Image

ചിങ്ങമാസം ശ്രീകൃഷ്ണ മാസം (സുധീർ പണിക്കവീട്ടിൽ)  

Published on 06 September, 2023
ചിങ്ങമാസം ശ്രീകൃഷ്ണ മാസം (സുധീർ പണിക്കവീട്ടിൽ)  

കാലവർഷത്തിന്റെ കരിങ്കാറുകൾ നീങ്ങി സൂര്യൻ ചിങ്ങരാശിയിൽ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. അപ്പോൾ വർഷഋതു കഴിഞ്ഞു ശരത്കാലം വന്നുചേരുന്നു. ആകാശം തെളിയുന്നു; മനസ്സുകൾ നിറയുന്നു. "കവി പറയുന്നപോലെ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ നിന്നാൽ വേണം കല്യാണം". പ്രകൃതി മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ  വിലപേശുന്നു. അവനെ ആനന്ദതുന്ദിലനാക്കുന്നു. ചിങ്ങമാസം മലയാളികളെ ഹർഷപുളകിതരാക്കുന്ന  മാസമാണ്.
ചിങ്ങമാസത്തെ നെൽക്കതിരും  നിറപുത്തരിയുമായിട്ടാണ്  മലയാളികൾ   എതിരേൽക്കുന്നത്. സമ്പൽസമൃദ്ധമായ   ഒരു ഭൂതകാലത്തിന്റെ ഓർമ്മകളുമായി ഈ മാസത്തിൽ തന്നെ ഓണവുമെത്തുന്നു. അപ്പോഴാണ്  ഒരു കൊട്ട പൊന്നുമായി കാലമെന്ന തട്ടാൻ നാട് സന്ദർശിക്കാനെത്തുന്നു. കന്യകമാരെ മയക്കുന്ന കനകാഭരണങ്ങൾ ചുറ്റിലും പ്രദർശിപ്പിച്ച് അയാൾ പ്രകൃതിയെ അലങ്കരിക്കുന്നു.  പ്രകൃതിദേവിയുടെ  അഭിലാഷഭാവങ്ങൾ പോലെ ചിങ്ങവെയിൽ മിന്നി തെളിയുന്നു.കാമുകസമാഗം സ്വപ്നം കാണുന്ന കന്യകയെ പോലെ  പ്രകൃതി അപ്പോൾ മോഹാലസ്യപ്പെട്ടുപോകുന്നു. ചിലമ്പണിഞ്ഞ അവളുടെ പദനിസ്വനം കേട്ടപോലെ .പക്ഷികൾ നാലുപാടും പറക്കുന്നു. അവർക്കൊക്കെവേണ്ടി  അയിത്തക്കാരനായ കാക്ക വിരുന്നു വിളിക്കുന്നു. ദൂരെ ദൂരെ നിന്നും കാക്കയുടെ സ്വാഗതഗാനം കേട്ട് ഏതോ ഒരു വിരുന്നുകാരൻ ഒരുങ്ങി വരുമപ്പോൾ. 
ഭാസ്കരൻ മാഷ് പറയുന്നത് ഒരു കഴകക്കാരനെപോലെ (കഴകക്കാരക്ഷേത്രം പരിചാരകൻ, ക്ഷേത്രത്തിൽ വിളക്കെടുപ്പ്, ശുചീകരണം മാലകെട്ടു മുതലായവ ചെയ്യുന്നവൻ}  താമരമാലയുമായി ചിങ്ങമെത്തുന്നുവെന്നാണ്. കതിർമണ്ഡപം കിനാവ് കാണുന്ന സുന്ദരിമാരെ മോഹിപ്പിക്കുന്ന ചിങ്ങം. പൂമരങ്ങൾ അവർക്കായി കല്യാണപ്പന്തൽ ഒരുക്കുന്നു. മെയ്യാസകലം പൊന്നണിഞ്ഞു പൂത്താലമേന്തി നിൽക്കുന്ന കന്യകയെപ്പോലെ പൊന്നിൻചിങ്ങം യുവഹൃദയങ്ങളെ കൊതിപ്പിക്കുന്നു. വിഷയാസക്തരായ എഴുത്തുകാർക്ക് അവളെ കരവലയത്തിൽ ഒതുക്കാനും ഒന്ന് ചുംബിക്കാനും അഭിനിവേശം ഉണ്ടാകുന്നു. കരിമ്പിന്റെ വില്ലുമായി ചുറ്റിയടിക്കുന്ന കാമദേവന്റെ വില്ലിലേക്ക് തേനീച്ചകൾ ആർത്തുകൊണ്ട് അടുക്കുന്നു. ആ വില്ലിന്റെ ഞാണുകളിൽ മലരമ്പുകൾ തൊടുത്തുവിടുന്നു കാമദേവൻ. അവൻ സ്വപനലോകസദൃശമായ  ഓരോ ദൃശ്യങ്ങൾ മുന്നിൽ നിവർത്തുന്നു.   എല്ലാവർക്കും പുഷ്പശയ്യകൾ ഒരുക്കാൻ വെമ്പികൊണ്ട് വർണ്ണാഭമായ പൂക്കൾ കൈകോർക്കുന്നു. ഒന്നാനാം കൊച്ചുതുമ്പി എൻ്റെ കൂടെപ്പോരുമോ നീ?നിൻ്റെ കൂടെപ്പോന്നാലോ എന്തെല്ലാം തരുമെനിയ്ക്ക്? എന്ന് പാടിക്കൊണ്ട് ദേവകന്യകമാർ ഭൂമിയിലേക്കെത്തുന്നു. 
കർക്കിടകമാസം രാമായണപാരായണത്തിനാണെങ്കിൽ ചിങ്ങമാസം മഹാവിഷ്ണുവിനെ ഭജിക്കാനാണ്. ചിങ്ങം ഒന്നിന്‌ തുടങ്ങി ആ മാസത്തില്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തിലാണ്‌ പാരായണം ക്രമീകരിക്കുന്നത്‌.  ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിൽ അഷ്ടമിതിഥിയും രോഹിണി നക്ഷത്രവും ചേരുന്ന അര്ധരാത്രിയിലാണ് വിഷ്ണുവിന്റെ  മറ്റൊരു അവതാരമായ കൃഷ്ണൻ ജനിച്ചത്. ഈ വര്ഷം അഷ്ടമിരോഹിണി സെപ്തംബര് ആറിനാണ്  അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നു ഭക്തർ വിശ്വസിക്കുന്നു.  ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറങ്ങാതെ കൃഷ്ണാസ്തോത്രങ്ങൾ ചൊല്ലി   കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.
ഭാഗവതം ദശമസ്കന്ധത്തെ ആസ്പദമാക്കി ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ ചിങ്ങമാസത്തിൽ പാരായണം ചെയ്യുന്നു. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ നാല്പത്തിയേഴു അദ്ധ്യായങ്ങളിലായി ചെറുശ്ശേരി എഴുതിയിട്ടുണ്ട്. ആ അധ്യായങ്ങളുടെ പേരുകൾ :-കൃഷ്ണോല്പത്തി, പൂതനാമോക്ഷം,ഉല്ലൂഖലബന്ധനം,വത്സസ്തേയം,കാളിയമർദ്ദനം,ഗ്രീഷ്മവർണ്ണനം,പ്രാവൃഡ്വർണ്ണനം,ശരദ്വർണ്ണനം.ഹേമന്തവർണ്ണനം,ഹേമന്തലീല,വിപ്രപത്ന്യനുഗ്രഹലീല,ഗോവർദ്ധനോ,ദ്ധരണം,നന്ദമോക്ഷം,വേണുഗാനം,ഗോപികാദുഃഖം,രാസക്രീഡ,കംസമന്ത്രം,അക്രൂരാഗമനം,കംസസദ്‍ഗതി,ഗുരുദക്ഷിണ,ഉദ്ധവദൂത്, ക്രൂരദൂത്യം,ജരാസന്ധയുദ്ധം,രുക്മിണീസ്വയംവരം,ശംബരവധം,സ്യമന്തകം,നരകാസുരവധം,രുക്മീവധം,ബാണയുദ്ധം,നൃഗമോക്ഷം,ബലഭദ്രഗമനം,പൗണ്ഡ്രകവധം,സാംബോദ്വാഹം,നാരദപരീക്ഷ,ഖാണ്ഡവദാഹം,രാജസൂയം,സാല്വവധം,സീരിണസ്സൽക്കഥ,കുചേലഗതി,തീർത്ഥയാത്ര,കുമാരഷൾക്കാനയനം,സൗഭദ്രികകഥ,വൃകാസുരകഥ,ഭൃഗുപരീക്ഷ,സന്താനഗോപാലം,രാജ്യസ്ഥിതികഥ,സ്വർഗ്ഗാരോഹണം
കൃഷ്ണഗാഥ എന്ന ഒറ്റ കാവ്യം കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കവിയാണ് ചെറുശ്ശേരി. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഈണത്തിലാണ് അദ്ദേഹം ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.അദ്ദേഹം പ്രാചീന കവിയത്രങ്ങളിൽ ഒരാളാണ്. സംസ്കൃതവും തമിഴും മറ്റും കലർത്താതെ ശുദ്ധമായ മലയാളത്തിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്,. നാനൂറു വര്ഷം പിന്നിട്ടിട്ടും ഈ കാവ്യം ഇന്നും ഭക്തരായ മലയാളികൾ ഓർക്കുകയും അത്പാരായണം ചെയ്യുകയും ചെയ്യുന്നു.
കോലത്തുനാട്‌ ഭരിച്ചിരുന്ന ഉദയവർമ്മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി.  കൃഷ്ണഗാഥ പിറവി കൊള്ളാൻ  കാരണം ഒരു ചതുരംഗക്കളി മൂലമാണ്. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തു തൊട്ടിലില്‍ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി കളിയിൽ ഒരു നിലകൂടി തെറ്റിയാല്‍ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു്. ʻʻഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തൂന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂˮ എന്നു കുട്ടിയെ ഉറക്കുന്നഭാവത്തില്‍ പാടി ഭര്‍ത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയില്‍ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടില്‍ ഭാഗവതം ദശമസ്കന്ധം  പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിര്‍മ്മിക്കുകയും ചെയ്തു. ഗാഥയെന്ന വാക്കിന് പാട്ട് എന്നാണർത്ഥം. ഗാഥായെന്ന പദം ഏറെ പ്രാചീനമാണ്. ചെറുശ്ശേരി രാജാവിന്റെ ആജ്ഞയാൽ കാവ്യം സൃഷ്ടിച്ചുവെന്നു കവിതയിൽ പറഞ്ഞിരിക്കുന്നു. 
ʻപാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവര്‍മ്മന്‍,
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍ʼ
വളരെ ലളിതമായ പദാവലികളാൽ സമൃദ്ധമായ കൃഷ്ണഗാഥയെപ്പറ്റി ഒരു പണ്ഡിതൻ പറഞ്ഞത് ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ലെന്നാണ്. അപ്പോൾ മറ്റൊരു പണ്ഡിതൻ അതിനെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു ഇളക്കി നോക്കിയാൽ കാണാമെന്നു. ശ്രീകൃഷ്ണന്റെ കഥയായതിനാൽ ഇതിൽ ഭക്തിയുണ്ട് ശൃങ്കാരമുണ്ട്. ഭാവന, ഉൽപ്രേക്ഷ, അലങ്കാരം എന്നിവയാൽ സമ്പന്നമാണ്  കവിത. .ഉപമ പോലെ തന്നെ ഉൽപ്രേക്ഷ വളരെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നതിനാൽ വായന വളരെ ഹൃദ്യവും ആസ്വാദകരവുമാകും., ഇതിൽ അർജുനനും സുഭദ്രയും കണ്ടുമുട്ടുമ്പോൾ പ്രണയപാരവശ്യത്താൽ രണ്ടുപേരും ചെയ്യുന്ന ഒരു ബുദ്ധിമോശം വളരെ രസകരമായി വിവരിച്ചിട്ടുണ്ട്.പഴമാണെന്നു കരുതി സുഭദ്ര തൊലി വിളമ്പുന്നു; പഴമാണെന്നു കരുതിത്തന്നെ അര്‍ജ്ജുനന്‍ ആ തൊലി തിന്നുകയും ചെയ്യുന്നു. അതേപോലെ കുട്ടിയായിരുന്നപ്പോൾ ഉണ്ണിക്കണ്ണൻ കാണിച്ച വികൃതികൾ,  വെണ്ണ കക്കൽ, പൂതന വധം, പിന്നീട്  കംസവധം പോലുള്ള ധീരപ്രവർത്തികളും. അങ്ങനെ കാർമുകിൽ ഒളി വർണ്ണൻ ഗോപികമാരുടെ മാനസപുത്രനാകുന്നു, രാധാദേവിയുടെ നിത്യകാമുകനാകുന്നു. ഇതെല്ലാം വായനക്കാരക്ക് ആനന്ദവും അതേസമയം ഭക്തിയും നിറയ്ക്കാൻ പര്യാപ്തമായ വിധത്തിലാണ് ഇതിന്റെ രചന.   ഭഗവൻ കൃഷ്ണനെ കുറിച്ച് വർണ്ണിക്കുമ്പോൾ ചെറുശ്ശേരിഅളവറ്റ വാത്സല്യം പ്രകടിപ്പിച്ചതായി കാണാം. ഒരു പുത്രനോടെന്നപോലെയുള്ള വാല്സല്യം ചെറുശ്ശേരി കോരിചൊരിഞ്ഞിരിക്കുന്നത് കാണാം. കാവ്യസൗന്ദര്യം ഇതിൽ ആവോളം നിറച്ചുവച്ചിട്ടുണ്ട് ചെറുശ്ശേരി. എല്ലാം നമ്മുടെ മുന്നിൽ കാണുന്നപോലെയുള്ള വിവരണങ്ങൾ. നാല്പത്തിയേഴു അധ്യായങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാൽ അതിലെ വേണുഗാനം എന്ന അധ്യായത്തിലെ  ചില വരികൾ വായനക്കാരുടെ ആസ്വാദനത്തിനായി താഴെ കൊടുക്കുന്നു. 
ഷഡ്പ്പദമാലകളത്ഭുതമായൊരു
പുഷ്പരസത്തെ വെടിഞ്ഞുടനെ
ഗാനമായ് മേവിന തേനേക്കുടിപ്പാനായ്
ആനനംതങ്കലേ ചെന്നു പുക്കൂ.
കോകിലജാലങ്ങൾ കോലക്കുഴൽ കേട്ടു
മൂകങ്ങളായങ്ങു നിന്നുപോയി
ചേണുറ്റ വേണുതൻ തേനുറ്റ നാദത്തെ
ത്തന്നുറ്റനാദത്തിന്മീതേ കേട്ട്
വേലപ്പെടാതെതാൻ മാനിച്ചു നിന്നിട്ടു
ചാലപ്പറിപ്പാനായെന്നപോലെ.
കണ്ണന്റെ ഓടകുഴൽ നാദം കേട്ട ഷഡ്‌പദങ്ങൾ തേനുണ്ണത് നിർത്തി  ആ ഗാനത്തിൽ ലയിച്ച് നിന്നു. പ്രകൃതിയിലെ സംഗീതജ്ഞരായ കുയിലുകൾ മൂകരായി  വൃന്ദാവനത്തിലെ പക്ഷിമൃഗാദികളും വൃക്ഷലതാതികളും മാത്രമല്ല പ്രകൃതി മുഴുവൻ ആ ഗാനത്തിൽ എല്ലാം മറന്നു നിന്നു.
നാളെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്ന ഭക്തർക്ക് മാത്രമല്ല സാഹിത്യവാസനയുള്ളവർക്കൊക്കെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ വായിച്ചു ആസ്വദിക്കാം. 

ശുഭം 

Join WhatsApp News
P K DINESH BABU 2023-09-06 02:35:09
Very nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക