ഞാന്‍ മറുപടി പറയാതെ കിടപ്പുമുറിയിലേക്ക് നടന്നു. അവന്‍ എന്നെ അനുഗമിച്ചു.

ഞങ്ങളുടെ കിടപ്പുമുറിയില്‍ ചെന്നിട്ടാണ് ഞാനവനോട് അതുവരെ നടന്ന സംഭവങ്ങള്‍ വിവരിച്ചത്. അവനുടനെതന്നെ അവളുടെ മുക്കില്‍ വിരലുവച്ചുനോക്കി. എന്നിട്ടവന്‍ അവന്റെ മൂത്തമകന്‍ പ്രേമിനെ ടെലഫോണ്‍ ചെയ്തത്, ഞങ്ങളുടെ കുടുംബഡോക്ടര്‍ ഭദ്രനെ വിളിച്ചു കൊ വരാന്‍ പറഞ്ഞു. ഭദ്രന്‍ ഡോക്ടര്‍ അടുത്തുതന്നെയായിരുന്നു താമസം.
അഞ്ചുമിനിറ്റിനുള്ളില്‍ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു.
'സൈലന്റ് അറ്റാക്കാണ്.'
ഡോക്ടര്‍ പറഞ്ഞു.
അപ്പോഴേക്കും അനുജന്റെ ഭാര്യ എത്തിയിരുന്നു. ഡോക്ടറുടെ അറിയിപ്പു കേട്ടതോടെ അവള്‍ വാവിട്ടു കരയാന്‍ തുടങ്ങി. ഞാനൊന്നിനുമാവാതെ അനുജന്റെ കൈപിടിച്ചു സ്വീകരണമുറിയിലെ സെറ്റിയില്‍ വന്നിരുന്നു. അവന്‍ എന്നെ സമാധാനിപ്പിക്കാനായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഞാനൊന്നും കേള്‍ക്കുന്നു ണ്ടായിരുന്നില്ല. പിന്നെ എല്ലാം ചടങ്ങുകളായിരുന്നു. ഞാന്‍ സ്വബുദ്ധി നഷ്ടപ്പെട്ടവനെപ്പോലെ
പിന്നീട് പലതും ചെയ്തു എന്നു പറഞ്ഞു കേട്ടു. മുറിക്കുള്ളില്‍ വച്ചിരുന്ന അവള്‍ക്കിഷ്ടപ്പെട്ട മണിപ്ലാന്ററിന് വെള്ളമൊഴിച്ചതും കാറ്റും വെളിച്ചവും കടക്കാന്‍ ജന്നാലകള്‍ തുറന്നു വച്ചതും ഡൈനിംഗ് ടേബിളിലെ സാധനങ്ങള്‍ ഒതുക്കി വച്ചതും അങ്ങനെരാവിലെ അവള്‍ എഴുന്നേറ്റാലുടനെ ചെയ്യുന്നതെല്ലാം ഓടി നടന്ന് ചെയ്യാന്‍ ഞാന്‍ ശ്രമി പിന്നെപ്പോഴോ ബോധം വീണ്ടു കിട്ടിയപ്പോഴാകണം ജര്‍മ്മനിയിലുള്ള രണ്ടുമക്കളെയും വിവരമറിയിക്കണം എന്നോര്‍ത്തത്. അപ്പോള്‍ നാട്ടിലെ എട്ടുമണിയായിരുന്നു. അവരിപ്പോള്‍ സുഖനിദ്രയിലായിരിക്കും. എങ്കിലും നേരത്തെ വിവരം അറിയിച്ചാലേ അവര്‍ക്കി വിടെ നാളെയെങ്കിലും എത്താനാവൂ. ഞാന്‍ ഫോണ്‍ അനുജനെ ഏല്‍പ്പിച്ചിട്ട് അവരെ വിളിക്കുവാന്‍ പറഞ്ഞു. മകളെയാണ് അവന്‍ ആദ്യം വിളിക്കാന്‍ ശ്രമിച്ചത്, രണ്ടുതവണ ശ്രമിച്ചിട്ടും കിട്ടാതിരുന്നപ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ നമ്പറില്‍ വിളിപ്പിച്ചു.

മരുമകന്‍ ഒരു ഇറ്റാലിയന്‍കാരനാണ്. അവര്‍ക്ക് ഒരു മകളും ഉണ്ട്. അവന്‍ ഫോണ്‍ എടുത്തു. എന്റെ നമ്പര്‍ കിട്ട് അവന്‍ ഇങ്ങോട്ട് സംസാരിച്ചു തുടങ്ങി.
''ഹലോ, പപ്പാ എന്താ അതിരാവിലെ വിളിക്കുന്നത്? എന്തെങ്കിലും വിശേഷമുണ്ടോ?'
''മോനെ...... മമ്മി ഇന്ന് അതിരാവിലെ നമ്മളെ വിട്ടുപോയി..... ഇനി അവളില്ല. സൈലെന്റ് അറ്റാക്ക്. മോളെ അറിയിച്ചേക്കൂ, നിങ്ങള്‍ വരുന്നു ങ്കില്‍ അറിയിക്കണേ.'
ഫോണ്‍ അനുജന്റെ കൈയില്‍ കൊടുത്തിട്ട് മകനെ വിളിച്ചു വിവരം പറയാന്‍ പറഞ്ഞു. മകനും കുടുംബസമേതം ജര്‍മ്മനിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടില്‍ പാര്‍ക്കുന്നു. മകന് ഒരു മകനു മകളുടെ മകളും മകന്റെ മകനും രണ്ടു പേരും പ്രായപൂര്‍ത്തിയായി പ്രത്യേകം താമസിച്ച് വിദ്യാഭ്യാസം ചെയ്യുന്നു.
മകന്‍ വിവരമറിഞ്ഞപ്പോള്‍ വിങ്ങിപൊട്ടുന്നതും ശബ്ദം വിറയാര്‍ന്നതും ഞാന്‍ ഫോണിലൂടെ കേട്ടു. എന്നോടു സംസാരിക്കണമെന്ന് അവന്‍ ആവശ്യപ്പെട്ടു. ഞാന്‍  അനുജനോടു കൈകൊണ്ട് വിലക്കി. 'മക്കളുമായി സംസാരിക്കാന്‍ ഇപ്പോള്‍ എന്നെ കൊണ്ടാവില്ല! മറ്റുകാര്യങ്ങള്‍ എന്താണെന്നു വെച്ചാല്‍ വേണ്ടന്നതുപോലെ ചെയ്‌തോളൂ. ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. അവള് ഒരുപാട് കഷ്ടപ്പെട്ടതാ...''

ഞാന്‍ അനുജനോടു പറഞ്ഞു എല്ലാ കാര്യങ്ങളും അനുജനെ ഏല്‍പിച്ചിട്ട് ഞാന്‍ അവളുടെ ചേതനയറ്റ ശരീരത്തിനടുത്തേക്കു നടന്നു. അനുജന്റെ ഭാര്യ അവളുടെ ശരീരം നന്നായി പുതപ്പിച്ചിരിക്കുന്നു. അവള്‍ അവിടെ കട്ടിലിനു താഴെ തറയില്‍ വിങ്ങിവിങ്ങികരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. ഞാനതൊന്നും വകവയ്ക്കാതെ കട്ടിലില്‍ കയറി അവളെ കെട്ടിപ്പിടിച്ചു കിടന്നു. അവളുടെ ചുരുണ്ട അളകങ്ങള്‍ ഒതുക്കിയും അവളുടെ മുഖത്തുനോക്കിയും അങ്ങനെ കിടന്നു. അനുജത്തി മുറിവിട്ടു വെളിയില്‍ പോയി. അപ്പോള്‍ ഞാനും അവളും മാത്രമായി. അവളുടെ ശരീരം ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ കിടന്നു. അനുജന്‍ ഇടയ്ക്ക് വന്നു നോക്കിയിട്ട് ഞങ്ങളെ തനിച്ചാക്കി തിരികെപോയി, വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞാണ് അവന്‍ വന്ന് നിര്‍ബദ്ധമായി എന്നെ കട്ടിലില്‍ നിന്നും എണീപ്പിച്ച് മുകളിലത്തെ മുറിയില്‍ കൊ ണ്ടുപോയി. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ മുഖം കഴുകി, നടക്കാന്‍ പോകുമ്പോള്‍ ഇട്ടിരിക്കുന്ന ഡ്രസ്സ് മാറ്റി ഒരു മുണ്ടും ഷര്‍ട്ടും ധരിച്ചു താഴേക്കു വന്നു.അപ്പോ ഴേക്ക് വിവരമറിഞ്ഞ് ബന്ധുക്കളും മിത്രങ്ങളും നാട്ടുകാരും വരാന്‍ തുടങ്ങിയിരുന്നു. അനുജന്റെ മകന്‍ പ്രേം ഇതിനകം വീടിന്റെ മുറ്റത്തൊരു പന്തല്‍ കെട്ടാന്‍ വേണ്ട ഏര്‍പ്പാടു ചെയ്തു. പള്ളിയില്‍ പോയി വിവരം പറഞ്ഞു ചാക്കാല മണി അടുപ്പിച്ചു.
പ്രഭാതകുര്‍ബാന കഴിഞ്ഞുവന്ന ഇടവക വികാരി എന്നെ സാന്ത്വനപ്പെടുത്തി :
''നല്ല മരണമാണ് കിട്ടിയത്. ഇന്ന് മാതാവിന്റെ മംഗല വാര്‍ത്ത തിരുനാളാണ്.'
അച്ചന്‍ അവളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ച് മടങ്ങി.

പോകുന്നതിനിടയില്‍ അച്ചന്‍ അനിയനോട് ചോദിച്ചു.
'ഇല്ലച്ചാ, മക്കള് വരും. അടക്കം എന്നാണെന്ന് അച്ചനെ അറിയിക്കാം.' വരാന്തയിലെ ഒരു കസേരയില്‍ സങ്കടം സഹിക്കവയ്യാതെ കണ്ണീര്‍വാര്‍ത്തുകൊ ഞാനിരുന്നു. വരുന്നവരൊക്കെ എന്നെ സാന്ത്വനവാക്കുകള്‍ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു.

അവര്‍ പറഞ്ഞതെല്ലാം എന്റെ ചെവിക്കുടയില്‍ തട്ടി ചിതറിവീണു. ഒന്നും ശ്രദ്ധിക്കാനാ വാതെ എന്റെ ചിന്തകള്‍ ഞങ്ങളുടെ ജര്‍മ്മന്‍ ജീവിതത്തിലേക്കു പറന്നുപോയി.

സ്‌നേഹിച്ചും കലഹിച്ചും നീ നാല്‍പത്തഞ്ചു വര്‍ഷത്തെ ജര്‍മ്മന്‍ ജീവിതം ഒരു വെള്ളിതിരയിലെന്നപോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. റോസി ജര്‍മനിയിലെ ജീവിതം നന്നായി ആസ്വദിച്ചിരുന്നു. അവളുടെ ജോലി സ്ഥലം, ഞങ്ങളുടെ അദ്ധ്വാനഫലത്താല്‍ നിര്‍മ്മിച്ച വീട്, ജര്‍മ്മനിയിലെ അയല്‍ക്കാര്‍ അങ്ങനെ എല്ലാറ്റി നേയും എല്ലാവരേയും അവള്‍ ഹൃദയം തുറന്ന് സ്‌നേഹിച്ചിരുന്നു. ഏതു കര്‍ക്കശക്കാരായ അയല്‍ക്കാരെയും അവളുടെ സ്വതസിദ്ധമായ സ്‌നേഹത്തിലൂടെയും മധുരഭാഷണത്തിലൂടെയും ഞങ്ങളുടെ അടുപ്പക്കാരാക്കി മാറ്റാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു. ഞങ്ങളുടെ രണ്ടു മക്കളുടെ ജനനവും അവരുടെ ബാല്യകാല ജീവിതവും എല്ലാം മനോഹരമായ ഹില്‍ഡന്‍ എന്ന ജര്‍മ്മന്‍ പട്ടണത്തിലായിരുന്നു. മക്കളെ സ്വന്തമായി വളര്‍ത്താന്‍ അവള്‍ സ്വയം നൈറ്റ് ഡ്യൂട്ടി തെരഞ്ഞെടുത്തു. ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു തളര്‍ന്നു വരുന്ന അവള്‍ മക്കളെയും എന്നെയും ഉണര്‍ത്തി മക്കളെ സ്‌കൂളിലേക്കും എന്നെ ജോലിസ്ഥലത്തേക്കും വിട്ടിട്ടേ ഉറങ്ങാന്‍ കിടക്കാറുള്ളൂ. മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതുവരെ അവള്‍ തന്റെ ആരോഗ്യം നോക്കാതെ നൈറ്റ് ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്നു. പരാതിയും പരിഭവവും ഇല്ലാതെ അവള്‍ അവളുടെ ഭര്‍ത്താവിനെയും മക്കളെയും നോക്കുന്നതിനോടൊപ്പം നാട്ടിലെ ഭര്‍ത്താവിന്റെ ബന്ധുക്കളെയും സ്വന്തം വീട്ടിലെ ബന്ധുക്കളെയും സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നു. ഒന്നും ഞാനറിയേണ്ടി വന്നിട്ടില്ല, എല്ലാം വേണ്ടതുപോലെ കൃത്യമായി അവള്‍ നിര്‍വ്വഹിച്ചിരുന്നു.

എത്ര പെട്ടെന്നാണ് വര്‍ങ്ങള്‍ കടന്നുപോയത്. രണ്ടുപേരുടെയും ജോലി ഒക്കെ കഴിഞ്ഞു. പൊന്നുപോലെ വളര്‍ത്തിയ മക്കളുടെ സാമിപ്യം ഇല്ലാതെ വീട്ടില്‍ വീര്‍പ്പുമുട്ടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനവളോടു പറഞ്ഞു: 'നാട്ടില്‍ പോയി ജീവിക്കാം'? , ഇത്രയും വര്‍ഷം ഇവിടെ ജീവിച്ചതല്ലേ. ഈ മണ്ണില്‍ തന്നെ ചേരണം.' അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇന്ത്യ ഇഷ്ടമല്ലാത്തതുകൊണ്ടല്ല അവളങ്ങനെ പറഞ്ഞത്. നാട്ടിലെ ബന്ധങ്ങള്‍ വീണ്ടും ഊട്ടി ഉറപ്പിക്കാനുള്ള പ്രയാസം കൊണ്ടാണ്. പറിച്ചുനടു ന്നിടത്ത് തഴച്ചു വളരുന്ന അലങ്കാരച്ചെടികളാണ് പ്രവാസികള്‍. വൃക്ഷങ്ങളായി വളരാനുള്ള മണ്ണും ഇല കൈയെത്തിപ്പിടിക്കാനുള്ള ആകാശവും അവര്‍ക്ക് സ്വന്തമല്ല. ഞാന്‍ അവളെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ എന്റെ നാട്ടിലെ ജീവിതം എന്ന ആശയത്തിനോട് അവള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. വല്ലപ്പോഴും ഞങ്ങളെ സന്ദര്‍ശി ക്കാന്‍ വന്നിരുന്ന ജര്‍മ്മനിയില്‍ തന്നെ താമസമാക്കിയ മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യം നുകര്‍ന്നും വീടിനുപുറകിലുള്ള ചെറിയ തോട്ടത്തില്‍ പൂച്ചെടികളും പച്ചക്കറികളും കൃഷി ചെയ്തും സുഹൃത്തുക്കളുമായി ഗ്രില്‍ പാര്‍ട്ടി നടത്തിയും ദിവ സവും അടുത്തുള്ള ഉദ്യാനത്തില്‍ നടക്കാന്‍ പോയും സ്വസ്ഥമായി സമാധാനമായി ജീവിക്കാനായിരുന്നു അവളുടെ മോഹം.

ഒടുവില്‍ എന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെയാണ് അവള്‍ എന്നോടൊപ്പം നാട്ടില്‍ സ്ഥിരമായി ജീവിക്കുവാന്‍ വന്നത്.
നാട്ടിലേക്കുവരാനായി പെട്ടികളൊക്കെ പായ്ക്ക് ചെയ്തപ്പോള്‍ അവള്‍ ഒരു ചെറിയ പ്ലാസ്റ്റിക്ക് ബാഗില്‍ ജര്‍മ്മനിയിലെ ഞങ്ങളുടെ വീട്ടുവളപ്പില്‍ നിന്നെടുത്ത കുറച്ചു മണ്ണു കൊണ്ടുവന്നിട്ട് എന്നോടു പറഞ്ഞു:
'ഇതു കുടി പെട്ടിയില്‍ വച്ചേക്കു.'
'ഇതെന്താണ്?'
യാതൊരു ഭാവഭേദവുമില്ലാതെ അവള്‍ മറുപടി പറഞ്ഞു.
''അതറിയാം. ഇതെന്തിനാണ്?'
'ഈ മണ്ണും എന്റെ പോറ്റമ്മയുടേതാണ്. എത്രയോ വര്‍ഷങ്ങള്‍ ഞാന്‍ നമ്മുടെ പിന്നാമ്പുറത്ത് കൃഷി ചെയ്ത് എന്തുമാത്രം പച്ചക്കറികള്‍ വിളയിച്ചെടുത്തു. അവിടെ നിന്നും എടുത്ത മണ്ണാണിത്. ഇത് ഞാന്‍ മരിച്ച് എന്നെ അടക്കുമ്പോള്‍ എന്റെ ശവപ്പെട്ടിയില്‍ ഇട്ടേക്കണം.'

'നിന്നെക്കാള്‍ മുമ്പേ ഞാനാണ് പോകുന്നതെങ്കിലോ?' 'സാധ്യതയില്ല ഞാനാദ്യം പോകും.' അവള്‍ വാക്കു പാലിച്ചിരിക്കുന്നു. എന്നെ തനിച്ചാക്കി.....

ഇങ്ങനത്തെ പല ചെറിയ ആശയങ്ങളും അവള്‍ എന്നോടു പറഞ്ഞിട്ടു . അവളുടെ മരണാനന്തര ചടങ്ങുകള്‍ ഒരിക്കലും ആഢംബര പൂര്‍വ്വം നടത്തരുത്. കൊംബ്രിയ വേ ബാന്റ് വേണ്ട, വെടിവേണ്ട, വാഹനത്തില്‍ വലിയ ശബ്ദത്തില്‍ പാട്ടുവേണ്ട... ഇങ്ങനെ പോകുന്നു അവളുടെ ആഗ്രഹങ്ങള്‍. അങ്ങനെ...

എന്നാല്‍ വികാരിയച്ചന്‍ വന്നു ഓതി എടുത്തിട്ട് പെട്ടിയുമായി പള്ളിയിലേക്കുള്ള യാത്രയില്‍ ഒരു കുരിശും മണിയടിയും ഒരു വയലിന്‍ സംഗീതവും ഉണ്ടാവണമെന്നതായിരുന്നു അവളുടെ ആഗ്രഹം. ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും അവള്‍ എന്നോട് ഈ ആഗ്രഹങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ചിലപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വന്നിരുന്നു.

'അതിനിപ്പോള്‍ ഇവിടെ ആര് മരിക്കാന്‍ പോകുന്നു.'

'എന്നായാലും മരിക്കുമല്ലോ.... എല്ലാക്കാലവും ആര്‍ക്കും നെല്ലിപ്പഴവും തിന്നിരിക്കാനാവില്ലല്ലോ.'

പഴഞ്ചൊല്ലിന്റെ മേമ്പൊടി കലര്‍ത്തി അവള്‍ മരണമെന്ന ശാശ്വത സത്യത്തെ എന്നെ ഓര്‍മ്മപ്പെടുത്തും.
മക്കളും കൊച്ചുമക്കളും എത്തി. അവളുടെ ആഗ്രഹപ്രകാരം അവളുടെ പെട്ടി മുഴുവന്‍ വെള്ളപൂക്കള്‍ കൊണ്ട്  അലങ്കരിച്ചു. മക്കളും അനുജനും കൊച്ചുമക്കളും കൂടി അവളുടെ പെട്ടി വഹിച്ചുകൊണ്ട് നടന്നു. പെട്ടിയുടെ മുമ്പില്‍ അവളുടെ ആഗ്രഹപ്രകാരം കുരിശുവഹിച്ചുകൊണ്ട് ഒരാള്‍ നടന്നു. പെട്ടിയുടെ പുറകിലായി വികാരിയച്ചനും മണി മുഴക്കി കൊണ്ട് മെലിഞ്ചിയും അതിനു പുറകിലായി ശോകഗാനങ്ങള്‍ വയലിനില്‍ വായിച്ചുകൊണട് മ്യൂസിഷനും നടന്നു നീങ്ങി. അതിനുപുറകിലായി ഞാനും മക്കളും മറ്റു ബന്ധുമിത്രാദികളും പതിനഞ്ചു മിനിറ്റുകൊണ്ട പള്ളിയില്‍ എത്തി. കുര്‍ബ്ബാന കഴിഞ്ഞു മൃതശരീരം സിമിത്തേരിയിലേക്ക് കൊ ണ്ടു പോകുന്നതിന് മുമ്പ് ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മകന്‍ ഒരു ചെറിയ പ്രസംഗം നടത്തി. അതില്‍ അവന്‍ മമ്മിയുടെ ജീവിതത്തെക്കുറിച്ചും സ്‌നേഹത്തെകുറിച്ചും സങ്കടം സഹിക്കാന്‍ വയ്യാതെ വിങ്ങിവിങ്ങി ഒരുവിധം പറഞ്ഞൊപ്പിച്ചു. കേട്ടു നിന്നവരെല്ലാം കണ്ണീര്‍ തുടച്ചു. ധൈര്യം നടിച്ചെങ്കിലും എന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു. പള്ളിയില്‍ നിന്നും അവളുടെ മൃതദേഹം സിമിത്തേരിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. പെട്ടി കുഴിയിലേക്ക് വച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളുടെ ആഗ്രഹപ്രകാരം ജര്‍മ്മനിയില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് അവളുടെ പെട്ടിയിലേക്കിട്ടു. അപ്പോഴേക്കും എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു. മറ്റൊന്നും കാണാനാവാതെ ഞാന്‍ വാവിട്ട് കരഞ്ഞുകൊണ്ട് നേരേ പള്ളിയിലേക്കു നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക