Image

അറിവും തിരുമുറിവും ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 09 December, 2023
അറിവും തിരുമുറിവും ( കവിത: വേണുനമ്പ്യാർ )

1

എല്ലാം പൊന്നെന്നറിയുന്നു തട്ടാൻ
എല്ലാം മണ്ണെന്നറിയുന്നു കുശവൻ
എല്ലാം മരമെന്നറിയുന്നു തച്ചൻ

എല്ലാം മുതലെന്നറിയുന്നു കള്ളൻ 
എല്ലാം സെൽഫിയെന്നറിയുന്നു ലോകം
എല്ലാം ക്ലിക്കെന്നറിയുന്നു സൈബർപ്പട

എല്ലാം തരംഗമെന്നറിയുന്നു സാഗരം
എല്ലാം മേഘമെന്നറിയുന്നുവാകാശം
എല്ലാം ദു:ഖമെന്നറിയുന്നു ജീവിതം

എല്ലാം പുകമറയെന്നറിയുന്നുവഗ്നി
എല്ലാം ചലനമെന്നറിയുന്നു വായു
എല്ലാം നിഴലെന്നറിയുന്നു വെട്ടം

എല്ലാം മധുരമെന്നറിയുന്നു പ്രണയം
എല്ലാം ശാന്തമെന്നറിയുന്നു നിർവ്വാണം
എല്ലാം ക്ഷമയെന്നറിയുന്നു ഭൂമി

എല്ലാം കളിയെന്നറിയുന്നു മായ
എല്ലാം ഒന്നെന്നറിയുന്നു വേദാന്തി
എല്ലാം അഴുക്കെന്നറിയുന്നു ഗംഗ

ദൈവം സ്നേഹമെന്നറിയുന്നു പുത്രൻ
സ്നേഹം ദൈവമെന്നറിയുന്നു പുത്രൻ
സ്നേഹിച്ചു ദൈവത്തെയറിയുന്നു 
പുത്രൻ!

2

ചെന്താരകച്ചോര 
ചിന്നിച്ചിതറും
തിരുമുറിവാൽ  
മുൾക്കുരിശിൽപ്പിടയും 
മനുഷ്യപുത്രനെ സ്നേഹിച്ചറിയേണമന്യോന്യം
നമുക്കും നാൾക്കുനാൾ!

സുഭാഷിതസന്ദേശം ദഹിക്കാതെ വന്നാൽ
സന്ദേശവാഹകനെക്കുരിശിലേറ്റുന്നു
ലോകം
ലോകത്തെ മാറ്റിമറിക്കുവാൻ നോക്കിയെന്നല്ലാതെ മറ്റൊരപരാധവും
ചെയ്തില്ല പുത്രൻ 
പുനരുത്ഥാന നാളിനായി 
പുത്രനെപ്പോലെ
നമുക്കും ചൊരിയാം
സ്വന്തം ബലിച്ചോര കുരിശിൽ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക