Image

ഗിനിയില്‍ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റാന്‍ ശ്രമം

Published on 09 November, 2022
ഗിനിയില്‍ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റാന്‍ ശ്രമം

കൊച്ചി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റാന്‍ ശ്രമമെന്ന് ബന്ധുക്കള്‍.

ജയിലിലേക്ക് മാറ്റിയ മുഴുവന്‍ നാവികരെയും കപ്പലില്‍ തിരിച്ചെത്തിച്ചു. ഗിനിയ വിട്ടാല്‍ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികന്‍ സനു ജോസിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു.

കപ്പല്‍ കെട്ടിവലിച്ചുകൊണ്ടുപോകാന്‍ നീക്കമെന്നാണ് വീഡിയോ സന്ദേശത്തിലുള്ളത്. നാവികരുടെ മോചനത്തിനായി സര്‍ക്കാര്‍ എത്രയും വേഗത്തില്‍ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. നൈജീയയിലേക്ക് കൈമാറിയാല്‍ ഇവരുടെ മോചനം അസാധ്യമാകുമോ എന്ന ഭയത്തിലാണ് ബന്ധുക്കള്‍.

അതേസമയം, ഹീറോയിക് ഇഡുന്‍ കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആവര്‍ത്തിച്ച്‌ നൈജീരിയ. കപ്പലിലെ ജീവനക്കാര്‍ ക്രൂഡ് മോഷ്ടിക്കാന്‍ ശ്രമിച്ചതായും നൈജീരിയ ആരോപിച്ചു.

നൈജീരിയയുടെ അടുത്ത രാജ്യമായ എക്വറ്റോറിയല്‍ ഗിനിയാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സര്‍ക്കാരിന്റെ പ്രഖ്യാപനം. നയതന്ത്രതലത്തിലെ ശ്രമങ്ങള്‍ക്കൊപ്പം തന്നെ ജീവനക്കാരുടെ മോചനത്തിനായി നിയമപരമായും നീക്കങ്ങളും നടക്കുമ്ബോഴാണ് പുതിയ സംഭവ വികാസങ്ങളുണ്ടാകുന്നത്.

കപ്പല്‍ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നൈജീരിയക്ക് നല്‍കിയിട്ടുണ്ട്. നോര്‍വെയിലുള്ള കപ്പല്‍ കമ്ബനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കം നടത്തുന്നുണ്ട്.

കപ്പല്‍ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറല്‍ കോടതിയെ കമ്ബനി സമീപിച്ചിട്ടുണ്ട്. കടലിലെ തര്‍ക്കങ്ങള്‍ പരിഗണിക്കുന്ന ജര്‍മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടന്‍ കമ്ബനി സമീപിക്കും. കൂടുതല്‍ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം തടവ് കേന്ദ്രത്തില്‍ നിന്നും മാറ്റുന്നത്.

തടവില്‍ ഉള്ള ഇന്ത്യക്കാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും പാസ്പോര്‍ട്ട് എക്വറ്റോറിയല്‍ ഗിനി സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീധനപ്രശ്നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക