Image

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റിയിലേക്ക്  ഫിലിപ്പ് പണിക്കര്‍ മത്സരിക്കുന്നു

ഡോ. കല ഷഹി Published on 25 November, 2023
ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റിയിലേക്ക്  ഫിലിപ്പ് പണിക്കര്‍ മത്സരിക്കുന്നു

കേരള സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക, ജീവകാരുണ്യരംഗത്ത് നിറസാന്നിദ്ധ്യവുമായ ഫിലിപ്പ് പണിക്കര്‍ (സണ്ണി പണിക്കര്‍ ) ഫൊക്കാന 2024 - 2026 പാനലിലേക്ക് മത്സരിക്കുന്നു.

ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സംഘടനാ നേതാവും  മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഫിലിപ്പ് പണിക്കര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി സാന്നിദ്ധ്യം ഉറപ്പിച്ച വ്യക്തി കൂടിയാണ്. ന്യൂയോര്‍ക്ക് സിറ്റി തെരത്തെടുപ്പില്‍ മത്സരിച്ച മുന്‍ മേയര്‍മാരായ എഡ് കോച്ച്, ഡേവിഡ് ഡിങ്കിന്‍സ്, എറിക്ക് റുവാന എന്നിവരുടെ തെരഞ്ഞെടുപ്പ് കാമ്പയിനിലും, ജെറാള്‍ഡന്‍ ഫെറാരോയുടെ സെനറ്റര്‍ കാമ്പയിനിലും, ന്യൂയോര്‍ക്ക് സിറ്റി കണ്‍ട്രോളറിനായുളള അലന്‍ ഹെവാസിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍, സിറ്റി കൗണ്‍സിലിനായി രാജീവ് ഗൗഡസ് , ജോണ്‍ ഡുവനെ എന്നിവരുടെ കാമ്പയിനിലും സജീവസാന്നിദ്ധ്യമായിരുന്നു ഫിലിപ്പ് പണിക്കര്‍.

ന്യൂയോര്‍ക്ക് നഗരത്തില്‍ സാന്‍ഡി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ഭവനരഹിതരായവര്‍ക്ക് ന്യൂ യോര്‍ക്ക് സിറ്റിയുടെ ഔട്ട് റീച്ച് പ്രോഗ്രാമിലും, പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്ക് സിറ്റി ബീച്ച് ക്ലീനിംഗ് പ്രോഗ്രാം , തെരുവുകളിലും  സബ് വേ സ്റ്റേഷനുകളിലും ഉറങ്ങുന്നവര്‍ക്കായുള്ള പുനരധിവാസ പ്രോഗ്രാമുകളില്‍ സാന്നിദ്ധ്യം. ജയിലുകളില്‍ കഴിയുന്ന നിരപരാധികളെ സഹായിക്കുന്ന പദ്ധതികളില്‍ അംഗം, അവരെ സന്ദര്‍ശിക്കല്‍ എന്നിവയെല്ലാം ഫിലിപ്പ് പണിക്കരുടെ സാമൂഹ്യ സേവനങ്ങളില്‍ പെടുന്നു. മലയാളിയായ ആനന്ദ് ജോണിനെ സന്ദര്‍ശിക്കുകയും സഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

കെ.സി.സി. എന്‍. എ അംഗം കൂടിയായ അദ്ദേഹം സാമുദായിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്‍ ബൂത്ത് സഹ ചെയര്‍മാന്‍ തുടങ്ങി ഫൊക്കാനയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പിന്തുണയുമായുള്ള ഫിലിപ്പ് പണിക്കര്‍ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. താങ്ക്‌സ് ഗീവിംഗ് ഡേയില്‍ ന്യൂയോര്‍ക്കിലെ കുറ്റകൃത്യങ്ങളുടെ ദേശം എന്നറിയപ്പെടുന്ന ഹാര്‍ലെമില്‍ ഭക്ഷണവും, വസ്ത്രങ്ങളും സംഭാവന ചെയ്ത ഒരേയൊരു കേരള സമാജം പ്രസിഡന്റ് കൂടിയാണ് ഫിലിപ്പ് പണിക്കര്‍.

സണ്ണി പണിക്കര്‍ എന്ന് പരക്കെ അറിയപ്പെടുന്ന ഫിലിപ്പ് പണിക്കര്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് നിരവധി സന്നായങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഒരു നേരത്തെ അന്നം കഴിക്കാതെ ആരും സഹജീവികളായി ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഫിലിപ്പിന്റെ ആഗ്രഹം. അതിനായി തനിക്ക് ആകുന്ന സഹായം സഹജീവികള്‍ക്ക് നല്‍കുക അതിനായി മറ്റുള്ളവരേയും പ്രാപ്തരാക്കുക എന്നതാണ് നയം.

സണ്ണി പണിക്കരുടെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക