Image

സഭയ്‌ക്കുനേരെയുള്ള വെല്ലുവിളികളെ വിശ്വാസി സമൂഹം അതിജീവിക്കണം ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം

Published on 11 August, 2012
സഭയ്‌ക്കുനേരെയുള്ള വെല്ലുവിളികളെ വിശ്വാസി സമൂഹം അതിജീവിക്കണം ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം
കാഞ്ഞിരപ്പള്ളി: സഭയ്‌ക്കും വിശ്വാസസത്യങ്ങള്‍ക്കും നേരെ വിരുദ്ധകേന്ദ്രങ്ങളില്‍നിന്നുയരുന്ന വെല്ലുവിളികളേയും, ആക്ഷേപങ്ങളേയും അതിജീവിക്കുവാനുള്ള ആര്‍ജ്ജവവും കരുത്തും വിശ്വാസിസമൂഹത്തിനുണ്ടാകണമെന്നും നൂറ്റാണ്ടുകളായി പീഢനങ്ങളേല്‍പ്പിച്ച്‌ ഉന്മൂലനം ചെയ്യുവാന്‍ പലരും ശ്രമിച്ചിട്ടും വളര്‍ന്ന്‌ പന്തലിച്ച്‌ ഇന്ന്‌ ലോകം മുഴുവന്‍ നിറഞ്ഞ സാന്നിധ്യമായി കത്തോലിക്കാ സഭ വെളിച്ചം വിതറുകയാണെന്നും ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം.

വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതാ ദ്വിദിന പാസ്റ്ററല്‍ കൗണ്‍സിലില്‍ സമാപന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍ പെരുന്തോട്ടം. ഇടയന്‍മാരെ അടിച്ചാല്‍ ആടുകള്‍ ചിതറി നാമാവശേഷമാകുമെന്ന്‌ ചിലര്‍ ധരിക്കുന്നു. ക്രിസ്‌തുവില്‍ പണിതുയര്‍ത്തപ്പെട്ട സഭയെ ഇല്ലായ്‌മ ചെയ്യുവാന്‍ ഒരു ദുഷ്‌ടശക്തിക്കും സാധിക്കില്ല. സഭാനേതൃത്വത്തെ ഉപദേശിക്കാനും ബലപ്പെടുത്താനുമുള്ള ഉന്നത സമിതിയാണ്‌ പാസ്റ്ററല്‍ കൗണ്‍സില്‍. സഭയേയും സമൂഹത്തേയും കുറിച്ച്‌ ആഴത്തിലും ആധികാരികമായും പഠിച്ച്‌ ദിശാബോധം നല്‍കുവാനുള്ള വലിയ ദൗത്യം ഓരോ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗത്തിനുമുണ്ട്‌. ഇത്‌ ശുശ്രൂഷയുടെ ദൗത്യമാണ്‌. ദൈവാരൂപിയില്‍ നിറഞ്ഞ്‌ വിശ്വാസത്തില്‍ ആവേശം കൊള്ളുന്ന ഉദ്‌ബോധനവും, ഉപദേശവും, സഭാത്മകദര്‍ശനത്തോടെയുള്ള സേവനവുമാണ്‌ പാസ്റ്ററല്‍ കൗണ്‍സില്‍ ലക്ഷ്യമിടുന്നതെന്ന്‌്‌ മാര്‍ പെരുന്തോട്ടം ഉദ്‌ബോധിപ്പിച്ചു.

സമാപന സമ്മേളനത്തില്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിലായി രിക്കുന്ന സഭാമക്കളെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ വിശ്വാസതീഷ്‌ണതയില്‍ അവരെ മുന്നോട്ടുനയിക്കുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന്‌ മാര്‍ അറയ്‌ക്കല്‍ സൂചിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ.ഡോ.മാത്യു പായിക്കാട്ട്‌, റവ.ഡോ.ജോസ്‌ പുളിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ പ്രവര്‍ത്തനരേഖ കുട്ടിക്കാനം മരിയന്‍ കോളജ്‌ പ്രിന്‍സിപ്പാള്‍ ഡോ.റൂബിള്‍ രാജ്‌ അവതരിപ്പിച്ചു. രൂപതയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി വിവിധ കമ്മീഷനുകള്‍ക്ക്‌ സമ്മേളനം രൂപം നല്‍കി. പി.എസ്‌.വര്‍ഗീസ്‌, സിസ്റ്റര്‍ പ്രതിഭ എസ്‌.ഡി., ജോസ്‌ മാത്യു പതിപ്പള്ളില്‍, ജോര്‍ജ്‌ കൂരമറ്റം, ബിന്‍സ്‌ എം.മൂലയില്‍, സണ്ണി എട്ടിയില്‍, സിസ്റ്റര്‍ ജാന്‍സി മരിയ സി.എം.സി. എന്നിവരെ കമ്മീഷന്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. രൂപതാ ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, പ്രൊക്കുറേറ്റര്‍ റവ.ഫാ.ആന്റണി മണിയങ്ങാട്ട്‌, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ജോര്‍ജ്ജുകുട്ടി ആഗസ്‌തി, റെജി ജോസഫ്‌ പഴയിടം, വി.ജെ.തോമസ്‌ വെള്ളാപ്പള്ളി എന്നിവര്‍ ദ്വിദിന സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി
സഭയ്‌ക്കുനേരെയുള്ള വെല്ലുവിളികളെ വിശ്വാസി സമൂഹം അതിജീവിക്കണം ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം
വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സമാപന സന്ദേശം നല്‍കുന്നു. വികാരി ജനറാള്‍മാരായ റവ.ഡോ.ജോസ്‌ പുളിക്കല്‍, റവ.ഡോ.മാത്യു പായിക്കാട്ട്‌, ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക