Image

പ്രവാസികാര്യങ്ങള്‍ക്ക്‌ വിപുലമായ പദ്ധതികള്‍: മന്ത്രി കെ.സി ജോസഫ്‌

Published on 24 August, 2012
പ്രവാസികാര്യങ്ങള്‍ക്ക്‌ വിപുലമായ പദ്ധതികള്‍: മന്ത്രി കെ.സി ജോസഫ്‌
റിയാദ്‌: പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ളതില്‍ നിന്ന്‌ വിഭിന്നവും വിപുലവുമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യയുടെ നടപടികള്‍ പ്രവാസികളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ടെന്ന്‌ തനിക്ക്‌ നേരിട്ട്‌ ബോധ്യമായെന്നും കേരള പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്‌. ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി അസീര്‍ ടൂറിസം ബോര്‍ഡിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച ഈദ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അബഹയില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നിരവധി പ്രവാസി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. എയര്‍ ഇന്ത്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ തന്നെയാണ്‌ പ്രധാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും താനും എം.പിമാരും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തിയിട്ടും കാര്യമായ മാറ്റം വന്നിട്ടില്ല. എയര്‍ ഇന്ത്യയെ സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്നത്‌ ഇന്ത്യയോടുള്ള സ്‌നേഹം കൊണ്ടുകൂടിയാണ്‌. എയര്‍ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ തിരുത്താന്‍ തങ്ങള്‍ വിദേശത്ത്‌ പണിയെടുത്തുണ്ടാക്കുന്ന വരുമാനത്തിന്‍െറ ഒരു പങ്കും കിട്ടിക്കോട്ടെ എന്ന്‌ കരുതിയിട്ടാണ്‌. എയര്‍ ഇന്ത്യയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യയെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌. ഒരേ സ്ഥലത്തേക്ക്‌ യാത്ര ചെയ്യുന്നവര്‍ ഒരേ നിരയിലുള്ള സീറ്റിന്‌ തന്നെ വ്യത്യസ്‌ത യാത്രാനിരക്കുകള്‍ നല്‍കേണ്ടിവരുന്നത്‌ അവസാനിപ്പിക്കേണ്ടതുണ്ടെന്നും യാത്രാനിരക്കിന്‍െറ ഏകീകരണം സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രവാസിക്ഷേമനിധിയെ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതികള്‍ പ്രവാസികളിലേക്ക്‌ എത്തിക്കാനും നോര്‍ക്കയില്‍ വേണ്ട മാറ്റം വരുത്തും. അതതുരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ സഹകരണത്തോടെ നോര്‍ക്കയുടെ അഡൈ്വസറി കമ്മിറ്റികളും പ്രധാന പട്ടണങ്ങളില്‍ നോര്‍ക്ക സേവന കേന്ദ്രങ്ങള്‍ തുറക്കും. നിസ്വര്‍ഥ സേവനം നടത്തുന്ന സംഘടനകളേയും ജീവകാരുണ്യ പ്രവര്‍ത്തകരേയും കഷ്ടതയനുഭവിക്കുന്നവരെ കുറിച്ചുള്ള വിവരം പുറംലോകത്ത്‌ എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരേയും അഡൈ്വസറി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. 2012ലെ പ്രവാസി ഭാരതീയ ദിവസ്‌ സംഗമം കേരളത്തില്‍ നടക്കുമ്പോള്‍ സാധാരണയില്‍നിന്ന്‌ വ്യത്യസ്‌തമായി ഗള്‍ഫ്‌ മേഖലക്ക്‌ പ്രത്യേക പരിഗണന നല്‍കും. എമര്‍ജിങ്‌ കേരളയില്‍ നോര്‍ക്ക സെക്ഷന്‍ ഉള്‍പ്പെടുത്തും. ഗള്‍ഫ്‌ യാത്രാപ്രശ്‌നത്തിന്‌ പരിഹാരമായി `എയര്‍ കേരള' എന്ന പേരില്‍ ഒരു വിമാന കമ്പനി തുടങ്ങുന്നതിനാവശ്യമായ പഠന, സാധ്യത റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ `സിയാലി'നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്ക്‌ കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാനുള്ള പഠനം കൂട്ടത്തില്‍ നടത്തും. പാസ്‌പോര്‍ട്ട്‌ ഔ്‌ സോഴ്‌സിങ്‌ മേഖലയിലെ പോരായ്‌മകള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട്‌ ആവശ്യപ്പെടും.

അബഹയില്‍നിന്ന്‌ കേരളത്തിലേക്ക്‌ നേരിട്ട്‌ എയര്‍ ഇന്ത്യ വിമാന സര്‍വീസ്‌ വേണമെന്ന അബഹ ഒ.ഐ.സി.സിയുടെ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തും. വിനോദ സഞ്ചാര മേഖലയില്‍ അസീര്‍ ടൂറിസം ബോര്‍ഡിന്‍െറ സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ശ്രമം നടത്തും. നെല്ലിയാമ്പതി വിഷയം മാധ്യമങ്ങളുടേയും ചില വ്യക്തികളുടേയും സൃഷ്ടിയാണെന്നും വര്‍ഷങ്ങളായി വനഭൂമി കൈവശം വെച്ച്‌ കൃഷി ചെയ്‌തുവരുന്ന കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. മരുന്നുപരീക്ഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക്‌ എതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നഴ്‌സുമാരുടെ സമരത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ശക്തമായി നിലകൊണ്ടിട്ടുണ്ടെന്നും ചില സംഘടനകളുടെ രാഷ്ട്രീയ ലാഭക്കൊതിയാണ്‌ സമരത്തില്‍നിന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പിന്നാക്കം പോകാന്‍ കാരണമെന്നും യൂത്തു കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ്‌ പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഒ.ഐ.സി.സി ഭാരവാഹികളായ അശ്‌റഫ്‌ കുറ്റിച്ചല്‍, പ്രകാശ്‌ നാദാപുരം, രാജപ്പന്‍ ചങ്ങനാശേരി, നോര്‍ക്ക കണ്‍സള്‍ട്ടന്‍റ്‌ ശിഹാബ്‌ കൊട്ടുകാട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക