Image

അതിവേഗ ബ്രോഡ്ബാന്‍ഡുമായി ഗൂഗിളിന്റെ ഫൈബര്‍

Published on 28 July, 2012
അതിവേഗ ബ്രോഡ്ബാന്‍ഡുമായി ഗൂഗിളിന്റെ ഫൈബര്‍
വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ പുതിയൊരു മേഖലയിലേക്ക് കൂടി പ്രവേശിച്ചു. ഫൈബര്‍ ഒപ്റ്റിക്‌സ് ശൃംഖല വഴി അമേരിക്കയിലെ കന്‍സാസ് നഗരവാസികള്‍ക്കായി സെക്കന്‍ഡില്‍ 1 ജിഗാ ബൈറ്റ് വേഗമുള്ള ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ മേഖലയിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. ഗൂഗിള്‍ ഫൈബര്‍ എന്നാണ്് പുതിയ സേവനത്തിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന സേവനം വിജയമെന്നു കണ്ടാല്‍ അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപിക്കും. ലോകത്ത് ലഭ്യമായതില്‍ ഏറ്റവും വേഗതയേറിയ ബ്രോഡ്ബാന്‍ഡ് കണക്ഷനെന്നാണ് ഫൈബറിനെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്.

ചെലവ് കുറച്ചു കൂടുമെങ്കിലും നിലവിലുള്ള അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് 100 മടങ്ങെങ്കിലും അധിക വേഗതയാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിള്‍ ഫൈബര്‍ സേവനം ലഭ്യമാകാന്‍ പ്രതിമാസം 70 ഡോളറാണ് ഉപയോക്താക്കള്‍ മുടക്കേണ്ടത്. ന്യായമായ ചെലവില്‍ കുറഞ്ഞത് അഞ്ചുലക്ഷം അമേരിക്കന്‍ ഉപയോക്താക്കള്‍ക്കെങ്കിലും ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കുകയാണ് ഗൂഗിളിന്റെ ആദ്യലക്ഷ്യം. ഗൂഗിളിന് അതിന്റെ സുപ്രധാന ഡാറ്റാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇപ്പോള്‍ തന്നെ അതിവേഗ ഫൈബര്‍ ശൃംഖലയുണ്ട്. യുടൂബിലെ വീഡിയോ കാണുന്നവര്‍ക്കും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്കും അത് എളുപ്പത്തില്‍ സാധിക്കുന്നത് ഈ ശൃംഖലയുടെ അനുഗ്രഹം കൊണ്ടുകൂടിയാണ്.

ആ ഫൈബര്‍ ശൃംഖലയുടെ അടുത്തഘട്ടമാണ് ഉപയോക്താക്കളുടെ ഭവനങ്ങളിലേക്ക് നേരിട്ട് കണക്ട് ചെയ്യുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് അനുഭവത്തിന്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ ചുവടുവെയ്‌പ്പെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ തലമുറ ബ്രോഡ്ബാന്‍ഡിലേക്ക് എങ്ങനെ മാറാം എന്ന ആലോചന ലോകമെങ്ങും നടക്കുന്ന വേളയിലാണ് സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫൈബര്‍ വഴി കേബിള്‍ ടിവി പോലുള്ള (ഗൂഗിള്‍ ഫൈബര്‍ ടിവി) സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രോഡ്ബാന്‍ഡിനും ഫൈബര്‍ ടിവിയ്ക്കുമായി പ്രതിമാസം 120 ഡോളറാണ് ഉപയോക്താവ് മുടക്കേണ്ടത്. ഇതിനുപുമെ 300 ഡോളര്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജായും നല്‍കേണ്ടി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക