Image

ഏകേശ്വരവാദം ഭാരതത്തില്‍

Sunil Das Published on 12 August, 2012
 ഏകേശ്വരവാദം ഭാരതത്തില്‍
ഹിന്ദുക്കള്‍ക്ക്‌ കാക്കത്തൊള്ളായിരം ദേവന്മാരുണ്ടെന്നു കളിയാക്കാറുണ്ട്‌.

ഏകേശ്വരവാദം ഭാരതത്തില്‍

ഈശ്വരനു അനേകം പേരുകളുണ്ട്‌. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, വിഷ്ണു, രുദ്രന്‍ എന്നിങ്ങനെ ഈ പേരുകളിലെല്ലാം അറിയപ്പെടുന്നത്‌ ഒന്നായ ഈശ്വരന്‍ മാത്രമാണ്‌. പലരും ഹിന്ദുക്കള്‍ക്ക്‌ കാക്കത്തൊള്ളായിരം ദേവന്മാരുണ്ടെന്നു കളിയാക്കാറുണ്ട്‌. എന്നാല്‍ ലോകത്തില്‍ ഏതെങ്കിലും ഒരു മതം ഏകേശ്വരവാദം ആദ്യമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അതു വൈദിക ദര്‍ശനമാണ്‌. ‘ ഏകം സദ്‌ വിപ്രാ ബഹുധാവന്തി’ എന്നു ഋഗ്വാദത്തില്‍ പറയുന്നതു കേള്‍ക്കാം.

ഒന്നായ സത്തിനെ വിശേഷപ്രജ്ഞ അഥവാ ബുദ്ധിയുള്ളവന്‍ (വിപ്രന്മാര്‍) പല പേരുകളില്‍ വിളിക്കുന്നു. ഇതു തന്നെയാണു “ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍” എന്നു ഹരിനാമകീര്‍ത്തനകാരന്‍ പാടിയതും. അങ്ങനെ നോക്കുമ്പോള്‍ ആ ഈശ്വരന്‍ തന്നെയാണു ഇവിടെയുള്ള മനുഷ്യര്‍ക്കു ആദ്യാറിവിന്റെ മധുരമധു പകര്‍ന്നു തന്നതും എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. വലതുകൈ കൊണ്ടു ചോറുണ്ണണമെന്നും, താമസിക്കാന്‍ വീടുവേണമെന്നും ആരാണു നമ്മെ പഠിപ്പിച്ചത്‌?നാം ഉത്തരം പറയും അച്ഛനമ്മമാരെന്ന്‌. പക്ഷേ അവരേയും അവരുടെ പിതാമഹന്‍മാരെയും ആരാണിതു പഠിപ്പിച്ചത്‌? നമുക്കറിയില്ല. നാം എന്തെങ്കിലും പഠിക്കണമെങ്കില്‍ ആരെങ്കിലും നമുക്കതു പറഞ്ഞുതരണം. അതായത്‌ ഒരു ഗുരു വേണമെന്നര്‍ത്ഥം.
എത്രയോ ഗുരുക്കന്മാരെകുറിച്ച്‌ പുരാണങ്ങളില്‍ നാം വായിക്കാറുണ്ട്‌. പതഞ്ജലി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. അദ്ദേഹം ഒരു മന:ശാസ്ത്ര ഗ്രന്ഥമെഴുതി. മനസ്സിന്റെ അവസ്ഥ മനസ്സിലാക്കി മോക്ഷം കൈവരിക്കാനുള്ള വഴിയാണ്‌ ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. യോഗദര്‍ശനം എന്നാണു ഇതിന്റെ പേര്‌. കാലംകൊണ്ടു മുറിക്കാന്‍ കഴിയാത്ത ആദിഗുരുവുണ്ട്‌. അതാകട്ടെ ഈശ്വരനല്ലാതെ മറ്റാരുമില്ല. എല്ലാ അറിവുകളുടെയും ഉറവിടം ഈശ്വരനാണെന്നര്‍ത്ഥം. വേദമാകുന്ന അറിവിന്റെ കടലിനെ എല്ലായ്പ്പോഴും പ്രവഹിപ്പിക്കുന്നയാളാണു ഈശ്വരന്‍. അതുകൊണ്ടു തന്നെ ആ അര്‍ത്ഥത്തില്‍ ഈശ്വരന്റെ പര്യായമായി സരസ്വതിയെന്നു ഉപയോഗിക്കുന്നു. സരസ്വതി എല്ലായ്പ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

ഗുരുവില്‍ നിന്നും ശിഷ്യരിലേക്കും, ജ്ഞാനിയില്‍ നിന്നു ജിജ്ഞാസുവിലേക്കും വിദ്യാദേവി പ്രവഹിക്കുന്നു. വേദത്തില്‍ സരസ്വതി നദിയെക്കുറിച്ചുള്ള വര്‍ണ്ണന കാണാം. അതു ഒരു നദിയുടെ പേരല്ല, അഥവാ ആലങ്കാരികമായി അറിവിന്റെ നദിയായി വര്‍ണ്ണിച്ചതാകാം. പിന്നീടത്‌ ഒരു നദിക്കും പേരുമാക്കി. ഋഗ്വോദത്തില്‍ പ്രശസ്തമായ സരസ്വതി സൂക്തം തന്നെയുണ്ട്‌. അറിവിന്റെ ദേവി നല്‍കുന്നവന്‌ നല്‍കാനുള്ള സാമര്‍ത്ഥ്യം നല്‍കുന്നു. എന്നിലും ആ പ്രവാഹമുണ്ടാക്കിയാലും എന്നാണു പ്രാര്‍ത്ഥന.

അങ്ങനെ അറിവിന്റെ ഉറവിടം ഈശ്വരനാണെന്നു നാം കണ്ടു. അല്ലെങ്കില്‍ അങ്ങനെയാണു ഭാരതീയര്‍ അറിവിനെ കണക്കാക്കുന്നത്‌. അതുകൊണ്ടു തന്നെ, ഭാരതീയര്‍ അറിവിനെ ലോകോപകരാരാര്‍ത്ഥം ഉപയോഗിക്കും. ലോകത്തെ നശിപ്പിക്കാന്‍ അവര്‍ക്കാവില്ല. ഈ ലോകത്തു സമാധാനം വാണരുളാനാണു അവരുടെ ആഗ്രഹം. അറിവിന്റെ ലക്ഷ്യം അതിന്റെ ഉറവിടം തന്നെയാണ്‌. ഈശ്വരനില്‍ നിന്നും ഉറവയെടുത്ത്‌ മനുഷ്യരിലൂടെ ഒഴുകി മനുഷ്യരേയും കൂട്ടി ഈശ്വരനിലേക്കു കൊണ്ടെത്തിക്കുന്നു.

ഭാരതത്തിലെ ഏതു ശാസ്ത്രവും എടുക്കുക. അതിന്റെ ലക്ഷ്യം മോക്ഷമായിരിക്കും അതിന്റെ ആരംഭം വേദവും. വേദം എന്ന വാക്കിനു തന്നെ അര്‍ത്ഥം അറിവെന്നാണ്‌. ലോകത്തിലെ ഒരു മതത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണിത്‌. മതഗ്രന്ഥത്തിന്റെ പേരുതന്നെ അറിവ്‌ ആയൂര്‍വേദം, ധനുര്‍വേദം (ആയുധങ്ങളുണ്ടാക്കാനുള്ള വിദ്യ) അര്‍ത്ഥവേദം (ശില്‍പങ്ങളുണ്ടാക്കാനുള്ള വിദ്യ)ഗാന്ധര്‍വ്വ വിദ്യ (പാട്ടു പാടാനുള്ള വിദ്യ) എന്നിവയെല്ലാം ഈ വേദത്തില്‍ നിന്നും ഉണ്ടായതാണ്‌.

ഈ സങ്കല്‍പം യാഥാര്‍ത്ഥ്യമാവുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യകള്‍, അറിവുകള്‍ തഴച്ചുവളര്‍ന്നു. അങ്ങനെ ഭാരതം അറിവിന്റെ നാടായി. ഒപ്പം സംസ്കാരത്തിന്റെയും സംസ്കാരമെന്നാല്‍ എന്താണെന്നറിയാന്‍ ഇന്ത്യയിലേക്ക്‌ പോകണമെന്ന്‌ വിദേശികള്‍ പറയുന്നതിന്‌ കാരണം ഇതാണ്‌. ഒരു സ്ത്രീയോടൊപ്പം ജീവിതം മുഴുവന്‍ എങ്ങനെ ഇന്ത്യക്കാര്‍ കഴിച്ചുകൂട്ടുന്നുവെന്ന്‌ വിദേശീയര്‍ അത്ഭുതം കൂറുന്നു.

എന്നാല്‍ ഇന്ത്യക്കാരന്‍ സ്വയം താന്‍ അര്‍ദ്ധനാരീശ്വരനാണെന്ന്‌ കരുതുന്നു. തന്റെ ഭാര്യയെ ഈശ്വരനായി തന്നെ അവന്‍ കാണുന്നു. എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നുവെന്ന്‌ ഇവിടുത്തുകാരന്‍ ചിന്തിക്കുന്നു. ഈ സംസ്കാരം വികിസപ്പിച്ചത്‌ അറിവിന്റെ സങ്കല്‍പത്തിലൂടെയാണ്‌. അതുകൊണ്ട്‌ ഭാരതത്തില്‍ അനാഥകുട്ടികള്‍ പെരുകുന്നില്ല. ഒരു കാലത്ത്‌ ഇന്ത്യയില്‍ അത്തരമൊരു സംഗതിയേ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പെരുകുന്നുണ്ടെങ്കില്‍ അതിനു കാരണം ഭാരതം അതിന്റെ യഥാര്‍ത്ഥമായ സാംസ്കാരികധാരയില്‍ നിന്നും അകന്നതല്ലേ എന്നു ചിന്തിക്കാം.

വേദം എന്ന വാക്കിന്റെ അര്‍ത്ഥം അറിവ്‌ എന്നാണ്‌.

ദേശഭേദമനുസരിച്ചും ജനതയെയനുസരിച്ചും ചുറ്റുപാടിന്‌ അനുസരിച്ചും വ്യത്യസ്തങ്ങളാകുന്ന ധാരാളം വൈജ്ഞാനിക ഗ്രന്ഥങ്ങളുണ്ട്‌. ഭാരതത്തിലെ വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെ വേദം എന്നു പറയുന്നു.

പാശ്ചാത്യനാടുകളില്‍ അവ ‘പുതിയ നിയമം’ ‘പഴയ നിയമം’ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പരിശുദ്ധമായ ആത്മാവിന്റെ സ്ഥിതി മനസ്സിലാക്കാന്‍ നമ്മെ പരിശീലിപ്പിക്കുകയാണ്‌ അവയുടെ ലക്ഷ്യം. ശാരീരിക പ്രക്രിയകളെ ചില നിയമങ്ങളാലും വ്യവസ്ഥകളാലും ക്രമീകരിക്കുകയാണ്‌ ഇവയുടെ ഉദ്ദേശ്യം.

ഈ നിയമവ്യവസ്ഥകള്‍ തന്നെയാണ്‌ സദാചാര സിദ്ധാന്തങ്ങള്‍ എന്നറിയപ്പെടുന്നത്‌. സര്‍വോന്നതമായ സമ്പൂര്‍ണത കൈവരിക്കാനായി ശരീരത്തെ നിയന്ത്രിക്കേണ്ടത്‌ ആവശ്യമാണ്‌, മാത്രമല്ല നിയമവ്യവസ്ഥകളില്ലാതെ നമുക്ക്‌ ജീവിതത്തെ സമ്പൂര്‍ണമാക്കാന്‍ കഴിയുകയുമില്ല. വിവിധദേശങ്ങളില്‍ വിവിധ ധര്‍മഗ്രന്ഥങ്ങളനുസരിച്ച്‌ ഈ നിയാമക തത്വങ്ങള്‍ക്ക്‌ വ്യത്യാസമുണ്ടാകുമെങ്കിലും ആ വ്യത്യാസത്തെ കാര്യമായി കണക്കാക്കേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ അവ സമയം, ചുറ്റുപാട്‌, മനുഷ്യരുടെ മാനസികസ്ഥിതി ഇവയ്ക്ക്‌ അനുസൃതമായിട്ടാണ്‌ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌.

പക്ഷേ ഇവയിലെല്ലാമുള്ള നിയാമകതത്വം ഒന്നുതന്നെയാണ്‌. ഇതുപോലെ തന്നെ ഗവണ്‍മെന്റുകള്‍ പൗരന്‍മാര്‍ അനുസരിക്കുന്നതിനായി ചില വ്യവസ്ഥകള്‍ ചെയ്തിട്ടുണ്ട്‌. ഇത്തരത്തിലുള്ള വ്യവസ്ഥകളില്ലാതെ ഒരു സര്‍ക്കാരിനോ സംസ്കാരത്തിനോ പുരോഗമനം സാധ്യമല്ല. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌. വേദത്തിലെ നിയാമകതത്വങ്ങള്‍ ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളെ സത്വം രജസ്‌, തമസ്സ്‌- നിയന്ത്രിക്കാന്‍ ഉള്ളവയാണ്‌-ത്രൈഗുണ്യ-വിഷയാവേദാ
ഃ ദ്വന്ദ്വഭാവങ്ങള്‍ക്ക്‌ അതീതനായിരുന്നുകൊണ്ട്‌ ശുദ്ധമായ മൂലസ്വരൂപത്തിലുള്ള ആത്മാവാണെന്ന വസ്തുത മനസ്സിലാക്കുക. ഇതാണ്‌ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക