Image

സങ്കീർത്തനം (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 23 December, 2023
സങ്കീർത്തനം (കവിത: വേണുനമ്പ്യാർ)

ബോധത്തിന്റെ അതീന്ദ്രിയ ലഹരി
ഏറ്റു വാങ്ങാം
കാറ്റിൽ നിന്നും
കടൽത്തിരകളിൽ നിന്നും
ഹരിതഭക്തിയിലാറാടുന്ന ദേവദാരുക്കളിൽ നിന്നും

ബോധത്തിന്റെ അതീന്ദ്രിയ ലഹരി
ഏറ്റു വാങ്ങാം 
ഉന്നതങ്ങളിലെ മിന്നാമിനുങ്ങുകളിൽ നിന്നും
കിഴക്കു നിന്നു വന്ന ജ്ഞാനികളിൽ നിന്നും
മരുഭൂമിയിലെ ബോധകവിതകളിൽ നിന്നും
യേശുവിന്റെ അനുപമമായ ഉപമകളിൽ നിന്നും

വെണ്ണക്കല്ലിലെ ബോധകണത്തിൽ
ശില്പിയുടെ ഉന്മാദത്തിന്റെ ഉളി ദ്രുത-പതിതാളത്തിൽ സഞ്ചരിക്കുമ്പോൾ
പുൽക്കൂട്ടിനു കിട്ടും
വില മതിക്കാനാകാത്ത
ക്രിസ്മസ് സമ്മാനമായി
ഒരുണ്ണിയേശുവിനെ!

തുറന്നിട്ട ജാലകങ്ങളിലൂടെ
നക്ഷത്രവിളക്കുകൾ പ്രഭ ചൊരിയുന്നു
ബഹിരാകാശ ശാസ്ത്രജ്ഞർ കോസ്മിക് ക്രിസ്മസ്മരത്തിന്റെ ഹരിത പടം ആത്മീയകുതുകികൾക്കായി പങ്കിടുന്നു

മേലെ പോലെ താഴെ!
താഴെയുള്ളതു പോലെയാകുമൊ
മേലെ?
അവിടെ പറക്കാം
ഇവിടെ ഇഴയാം
ശാന്തബോധസാഗരത്തിന് എന്തിനീ
നിമ്ന്നോന്നതങ്ങൾ

ഞാൻ ക്രൂശിക്കപ്പെട്ടാലും
എന്നിൽ അധിവസിച്ചിരുന്ന
ബോധം ഇല്ലാതാകുമെന്ന്
കരുതുന്നില്ല

പുനരുത്ഥാനവും പ്രതീക്ഷിച്ച്
ശവക്കച്ച മണക്കുന്ന ഒരു ഗുഹയിൽ
എന്റെ നൈരന്തര്യത്തെ
അത് കാത്തിരിക്കാതിരിക്കുമൊ

ഉറയ്ക്കു വെളിയിലും
ബോധം മുന കൂർത്ത വാൾ തന്നെ

പൂർണ്ണ ബോധത്തിന്റെ
വെളിച്ചത്തിൽത്തന്നെയാണ്
സമുരായികൾ തങ്ങളുടെ
നെഞ്ചുറപ്പുള്ള നാഭികളിൽ
വാൾമുന കുത്തിയിറക്കുന്നത്
മരണത്തിനുമപ്പുറത്തുള്ള
ജ്യോതിസ്സിനെ പ്രലോഭിപ്പിക്കുന്നത്!

യേശു
നല്ലവനായ
സമുരായി!

സ്വന്തം രക്തത്തിൽ
പൂർണ്ണബോധത്തിൽ
സമഗ്രഹൃദയത്തിൽ
മായക്കള്ളന്മാരുടെ നടുവിൽ
രണ്ടാം ജ്ഞാനസ്നാനം

ഹല്ലേലുയ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക