Image

വീണ്ടും പ്രഭാതം (എ.സി. ജോർജ് - അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

Published on 26 April, 2023
വീണ്ടും പ്രഭാതം (എ.സി. ജോർജ് - അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

പ്രശാന്തസുന്ദരമായ കൊച്ചിക്കായലിനു അഭിമുഖമായി മറൈന്‍ഡ്രൈവില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച അതിരമ്യമായ ത്രീ ബെഡ്‌റൂം വില്ലയിലേക്ക് ഒറ്റത്തടിയനും അറുപത്തഞ്ചുകാരനുമായ, അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ഗോപിനാഥ് താമസം മാറ്റി.

ഗോപിനാഥ് ന്യൂയോര്‍ക്കിലെ ഭുഗര്‍ഭ റെയില്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍ രാപ്പകലില്ലാതെ അധ്വാനിച്ച്, ചോര നീരാക്കി, ധാരാളം ഓവര്‍ടൈം ചെയ്ത് ഒരു നല്ല തുക സമ്പാദിച്ചു. അല്‍പസ്വല്‍പം ഷുഗറും ബ്ലഡ്പ്രഷറും ഒക്കെ ആയപ്പോള്‍ റിട്ടയര്‍മെന്റും എടുത്ത് വീട്ടില്‍ കുത്തിയിരുന്ന് ബേസ്‌മെന്റില്‍ ചീട്ടുകളിയും സ്‌മോളടിയുമൊക്കെയായി ഇവിടെ ജീവിതം ഒന്നു ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും നേഴ്‌സായ ഭാര്യ ഇടഞ്ഞു. രണ്ട് മക്കളുണ്ടായിരുന്നത് അവരുടെ കാര്യം നോക്കി കൂടുവിട്ടുപോയി. ഭാര്യ പങ്കജം ഇപ്പോഴും ഒരു ജോലി ചെയ്യുന്നു. ഈ ജോലി ഒക്കെ നിര്‍ത്തി ഉള്ള സമ്പാദ്യം കൊണ്ട് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യുകയോ അല്ലെങ്കില്‍ നാട്ടിലും അമേരിക്കയിലുമായി കാടാറുമാസം നാടാറുമാസം എന്ന രീതിയില്‍ വന്നും പോയുമിരിയ്ക്കാമെന്ന് പങ്കജത്തോട് പലവട്ടം കേണപേക്ഷിച്ചതാണ്. എല്ലാവര്‍ക്കും ന്യൂയോര്‍ക്കിലെ മരംകോച്ചുന്ന കൊടിയതണുപ്പില്‍ സ്‌നോയും കോരി വീണുചാകാനാണ് യോഗമെന്നു തോന്നുന്നു.

പങ്കജത്തിന്റെ നിത്യേനയുള്ള വാക്ശരങ്ങളും, ബഡായികളും, ദ്രോഹങ്ങളും, അസഹിഷ്ണുതയും ഗോപിനാഥിനെ പൊറുതിമുട്ടിച്ചു. എന്തിനേറെ, താമസിയാതെ ആ ബന്ധം തകര്‍ന്നു. നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു.

അമേരിക്കയില്‍ നിന്ന് കൈനിറയെ ഡോളറും പെട്ടിയും പ്രമാണങ്ങളും കാറും ടെലിവിഷനും ഡിവിഡിയും കമ്പ്യൂട്ടറും ഒക്കെയായി കൊച്ചിയിലെ വില്ലയില്‍ താമസമാക്കിയ ഗോപിനാഥിനെ സന്ദര്‍ശിക്കാനും പരിചയപ്പെടാനും സ്‌നേഹബന്ധങ്ങള്‍ സ്ഥാപിക്കാനും ധാരാളം ആളുകളെത്തി. ഫ്രിഡ്ജില്‍ നിന്ന് തണുത്ത ജൂസും ലഹരിയുള്ള ഷിവാസും ജോണിവാക്കറും വിദേശ സിഗരറ്റുകളും തരംപോലെ നല്‍കി ചിരിച്ച മുഖവുമായി ഗോപിനാഥ് എല്ലാവരെയും സ്വീകരിച്ച് സല്‍ക്കരിച്ചു.

ഗോപിനാഥിന്റെ കൊച്ചിയിലെ പുതിയവാസം ഒരാഴ്ച പിന്നിട്ട ഒരു ദിവസമായിരുന്നു രാമനുണ്ണി ആ വഴിക്ക് വന്നത്. തുറന്നിട്ട ഗേറ്റിനു മുന്നില്‍ ഒരു നിമിഷം രാമനുണ്ണി ശങ്കിച്ചുനിന്നതു കണ്ട് ഗോപിനാഥ് വിളിച്ചു.

'എന്താ സംശയിക്കുന്നത്? വരൂ... വരൂ... ഒന്‍പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഒരുമിച്ചു പഠിച്ച രാമനുണ്ണിയല്ലേ? വരൂ - വരൂന്നേ ... '

അന്ന് ആ സഹപാഠികള്‍ സ്‌കൂളിലെ ഒത്തിരി ഒത്തിരി ഊഷ്മള സ്മരണകള്‍ അയവിറക്കി. തുടര്‍ന്ന് രാമനുണ്ണി ഗോപിനാഥിന്റെ ഒരു നിത്യ സന്ദര്‍ശകനായി മാറി. രാമനുണ്ണി ചെറുതും വലുതുമായി ഒരു നല്ല തുക ഗോപിനാഥില്‍ നിന്ന് കടമായി വാങ്ങി.

ഗോപിനാഥിന്റെ വീട്ടുജോലിക്കായി ഒരു സ്ത്രീയുമായിട്ടാണ് അന്ന് രാമനുണ്ണി എത്തിയത്. ഒരു മാസം ജോലിക്ക് പതിനായിരം രൂപ കൊടുക്കാമെന്നാണ് രാമനുണ്ണിയോടുള്ള കരാര്‍. രാമനുണ്ണിയുടെ കൂടെ ഗേറ്റ് കടന്ന് പൂമുഖത്തേക്ക് നീങ്ങിവന്ന ആ സ്ത്രീ രൂപം ഗോപിനാഥിന്റെ കണ്ണുകളില്‍ ആശ്ചര്യവും അവിശ്വസനീയതയും പടര്‍ത്തി. ദാരിദ്ര്യത്തിന്റെയും പ്രായത്തിന്റെയും ചുക്കിയ ചുളിവുകള്‍ ആ ശരീരമാസകലം ബാധിച്ചിട്ടുണ്ടെങ്കിലും ഏതോ കാലങ്ങള്‍ക്ക് മുമ്പ് കണ്ടുമറന്ന ആ നാലുകണ്ണുകളും അന്യോന്യം ഇടഞ്ഞു. ഇരുവരുടെയും മുഖങ്ങളില്‍ ജാള്യതയും ആശ്ചര്യവും അലതല്ലി. ആ ഹൃദയങ്ങള്‍ പ്രക്ഷുബ്ധമായിരുന്നു.

'എന്റെ ഭാര്യ പ്രഭാവതിയെ തന്നെ ഗോപിനാഥിന്റെ വീട്ടില്‍ ജോലിക്ക് നിര്‍ത്താമെന്നു കരുതി. ആ കൂലി ഞങ്ങള്‍ക്ക് കിട്ടിയാല്‍ ഞങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് ഒരു ആശ്വാസമാകുമെന്ന് കരുതി. ഞങ്ങളുടെ പഴയ പ്രതാപവും സ്വത്തും എല്ലാം നഷ്ടമായി. ഇനിയും അന്തസ്സും ആഭിജാത്യവും പറഞ്ഞിരുന്നിട്ട് കാര്യമില്ല.' രാമനുണ്ണി പറഞ്ഞു.

പ്രഭാവതി രാമനുണ്ണിയുടെ ഭാര്യയായത് നാളിതുവരെ ഗോപിനാഥ് അറിഞ്ഞിരുന്നില്ല. പ്രഭാവതി സമ്മിശ്രവികാരങ്ങളുമായി തലതാഴ്ത്തി നില്‍ക്കുമ്പോള്‍ ഗോപിനാഥിന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പരതിപ്പോയി.

പച്ച നെല്ലോലകള്‍ ഇളകിയാടുന്ന വിശാലമായ നെല്‍പ്പാടം. പാടവരമ്പിന്റെ അരികുപറ്റി, രണ്ടായി പിന്നിയിട്ട തലമുടിക്കെട്ടില്‍ സുഗന്ധമുള്ള കൈതപ്പൂ ചൂടി മഞ്ഞബ്ലൗസും പാവാടയും ധരിച്ച് ഇളകിയാടുന്ന അരക്കെട്ടുകള്‍ ചലിപ്പിച്ച്, തുള്ളിത്തുളുമ്പുന്ന കൊച്ചുമാറിടങ്ങളോടു ചേര്‍ത്ത് പുസ്തകക്കെട്ടു പിടിച്ച് കഥ പറയുന്ന മാദളകവിള്‍ത്തടങ്ങളില്‍ കള്ളപുഞ്ചിരിയുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു പതിനേഴുകാരി. സ്‌കൂള്‍ ഫൈനല്‍കാരിയായ അവളുടെ യാത്രയില്‍ സഹയാത്രികനാകാന്‍ വേണ്ടി നേരത്തെ വീട്ടില്‍ നിന്നിറങ്ങി മരച്ചുവടുകളിലെങ്ങാനും മറഞ്ഞു നിന്നിട്ട് പാടവരമ്പില്‍ വെച്ച് പിന്നാലെ എത്തുകയും ചെയ്ത നാളുകള്‍! അവളെ മനസ്സില്‍ വെച്ച് പൂജിച്ച നാളുകള്‍! പ്രഭാവതിയുടെ സമ്പത്തിനും കുടുംബ മഹിമയ്ക്കും മുമ്പില്‍ വെറും വട്ടപൂജ്യമായിരുന്നു ഗോപിനാഥിന്റെ കുടുംബം. ഗോപിനാഥിന്റെ ആ വണ്‍വേ പ്രേമം പൂവണിഞ്ഞില്ല. പ്രഭാവതിയുടെ സ്‌കൂള്‍ഫൈനല്‍ കഴിഞ്ഞ് അവളുടെ നിലക്കും വിലക്കും അനുയോജ്യമായ ഒരു സമ്പന്ന കുടുംബത്തിലേക്ക് അവളെ വിവാഹം കഴിച്ചുകൊടുത്തു എന്നു മാത്രം ഗോപിനാഥ് മനസ്സിലാക്കി. വരന്‍ ആരെന്നോ എവിടെയെന്നോ അറിഞ്ഞിരുന്നില്ല.

സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലിക്ക് ചേര്‍ന്ന ഗോപിനാഥ് കേരളത്തിലേക്ക് ഓണാവധിക്ക് ജയന്തി ജനതയില്‍ വരുമ്പോഴാണ് അതേ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പങ്കജത്തെ കാണുന്നതും പ്രേമബദ്ധനാകുന്നതും. ദല്‍ഹിയിലെ ഓള്‍ഇന്ത്യാ മെഡിക്കല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ് പങ്കജം. ഒരു മാസത്തെ അവധിക്കാണു പങ്കജവും നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്. ഓണാവധിക്കാലത്തു തന്നെ വിവാഹിതരായിട്ടാണ് ദല്‍ഹിയിലേക്ക് മടങ്ങിയത്. താമസിയാതെ പങ്കജം അമേരിക്കയില്‍ നേഴ്‌സിംഗ് ജോലിക്കായി സി.ജി.എഫ്.എന്‍.എസ് പരീക്ഷ എഴുതുകയും ഗോപിനാഥുമായി കുടിയേറ്റ വിസയില്‍ ന്യൂയോര്‍ക്കില്‍ വന്ന് താമസമാക്കുകയും ചെയ്തു.

മുപ്പത്തഞ്ച് വര്‍ഷത്തോളം നീണ്ട ആ ദാമ്പത്യം തകര്‍ന്ന് ഇന്ന് ഗോപിനാഥ് കൊച്ചിയിലെ ഒരു വില്ലയില്‍ പണ്ട് താലിചാര്‍ത്താന്‍ കൊതിച്ച ഒരു പഴയ അപ്‌സരസ്സിന്റെ മുമ്പില്‍ ഇതികര്‍ത്തവ്യതാമൂഢനായി നിലകൊള്ളുകയാണ്.

ഒരു കാലത്ത് സമ്പല്‍സമൃദ്ധിയുടെ ഉത്തുംഗ ശ്രേണിയിലായിരുന്ന രാമനുണ്ണിയുടെ സമ്പത്തും ഐശ്വര്യവും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായി. അതോടുകൂടി പഴയ കുടുംബമഹിമയും പ്രതാപവും അസ്തമിച്ചിരിക്കുന്നു. രാമനുണ്ണി പ്രഭാവതി ദമ്പതിമാര്‍ക്ക് പുരനിറഞ്ഞു നില്‍ക്കുന്ന അതി സുന്ദരിമാരായ ഭവ്യ, കാവ്യ, നവ്യ, എന്ന മൂന്നു പെണ്‍മക്കള്‍. മൂവരും തമ്മില്‍ ഏതാണ്ട് ഈരണ്ടു വയസ്സിന്റെ മാത്രം പ്രായവ്യത്യാസം. സാമാന്യ സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം ഉപരിപഠനത്തിനുള്ള ഭാഗ്യമില്ലാതായിപ്പോയി. രാമനുണ്ണിയുടെ ദരിദ്രമായ സാമ്പത്തിക നിലവാരമാണ് അവരുടെ ഉപരിവിദ്യാഭ്യാസത്തിനും മംഗല്യഭാഗ്യത്തിനും വിഘാതം. ദിനം തോറും മൂത്ത് മൂരടിച്ചുകൊണ്ടിരുന്ന മൂത്ത മകളെ കാണുമ്പോള്‍ അമ്മയായ പ്രഭാവതിയമ്മയുടെ നെഞ്ചില്‍ തീയാണ്.

ഗോപിനാഥിനും രാമനുണ്ണിക്കും തമ്മിലുള്ള സൗഹൃദത്തിന് കൂടുതല്‍ വൈകാരികതയും ഊഷ്മളതയും ഏറി വന്നു. ഗോപിനാഥനില്‍ നിന്ന് കൂടുതല്‍ പണം കടം വാങ്ങാനും സഹായങ്ങള്‍ കൈപ്പറ്റാനും രാമനുണ്ണിയുടെ മനസ്സില്‍ ഏതോ ഒരു മടി, ഒരു തരം ജാള്യത. എത്ര കാലമാണ് കുഴിച്ചിടം തന്നെ കുഴിക്കുക. രാമനുണ്ണി മടിച്ചു മടിച്ചാണ് മനസ്സിലുള്ളത് ഗോപിനാഥിനോട് തുറന്നു പറഞ്ഞത്.

'എത്ര രൂപാ തന്ന് ഗോപി തങ്ങളെ സഹായിച്ചിരിക്കുന്നു. ഇതു എത്രകാലാന്നു കരുതിയാ.! നമ്മളു തമ്മില്‍ ഒരു ബന്ധം, അതായത് ഒരു ബന്ധുത, ഒരു വിവാഹബന്ധം സ്ഥാപിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഈ സഹായങ്ങള്‍ക്ക് ഒരു ഉറപ്പും സാധുതയുമുണ്ടായിരുന്നു. ഗോപി ഇനി എത്രനാളാ ഈ ഒറ്റത്തടിയായിക്കഴിയുക. നിങ്ങള്‍ക്കും ഒരിക്കല്‍കൂടെ ഒരു പെണ്‍തുണ ആയിക്കൂടെ.... ഗോപി എന്റെ മോള്‍ ഭവ്യയെ മംഗല്യം കഴിയ്ക്കാമോ? അവളെ ഞാന്‍ ഗോപിക്ക് തരാം. വേണ്ടെന്നു പറയരുത്. അപ്പോപിന്നെ മുങ്ങിത്താഴുന്ന ഒരു കുടുംബത്തിലെ ഒരു ബന്ധുവായി വന്നു ഞങ്ങളെ കരകേറ്റാന്‍ പറ്റും. '

തികച്ചും അപ്രതീക്ഷിതമായിരുന്നു രാമനുണ്ണിയുടെ വാക്കുകളും അപേക്ഷകളും. അവ അറബിക്കടലിലെ സുനാമിത്തിരപോലെ ഗോപിനാഥിന്റെ ഹൃദയത്തില്‍ ആഞ്ഞടിച്ചു. നിസ്സഹായനായ രാമനുണ്ണിയോട് ഗോപിനാഥ് മറുപടിയൊന്നും പറഞ്ഞില്ല. പറയാന്‍ മനസ്സനുവദിച്ചില്ല. പിന്നാലെ ചിന്തിയ്ക്കാം എന്നു മാത്രം പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു.

'ഒരു കാലത്ത് ഈ രാമനുണ്ണിയുടെ ഭാര്യ പ്രഭാവതി തന്റെ കരളില്‍ കൂടുകൂട്ടിയ ഒരു സ്വപ്നകുമാരിയായിരുന്ന വിവരം രാമനുണ്ണിയുണ്ടോ അറിയുന്നു. ഇന്നു ആ സുന്ദരിയുടെ മൂത്തപുത്രിയായ ഭവ്യയെ തന്റെ വധുവായി അവര്‍ പ്രപ്പൊസല്‍ ചെയ്തിരിക്കുന്നു. കാലങ്ങള്‍ ഓരോ മനുഷ്യനിലും വരുത്തുന്ന മാറ്റങ്ങള്‍ .... എല്ലാം ഓരോ വിരോധാഭാസങ്ങള്‍, കടംകഥകള്‍.... പണത്തിന്റെ, ഡോളറിന്റെ വില, പ്രായഭേദങ്ങളുടെ സമസ്യ മാറ്റി എഴുതുന്നു. '

ഗോപിനാഥ് ഉറങ്ങാന്‍ കിടന്നപ്പോള്‍ പലവട്ടം അഗാധമായി ചിന്തിച്ചു. ഉറക്കം വരാത്ത രാത്രികള്‍. ഒരു തീരുമാനവും എടുക്കാന്‍ പറ്റാത്ത അവസ്ഥ. ദു:ഖ സന്തോഷ സമ്മിശ്രമായ ഒരവസ്ഥ.

ഗോപിനാഥിന്റെ കൊച്ചിയിലെ വാസം ഇതിനികം ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു. അന്നൊരു സായംസന്ധ്യയില്‍ ഗോപിനാഥിന്റെ വില്ലയുടെ ഡ്രൈവേയില്‍ ഒരു കാര്‍ വന്നു നിന്നു. കാറില്‍ നിന്ന് രണ്ട് യുവാക്കളും അവരുടെ അമ്മയെന്നു തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കയായ ഒരു പ്രൗഡസ്ത്രീയും ഇറങ്ങിവന്നു. വാതില്‍ തുറന്ന് വെളിയിലേക്ക് വന്ന ഗോപിനാഥിനെ അവര്‍ മൂവരും ചേര്‍ന്ന് കെട്ടിപ്പിടിച്ചു. ഗോപിനാഥിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ഒരു കൊല്ലത്തിനുശേഷമുള്ള നിനച്ചിരിയ്ക്കാത്ത അഭൂതപൂര്‍വ്വമായ ഒരു സംഗമം!.

'നമ്മള്‍ തമ്മില്‍ കടലാസിലേ വേര്‍പിരിഞ്ഞിട്ടുള്ളൂ. നമ്മള്‍ക്ക് മനസ്സില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും കുടിയിറങ്ങാന്‍ പറ്റുമോ? ഞാനും ഇനി നിങ്ങളുടെ കൂടെയുണ്ട് എന്റെ ഗോപിയേട്ടാ... ' പങ്കജം നിറകണ്ണുകളോടെ ഗോപിനാഥിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെയും അച്ഛന്റെയും വൈകാരിക പ്രകടനങ്ങളും കരച്ചിലും അമേരിക്കയില്‍ പിറന്ന ആ രണ്ടു ആണ്‍മക്കള്‍.... സന്ദീപിന്റെയും പ്രദീപിന്റെയും മിഴികളില്‍ ഈറനണിയിച്ചു.

'എന്റെ പങ്കം.... മക്കളെ, പ്രദീപ്, സന്ദീപ്, ഈശ്വരന്‍ നേരുള്ളവനാണെടാ .... ' ഗോപിനാഥ് സഹധര്‍മ്മിണിയേയും മക്കളേയും നെഞ്ചോടു ചേര്‍ത്തുപിടിച്ചു ആനന്ദാശ്രു പൊഴിച്ചുകൊണ്ടു പറഞ്ഞു.

കഴിഞ്ഞ പിണക്കങ്ങളെല്ലാം ഒരു സ്വപ്നമായി അവര്‍ കരുതി. സ്വച്ഛമായ സമാധാനവും ആഹ്ലാദനിര്‍ഭരമായി ഒരു മാസം അങ്ങനെ കടന്നുപോയി.

കൊച്ചിയിലെ ഡര്‍ബാര്‍ ഹാളില്‍ തനി കേരളീയ രീതിയില്‍ ഒരു കല്ല്യാണമണ്ഡപവും വിവാഹ പന്തലും കേളികൊട്ടും ഉയര്‍ന്നു. അമേരിക്കയില്‍ നിന്നെത്തിയ ഗേപിനാഥിന്റെ മൂത്തമകനായ സന്ദീപും ഗോപിനാഥിന്റെ സതീര്‍ത്ഥ്യമായ രാമനുണ്ണിയുടെ സീമന്തപുത്രിയായ ഭവ്യയുടെയും വിവാഹമാണ്. ഗോപിനാഥും പങ്കജവും ചെറുക്കനിരുവശത്തും, രാമനുണ്ണിയും പ്രഭാവതിയും മണവാട്ടി പെണ്ണിനിരുവശത്തും നില്‍പ്പുറപ്പിച്ചു. അടുത്തമാസം നവവധൂവരന്മാര്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് പറക്കാനാണ് പദ്ധതി.

അവിടെ വീണ്ടും ഒരു സുന്ദരമായ പ്രഭാതം പൊട്ടിവിടരുകയായി.

see also: https://emalayalee.com/vartha/288771

 

Join WhatsApp News
കെ പി ഗോപകുമാർ 2023-04-26 18:46:56
അമേരിക്കൻ ജീവിത ചുറ്റുപാടുകളെയും, അതുപോലെ കേരള ജീവിതങ്ങളെയും ഒപ്പം കോർത്തിണക്കിയ ഈ ചെറുകഥ അത്യന്തം ഹൃദയഹാരിയാണ്. നമ്മുടെ ചുറ്റും ഇത്തരം ജീവിതങ്ങളും കഥ മുഹൂർത്തങ്ങളും ഇന്നും നടമാടി ക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായ വിവരണങ്ങൾ കഥ ആവിഷ്കാരങ്ങൾ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഇത്തരം ചെറുകഥകൾ ഞാൻ ഈ സമീപകാലത്ത് വായിച്ചിട്ടില്ല. ഇതൊരു ജീവിതഗന്ധിയാണ്. ചില അമേരിക്കൻ മലയാളികളുടെ റിട്ടയർമെൻറ് ജീവിതചര്യകളെ പറ്റിയുള്ള ഒരു വിഹഗ വീക്ഷണവും എത്തിനോട്ടവും ആണ്. എന്നുവച്ച് എല്ലാവരുടെയും റിട്ടയർമെൻറ് ഇപ്രകാരമായിരിക്കണം എന്നല്ല പറയുന്നത്. ഇവിടെ കഥാ നായകനായ ഗോപിനാഥൻറെ ജീവിതാനുഭവം ഹൃദയ ദ്രവീകരണ ചിത്രീകരണവുമായി താത്വികമായി, ചില മൂല്യങ്ങൾക്ക് വില കൽപ്പിച്ചു കൊണ്ടു തന്നെ കഥാകൃത്തായ എസി ജോർജ് കഥ പറയുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കഥകൾ ഇനിയും പറയുക. പ്രസിദ്ധീകരിക്കുക. ഈ കഥയിലെ ഗതിയും അതിൻറെ പര്യവസാനവും നിങ്ങളുടെ ചിന്തയ്ക്ക് തീർച്ചയായും വിഷയി ഭവിക്കുന്നതായിരിക്കും. യാതൊരു മുൻവിധികളും ഇല്ലാതെ വായിക്കാത്തവർ ഒന്ന് വായിച്ചു നോക്കൂ. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഈ കഥയും കഥാപാത്രങ്ങളും എപ്രകാരം വേറിട്ടു നിൽക്കുന്നു എന്ന വസ്തുത. കഥാകാരനും, അത് പ്രസിദ്ധീകരിച്ച ഈ മലയാളിക്കും അനുമോദനങ്ങൾ.
Sudhir Panikkaveetil 2023-04-26 19:06:55
കുറെ കഥകളുടെ ഒരു കൊച്ചുകഥയാണിത്. ഇങ്ങനെയൊക്കെ സംഭവിക്കാമെന്നു കരുതുന്നവർക്ക് ഇതിൽ അതിശയമുണ്ടാകുന്നില്ല. ശ്രീ എ സി ജോർജ്ജ് ഒരു കഥ ആലോചിച്ചുണ്ടാക്കിയില്ല. അതേസമയം അതിന്റെ അവസാനം അദ്ദേഹത്തിന്റെ ഭാവന തന്നെ. നായകനെ കുഴപ്പിക്കാതെ കഥാകൃത്ത് നല്ല ഒരു അന്ത്യമുണ്ടാക്കി. ഇനി ഇത് ആധുനിക കഥയുടെ മാനദണ്ഡത്തിൽ എങ്ങനെ അളക്കപ്പെടുമെന്നു ബുദ്ധിജ്‌ജീവികൾ കല്പിക്കും, ജീവിതത്തിലെ ചില സംഭവങ്ങൾ നമുക്ക് മുന്നിൽ കഥാകൃത് അനാവരണം ചെയ്യുന്നു. അമേരിക്കൻ മലയാളികളുടെ തിരഞ്ഞെടുത്ത കഥകൾ പ്രസിദ്ധീകരിക്കുന്ന ഇ മലയാളിക്ക് അഭിനന്ദനം.
Ninan Mathullah 2023-04-27 01:34:26
Do not remember reading such stories, full of imagery and paradoxical roller coaster events from Mr. A C George. Such things are not impossible in life, and so is realistic. I think he moral and ethical values of the author won't let him end the story different. Best wishes. Continue to write.
K.G. Rajasekharan 2023-04-27 12:06:52
പല അമേരിക്കൻ മലയാളി എഴുത്തുകാരും ഇപ്പോഴും 1960 കളിലാണ് .ഭാഷയും സാഹിത്യവും വളരുന്നത് അറിയാൻ അവർക്ക് മാർഗ്ഗമില്ലായിരിക്കും. കഥ എന്തുമാകാം അത് ആവിഷ്കരിക്കുന്ന രീതിയിലുള്ള വൈദഗ്ദ്യം എഴുത്തുകാരെ വായനക്കാരിലേക്ക് അടുപ്പിക്കുന്നു.
Auseppachen 2023-04-27 12:40:04
AC യുടെ മറ്റൊരു ഉദാത്തമായ സാഹിത്യ സൃഷ്ടി. ഉഗ്രൻ, അത്യുഗ്രൻ .. കൈതപ്പൂ മണം എന്നൊക്കെ കേട്ടിട്ടുണ്ട്, നുകർന്നിട്ടുണ്ട്. കാഴ്ചയിൽ അസാമാന്യ വലുപ്പവും ഉള്ള പൂവ് . പക്ഷെ ഒരു സംശയം.. ഈ കൈതപ്പൂവൊക്കെ അന്നത്തെ കാലത്തു തരുണീമണികൾ മുടിയിൽ ചൂടുമായിരുന്നോ? ഹോ അവരെയൊക്കെ സമ്മതിക്കണം.. "പച്ച നെല്ലോലകള്‍ ഇളകിയാടുന്ന വിശാലമായ നെല്‍പ്പാടം. പാടവരമ്പിന്റെ അരികുപറ്റി, രണ്ടായി പിന്നിയിട്ട തലമുടിക്കെട്ടില്‍ സുഗന്ധമുള്ള കൈതപ്പൂ ചൂടി മഞ്ഞബ്ലൗസും പാവാടയും ധരിച്ച് ഇളകിയാടുന്ന അരക്കെട്ടുകള്‍ ചലിപ്പിച്ച്, തുള്ളിത്തുളുമ്പുന്ന കൊച്ചുമാറിടങ്ങളോടു ചേര്‍ത്ത് പുസ്തകക്കെട്ടു പിടിച്ച് കഥ പറയുന്ന മാദളകവിള്‍ത്തടങ്ങളില്‍ കള്ളപുഞ്ചിരിയുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു പതിനേഴുകാരി."
എ.സി. ജോർജ്. 2023-05-05 01:54:29
വീണ്ടും പ്രഭാതം എന്ന ശീർഷകത്തിൽ ഇവിടെ ഈ മലയാളിയിൽ ഞാൻ എഴുതിയ കഥയെപ്പറ്റി ചുരുക്കമായി ആസ്വാദനവും നിരൂപണവും എഴുതിയ ബഹുമാന്യരായ കെ പി ഗോപകുമാർ, സുധീർ പണിക്കവീട്ടിൽ, നൈനാൻ മാത്തുള്ള, കെ ജി രാജഷേകരൻ, ഔസേപ്പച്ചൻ, തോമസ് കൂവള്ളൂർ, പിന്നീട് ഈ കഥയെപ്പറ്റി സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അനേക വ്യക്തികൾക്കും ഞാനിവിടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. കഥ നടക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ ഭാഷയും കഥ കഥനങ്ങളും ആണ് ഞാൻ ഇവിടെ നടത്തിയിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. ഒരു ഉദാഹരണത്തിന് അന്നത്തെ മുന്തിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ടിവിയും, വി സി ആറും മറ്റുമായിരുന്നു. അതാണ് കഥയിൽ അതിനെപ്പറ്റി വർണ്ണിക്കാൻ ഉള്ള ഒരു കാരണം. എന്നാൽ ഇന്ന് സെൽഫോണുകൾ ഇൻറർനെറ്റ് തുടങ്ങിയവയാണ്. കഥാനായകന്റെ യൗവന കാലത്തെ പറ്റി ചിന്തിക്കുമ്പോൾ അത് വീണ്ടും ഒരു 50 കൊല്ലം പിറകിലേക്ക് പോവുകയാണ്. അപ്പോൾ കഥയുടെ ഗതി വിഗതികൾ കഥ മുഹൂർത്തങ്ങൾ, വർണ്ണനങ്ങൾ ജീവിതഗന്ധി ആകണമെങ്കിൽ കഥാകൃത്ത് ആ കാലഘട്ടത്തിലേക്ക് ഇറങ്ങി ചെല്ലണം. അതുപോലെ കഥ എഴുതുമ്പോൾ വായനക്കാർക്കും അനുവാചകർക്കും ഒരു സന്ദേശവും ലക്ഷ്യബോധവും കൊടുക്കണം എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അത്തരത്തിലുള്ള ഒരു ശ്രമമാണ് ഞാനിവിടെ നടത്തിയിരിക്കുന്നത്. അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഞാൻ നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തിക്കൊണ്ട് എൻറെ ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ. എന്ന് വിനീത വിധേയൻ: എസി ജോർജ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക