Image

മന്ത്രിയുടെ മുന്നിൽ പ്രവാസിപ്രശ്നങ്ങൾ കെട്ടഴിച്ചു സംഘടനാ നേതാക്കൾ; ദമ്മാമിലെ ലീഡേഴ്‌സ് മീറ്റ്  ശ്രദ്ധേയമായി

Published on 01 February, 2023
മന്ത്രിയുടെ മുന്നിൽ പ്രവാസിപ്രശ്നങ്ങൾ കെട്ടഴിച്ചു സംഘടനാ നേതാക്കൾ; ദമ്മാമിലെ ലീഡേഴ്‌സ് മീറ്റ്  ശ്രദ്ധേയമായി


ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രിവിശ്യയിലെ സംഘടനാ നേതാക്കളുമായി കേരള സംസ്ഥാന റവന്യൂ മന്ത്രി ശ്രീ കെ രാജൻ നടത്തിയ കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമായി.

സൗദിയിലെ മുഖ്യധാരാ പ്രവാസി സംഘടനകളായ നവയുഗം, നവോദയ, കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.എം.സി.സി, പ്രവാസി, തനിമ മുതലായവയ്ക്കൊപ്പം ഒട്ടേറെ പ്രാദേശിക, സാമുദായിക പ്രവാസി സംഘടനകളുടെയുമായി എൺപതിലേറെ പ്രതിനിധികൾ  ലീഡേഴ്‌സ് മീറ്റിൽ പങ്കെടുത്തു.


സൗദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‍നങ്ങൾ സംഘടനാ നേതാക്കൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്ര പ്രശ്നങ്ങളും, കഴുത്തറുക്കുന്ന വിമാനനിരക്കുകളെക്കുറിച്ചുള്ള പരാതികളും, നോർക്ക-പ്രവാസി ക്ഷേമനിധി എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും, പ്രവാസി പുനഃരധിവാസവും, ലോകകേരളസഭയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഒക്കെ ചർച്ചയിൽ സംഘടനാ നേതാക്കൾ ഉയർത്തി.

ഏറെ ശ്രദ്ധയോടെ എല്ലാ പരാതികളും, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും കേട്ട മന്ത്രി, ചർച്ചകൾക്ക് വിശദമായ മറുപടി നൽകി. പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.പ്രവാസികളുടെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ  പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംഘടനാ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും നൽകിയ നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു.

നവയുഗം സാംസ്ക്കാരികവേദിയാണ് ദമ്മാം ബദർ അൽ റാബി ഹാളിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്. കേരള ഹൗസിങ് ബോർഡ് ചെയർമാൻ പി.പി സുനീറും ലീഡേഴ്‌സ് മീറ്റിൽ പങ്കെടുത്തു സംസാരിച്ചു.


നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി,  സെക്രെട്ടറി എം.എ.വാഹിദ് കാര്യറ എന്നിവർ ലീഡേഴ്‌സ് മീറ്റിനു നേതൃത്വം നൽകി.

കൊറോണ അപഹരിച്ച കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി ദമ്മാമിൽ എത്തുന്നത്. അതിന്റെ സന്തോഷം സംഘടന പ്രതിനിധികൾ പങ്കു വെച്ചു.

നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച "നവയുഗസന്ധ്യ 2K22" എന്ന പരിപാടിയിൽ പങ്കെടുക്കാനും, സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് എറ്റു വാങ്ങാനുമാണ് കെ രാജൻ ദമ്മാമിൽ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക