Image

കയര്‍(കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 28 November, 2023
കയര്‍(കവിത: വേണുനമ്പ്യാര്‍)

1

ടാര്‍ പായ വീട്
അരപ്പായ കടലാസ്സ് 
വാങ്ങാന്‍ കാശില്ല
കാണാപ്പാഠം പഠിച്ച്
കുട്ടി മന:പ്പായസമുണ്ടു
ഉച്ചക്കഞ്ഞി ഗോപിയാണ്
കാസരോഗിയായ അമ്മയെ
പലിശക്കാരന്‍ അണ്ണാച്ചി പീഡിപ്പിക്കുന്നു
അച്ഛന്‍ തൊഴിലില്ലാത്ത കയര്‍ത്തൊഴിലാളി 
ബിവറേജസ്സിന്റെ ഗേറ്റില്‍ 
പാറാവ് ന കിടക്കുന്നു
നല്ലൊരു സമരിയാക്കാരന്റെ
ഒരു പെഗ്ഗ് ദാനവും കാത്ത്!

2

ഇടം പിരി
വലം പിരി
വലം പിരി
ഇടം പിരി
Good politics bad economics
Good economics bad politics
ഇഴയറിഞ്ഞ് പിരിച്ചാല്‍
തൊണ്ട് തല്ലുന്നവന്
തൂങ്ങിച്ചാകാനുള്ള
കയര്‍ കിട്ടും!

3

മങ്ങിയ ഇരുട്ടില്‍
കയര്‍ പാമ്പാണ്
ടോര്‍ച്ചടിച്ചു നോക്കുമ്പോള്‍
അണലിസാറല്ല
കയര്‍ കയറാണ്
വെള്ളമടിച്ചാല്‍ ചിലര്‍ക്ക്
മാന്ത്രികവിദ്യയുടെ അനുഗ്രഹം കിട്ടും
അവര്‍ കയറിനെ കുത്തി നിറുത്തി
ഏണിയാക്കും
ഏണിയുടെ മറ്റേ അറ്റത്തിരുന്ന്
പാമ്പും കോണിയും കളിക്കാം
ഏണിയുടെ അഗ്രഭാഗത്ത്
ഒരാള്‍ക്കേ ഇടമുള്ളൂ
ഉയരങ്ങള്‍ കീഴടക്കുന്നവന്‍
എന്നെന്നും ഏകാകിയാകാന്‍
വിധിക്കപ്പെട്ടിരിക്കുന്നു
ഒരുവന്‍ തന്നെ രണ്ട് പ്രതിയോഗികളുടെ വേഷമിട്ട് കളി കളിക്കുക എന്നത് 
എത്ര ശ്രമകരവും വിരസവുമായിരിക്കും!

4

വയറ, റിഞ്ഞ് നിറച്ചാല്‍
കയര്‍ വേണ്ട മല കയറാന്‍!
കയറൊന്നുമെടുക്കാതെ
ഞാന്‍ ഹിമാലയം 
കയറാന്‍ പോകയാണ്
എനിക്ക് കടല്‍ ലില്ലിയുടെ ഫോസിലുകള്‍
കാണാന്‍ കൊതിയാകുന്നു
അധിത്യകയിലെത്തുമ്പോള്‍
ഓക്‌സിജന്‍ കിട്ടാത്ത ചില
മനോഹരമായ സ്‌പോട്ടുകളുണ്ടത്രെ
അവിടെ അനായാസമത്രെ 
ബോധം കെടല്‍!
ഇക്കാണുന്ന ബോധം പോയിട്ട് വേണം
ബ്രഹ്‌മാണ്ഡ സ്പന്ദനങ്ങളുടെ
താളത്തിനൊത്ത് 
സഞ്ചാരിയ്‌ക്കൊന്ന് ആന്ദോളനം ചെയ്യാന്‍

കുത്തനെ നിര്‍ത്തിയാല്‍ ഏതാണ്ട് അഞ്ചരയടി പൊക്കം വരുന്ന
ഞാഞ്ഞൂളാണൊ ഹിമാലയം കീഴടക്കാന്‍
മുതിരുന്നത്?

നിരുത്സാഹപ്പെടുത്തേണ്ട.എന്നെക്കാള്‍ അയ്യായിരം തവണ അധികം പൊക്കമേ ഹിമാലയത്തിനുള്ളൂ, സാര്‍!

___________________________________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക