Image

കത്തോലിക്കാ സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ പ്രശംസ

Published on 17 August, 2012
കത്തോലിക്കാ സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ പ്രശംസ
ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ. ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ അദ്ദേഹത്തിന് ആശംസകളര്‍പ്പിക്കാനെത്തിയ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി അംഗങ്ങളോടു സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി. ക്രൈസ്തവ മതത്തിന്‍റെ ആരംഭ കാലം മുതലേ ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം ആഴത്തില്‍ വേരുറച്ചിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രനിര്‍മ്മിതിക്ക് ക്രൈസ്തവസഭ നിസ്തുല സംഭാവനകള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ക്രൈസ്തവര്‍ നല്‍കുന്ന സേവനം, പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സഭ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചു.

സി.ബി.സി.ഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ കത്തോലിക്കാ സഭാംഗങ്ങളുടെ പേരില്‍ രാഷ്ട്രപതിക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ഭാരതത്തില്‍ സമാധാനവും ഐശ്വര്യവും ഐക്യവും വളര്‍ത്താന്‍ കത്തോലിക്കാ സഭ എന്നും പ്രവര്‍ത്തന സജ്ജമാണെന്ന് കര്‍ദിനാള്‍ പ്രസ്താവിച്ചു. രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനോടു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭ സന്നദ്ധമാണെന്നും കര്‍ദിനാള്‍ രാഷ്ട്രപതിക്ക് ഉറപ്പുനല്‍കി. മതമൈത്രിക്കു നേരെ രാജ്യത്തുയരുന്ന വെല്ലുവിളികളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച കര്‍ദിനാള്‍ സമാധാനത്തിന്‍റേയും സഹിഷ്ണുതയുടേയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രപതിക്കു സാധിക്കട്ടെയെന്നും ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക