Image

പ്രവാസികളെ ചേര്‍ത്തു പിടിച്ച കേരള ബജറ്റ് : നവയുഗം

Published on 03 February, 2023
 പ്രവാസികളെ ചേര്‍ത്തു പിടിച്ച കേരള ബജറ്റ് : നവയുഗം

ദമ്മാം : പ്രവാസി വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഒരു ബജറ്റ്  അവതരിപ്പിച്ചതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിയ്ക്കുന്നതായി നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. 

ഒരു രൂപയുടെ സഹായം പോലും പ്രവാസികള്‍ക്ക് അനുവദിക്കാത്ത അവഗണനയുടെ ഒരു ബഡ്ജറ്റായിരുന്നു  കേന്ദ്രസര്‍ക്കാര്‍ രണ്ടു ദിവസം മുന്‍പ്  അവതരിപ്പിച്ചത്.

എന്നാല്‍ ഇന്ന് അവതരിയ്ക്കപ്പെട്ട  കേരള സര്‍ക്കാറിന്റെ ബഡ്ജറ്റ് എന്തുകൊണ്ടും പ്രവാസികളെ ചേര്‍ത്ത് പിടിക്കുന്നതാണ്.

പ്രവാസികള്‍ക്കായി വന്‍പദ്ധതികളാണു കെ.എന്‍.ബാലഗോപാല്‍ ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്.

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ് എന്ന പദ്ധതി മുഖേന, ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക നിലനില്‍പിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളിലായി 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തിയതായും ബജറ്റില്‍ പറഞ്ഞിട്ടുണ്ട്.

കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നല്‍കുമെന്നും, മടങ്ങി വന്ന പ്രവാസികള്‍ക്കും മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ മാറ്റിവച്ചതായും, പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തിയതായും, പ്രവാസി ഡിവിഡന്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി അനുവദിച്ചതായും, ക്ഷേമനിധി ബോഡിന്റെ ഹൗസിങ്ങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി. രണ്ടാമത്തെയും, മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും, ലോകകേരളസഭയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായും 2.5 കോടി രൂപയും വകയിരുത്തി.

നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തി.

പ്രവാസികള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോര്‍പസ് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ പ്രവാസി അസോസിയേഷന്‍, ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സീസ് എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് ആശവഹമാണ്.

ആ സംവിധാനം നിലവില്‍ വരുന്നതോടെ പ്രവാസികള്‍ നേരിടുന്ന ഉയര്‍ന്ന വിമാനക്കൂലി എന്ന ചൂഷണം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.

എല്ലാ അര്‍ത്ഥത്തിലും പ്രവാസിക്ഷേമം മുന്‍നിര്‍ത്തിയ ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിനോട് നന്ദി പറയുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യപ്പള്ളിയും, ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറയും പ്രസ്താവനയില്‍  പറഞ്ഞു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക