Image

മൂന്നാറില്‍ ഡാമില്‍ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി, വീണ്ടും ചാടി മരിച്ചു

Published on 09 November, 2022
മൂന്നാറില്‍  ഡാമില്‍ ചാടിയ  അധ്യാപകനെ  രക്ഷപ്പെടുത്തി, വീണ്ടും ചാടി മരിച്ചു

മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി. കണ്ണന്‍ദേവന്‍ കമ്ബനി ചൊക്കനാട് എസ്‌റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ എ ഗണേശന്‍ (48) ആണ് മരിച്ചത്.

ആദ്യം ഡാമില്‍ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അല്‍പസമയത്തിനുശേഷം വീണ്ടും ചാടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.ബൈക്കിലെത്തിയ ഗണേശന്‍ ഹെഡ് വര്‍ക്‌സ് ഡാമിലേക്കു ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് റോഡിലെത്തിച്ച്‌ മറ്റൊരു ഓട്ടോയില്‍ കയറ്റിയിരുത്തി. എന്നാല്‍ ഓട്ടോയില്‍നിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശന്‍ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു.

ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഒരു മണിക്കൂര്‍ നേരം ഡാമില്‍ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

ചൊക്കനാട് എസ്‌റ്റേറ്റിലെ എല്‍പി സ്‌കൂള്‍ അധ്യാപകനായ ഗണേശന്‍ ഉച്ചവരെ സ്‌കൂളില്‍ ക്ലാസെടുത്തശേഷം ടൗണില്‍ പോകണമെന്നു പറഞ്ഞാണ് സ്‌കൂളില്‍നിന്ന് ഇറങ്ങിയത്.

ഗണേശനൊപ്പം കഴിഞ്ഞിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയില്‍ ജലാശയത്തില്‍ വീണെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമ്മയെ കാണാതായതു മുതല്‍ ഗണേശന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക