Image

മാര്‍ക്കറ്റുകളില്‍ മിന്നല്‍ പരിശോധന; ലൈസന്‍സ് കണ്ടുകെട്ടി

Published on 28 July, 2012
മാര്‍ക്കറ്റുകളില്‍ മിന്നല്‍ പരിശോധന; ലൈസന്‍സ് കണ്ടുകെട്ടി
ഷാര്‍ജ: ഷാര്‍ജയിലെ പച്ചക്കറി, മാംസ മാര്‍ക്കറ്റുകളില്‍ സാമ്പത്തിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. റമദാനോടനുബന്ധിച്ച് വന്‍ തോതില്‍ വില വര്‍ധനയും സുരക്ഷാ പാളിച്ചകളുമുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനങ്ങളുടെ ട്രേഡിങ് ലൈസന്‍സുകള്‍ അധികൃതര്‍ കണ്ടുകെട്ടി. മാര്‍ക്കറ്റിലെ 116 മാംസ കടകളില്‍ 40 എണ്ണത്തിന് 5,000 ദിര്‍ഹം വീതം പിഴയിട്ടതായി സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം തലവന്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു. 

ആസ്‌ത്രേലിയന്‍ ആട്ടിറച്ചി കിലോക്ക് 38 ദിര്‍ഹത്തിനും സോമാലി ആട്ടിറച്ചി 35 ദിര്‍ഹത്തിനുമാണ് ഒരു സ്ഥാപനത്തില്‍ വിറ്റിരുന്നത്. ഇത് കൂടുതലാണെന്നും 30 ദിര്‍ഹമാണ് യഥാര്‍ഥ വിപണി വിലയെന്നും നുഐമി പറഞ്ഞു. മറ്റൊരു സ്ഥാപനത്തില്‍ വില പ്രദര്‍ശിപ്പിച്ചിരുന്നില്ല. ലൈസന്‍സ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് പരിശോധക സംഘത്തലവന്‍ പറഞ്ഞു. കൂടാതെ സ്ഥാപനത്തില്‍ ശുചിത്വവും വളരെ കുറവായിരുന്നു. ഈ സ്ഥാപനത്തിന് 5,000 ദിര്‍ഹം പിഴയിട്ടു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടയലെ ശീതീകരണ യന്ത്രം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പുറമെ ഇവിടെ മാസത്തിന് വിലയും കൂടുതലായിരുന്നു. ഈ കടക്കും 5,000 ദിര്‍ഹം പിഴ ചുമത്തി. വന്‍ വിലക്ക് മാസം വിറ്റിരുന്ന മറ്റൊരു സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരുന്നു പിഴ. 

അനധികൃത വില വര്‍ധന, ശുചിത്വ കുറവ്, കവറുകളില്‍ മുനിസിപ്പാലിറ്റിയുടെ മുദ്രയില്ലാതിരിക്കല്‍, കാലഹരണപ്പെട്ടതും ലൈസന്‍സില്ലാത്തതുമായ അളവ് തൂക്ക സാമഗ്രികള്‍, പ്രവര്‍ത്തിക്കാത്ത ശീതീകരണികള്‍, വൃത്തിയില്ലാത്ത വസ്ത്രങ്ങള്‍, കൈയുറകള്‍ ധരിക്കാതിരിക്കല്‍ എന്നിവയാണ് അധികൃതര്‍ പ്രധാനമായി പരിശോധിച്ചത്. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ പഴം, പച്ചക്കറി, മാംസ മാര്‍ക്കറ്റുകളിലെ നിരവധി സ്ഥാപനങ്ങള്‍ക്കാണ് പിഴയും മുന്നറിയിപ്പും നല്‍കിയത്. വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക