Image

ജീവന്റെ സംരക്ഷണം സഭയുടെ ദൗത്യം മാര്‍ ജോസഫ് പെരുന്തോട്ടം

Published on 17 August, 2012
ജീവന്റെ സംരക്ഷണം സഭയുടെ ദൗത്യം മാര്‍ ജോസഫ് പെരുന്തോട്ടം
ഹൈദ്രാബാദ്: ജീവന്റെ സംരക്ഷണം സഭയുടെ ദൗത്യമാണെന്നും ദൈവീകദാനമായ ജീവനുനേരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും, ജീവനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതും അപലപനീയമാണെന്നും ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സൂചിപ്പിച്ചു.
ഹൈദ്രാബാദിലെ മഹാദേവപുരത്ത് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ''ജീവന്റെ സംരക്ഷണം'' പദ്ധതിയും, ഹൈദ്രാബാദ് സീറോ മലബാര്‍ മിഷന്റെ ജീവകാരുണ്യ സാമൂഹ്യപ്രസ്ഥാനമായ ''ജ്യോതി''യുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ പെരുന്തോട്ടം.

മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതും അവര്‍ക്കാശ്വാസം പകരുന്നതുമാണ് ക്രൈസ്തവീകത. ജീവകാരുണ്യരംഗത്ത് ക്രൈസ്തവ സഭയുടെ ശുശ്രൂഷയും സാന്നിധ്യവും ഇതിനുദാഹരണമാണ്. ജാതിമത ചിന്തകള്‍ക്കതീതമാണ് സഭയുടെ ഈ സേവനമേഖല. നൂറ്റാണ്ടുകളായി സഭ ഈ ശുശ്രൂഷ തുടരുകയാണെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. മാര്‍ത്തോമ്മാ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതോടൊപ്പം വേദനിക്കുന്ന സമൂഹത്തിന്റെ കണ്ണീരൊപ്പുവാനുള്ള ഹൈദ്രാബാദിലെ സഭാമക്കളുടെ പദ്ധതികളും പരിശ്രമങ്ങളും അഭിനന്ദനീയമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ഹൈദ്രാബാദ് സീറോ മലബാര്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ പ്രസിഡന്റ് ഫാ.സിബി കൈതാരന്‍, താരാ ഹോം ഡയറക്ടര്‍ ഫാ.ജോസ് മാത്യു എസ്.ജെ., റവ.ഫാ.സന്തോഷ് താമരശ്ശേരി, സിസ്റ്റര്‍ ഗ്രീന എസ്.ഡി., ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.സി.ലൂക്കാ, യുവജ്യോതി പ്രസിഡന്റ് മാലിന്‍ വര്‍ക്കി, ജ്യോതി എക്‌സിക്യൂട്ടീവ് സെക്രട്ടറി ബിനു ജേക്കബ്, വൈസ് പ്രസിഡന്റ് ഇ.ജെ.ജോസഫ്, മാതൃജ്യോതി പ്രസിഡന്റ് അച്ചാമ്മ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

കാന്‍സര്‍, എയ്ഡ്‌സ് മുതലായ രോഗങ്ങള്‍ക്കടിമപ്പെട്ടവരുടെ സംരക്ഷണം, ചികിത്സ, പുനരധിവാസം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ സഹായങ്ങള്‍, അനാഥരേയും പാവപ്പെട്ടവരേയും സംരക്ഷിക്കല്‍, ഭക്ഷണ ദാനപദ്ധതി, തൊഴില്‍പരമായ സഹായങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ അല്മായ കമ്മീഷന്റെ ജീവന്റെ സംരക്ഷണം പദ്ധതിയിലൂടെ ഹൈദ്രാബാദ് സീറോ മലബാര്‍ മിഷന്‍ ലക്ഷ്യമിടുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈദ്രാബാദിലെ ശിവാനന്ദ കുഷ്ഠരോഗാശുപത്രിയിലെ 800-ല്‍പരം അന്തേവാസികള്‍ക്കായി പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കി.

ഫാ.സിബി കൈതാരന്‍
ഹൈദ്രാബാദ് സീറോ മലബാര്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ പ്രസിഡന്റ്
ജീവന്റെ സംരക്ഷണം സഭയുടെ ദൗത്യം മാര്‍ ജോസഫ് പെരുന്തോട്ടം
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ''ജീവന്റെ സംരക്ഷണം'' പദ്ധതി ഹൈദ്രാബാദ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ മഹാദേവപുരം സെന്റ് അല്‍ഫോന്‍സാ ഹാളില്‍ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റര്‍ ഗ്രീന എസ്.ടി., ഫാ.സന്തോഷ് താമരശ്ശേരി, ഫാ.ജോസ് മാത്യു എസ്.ജെ., മാലിന്‍ വര്‍ക്കി, ജോര്‍ജ് തോമസ്, ഫാ.സിബി കൈതാരന്‍, കെ.സി.ലൂക്കാ, ബിനു ജേക്കബ്, അച്ചാമ്മ ജോണ്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക