Image

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം'; വിമര്‍ശനവുമായി മുഖ്യമന്ത്രി

Published on 08 November, 2022
 കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം'; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

രാജ്യത്തിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങളില്‍ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വില്‍ക്കുന്നു. ഈ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോര്‍പ്പറേറ്റുകള്‍ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയില്‍ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

റെയില്‍വേയില്‍ തസ്തിക സൃഷ്ടിക്കുകയോ നിയമനം നല്‍കുകയോ ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴുവുകള്‍ ഇപ്പോഴും നിയമനം നല്‍കാതെ കിടക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ ബദല്‍ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നല്‍കുകയാണ്. കേന്ദ്രം വില്‍ക്കാന്‍ വച്ച രണ്ട് സ്ഥാപനങ്ങള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ മാതൃക പരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാന്‍ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള രാഷ്ടീയ ഉത്തരവാദിത്വം തൊഴിലാളി സംഘടനകള്‍കള്‍ക്കുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്രം ആനുകൂല്യം ഒതുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വാതന്ത്യസമര സേനാനികളെ ചരിത്രത്തില്‍ നിന്നും മാറ്റുന്നുവെന്നും മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാല്‍കീഴില്‍ ജീവിച്ചവരെ ധീര രാജ്യ സ്‌നേഹികള്‍ ആക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക