Image

റൈം (കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 15 December, 2023
റൈം (കവിത: വേണുനമ്പ്യാർ)

മകൾ അമ്മയോട് ചോദിച്ചു:

ജീവിച്ചിരുന്നപ്പം ആ മനുഷന്
സമാധാനം കൊടുത്തിരുന്നൊ?

അമ്മ പറഞ്ഞു:

നിനക്കറിയാഞ്ഞിട്ടാ. ഉള്ളിൽ എനിക്ക് 
നല്ല വാത്സല്യായിരുന്നു

അത് ഇത്തിരി പുറത്തെടുത്തിരുന്നെങ്കിൽ
അച്ഛൻ ഇത്ര പെട്ടെന്ന്.........

ഓർക്ക് അപകടം പറ്റിയത് എന്റെ കുറ്റമാണൊ? വിധിയാണെന്നു കരുതി സമാധാനിച്ചോളാം. ഈ ഭൂമിയിൽ നിനക്കെന്നല്ല ആർക്കും എന്നെ മനസ്സിലാവില്ല, മോളെ!

പോകുമ്പം അഞ്ച് പേർ
മടങ്ങി വന്നപ്പം നാല് പേർ 
പരേതനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ
അവശേഷിക്കുന്ന നാല് വരിൽ മൂന്നാമൻ  ഓർത്തു:
വാട്ട് എ ടെറിഫിക് കാർ ആക്സിഡന്റ്!
എ സാഡ് എൻഡ് ഫോർ എ വാർ
വെറ്ററൻ!

എന്റെ സ്ഥാനത്ത് പാവത്തെ.......
മൂന്നാമൻ ഇത്തിരി ആശ്വാസത്തോടെ കുണ്ഠിതപ്പെട്ടു:
മരിക്കേണ്ടത് ഞാനായിരുന്നു. ഒരു കണക്കിനു എന്റെ സമയമായിട്ടുണ്ടാകില്ല.

മകൻ അമ്മയോട് ദ്വേഷ്യപ്പെട്ടു:
ബലിമുണ്ട് കീറണൊന്ന് ചോദിച്ചപ്പം
വായിൽ അപ്പമായിരുന്നൊ. 
ഇപ്പം പറയ്ന്ന് ബലിയിട്ടാലെ ആത്മാവിനു ശാന്തി കിട്ടൂന്ന്. ശാന്തി ഒലക്ക മണ്ണാങ്കട്ട!

അച്ചച്ച പാടിത്തരാറുള്ള ആ 
നഴ്സറി റൈം ഓർക്കുന്നുണ്ടൊ?
അനിയത്തി ചേട്ടനോട് സൂചിപ്പിച്ചു: അതൊന്ന് പാട്യാലൊ. ഇന്ന് അച്ചച്ചയുടെ നാൽപ്പതാ പോലും.

മരിച്ച വീട്ടിൽ ആരും പാടാറില്ല, പൊട്ടത്തീ!

ഇത് അച്ചച്ചയ്ക്കുള്ള എന്റെ ഡഡിക്കേഷനാ ബ്രോ.

എന്നാൽ പതുക്കെ നി തുടങ്ങിക്കൊ; ഞാൻ താളം പിടിക്കാം. അമ്മമ്മ കേൾക്കാതെ സൂക്ഷിച്ചോണം.

അനിയത്തിപ്രാവ് പാടി:

മോട്ടു സേട്ട്
സഡക് പെ ലേട്ട്
ഗാഡി ആയി
ഫട് ഗയ പേട്ട്
ഗാഡി ക നമ്പർ 88
ഹം നെ ദേഖാ ഇന്ത്യ ഗേറ്റ്!


താങ്കൾ ഒരു അപ്പക്കാളയാണെന്ന്
മനസ്സിലാക്കുന്നു.   
കൂട്ടിലെ കാളയോട് ബഹുമാനപ്പെട്ട
കോടതി പറഞ്ഞു:
തിരക്കുള്ള ഹൈവേയിൽ ഒരു ചുവന്ന സിൽക്ക് ഷർട്ട് കണ്ടതിന്റെ പേരിൽ വൈകാരികമായി പെരുമാറരുതായിരുന്നു. നോക്കൂ,
നിങ്ങൾ കാരണം നാടിനു നഷ്ടപ്പെട്ടത് റോഡിൽ ഒരു വാർ ഹീറോയെ .....

മനുഷ്യരുടെ കോടതിയിൽ നീതി
കിട്ടുമെന്ന് ഞാൻ കരുതുന്നില്ല, യുവർ
ഓണർ!
അപ്പക്കാള പറഞ്ഞു:
എന്നെ വിസ്തരിക്കേണ്ടത് മൃഗങ്ങളുടെ
കോടതിയിലാ. അവിടെ 
സത്യം സത്യമായി ബോധിപ്പിച്ചോളാം .


മൃഗക്കോടതിയൊ!മൃഗാസ്പത്രിന്നൊക്കെ കേട്ടിട്ടുണ്ട്.

ജഡ്‌ജി ചിരിച്ചു കൊണ്ട്
പറഞ്ഞു.

ലോകത്തെവിടെയെങ്കിലും ആ സംഭവം ഉണ്ടോന്ന് ഗൂഗിളിച്ച് നോക്കേണ്ടി വരും.


കോടതി അന്നത്തേക്ക് പിരിഞ്ഞു. 

വീട്ടിലേക്കുള്ള വഴിയിൽ ഉടമ
കാളയോട് പറഞ്ഞു:

ന്നാ സത്യം താൻ എന്നോട് പറ.ഞാനാണ് തന്റെ മാലിക്. ഊരായ ഊരൊക്കെ തന്നെയും കൊണ്ട് കറങ്ങുന്ന ഫക്കീർ!

യജമാൻ, അന്ന് അപകടം സംഭവിച്ച
കാർ ഓടിച്ചിരുന്നത് ചുവന്ന സിൽക്ക്
ഷർട്ട് ധരിച്ച ഒരു റിട്ടയേർഡ് പ്രൊഫസറായിരുന്നു. ഭാര്യയെ എയർപോർട്ടിൽ വിട്ടിട്ട് അയാൾ
നൂറ്റിരുപത് കി മി സ്പീഡിൽ കാമുകിയുടെ ഫ്ലാറ്റിലേക്ക് കുതിക്കുകയായിരുന്നു. അപ്പഴാ
കഷ്ടകാലത്തിനു റോഡിനു കുറുകെ
ചാടാൻ തോന്നിയത്!

കഷ്ടകാലത്തിന് അമർത്തിയത്
ആക്സിലേറ്റർ !
ജാമ്യത്തിൽ കഴിയുന്ന റിട്ടയർഡ് പ്രൊഫസർ പെട്ടെന്ന് ഓർത്തു:
പിടിക്കേണ്ടത് ബ്രെയിക്കായിരുന്നു.

അപ്പക്കാള തല കുലക്കി പാടി:

ഗാഡി ആയി
ഫട് ഗയ പേട്ട്
ഗാഡി ക നമ്പർ 88
ഹം നെ ദേഖാ ഇന്ത്യ ഗേറ്റ്!

അപ്പക്കാളയുടെ ഉടമയായ ഫക്കീർ വിധി പ്രസ്താവിച്ചു:

റിട്ടയർഡ് പ്രൊഫസർ എത്രയും
വേഗം ഡിമെൻഷ്യക്കുള്ള മരുന്ന്
കഴിക്കണം! ബ്രെയിക്കിനു പകരം
ആക്സിലേറ്റർ ചവിട്ടിയതല്ല വിഷയം.
മണിക്കൂറിൽ നൂറ്റിയിരുപത്
കി മി വേഗത്തിൽ അന്ന് അയാൾ വണ്ടിയോടിച്ചത് രണ്ട് വർഷം മുമ്പ് ഫാനിൽ കെട്ടിത്തൂങ്ങി
ജീവിതം അവസാനിപ്പിച്ച സ്വന്തം കാമുകിയെ കാണാനായിരുന്നു!
മണ്ടൻ!!

Join WhatsApp News
കാമദേവൻ 2023-12-15 20:58:56
നിങ്ങളുടെ കവിതയിലെല്ലാം കാമത്തിന്റ മിന്നലാട്ടം കാണാം ? എന്തിനാണ് 120 കിലോമീറ്റർ വേഗത്തിൽ റിട്ടയേർഡ് (റിട്ടാഡഡ്) പ്രൊഫെസ്സർ വണ്ടി ഓടിച്ചു പോയത് ? ചത്തുപോയ കാമുകിയെ കാണാൻ അല്ലെ . പക്ഷെ അതല്ല കാരണം. കാമുകി ചാറ്റുപോയിട്ടും ചാകാതെ അയാളുടെ ഉള്ളിൽ കിടന്ന കാമം. ഇല്ല നമ്പിയാർ നിങ്ങൾക്ക് കാമത്തെ ഒഴിവാക്കി ഒരു കവിതപോലും എഴുതാനാവില്ല. കാരണം നിങ്ങളിലും കാമം ചാവാതെ കിടക്കുന്നു.
Navneeth Pisharady 2023-12-16 05:08:42
പ്രിയ ശ്രീ നമ്പ്യാർ പേരില്ലാത്തവരുടെ കമന്റുകൾക്ക് നിങ്ങൾ മറുപടി എഴുതരുത്. അവർക്ക് അവരുടെ ഉള്ളിലുള്ള കാര്യങ്ങൾ പ്രകടിപ്പിക്കാൻ ഒരു വേദി. വ്യക്തിപരമായി ആക്ഷേപിച്ച് സുഖിക്കൽ എന്ന അസൂയക്കാരന്റെ വഴിയാണ്. ദയവു ചെയ്ത അവരുടെ സംശയങ്ങൾക്കോ ചോദ്യങ്ങൾക്കോ മറുപടി എഴുതരൂത്. ഇനി നിങ്ങളുടെ ഇഷ്ടം.
കാമദേവൻ 2023-12-16 14:41:23
നവനീത് പിഷാരടി എന്നു പറയുന്നത് നമ്പിയാരുടെ മറ്റൊരു പേരായിക്കൂടെ? വ്യക്തമായി ഒരു ഉത്തരം കൊടുക്കാൻ കഴിയാതെ വരുമ്പോൾ മനുഷ്യർ മറ്റൊരു വ്യക്തിയായി മാറിയിട്ട് തന്നെത്തന്നെ ന്യായികരിക്കാൻ ശ്രമിക്കും. നമ്പിയാർ അതാണ് ചെയ്യുന്നത്. ചുരുക്കി പറഞ്ഞാൽ നവനീത് പിഷാരടി നമ്പിയാർ തന്നെ. ഇതും നമ്പിയാർക്ക് തന്നിലുള്ള കാമത്തെ ഇല്ലായ്‌മ ചെയ്ത്, അതില്ലാത്ത ഒരവസ്ഥ (കാമമില്ലത്ത) ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ഒടുങ്ങാത്ത ആഗ്രഹത്തിൽ (കാമം) നിന്ന് ഉടലെടുക്കുന്നതാണ്. കാമത്തിന് മറ്റൊരുപേരില്ല. കാമത്തിന് മറ്റൊരു വേദി ആവശ്യമില്ല. മനുഷ്യർ എല്ലാം കാമത്തിന്റ വേദിയാണ്. കാമത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ ആ വ്യക്തിയും നശിക്കും. കാമം മനുഷ്യരിലെ എല്ലാ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് അസൂയയുമായും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക