Image

മറഞ്ഞു പോയി ആ സ്വരമാധുരി; വാണി ജയറാമിന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

Published on 04 February, 2023
മറഞ്ഞു പോയി ആ സ്വരമാധുരി; വാണി ജയറാമിന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

ദമ്മാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു. സംഗീതസ്നേഹികൾക്ക് വേറെ വേദന നൽകിയ ഒരു അപ്രതീക്ഷിത വിടവാങ്ങലായിരുന്നു വാണിയമ്മയുടേത്.

തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയമ്മയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.

'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി', 'ആഷാഢമാസം', 'കരുണ ചെയ്യുവാൻ എന്തുതാമസം', 'മഞ്ചാടിക്കുന്നിൽ', 'ഒന്നാനാംകുന്നിന്മേൽ', 'നാടൻ പാട്ടിലെ മൈന', 'ധുംതനധും തനന ചിലങ്കേ', 'മാമലയിലെ പൂമരം പൂത്ത നാൾ', 'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ', 'ഏതോ ജന്മ കൽപനയിൽ', 'പത്മതീർഥ കരയിൽ', 'കിളിയേ കിളി കിളിയേ', 'എന്റെ കൈയിൽ പൂത്തിരി', 'പൂക്കൾ പനിനീർ പൂക്കൾ', 'ഓലഞ്ഞാലി കുരുവി', 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ'  തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ  വാണിയമ്മയുടെ ശബ്ദം അനശ്വരമാക്കി.

വടക്കുകിഴക്കൻ സംഗീതരംഗത്തെ ഒട്ടുമിക്ക പ്രമുഖർക്കൊപ്പവും വാണിയമ്മ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. എം.എസ്.വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവൻ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണി ജയറാമിനെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. ഗുജറാത്ത്, ഒറീസ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും ലഭിച്ചിട്ടുണ്ട്.

അനശ്വര ഗാനങ്ങളിലൂടെ മലയാളികളുള്ള കാലത്തോളം വാണി ജയറാമിന്റെ ഓർമ്മകൾ നിലനിൽക്കുമെന്ന് നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ റിയാസും, സെക്രെട്ടറി ബിനു കുഞ്ഞുവും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക