Image

പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പരിപാടി ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ പുനരാരംഭിച്ചു

Published on 03 August, 2012
പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പരിപാടി ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ പുനരാരംഭിച്ചു
ക്യാസില്‍ ഗണ്ടോള്‍ഫോ: വേനല്‍ അവധി പ്രമാണിച്ച് നിറുത്തിവച്ചിരുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണപരമ്പര പുനരാരംഭിച്ചു. ജൂണ്‍ 27-ാം തിയതി മുതല്‍ നിറുത്തിവച്ചിരുന്ന പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയാണ് ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയുടെ അംഗണത്തില്‍ പാപ്പ പുനരാരംഭിച്ചത്. യൂറോപ്പില്‍ വേനല്‍ അവധിക്കാലമായിരുന്നിട്ടും പാപ്പായെ നേരില്‍ കാണുന്നതിനും ശ്രവിക്കുന്നതിനുമായി ക്യാസില്‍ ഗണ്ടോള്‍ഫോയിലെത്തിയ തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച സംഖ്യ കണക്കിലെടുത്തുകൊണ്ടാണ് താല്ക്കാലികമായി നിറുത്തിവച്ചിരുന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരമ്പര പുനരാരംഭിച്ചതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പതറാത്ത പ്രയത്നത്തിലൂടെ നേടേണ്ട വിശ്വാസ പോരാട്ടമെന്നും, അനുരഞ്ജനത്തിന്‍റെ നവമായ അനുഭവവുമെന്നും, ദൈവമനുഷ്യ ബന്ധത്തെ ഊട്ടിയുറപ്പിക്കുവാനുള്ള ഉപാധിയെന്നും, മനുഷ്യാസ്തിത്വത്തിന്‍റെ അര്‍ത്ഥംതേടുന്ന ആത്മീയ പാതയെന്നും, ജീവിത വ്യഥകള്‍ക്ക് സാന്ത്വനമായ പിതൃസ്നേഹമെന്നും, മാനസാന്തരത്തിലേയ്ക്കുള്ള മാര്‍ഗ്ഗമെന്നും പല ഘട്ടങ്ങളിലായി തന്‍റെ പ്രഭാഷണങ്ങളില്‍ പ്രാര്‍ത്ഥനയെ പണ്ഡിതനായ പാപ്പ വ്യാഖ്യാനിച്ചിട്ടുണ്ട്.മനുഷ്യന്‍റെ ആത്മരക്ഷയ്ക്കുള്ള ഉപാധിയാണ് പ്രാര്‍ത്ഥന എന്ന വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ധ്യാനചിന്തയോടെയാണ് തന്‍റെ പ്രഫുല്ലമായ പ്രബോധനം പാപ്പ ആഗസ്റ്റ് 1-ാം തിയതി ബുധനാഴ്ച രാവിലെ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ പുനരാരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക