Image

ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡേ അന്തരിച്ചു

Published on 08 November, 2022
ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡേ അന്തരിച്ചു

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കവേ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

സേവാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡേയാണ് മരിച്ചത്. യാത്രക്കിടെ തളര്‍ന്നുവീണ പാണ്ഡെയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

ജോഡോ യാത്രയുടെ 62ാം ദിവസമായിരുന്നു ഇന്ന്. ദിഗ് വിജയ സിങ്ങിനും തന്നോടുമൊപ്പമായിരുന്നു കൃഷ്ണകുമാര്‍ പാണ്ഡെ യാത്രയില്‍ അണിനിരന്നതെന്ന് മുതിര്‍ന്ന നേതാവ് ജയ്റാം രമേശ് പറഞ്ഞു. അടിയുറച്ച കോണ്‍ഗ്രസുകാരനായ പാണ്ഡെ നാഗ്പൂരില്‍ ആര്‍.എസ്.എസിനെതിരെ പൊരുതിനിന്നയാളാണ്. യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഏറ്റവും സങ്കടകരമായ നിമിഷമാണിത് -ജയ്റാം രമേശ് പറഞ്ഞു.

കൃഷ്ണകുമാര്‍ പാണ്ഡെയുടെ അര്‍പ്പണബോധം പ്രചോദിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അവസാന നിമിഷങ്ങളില്‍ വരെ കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ പതാക അദ്ദേഹം കൈകളിലേന്തി. കോണ്‍ഗ്രസ് കുടുംബത്തിനാകെ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗം. പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നു -രാഹുല്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക